അന്ന്
ദിനമണ്ഡപത്തില്‍, പ്രഭാതം
ഭൂമിക്ക് കൈതപ്പൂവിന്റെ
പുടവകൊടുക്കുന്ന വേളയില്‍;
കുയിലിണകള്‍ കുരവയിടുമ്പോള്‍
കിളികള്‍ നൂപുര മണികള്‍ കിലുക്കുമ്പോള്‍
ഒരു നവവധുപോലെ; നമ്രമുഖിയായി
വസന്ത പുഷ്പഹാര വിഭൂഷിതയായി
കളനാദഗീതകം പാടിയൊഴുകിയ
നിന്റെ മാറില്‍ മുഖം ചേര്‍ത്തുറങ്ങി
ഒരു ശാന്തസംഗീതം ഞാനാസ്വദിച്ചിരുന്നു..
നിന്റെ നിറയൌവനത്തിന്റെ വശ്യത ,
എന്‍ ഹൃദയരാഗത്തിന്നലിവിലിണചേര്‍ന്നിരുന്നു.
ഇളം ചൂടുള്ള നിന്‍റെ മേനിയില്‍ മുഖം പൂഴ്ത്തി
സ്വയം നഷ്ടപ്പെട്ടു പോയിരുന്നു ഞാന്‍..!
ഇന്ന്
നിന്‍ നിറം കെട്ട മേനിയും
ചിതം കെട്ട ചിത്തവും
ഗതികെട്ട യാത്രയും
അര്‍ത്ഥ കാമാന്ധരാല്‍
ഉള്ളറുത്ത് കരളുമാന്തി
നിന്‍ ഉയിരെടുത്തു വിറ്റ്തും
രസ രാസ വിഷ പങ്കിലമായ
നിന്റെ കൃശഗാത്രമത്രയും
ചളിയുറഞ്ഞു വികൃതമായതും
നിന്നിലെ ജൈവ സംഘാതങ്ങളും
അംഗഭംഗം വന്ന പെണ്കിടാവിന്‍
ദൈന്യത മൂടുപടമിട്ട ശാപ ജന്മങ്ങളും
ഒരു ചോദ്യ ചിന്ഹമായി
ശിഷ്ട ചേതനയെ കൊളുത്തി വലിച്ചപ്പോള്‍
ഞാന്‍..... എന്നെ, എന്റെ തലമുറയെ
ശപിച്ചു പോയി , മാ നിഷാദാ ..
ഇനിയുമൊരു ചരമഗീതം പാടായ്ക നീ