കുന്നുമ്മലങ്ങാടിയില്‍ ഒരു മക്കാനികൂടെ തുടങ്ങി ..!
കോയാക്കന്റെ ചേക്കുട്ടിയുടെ മക്കാനി ...
കമ്മദുകാക്കക്ക് ഇത് തീരെ പിടിച്ചില്ല ..അല്ലെങ്കില്‍ത്തന്നെ സൈനബ കൂലിപ്പണിക്ക് പോവാന്‍ തുടങ്ങിയതില്‍ പിന്നെ പണ്ടത്തെ തിരക്ക് മക്കാനിയില്‍ ഉണ്ടാവാറില്ല ..എങ്കിലും അവള്‍ നിത്യവും സമ്പാദിക്കുന്നത് അവള്‍ക്കു തന്നെ ഉപകാരപ്പെടട്ടെ എന്ന കണക്ക് കൂട്ടലില്‍ കമ്മദു കാക്കയും കുഞ്ഞാമിനാച്ചിയും അവളോട് കാശൊന്നും ചോദിക്കാറില്ലായിരുന്നു.
"ഒരുക്കൂട്ടി ഓള് പൊന്നിന്റെ പൊടി എന്തെങ്കിലും വാങ്ങിക്കോട്ടെ..കെട്ടിക്കുമ്പം ബാക്കി നോക്കിയാ മതിയല്ലോ."
കമ്മദു കാക്ക സമാധാനിച്ചു.
ആ സമാധാനം, കൊടുങ്കാറ്റിനു മുന്‍പുള്ള ശന്തതയായിരുന്നെന്നു മുന്‍കൂട്ടി അറിയാന്‍ പക്ഷെ, കമ്മദു കാക്കക്കു ത്രികാല ജ്ഞാനമൊന്നും ഇല്ലായിരുന്നല്ലോ...!
ബ്ലോക്കിന്റെ സഹായത്തോടെ മണ്ണൊലിപ്പ് തടയാന്‍ കൊണ്ടൂര്‍ കയ്യാല കെട്ടാന്‍ അന്ന് പലരും ലോണെടുതിരുന്നതിനാല്‍ വേലുക്കുട്ടിക്കു എന്നും പണിയുമുണ്ടായിരുന്നു..
ധ്ഹ്ബും....... ധ്ഹ്ബും.......
മുഴുത്ത മസിലുള്ള പള്ളിയാളിയിലെ യുവാക്കള്‍ വലിയ പാറക്കല്ലുകള്‍ക്കു മുകളില്‍ കയറി നിന്ന് കമ്പിപ്പാരകള്‍ ഇടിച്ചിറക്കും .. ക്രമേണ ഒരു കുഴലുപോലെയാവുന്ന കുഴിയില്‍ അവള്‍ ഇലകള്‍ തിരുകി വീണ്ടും ഇടിക്കും..കമ്പി ശരിക്കും പിടിച്ചു കഴിഞ്ഞാല്‍ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് പാറ പൊളിച്ചെടുക്കും..
കൂടം കൊണ്ട് അടിച്ചു കഷണമാക്കിയിടുന്ന കുത്തുകല്ല് കുല്‍കുഴ്ഞ്ഞിയും ബിച്ചീരനും എടുത്തുപൊക്കി സൈനബയുടെയും അതുപോലെ തന്നെ സുന്ദരിയായിരുന്ന വെള്ളാട്ടിയുടെയും തലയിലേറ്റിക്കൊടുക്കും..ചുമടുമായി നടന്ന് വേലുക്കുട്ടി കയ്യാല കുത്തുന്നിടത്തു കൊണ്ട് പോയി തട്ടും ...
ഈ സുര സുന്ദരികളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള അന്നനട യുവാക്കള്‍ക്ക് ജോലിയില്‍ ആവേശം പകര്‍ന്നു..പഞ്ചാരവാക്കുകള്‍ കൊണ്ട് അവരെ കിക്കിളി കൂട്ടാനും അവര്‍ സമയം കണ്ടെത്തി.. കഠിനമായ ജോലിയുടെ ക്ഷീണം അറിയാതെ അവര്‍ കൂറ്റന്‍ പാറകള്‍ കയ്യാലക്കെട്ടുകളാക്കി മാറ്റി..
ഉച്ചവെയിലിന്റെ തീക്ഷണതയില്‍ ഉരുകിയൊലിക്കുന്ന അവരുടെ വിയര്‍പ്പിനു പോലും മധുരമായിരുന്നത്രേ...!
കാലത്തിനൊപ്പം കടവത്തിയൂര്‍ മാറ്റങ്ങള്‍ക്കു വഴിമാറിക്കൊടുത്തു ..
ഐക്യകേരളം നിലവില്‍ വന്നു ...അതോടൊപ്പം മലബാറിന്റെ വികസനത്തിന് അനേകം പദ്ധതികളും ..
ബ്ലോക്ക് വക ന്യായവില ഷാപ്പ് കുന്നുമ്മലങ്ങാടിയില്‍ തുടങ്ങാന്‍ അനുമതിയായി ..
രണ്ടാം ലോക മഹായുദ്ധം സംഭാവന ചെയ്ത വറുതിയുടെ ദിനങ്ങളില്‍ നിന്ന് നാട് പൂര്‍ണ്ണമായും മുക്തി നേടിയുരുന്നില്ല ...!
ഭൂരിഭാഗം ജനങ്ങളും താളും തകരയും തിന്നു അരവയര്‍ മുറുക്കിയുടുത്തുറങ്ങുമ്പോള്‍ പാട്ടനെല്ല് വടിച്ചിട്ടു നിറഞ്ഞ പത്തായങ്ങള്‍ ക്ക് മുകളില്‍ അന്തിയുറങ്ങുന്ന ചുരുക്കം ചില കുടുംബങ്ങളും ഉണ്ടായിരുന്നു അന്ന്..!
കടവത്തിയൂരിലെ വലിയ കൊയിസ്സനാജിയുടെ തറവാടും ചെറുകരയിലെ കൊള്ളിക്കാട്ടു പോക്കരാക്കന്റെ തറവാടും ..പിന്നെ പന്നിക്കൊട്ടൂരെ ചില നമ്പൂതിരി ഇല്ലങ്ങളും അതില്‍പെട്ടവയായിരുന്നു.
കരിഞ്ചന്തയില്‍ അരി കിട്ടാനില്ലായിരുന്നു.. ഇനി കിട്ടുന്നതാകട്ടെ കൊള്ളാനാകാത്ത വിലക്കും !
ന്യായവിലയ്ക്ക് ഗവേന്‍ന്മേന്റ്റ് സംഭരിച്ചു അയക്കുന്ന അരിയും ഗോതമ്പും മാസംതോറും വന്നിറങ്ങുന്ന ന്യായവിലഷാപ്പുകള്‍ ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു..
കുന്നുമ്മലങ്ങാടിയില്‍ ഷാപ്പ് തുടങ്ങാന്‍ പിതാവിനെ പിന്തുടര്‍ന്ന് ഗ്രാമാധികാരിയായി നിയമിക്കപ്പെട്ട ചെറിയ ബീരാന്‍ സാഹിബിനായിരുന്നു അധികാരം ..
വിചാരിച്ചപോലെ തന്നെ സംഭവിച്ചു .. കെട്ടിവെക്കാനുള്ള പണം (മൂലധനം) കയ്യില്‍ ഉള്ളവര്‍ക്കല്ലേ ഇതൊക്കെ നടക്കുകയുള്ളൂ ..ഷാപ്പിന്റെ നടത്തിപ്പിനായി ബിനാമിയായി മൊയ്‌തീന്‍കുട്ടിയെ വെച്ച് അധികാരി ഷാപ്പ് തുടങ്ങി..!
മൊയ്തീന്‍കുട്ടി ചെറിയ ബീരാന്‍ സാഹിബിന്റെ വലംകയ്യായിരുന്നു .. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രൈവറ്റ് സെക്രട്ടരി തന്നെ..!
മൊയ്തീന്‍കുട്ടിയെ ഈ ചുമതല ഏല്പ്പിച്ചതില്‍ ഒരുതരത്തില്‍പ്പറഞ്ഞാല്‍ നാട്ടുകാരും സംതൃപ്തരായിരുന്നു ...സത്യസന്ധതയും സാമൂഹ്യബോധവും സൌകുമാര്യവും ഉള്ള യുവാവ് ..
ഷാപ്പിലെക്കുള്ള ചരക്കുകള്‍ തോണിവഴി പോയ്യോത്തുംകടവില്‍ വന്നു ചേര്‍ന്നാല്‍ പിന്നെ ചുമട്ടുകാര്‍ക്ക് പണിയായി ...ഒരു ദിവസം മുഴുവന്‍ കടത്താനുണ്ടാവും അരി, ഗോതമ്പു പഞ്ചാരച്ചാക്കുകള്‍ ..കടവില്‍നിന്നു ഒരു കിലോമീറ്റര്‍ മാറി ചാളക്കപ്പറമ്പില്‍ ഒഴിഞ്ഞു കിടന്നിരുന്ന പഴയ നമ്പൂതിരി ഇല്ലമായിരുന്നു പാണ്ടികശാല ..കടവില്‍ നിന്ന് പാണ്ടികശാലയിലേക്കും പിന്നീട് അവിടെനിന്നു കുന്നുമ്മല്‍ അങ്ങാടിയിലെ ന്യായവിലഷാപ്പിലെക്കും ചാക്കുകള്‍ ചുമട്ടുതൊഴിലാളികളുടെ തലയിലേറി നീങ്ങിക്കൊണ്ടേയിരുന്നു ...
" മുന്നുന്ന് മാറിക്കോളി കുട്ട്യോളെ ഇത് ഉരുണ്ടാ പിന്നെ പിടിച്ചാ കിട്ടൂല "
പാടുപെട്ടു ഉരുട്ടിക്കൊണ്ട് വരുന്ന മണ്ണെണ്ണ വീപ്പയുടെ മുന്നില്‍ കോപ്രായം കാണിക്കുന്ന അങ്ങാടിപ്പി ള്ളേരോടായി കുല്‍ക്കുഴിഞ്ഞി പറഞ്ഞു..
കമ്മദുകാക്കയുടെ മക്കാനിക്ക് മുന്‍പില്‍ ഓടിട്ട കെട്ടിടത്തിലാണ് ന്യായവിലഷാപ്പ് ..കെട്ടിടം പഴയതാണെങ്കിലും ഉറപ്പുള്ള നിര്‍മ്മിതിയാണ് .. വണ്ണമുള്ള മരത്തൂണുകളില്‍ ഇറയും താങ്ങി നില്‍ക്കുന്ന പീടികക്കെട്ടിടത്തിന്റെ വലത്തെ മൂലയിലുള്ള രണ്ടു മുറികളിലായിരുന്നു അരിയും ഗോതമ്പും എല്ലാം ചാക്കുകണക്കിന് അട്ടിയിടുന്നത് ..കൊലായിലുള്ള മേശയാണ് ഓഫീസ് ..അതിനു പിന്നില്‍ ഒരു കൈ മുറിഞ്ഞു പോയ ഒരു കസേരയും...!
എല്ലാത്തിനും സാക്ഷിയായി പഴുത്ത ഇലകള്‍ നിരന്തരം പൊഴിച്ച് കൊണ്ട് ഒരു വന്‍പറങ്കി മാവ് ഈ കെട്ടിടത്തെ കുടചൂടി നിന്നിരുന്നു.നീര്‍വാര്‍ച്ചയില്ലാത്ത മുറ്റത്തു ഇലകള്‍ മഴവെള്ളത്തില്‍ കിടന്നു ചീഞ്ഞു മഴക്കാലത്തു ഇവിടം ചളിക്കുളമാക്കാറുള്ളതും ബാവുട്ടന്റെ മനോമുകുരത്തില്‍ തെളിഞ്ഞു.
ഓരോ ആഴ്ചയും സ്റ്റോക്കെത്തിക്കഴിഞ്ഞാല്‍ പിന്നെ ഈ കോലായില്‍ ജനങ്ങള്‍ നിറഞ്ഞു കവിയും.. ശനിയാഴ്ചകളില്‍ തിരക്ക് അതിന്റെ പാരമ്യത്തിലെത്തും .. ആ ആഴ്ചയിലെ വിഹിതം പിറ്റേന്ന് കിട്ടില്ല.. അന്ന് മേശപ്പുറത്ത് കൌപനുകളുടെ (COUPEN) അട്ടി ഉയര്‍ന്നു പൊങ്ങും ..തന്റെ കൌപന്‍ വിളിക്കുമ്പോള്‍ അടക്കേണ്ട പൈസക്കായി, .. കിട്ടാനുള്ള കൂലിക്കായി, അടിയാരും ഉടയോരും അടികൂടുന്നത് എല്ലാ ആഴചയിലും പതിവായി..
കള്ളുംകുടിച്ചെത്തുന്ന കണക്കനില്‍നിന്ന് റേഷന്‍ വാങ്ങാനുള്ള കാശു ചോദിച്ചതിനു കൊറ്റിക്കുട്ടിക്കു അങ്ങാടിയില്‍ നിന്ന് തല്ലു കൊള്ളുന്നതും പതിവ് കാഴ്ചകളായി ..!
കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനും മറ്റും വട്ടിക്കാശിനു കുഞ്ഞിപ്പോക്കുഹാജിയുടെ വീട്ടില്‍ പണയം വെച്ച റേഷന്‍കാര്‍ഡുകളുമായി ഇതിലിടയില്‍ "സില്‍ബന്ധി ഉമ്മര്‍കുട്ടി" മോയ്തീന്കുട്ടിയെ രഹസ്യമായി കാണുന്നു.. രാത്രിക്ക് ഉറക്കമിളച്ചാലും ആ കാര്‍ഡുകളില്‍ മൊയ്തീന്‍കുട്ടി റേഷന്‍ ചേര്‍ത്തും .. ! "വെറും സേവനം കൊണ്ട് മാത്രം അധികാരിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇങ്ങനെ ചില മറിമായങ്ങള്‍ മൊയ്തീന് ചെയ്യേണ്ടിവന്നിരുന്നു ...
കമ്മദു കാക്കാന്റെ മക്കാനിയില്‍ എപ്പോഴും തിരക്കോടുതിരക്ക്...!
മറ്റൊരു ചായമക്കാനി തുടങ്ങാന്‍ ചേക്കുട്ടിക്കയെ പ്രേരിപ്പിച്ചത് ഈ തിരക്കായിരുന്നു ...
ന്യായവില ഷാപ്പിന്റെ മറുകോണില്‍ ഉള്ള ചായ്പ്പു അടുക്കളയാക്കി മുന്‍വശത്ത് കൊലായില്‍ ബഞ്ചുകളും ഡസ്ക്കുകളും സ്ഥാനം പിടിച്ചു..
" എറവെള്ളം കുടിച്ചു കുടിച്ചു മതിയായി..ഒരു നല്ല ചായ കുടിക്കാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ .."
കമ്മദു കാക്കയുടെ മക്കാനിയില്‍ പറ്റു പെരുകിയവര്‍ അയാളെ കുറ്റം പറഞ്ഞു കൊണ്ട് ചേക്കുട്ടിയുടെ പറ്റുകാരായി..! വീതികൂടിയ സ്ലേറ്റ്, ചേക്കുട്ടിയുടെ മക്കാനിയുടെ ഭിത്തിയിലും തൂങ്ങിയാടി ..!
ന്യായവില ഷാപ്പ് തുടങ്ങിയതോടെ മൊയ്‌തീന്‍കുട്ടി തിരക്കിലായി , അതുവരെ വൈകുന്നേരങ്ങളില്‍ കമ്മദുകാക്കന്റെ മക്കാനിയില്‍ ഇരുന്നു വെടി പറഞ്ഞിരുന്ന അയമുട്ടിമാഷും സംഘവും മൊയ്‌തീന്‍കുട്ടിയുടെ സൗകര്യം പരിഗണിച്ചാവും ഇരുത്തം ചേക്കുട്ടിയുടെ മക്കാനിയിലേക്ക് മാറ്റി..
അതോടെ കമ്മദു കാക്കയുടെ മക്കാനി ചെറുപ്പക്കാരുടെ സ്വന്തം മക്കാനിയായി മാറുകയും ചെയ്തു.. കാരണവന്‍മാരുടെ ശല്യം തീര്‍ന്ന സന്തോഷം കൊണ്ടാവാം യുവാക്കളായ മരപ്പണിക്കാരും ചുമട്ടുകാരും ചില്ലറ മംഗുരുണിക്കമ്പനിക്കാരും ഈ അവസരം നന്നായി ആഘോഷിക്കുകയും ചെയ്തു..!
വേലുക്കുട്ടിയുടെ കൂടെ പണിക്ക് പോവാത്ത ദിവസങ്ങളില്‍ സൈനബ മക്കാനിയിലുണ്ടാവും .അന്ന് ചില യുവാക്കള്‍ പണിക്ക് പോവാതെ ചുറ്റിപ്പറ്റിയിരിക്കുന്നതും കുല്‍ക്കുഴ്ഞ്ഞി ഇടത്തും വലത്തും തിരിയാന്‍ സമ്മതിക്കാതെ അവളെ പൊതിഞ്ഞു നില്‍ക്കുന്നതും പതിവായിരുന്നു ..
പക്ഷെ അവളുടെ ഒരു നോട്ടം മതിയായിരുന്നു പലര്‍ക്കും.... എന്നത് ആരും പറയാതെ പോയ സത്യം.!
പതിനാലാം രാവ് ഉദിച്ച പോലെ അടുക്കളയുടെ പരമ്പ്മറയുടെ ഉള്ളില്‍ നിന്ന് അവളുടെ ചന്തമുള്ള മുഖവും ചാട്ടുളിപോലത്തെ കടക്കണ്ണും യുവാക്കളുടെ രാവുകളില്‍ നിശ്വാസങ്ങള്‍ക്ക് ചൂട് പകര്‍ന്നുകൊണ്ടേയിരുന്നു..
അന്നൊരു ശനിയാഴ്ചയായിരുന്നു ..ന്യായവിലഷാപ്പില്‍ ഉന്തും തള്ളും നടക്കുന്ന ദിവസം ...സന്ധ്യകഴിഞ്ഞിരിക്കുന്നു സില്‍ബന്ധി ഉമ്മര്‍കുട്ടി ഗ്യാസ്‌ലൈറ്റ് കത്തിക്കാന്‍ കാറ്റടിക്കുകയാണ് ..
മേശപ്പുറത്ത് കൌപനുകള്‍ ഇനിയും ഒരുപാട് ബാക്കി.. വെളിച്ചം കുറഞ്ഞപ്പോള്‍ കാര്‍ഡ് ചേര്‍ത്താന്‍ കഴിയാതെ മൊയ്തീന്‍കുട്ടി ഒന്ന് എണീറ്റ് മൂരി നിവര്‍ന്നു ..
ചേക്കുട്ടിയുടെ മക്കാനി ബെഞ്ചില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്ന ചങ്ങാതിമാരായ അയമുട്ടി മാഷിനോടും ഉള്ളാളത്ത്കാരനോടും കുശലം പറയാന്‍ ഇരുന്നു..
ഉള്ളാളത്ത്കാരന്‍ അബ്ദുള്ളക്ക ജീവിക്കാന്‍ വേണ്ടി ഒട്ടും പ്രയാസപ്പെടാത്ത ആളായിരുന്നു ...തനിക്കറിയാവുന്ന വിദ്യ വിറ്റു കാശാക്കാന്‍ അദ്ദേഹം മിടുക്കനായിരുന്നു.. തന്റെ സൈക്കില്‍ ഷാപ്പില്‍ മേശപ്പുറത്ത് വെച്ചിരുന്ന ഭീമന്‍ പളുങ്ക് ഭരണി മതിയായിരുന്നു മൂപ്പര്‍ക്ക് നിത്യചെലവിനുള്ള വക..! സൈക്കിള്‍ ഷാപിലേക്ക് സ്പയെര്‍ പാര്‍ട്സ് വാങ്ങാന്‍ കോഴിക്കോട്ട് പോവുമ്പോള്‍ ഒരു കാലിചാക്ക് കയ്യിലുണ്ടാവും ..മടങ്ങുമ്പോള്‍ വലിയങ്ങാടിയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ കേറി ചെറുനാരങ്ങ വാങ്ങും..വീട്ടില്‍ നിന്നത് ഉപ്പിലിട്ടു പീടികയിലെ മേശപ്പുറത്തിരിക്കുന്ന പളുങ്ക് ഭരണി മാസം തോറും നിറയ്ക്കും ..അതിനകത്ത് പിടി നീളമുള്ള കുയ്യല്‍ ഉണ്ടാവും ..ഒരു ചെറു നാരങ്ങയുടെ കൃത്യം വലിപ്പമുള്ള ഒരു കയില്‍ ..! അമ്പതു പൈസയ്ക്ക് ഒരു ഉപ്പിലിട്ടതും... കുറച്ചു നീരും..! ആവശ്യക്കാരന്‍ ഗ്ലാസും കൊണ്ട് വരും ..ഇല്ലെങ്കില്‍ വില്‍ക്കാന്‍ ഗ്ലാസും കടയില്‍ തന്നെ റെഡി..!
നടപ്പ് പനി വന്നാല്‍ ഉപ്പിലിട്ട നാരങ്ങ വേഗത്തില്‍ വിറ്റഴിയും ..ഒരു സൈക്കിളും കൂടി വാങ്ങാന്‍ ഇത്തരം ഓരോ പനിക്കാലവും അദ്ദേഹത്തെ സഹായിച്ചിരുന്നു..!
പെട്ടെന്നാണ് കമ്മദുകാക്കയുടെ മക്കാനിയില്‍ നിന്ന് ബഹളം തുടങ്ങിയത് ...മേശയും കസേരകളും മറിഞ്ഞു വീഴുന്ന ശബ്ദവും കമ്മദുകാക്കയുടെ അട്ടഹാസവും..!
കുന്നുമ്മലങ്ങാടി ഞെട്ടിപ്പോയി..! ഇത്രയും ഉച്ചത്തില്‍ ഒരു ബഹളം ഇന്നാട്ടുകാര്‍ ആദ്യം കേള്‍ക്കുകയാണ് ..ആളുകള്‍ ഓടിക്കൂടി..മക്കാനിയില്‍ നിന്ന് പെണ്ണുങ്ങളുടെ കരച്ചിലും കേള്‍ക്കുന്നുണ്ട്..സൈനബയും അവളുടെ ഉമ്മയും ആണ്...!
കമ്മദുകാക്ക അട്ടഹസിച്ചു കൊണ്ട് കുല്‍ക്കുഴ്ഞ്ഞിയെ കാലുകൊണ്ട് തൊഴിക്കുന്നു.. ഇരുകൈകളും കൊണ്ട് അവന്‍ തോഴി തടുക്കുന്നു.. മക്കാനിക്ക് പുറത്തേക്ക് അയാള്‍ അവനെ ചവിട്ടിയിറക്കി ..ആരൊക്കെയോ ചേര്‍ന്ന് കുല്‍ക്കുഴ്ഞ്ഞിയെ പിടിച്ചു മാറ്റി.. അജാനുബാഹുവായ ഇവന്‍ പ്രതികരിക്കാതെ ഒടിഞ്ഞുകൂനി ചവിട്ടുകൊള്ളാന്‍ നിന്ന് കൊടുത്തതെന്തേ എന്ന് എല്ലാവരും വിസ്മയിച്ചു..!
" നായിന്റ മോന്‍ ..തിന്നാന്‍ കൊടുത്തതിന്റെ നന്ദി കാട്ടാത്ത എരപ്പേ..."
കമ്മദുകാക്കയുടെ ബനിയന്‍ ഇടാത്ത മാറിടം ചുവന്നിരിക്കുന്നു..മുഖം തേനീച്ചകുത്തിയ പോലെ വീര്‍ത്തിരിക്കുന്നു.. അയാള്‍ ആകെ വിയര്‍ത്തു ജ്വലിക്കുകയാണ്.. വെളുക്കെച്ചിരിച്ചിരുന്ന വെളുത്തുള്ളിപ്പല്ലുകള്‍ കോമ്പല്ലുകളായി മാറിയോ..?!
എന്താണ് സംഭവിച്ചതെന്നു ആര്‍ക്കും പിടി കിട്ടിയില്ല ..
"കുറച്ചു മുന്‍പേ കമ്മദുകാക്ക അകത്തേക്കോടിയതും കുല്‍ക്കുഴിഞ്ഞിയെ ഉന്തിയും തള്ളിയും പ്രഹരിച്ചു കൊണ്ട് പുറത്തേക്കു വരുന്നതും ആണ് കണ്ടത് "
മക്കാനിയില്‍ ചായ കുടിച്ചു കൊണ്ടിരുന്നവര്‍ക്കും അത്രയെ അറിയുകയുള്ളൂ..
അയമുട്ടിമാഷും മൊയ്തീന്‍ കുട്ടിയും കമ്മദുകാക്കയെ പുറത്തു തട്ടി പതുക്കെ മക്കാനിയുടെ ഉള്ളിലേക്ക് കൂട്ടി കൊണ്ട് പോയി.. അകത്തു നിന്ന് സൈനബയുടെയും ഉമ്മയുടെയും ഏങ്ങലടികള്‍ അപ്പോഴും ഉയര്‍ന്നു കൊണ്ടിരുന്നു..
ന്യായവിലഷാപ്പില്‍ ആളുകള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി ..
"മാപ്പള ദേട പോയ് കെട്ക്വാ ...ച്ച്ദയിരി മാങ്ങിട്ടു മാണം മക്കക്കുള്ള കഞ്ഞി അട്പ്പത്ത്ടാന്‍"....."
മുറുക്കിചുവപ്പിച്ചതു പീടികമുറ്റത്തേക്ക് പാറ്റിത്തുപ്പിക്കൊണ്ട് ചിരുതക്കുട്ടി നൊടിഞ്ഞു..
ഗ്യാസ്‌ലൈറ്റ് കത്തിച്ചു തൂക്കി സില്‍ബന്ധി, മേശവലിപ്പ് പൂട്ടി മൊയ്തീന്‍ കുട്ടിയെ തിരഞ്ഞു പോയി ആ പോക്ക് കൊണ്ടാണ് എന്താണ് സംഭവിച്ചതെന്ന് അങ്ങാടിയില്‍ എല്ലാവരും അറിഞ്ഞതും..
മക്കാനിയിലെക്കുള്ള വിറകും വെള്ളവും എല്ലാം ഒരുക്കി വെച്ച ശേഷം കുല്കുഴ്ഞ്ഞി അടുക്കളയില്‍ ഇരുന്നു പൊറോട്ടയും മത്തിമുളകിട്ടതും കഴിക്കുകയായിരുന്നു..സൈനബ തൊട്ടടുത്ത് നിന്ന് ഉള്ളിവടക്കുള്ള ഉള്ളി അരിയുകയായിരുന്നു.. അവളുടെ കണ്ണില്‍ നിന്ന് മുത്ത്‌മണികള്‍ പോലെ കണ്ണ് നീര്‍ത്തുള്ളികള്‍ വീണുകൊണ്ടിരുന്നു.. കുല്കുഴ്ഞ്ഞി തീറ്റി നിര്‍ത്തി അവളുടെ മുഖത്തേക്ക് നിര്‍ന്നിമേഷനായി നോക്കി നിന്നു..
" ന്തേയ് ബനേ ജ്ജി ങ്ങനെ നോക്ക്ണ്..?
നീരോലിക്കുന്ന മൂക്ക് തുടച്ചു കൊണ്ട് സൈനബ ചോദിച്ചു
അവരുടെ കണ്ണുകള്‍ തമ്മില്‍ എന്തോ സംസാരിച്ചോ..?..
കുല്ക്കുഴ്ഞ്ഞി വിറയ്ക്കുന്ന ഇടതു കൈവിരല്‍ കൊണ്ട് അവളുടെ മുഖത്ത് കൂടി ഒഴുകിയിറങ്ങുന്ന ആ കണ്ണുനീര്‍ച്ചാല് തുടച്ചു ..
സൈനബ അവന്റെ കൈകള്‍ തട്ടിമാറ്റി..
ഭ്രാന്തമായ ഒരാവേശത്തോടെ കുല്കുഴ്ഞ്ഞി അവളെ കടന്നു പിടിച്ചു .. ആ കവിളില്‍ തെരുതെരെ ചുംബിച്ചു ..
സൈനബ ഒരു സീല്‍ക്കാരത്തോടെ കുതറിയോടി ..പുറത്തിറങ്ങിയിരുന്ന ഉമ്മ ഇത് കണ്ടുകൊണ്ടാണ് കയറി വന്നത് ..സൈനബയുടെ ശബ്ദം കേട്ട് കമ്മദു കാക്കയും അകത്തെത്തി ..
പിന്നെയായിരുന്നു ആ അടിയും ബഹളവുമെല്ലാം ...
മൊയ്തീന്‍ കുട്ടി മക്കാനിയുടെ അടുക്കളയില്‍ നിന്നും പുറത്തേക്കു വന്നു ..ഷാപ്പിലേക്ക് നടന്നു.. കൂട്ടം കൂടിയ ആളുകള്‍ പതുക്കെ പിരിഞ്ഞു തുടങ്ങി ..
അല്പം കഴിഞ്ഞു അയമുട്ടിമാഷും കമ്മദുകാക്കയും പുറത്തു വന്നു..
കുല്‍ക്കുഴ്ഞ്ഞി സ്ഥലം വിട്ടിരിക്കുന്നു..അതോ ആരോ അവനെ സ്ഥലത്ത് നിന്ന് മാറ്റിയിരിക്കുന്നു ..!
" ന്താണ്ട വല്ല പൂരം കാണാന്‍ നിക്വാണോ ..അനക്കൊന്നും ബേറെ പണിയൊന്നും ഇല്ലെടോ "
പിന്നെയും പിരിഞ്ഞു പോകാതെ നിന്നവരോടായ് കമ്മദുകാക്ക കയര്‍ത്തു..
അയമുട്ടി മാഷ് പിന്നെയും കുറെ നേരം കമ്മദുകാക്കയെ സമാധാനിപ്പിച്ചു കൊണ്ട് അവിടെ ഇരുന്നു.. ഇടക്കെപ്പോഴോ മാഷ് ചോദിച്ചത്രേ " ഇങ്ങനോക്ക്യായ സ്ഥിതിക്ക് സൈനബാനെ കുല്‍ക്കുഴ്ഞ്ഞിക്കു കെട്ടിച്ചു കൊടുത്തൂടെ എന്ന്.."
കുടിച്ച ഒരുകവിള്‍ ചായ കുലുക്കുഴിഞ്ഞ് ഒരൊറ്റ തുപ്പായിരുന്നത്രേ അതിനു മറുപടി..
അതോടെ അയമുട്ടി മാഷ് പതുക്കെ പിന്‍വാങ്ങി..
പിറ്റേന്നാണ് ഞങ്ങളുടെ നാട് ശരിക്കും ഞെട്ടിയത്..!
സുബഹിബാങ്ക് കൊടുത്തപ്പോള്‍ കുഞ്ഞാമിനാച്ചി ഉണര്‍ന്നു.. കിണ്ടിയില്‍ വെള്ളവുമായി മൂത്രമൊഴിക്കാന്‍ ഇറയത്തേക്കിറങ്ങും മുമ്പ് സൈനബകിടക്കുന്ന മുറിയിലേക്ക് ഒന്നെത്തി നോക്കി ..
കട്ടിലില്‍ പുതപ്പ് മാത്രം..!
മണിക്കൂറുകള്‍ കഴിഞ്ഞു കുഞ്ഞാമിനാച്ചിക്ക് ബോധം വീണപ്പോള്‍ കരഞ്ഞുകൊണ്ട് കമ്മദുകാക്ക പറയുന്നത് അവരും കേട്ടു..
" ന്റെ സൈനബ്ക്ക് ഓനോട് പിരിശായിരുന്നെങ്കില് ഓക്കൊന്നു...ന്നോട്, അല്ലെങ്കിലോളെമ്മനോട് ഒന്ന് പറഞ്ഞൂടെയ്നോ.."
വര്‍ഷങ്ങളോളം സൈനബയെയും കുല്‍ക്കുഴ്ഞ്ഞിയെയും പിന്നെ ആരും കണ്ടിട്ടില്ല..
ശരിക്കും സൈനബ കുല്‍ക്കുഴ്ഞ്ഞിയെ ഇഷട്ടപ്പെട്ടിട്ട് ഒളിച്ചോടിയതാണോ..അതോ..
ബലിഷ്ടമായ കുല്‍ക്കുഴ്ഞ്ഞിയുടെ കൈകളില്‍ ഒരു കുഞ്ഞാറ്റക്കുരുവിപോലെ അമര്‍ന്നുപോയതാണോ ...?!
ദൈവത്തിനും അവള്‍ക്കും മാത്രമറിയാം..!
( തുടരും..)