Monday, June 17, 2013

വല്ലായ്മകള്‍










ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !

ഇല്ലായ്മകളുടെ കുന്നുകളൊഴികെ,
കുന്നായ്മകളുടെ കന്നുകളൊഴികെ,
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !

മണ്ണിന്‍ മാറിലുറങ്ങും പണിയന്
അല്ലലുമാറ്റാനിന്നു വരേക്കും
കണ്ടില്ലൂരില്‍ വന്നില്ലല്ലോ 
ഉള്ളലിവുള്ളവരാരും തന്നെ  

കള്ളും പുകലയുമന്നുമുതല്‍ക്കേ
തന്നു മയക്കിച്ചാര്‍ത്തിയെടുത്തത്
കാവിന്‍ മക്കള്‍ക്കുണ്ണാനഴുകാന്‍ 
ഉള്ളു നിറഞ്ഞൊരു മണ്ണാണല്ലോ 

പള്ള പയിപ്പിനു വേലക്കെത്തിയ  
പെണ്ണിന്‍ പള്ളയിലുണ്ണിയെ നല്‍കി
പെണ്ണു പിഴച്ചവളെന്നു വിളിച്ചു 
ഊരുവിലക്കിപ്പിണ്ഢം വെച്ചു

കണ്ണും കാതും കൊട്ടിയടച്ചോള്‍
ദെണ്ണം വന്നു കുഴഞ്ഞു വലഞ്ഞോള്‍ 
തെരുവില്‍ തിണ്ണയിലീറ്റില്ലത്തില്‍ 
പുലയച്ചെക്കനു ജന്മം നല്‍കി.

സ്വന്തം കോണക വാലില്‍ തൂങ്ങി
കുഞ്ഞു മരിച്ചതു കണ്ടാപെണ്ണിന്‍ 
പുഞ്ചിരിമണ്ണു പുരണ്ടൊരു കണ്ണീര്‍  
നെഞ്ചിന്‍ കൂടുതകര്‍ക്കുന്നേരം

ഇന്നും നിങ്ങള്‍ തംബ്രാക്കന്മാര്‍
കുന്നും കേറി വരുന്നുണ്ടല്ലോ 
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !

ഇല്ലായ്മകളോ വല്ലായ്‌മകളോ ?
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
എല്ലിന്‍ കൂടുകളല്ലാതൊന്നും !‌‍
ഇല്ലിക്കാടുകള്‍ അല്ലാതൊന്നും !‌‍

                     ****

Sunday, June 9, 2013

ഒരു കൈ






































അവിടെയൊരാള്‍
മുങ്ങിച്ചാവുന്നു ..
മരണവെപ്രാളത്താല്‍ 
ഉറക്കെ നിലവിളിക്കുന്നു..

ആര്‍ക്കും സമയമില്ലായിരുന്നു 
എനിക്കും...
മുങ്ങിച്ചാവുന്നവന്റെ വിളിക്ക് 
മാറ്റൊലി മാത്രം മറുപടി !

വഴിയേ കിടക്കുന്ന വയ്യാവേലികള്‍
ഞാനെനെന്തിനെടുത്തണിയണം?
എനിക്കെന്റെ കാര്യം 
നോക്കാന്‍ തന്നെ സമയമില്ല.
ഒടുക്കത്തെ ഒരു നിലവിളി !
അവന്‍ ചാവാന്‍ കണ്ട ഒരു നേരമേ ..!

പുലരും മുതല്‍ വൈകുവോളം 
നിലക്കാതെ ഓടിയിട്ടും 
ഒഴിവു സമയം തികയുന്നില്ല !
സഹായിക്കണംന്നുണ്ടായിരുന്നു
ഒരു വേള മുന്നോട്ടു വച്ചതാ...
ആരോ പിടിച്ചു വലിക്കുന്നു ..!
പുറകില്‍ നിന്ന് ഒരു മുള്ള് 
കോര്‍ത്തതു  പോലെ ...!

നേരത്തിനു പള്ളിയിലെത്തണം;
കൂട്ടം ചേര്‍ന്ന്  മുട്ടിപ്പായി 
പ്രാര്‍ത്ഥിക്കണം;
നേര്‍ച്ചക്കടങ്ങള്‍ വീട്ടണം; 
നോമ്പ് നോറ്റു വീട്ടണം;
ദാനധര്‍മ്മങ്ങള്‍ ചെയ്യണം;
വേദപുസ്തകം മന:പാഠമാക്കണം;
നീ നിന്റെ കാര്യം നോക്കണം.
പരലോകത്ത്
നിനക്ക് നീ മാത്രം... 
നീ ചെയ്ത പുണ്യങ്ങളും..!

ആയതിനാല്‍
എനിക്കൊട്ടും സമയമില്ല..
നീ പിന്നെയൊരിക്കല്‍ വിളിക്ക്.
ഒഴിവുകിട്ടിയാല്‍ , 
പുറകില്‍ നിന്നാരും 
ഉടക്കി വിളിച്ചില്ലയെന്കില്‍,
ഞാന്‍ ഒരു കൈ തരാം...

           *******

Monday, June 3, 2013

സുപ്രഭാതം..

ങ്ഹൂം...?
എന്തേയ് ?
നീയിങ്ങനെ കനപ്പിച്ചു നോക്കുന്നു ?

എന്നത്തെയും പോലെ
ഉറക്കമുണര്‍ന്നപ്പോള്‍
എന്നെക്കണ്ട സന്തോഷത്താല്‍  
ഒരു തുള്ളി കണ്ണുനീര്‍ 
ഇന്നും നീ വീഴ്ത്തിയല്ലോ..!
ഒരുപാടുകാലമായ്‌ 
പറയാനറച്ച വിങ്ങലുകള്‍
പറയാനുറച്ചു നോക്കുകയാണോ ?
മണ്ണില്‍ വളരേണ്ട നിന്നെയീ
കുപ്പിയിലെ വെള്ളത്തില്‍
ബന്ധിതയാക്കിയതിന്റെ 
പരിഭവമാണോ..?
ആവാന്‍ വഴിയില്ല....!
ഞാനുണ്ടായതിനാല്‍,
എനിക്കല്‍പ്പം, വട്ടുണ്ടായതിനാല്‍
നീയിന്നും ആരോഗ്യവതിയായി 
ജീവിച്ചിരിക്കുന്നു...! .ങ്ഹാ.......
..................

സ്വാതന്ത്ര്യം തേടിപ്പോയവര്‍
കല്ലമര്‍ത്തിയന്ത്രത്തിന്റെ
ഉരുക്കുചക്രത്തിനടിയില്‍
അരഞ്ഞു മരിച്ചതും;
വളര്‍ന്നു വള്ളിയായ 
നിന്റെ അമ്മായിയെ 
വെട്ടിച്ചീന്തികുട്ടതീര്‍ത്തതും;
ഇരുകാലികള്‍ക്ക്
മുട്ടില്ലാതെ തിന്നാന്‍
ഹരിതവിപ്ലവം വന്നപ്പോള്‍
രാസവളങ്ങളും 
കളനാശിനിയും വന്നു വീണു
വംശനാശം വരെയെത്തിയതും;
ജീനുകളുടെ ഘടനമാറ്റി
ശൈശവവിവാഹം നടത്തുന്നതും  
തുടര്‍ച്ചയായ പ്രസവത്താല്‍
നിന്റെ സഹോദരിമാര്‍ 
ചുക്കിച്ചുണങ്ങിപ്പോയതും;
തറവാടികളായ
നിന്റെ കുടുംബക്കാരെ, 
'മരുന്നി'നു പോലും കിട്ടാതെ
കാടിന്റെ മക്കളുടെ മക്കള്‍  
ധര്‍മ്മാശുപത്രിയില്‍
പൊട്ടിപ്പൊളിഞ്ഞ
സിമന്റു തറയില്‍
മരിച്ചു മരവിച്ചു കിടക്കുന്നതും;
ഇങ്ങനെ എന്തൊക്കെയോ 
കഥകള്‍ , കുശുമ്പുകള്‍ , കുന്നായ്മകള്‍  
കാറ്റിനോട് കേട്ടറിഞ്ഞു ചിരിക്കാന്‍  
ജനല് തുറക്കാത്തതെന്തേ...
എന്നതാവാം നിന്റെ 
തേനീച്ച കുത്തിയ
മുഖത്തുള്ള ഈ ചോദ്യം ..!

മ്ഊ.....ഇപ്പൊ തുറക്കാട്ടോ...

            ****** 

Saturday, June 1, 2013

വര്‍ഷ ഹര്‍ഷം



ഇറയുടെ, ഇലയുടെ
കണ്ണുനീരായി
ഒലിച്ചിറങ്ങി നീ
ഭൂമിയുടെ ഉപ്പുനിറം
കലക്കിയൊലിപ്പിച്ചും
ദാഹിച്ചു മയങ്ങിയ 
പാടവരമ്പിനെ ചുംബിച്ചു
വീര്‍പ്പുമുട്ടിച്ചും
പുഴയുടെ അരക്കെട്ടുകളില്‍
ചുഴിയുന്ന ഇക്കിളി കൂട്ടിയും
കടലിന്‍റെ മാറിടത്തില്‍
നുരഞ്ഞു പതഞ്ഞോടുങ്ങുന്ന
തിരകളായുറഞ്ഞാടിയും
ഒലിച്ചു മദിച്ചു പായുന്ന
മധുരിത നിമിഷങ്ങളുടെ,
മഴക്കെടുതികളുടെ,
ഈ നല്ല നാളുകളില്‍
വരാനിരിക്കുന്ന
വറുതിയുടെ
ഉഷ്ണപ്പുറ്റുകളെ
നീ മറക്കാന്‍ പഠിക്കുന്നു ..!