"ചുള്ളിചെറിയ പെണ്ണേ നിന്നാങ്ങള മാരെവിടെപ്പോയ്...?
ആക്കാണും ആങ്ങളമാര്‍ ചൂരലിനായ് പോയല്ലോ..."
"ചൂരലും എന്തിനെടീ പെണ്ണെ ചുള്ളിച്ചെറിയ പെണ്ണേ ..?
ചൂരലും നന്നല്ലോ കോതട്ടീലിട വരിയാന്‍ ..."
നാലാം തരം ബിയില്‍ നിന്ന് വേലായുധന്‍ മാഷുടെ മനോഹരമായ വടക്കന്‍ പാട്ട് കേട്ടുകൊണ്ടിരുന്നു. പുത്തൂരം വീട്ടിലെ, കടത്തനാടന്‍ കളരിയിലെ വിളക്കായിരുന്ന ഉണ്ണിയാര്‍ച്ചയെ വര്‍ണ്ണിച്ചുപാടുന്ന പാണര്‍പാട്ട്.. .....കുട്ടികള്‍ ഒരോരോ വരികള്‍ .ഏറ്റുപാടി.
തെനീച്ചക്കൂടിന്റെ മുരള്‍ച്ചയോടെ ഒഴുകിയിരുന്ന വിദ്യാലയാന്തരീക്ഷം സംഗീത സാന്ദ്രമായ ഒരു ശാന്തത അനുഭവിച്ചു കൊണ്ടിരുന്നു..
"കോതട്ടീം എന്തിനെടീ പെണ്ണെ ചുള്ളിച്ചെറിയ പെണ്ണേ ..?
കൊതട്ടീം..നന്നല്ലോ: "
മാഷിന്റെ പാട്ട് .പെട്ടെന്ന് നിലച്ചു......!
മാഷ് എന്തേ പാട്ട് നിര്‍ത്തിയതെന്നറിയാതെ കുട്ടികള്‍ തമ്മില്‍ തമ്മില്‍ നോക്കി ..
സ്റ്റാഫ് റൂമില്‍ സരസഭാഷണം നടത്തി ഒഴിവുസമയം ആസ്വദിക്കുകയായിരുന്ന
അധ്യാപകരും ആ നിശ്ശബ്ദത അല്പമൊന്നാസ്വദിച്ചു ....
കുട്ടികള്‍ക്ക് പുതുമയാണെന്കിലും അധ്യാപര്‍ ഇതെത്ര കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്..!
എങ്കിലും വേലായുധന്‍ മാഷുടെ മധുരമായ ആലാപനം ഈ വടക്കന്‍ പാട്ടിന്റെ മാധുര്യം കൂട്ടിയതല്ലാതെ ഒട്ടും കുറച്ചിരുന്നില്ല..!
"എന്ത് പറ്റി ഇയാളുടെ പാട്ടിന് ? .മുംതാസ് ടീച്ചര്‍ ആരോടെന്നില്ലാതെ ചോദിച്ചു ....
വേലായുധന്‍മാഷിന്റെ, പാട്ടിനു മാത്രമേ മധുരം ഉണ്ടായിരുന്നുള്ളൂ ...സ്വഭാവം; അതത്ര മധുരമുള്ളതായിരുന്നില്ല..!
പുലി പോലെ ..ശൌര്യമുള്ള ഒരു വടക്കന്‍ ചേകവര്....!
കുട്ടികള്‍ മാഷെ കണ്ടാല്‍ മൂത്രമൊഴിക്കുമായിരുന്നു ..! .
ചെറിയ കുട്ടികള്‍ സ്കൂളിലേക്ക് വരാന്‍ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം മാഷുടെ ഈ കത്തി വേഷം ആയിരുന്നത്രേ.. !
വീടുകളില്‍ ഉമ്മമാര്‍ കുട്ടികളെ അനുസരിപ്പിക്കാനും കുട്ടികള്‍ തമ്മില്‍ തമ്മില്‍ പേടിപ്പിക്കാനും ഉപയോഗിച്ചിരുന്ന പ്രതീകം വേലായുധന്‍ മാഷ് തന്നെയായിരുന്നു.. !
മുതിര്‍ന്ന കുട്ടികള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മാഷിന്റെ പരാക്രമങ്ങള്‍ വര്‍ണ്ണിച്ചു കേട്ടു കേട്ടു സ്കൂളിലേക്ക് വരുന്നതിനു മുന്‍പ് തന്നെ പാവം പൈതങ്ങള്‍ ഭീതിയുടെ തടവറയില്‍ അടക്കപ്പെട്ടിരിക്കും..
വര്‍ഷാദ്യത്തില്‍ അമ്മമാര്‍ ഒന്നാം ക്ലാസിലേക്ക് മക്കളെ പിടിച്ചു വലിച്ചു; ചുള്ളലെടുത്തു തല്ലി; ചെവിക്കുന്നി പിടിച്ചു നുള്ളി അറക്കാന്‍ കൊണ്ട് പോകുന്ന പോത്തിനെപ്പോലെ ഉന്തിത്തള്ളി കൊണ്ടു വരേണ്ടി വന്നിരുന്നു..
കളവു കാട്ടി സ്കൂളില്‍ വരാതിരിക്കുന്ന കുട്ടികളെ പിടിച്ചു കൊണ്ടുവരാന്‍ വേലായുധന്‍ മാഷ് നാലാം ക്ലാസ്സില്‍ നിന്നൊരു ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ കൊടുക്കാറുണ്ടായിരുന്നു.. !
'ചോലയിലെ അയമു ' ആയിരുന്നു ആ സംഘത്തിന്റെ തലവന്‍..! തല നാലാം ക്ലാസ്സിലും ശരീരം പത്താം ക്ലാസ്സിലും പഠിക്കുന്ന ഒരു മുട്ടാളന്‍ .!
സ്കൂള്‍ കള്ളനെ തിരഞ്ഞു പിടിച്ചു ആവേശത്തോടെ തോര്‍ത്തു മുണ്ട് കൊണ്ട് കൈകള്‍ ബന്ധിച്ചു കുപ്പായത്തിന്റെ കോളറിലോ ട്രൌസറിന്റെ വള്ളിയിലോ പിടികൂടി സ്കൂളിലേക്ക് കൊണ്ടു വരുമ്പോള്‍ മറ്റുകുട്ടികള്‍ സ്കൂളിന്റെ വരന്തയിലേക്കിറങ്ങി ആ കാഴ്ച് കാണാന്‍ കൂട്ടം കൂടി നില്‍ക്കും !
അഭിമാനത്തോടെ ക്വട്ടേഷന്‍ സംഘം പ്രതിയെ ഓഫീസ്‌മുറിക്കു മുന്‍പില്‍ ഹാജരാക്കും ..... കുട്ടികള്‍ വരാന്തയില്‍ നിന്ന് ഇറങ്ങി പ്രതിയെ വളഞ്ഞു ഒരു മനുഷ്യ മതില്‍ തീര്‍ക്കും .
പുറത്തെ ആരവം കണ്ടു ഹെഡ് മാസ്റ്റര്‍ പുറത്തിറങ്ങും ..കയ്യില്‍ "ചൂരല്‍ വടി "..
ഹെഡ് മാസ്റ്റര്‍ക്കായി സ്പെഷ്യല്‍ ചൂരല്‍ വടി സംഘ ടിപ്പിച്ചു കൊടുക്കാന്‍ ആറാം ക്ലാസിലെയും ഏഴിലെയും അല്പം വിളഞ്ഞ കുട്ടികള്‍ വെള്ളിയാഴ്ച്ചകളില്‍ കൊടായിക്കുന്ന് കേറുമായിരുന്നു ..
രംഗ നിരീക്ഷണം നടത്തി ഹെഡ് മാസ്റ്റര്‍ കേസ്സ് വേലായുധന്‍ മാഷിന് റഫര്‍ ചെയ്യും...
കുട്ടികള്‍ വേലായുധന്‍ മാഷെ വിളിക്കാന്‍ ഓടും...
സ്റ്റാഫ് റൂമിലിരുന്ന് സാധു ബീഡി വലിക്കുന്ന വേലായുധന്‍ മാഷ് കട്ടിയുള്ള കണ്ണട ഫ്രെയിമിന്റെ ചോട്ടിലൂടെ കുട്ടികളെ ചെരിഞ്ഞു നോക്കും "പൊയ്ക്കോളൂ......ഞാന്‍ വരാം ' ഇതാണ് ആ നോട്ടത്തിന്റെ അര്‍ഥം ..
നീളമുള്ള കറുത്ത കൈകളും വീശി; കറുത്ത കൊമ്പന്‍ മീശ ചുരുട്ടിപ്പിരിച്ചു മാഷ് എണീറ്റ് പുറത്തേക്കു വരുമ്പോള്‍ കുട്ടികള്‍ വാട്ടം പിടിക്കും.. അടക്കിപ്പിടിച്ച് പിറുപിറുക്കും..
വേലായുധന്‍ മാഷ് ഓഫീസില്‍കയറി ഹെഡ്‌മാഷുടെ ചൂരല്‍ കയ്യിലെടുക്കുന്നു..കുട്ടികള്‍ ശ്വാസം നീട്ടി വലിച്ചു അടക്കിപ്പിടിച്ചു നില്‍ക്കും ..!
പ്രതിയായ ചെറുക്കന്റെ ട്രൌസരിനുള്ളില്‍ നിന്നു ഇടതു കാലിലൂടെ ചൂടുള്ള മൂത്രം കിനിഞ്ഞിറങ്ങും ..!
വടിയുമായി പുറത്തിറങ്ങിയ മാഷ് വടികൊണ്ട് തന്നെ 'സ്കൂള്‍ കള്ളനെ' മാടി വിളിക്കും..
വിറയലോടെ കുട്ടി വരാന്തയിലേക്ക് ..
" നെന്റെ പേരെന്താടോ ..?
ചെറുക്കന്‍ മിണ്ടുന്നില്ല ..ശബ്ദം പുറത്തു വരുന്നില്ല എന്നതാവും ശരി..!
വേലായുധന്‍ മാഷിന്റെ ചുവന്ന കണ്ണുകള്‍ ഉരുണ്ടു കേറുന്നു ..
പെണ്‍കുട്ടികള്‍ ഒരുവശം കോടി ശ്വാസം പിടിച്ചു നിന്ന് ഇടം കണ്ണിട്ടു നോക്കും ..
"നിന്നോടാ ചോദിച്ചത് ..തന്റെ പേരെന്താന്നു ..?
ചെറുക്കന്റെ ട്രൌസറിനടിയില്‍ നിന്നു വീണ്ടും തുള്ളികള്‍ ഉറ്റി..!
"'കൈനീട്ടാന്‍..." പിന്നെ ചൂരലാണ് സംസാരിച്ചത് .. ആംഗ്യഭാഷ ..
ചെറുക്കന്‍ കണ്ണുകള്‍ മുറുക്കിക്കിയടച്ചു.. ,..പതുക്കെ കൈ നീട്ടി ..വിറയ്ക്കുന്ന കാല്മുട്ടുകളോടെ..
' സ്കൂളില് വരാതെ കളിച്ചു നടക്ക്വാണല്ലേ ..." നിനക്കൊക്കെ തിന്നാന്‍ തരുന്ന തന്തയേയൂം തള്ളയേയും വേണം തല്ലാന്‍.." .......
"സഭ്യതയുടെ വരമ്പുകള്‍ കടന്നു പോകാതിരുന്നെങ്കില്‍ .... ..." ഏഴാം ക്ലാസില്‍ നിന്നും പുസ്തകക്കെട്ടുമായി പുറത്തിറങ്ങിയ ആമിന ടീച്ചര്‍ മനസ്സില്‍ പറഞ്ഞു..
വേലായുധന്‍ മാഷിന്റെ കയ്യിലെ ഹെഡ് മാഷുടെ ചൂരല്‍ ചുരുങ്ങിയത് നാല് പ്രാവശ്യമെങ്കിലും ഉയര്‍ന്നു താഴും !.
ചെറുക്കന്‍ വേദനയും രോദനവും ഒരുമിച്ചു കടിച്ചിറക്കും ..!
ഇതുപോലെയുള്ള കുറ്റവിചാരണ ആഴ്ചയില്‍ രണ്ടോ മൂന്നോ നടക്കുന്നതിനാല്‍ മറ്റുള്ള അധ്യാപകര്‍ അത് ശ്രധിക്കാറെ ഇല്ല.. ആമിന ടീച്ചര്‍ ഒഴികെ..!
ഒരിക്കല്‍ തനിക്കും കിട്ടി ആ ചൂരലിന്റെ പൊള്ളുന്ന ചൂട് മൂന്നെണ്ണം.. ബാവുട്ടന്‍ ഓര്‍ത്തു;
നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ്.......
ഉച്ചഗോതമ്പ് തിന്നു കഴിഞ്ഞു കുട്ടികള്‍ സ്കൂള്‍ മൈതാനത്ത് കളിച്ചു മദിക്കുന്നതിനിടയില്‍ ആറിലായിരുന്ന കുരിയംചാലില്‍ ബാലനും കൂട്ടുകാരും ഒപ്പിച്ച ഒരു വിദ്യയാണ് വിനയായത് ..!
ഗോതമ്പില്‍ പൊടിച്ച കുപ്പിക്കഷ്ണങ്ങള്‍ കുഴച്ചു വെച്ച് കാക്കകളെക്കൊണ്ടു അത് തീറ്റിക്കുക .!
ആര്‍ത്തിയോടെ അത് തിന്നു കഴിഞ്ഞ കാക്കകള്‍ അര മണിക്കൂര്‍ കഴിഞ്ഞു മരണ വെപ്രാളത്തില്‍ പിടയുന്നത് കണ്ടാസ്വദിക്കുക ..!
ആസ്വദിക്കാന്‍ ബാവുട്ടനും കൂടിയിരുന്നു.. നാല് കാക്കകള്‍ പിടഞ്ഞു ചത്തു..!
വൈകുന്നെരമായപ്പോഴേക്കും വിവരം ഹെഡ് മാസ്ററുടെ അടുത്ത് ആരോ എത്തിച്ചു..
പതിവുപോലെ ..വിചാരണ ..ശിക്ഷാവിധി.. ആരാച്ചാരായി ...വേലായുധന്‍ മാഷ്...!
പ്രധാന കുറ്റവാളികള്‍ക്കെല്ലാം ചന്തിക്കായിരുന്നു അടി.. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ നോക്കി നിന്ന് എണ്ണിയെണ്ണി എണ്ണം പഠിച്ചു..!
ബാവുട്ടന്റെ ഊഴം വന്നു.. കുറ്റകൃത്യത്തില്‍ നേരിട്ടുള്ള പങ്കില്ലാത്തിനാല്‍ അടി കൈവെള്ളയിലാ യിരുന്നു .. രണ്ടടി ഇടത്തെ കയ്യില്‍ ..!
പിന്നെ വലത്തേ കൈനീട്ടാന്‍ ചൂരല്‍ കൊണ്ട് മാഷുടെ ആന്ഗ്യം..
വലത്തേ കയ്യിലും രണ്ടടി പ്രതീക്ഷിച്ചു...എന്തോ.. അലിവ് തോന്നിക്കാണും...ഒന്നേ കിട്ടിയുള്ളൂ..
പൊള്ളിപ്പോയി, രണ്ടു കൈവെള്ളകളും..! ജീവിതത്തില്‍ ആദ്യമായി കിടിയ അടി..! ഓര്‍ക്കുമ്പോള്‍ ഇന്നും ആ നീറ്റ്ല്‍ അനുഭവിക്കുന്നു..
കുറ്റം ചെയ്യേണ്ടതില്ല, ചെയ്യുന്നത് കണ്ടുആസ്വദിച്ചാലും ശിക്ഷ കിട്ടും എന്ന് ബാവുട്ടന്‍ ആദ്യമായി പഠിച്ചു....
എന്താണ് വേലായുധന്‍ മാഷിനെ ഇത്രയ്ക്കു ക്രൂരനാക്കിയത് എന്ന് പില്‍ക്കാലത്ത് പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്..ഉത്തരങ്ങള്‍ക്കായി സമസ്യകള്‍ പൂരിപ്പിച്ചു നോക്കിയിട്ടുമുണ്ട്..
പട്ടാളക്കാരനായിരുന്നു എന്നും , എന്തോ കുടുംബ പ്രശ്നത്താല്‍ ജോലി ഉപെക്ഷിച്ചതനെന്നും ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട് .. കുടുംബത്തെ നാട്ടില്‍ വിട്ടു. ഈ കുഗ്രാമത്തില്‍ ജീവിതക്കേണ്ടിവന്നതിന്റെ വ്യഥകളായിരിക്കാം ..കലഹിക്കുന്ന ഭാര്യുമായി പിണങ്ങിപ്പോന്നത്തിന്റെ പ്രതികരണങ്ങളാവാം...
ഏതായാലും ഒന്നുറപ്പാണ്.... സന്ധ്യ മയങ്ങുന്നതിനു മുമ്പേ ..വേലൂട്ടിയുടെ ചാളപ്പുരയുടെ മുറ്റ്ത്ത് ഇരുന്നുള്ള മദ്യസേവ കഴിഞ്ഞാല്‍ പിന്നെ മാഷ് ശാന്തനായിരിക്കും .കണ്ണിലെ ചോരനിറം മായും പിന്നെ കവിതകള്‍ മൂളി, താളം പിടിച്ചു കൊണ്ട് പതുക്കെ നടന്ന് സ്കൂളിന്‍റെ മുന്‍പിലെ സ്നേഹിതന്‍ ലോഡ്ജിന്‍റെ വീഴാറായ കോവണി കയറി നിലത്ത് വിരിച്ച കോസടിയില്‍ ചുരുണ്ട് കൂടും... ലോഡ്ജിന്റെ താഴെ, കടയിലിരിക്കുന്നവര്‍ മാഷിന്റെ മോഹന രാഗത്തിലുള്ള കവിതകള്‍ കേട്ടുകൊണ്ട് ബഡായി തുടരും..കെ എസ ബീഡി ആഞ്ഞു വലിച്ചു പുക തുപ്പും ...
എന്തിനായിരിക്കാം മാഷ് ഈണത്തില്‍ ചൊല്ലിക്കൊണ്ടിരുന്ന വടക്കന്‍ പാട്ട് പകുതി മുറിച്ചു കളഞ്ഞത് ?
ബാവുട്ടന്റെ കണ്ണുകള്‍ ചുറ്റിലും പരതി........
ആറു ബിക്ലാസിന്റെ മുമ്പിലുള്ള അരച്ചുമരിന്റെ മേല്‍ ഒരു കാല്‍ നിലത്ത് കുത്തിക്കൊണ്ടു വലതു കയ്യിലെ കൂരി വടി അലസമായി മുറ്റ്ത്തെ മുല്ലച്ചെടിയെ തഴുകിഉറക്കിയും ആലികുട്ടി മാഷ് ഇരിക്കുന്നു ...
തൊട്ടടുത്ത് ...ചുമരിലേക്ക് ചാരി ബാലന്‍സ് ചെയ്തു കൊണ്ടും ഇടതു കാല്‍പ്പാദം പുറകോട്ടുയര്‍ത്തിയും താഴ്ത്തിയും ആമിന ടീച്ചറും ..
രണ്ടു പേരും പരിസരം മറന്ന് തങ്ങളുടെതായ ഒരു മനോരാജ്യം പണിത് മര്‍മ്മരഭാഷികളായി നില്‍ക്കുന്നുണ്ടായിരുന്നു..
ബാവുട്ടന്‍ വേലായുധന്‍ മാഷിനെ നോക്കി ...
ഹും....അപ്പൊ..... അതാണ് പാട്ട് നിന്ന് പോയത്...!
ആലിക്കുട്ടി മാഷും ആമിന ടീച്ചറും തമ്മില്‍ ഇഷ്ടമാണെന്നും അവര്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നതും രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വരെ അറിയാം.!
" എന്നാപ്പിന്നെ അങ്ങട്ടു കല്യാണം കഴിച്ചൂടെ ..ഇത് ഈ കുട്ട്യോളുടെ മുന്നില്‍ ഇങ്ങനെ നാടകം കളിച്ചു നടക്കണോ.. ? നാണമില്ലല്ലോ രണ്ടിനും.. ഉണ്ണിമായ ടീച്ചര്‍ പ്രാകിക്കൊണ്ട് നടക്കും ..
വേലായുധന്‍ മാഷ് നിര്‍ന്നിമേഷനായി ആ രംഗം നോക്കി നില്‍ക്കുകയാണ് ..കൂടെ കുട്ടികളും..!
ആഴമുള്ള ചിന്തക്ളിലാണ്ടു പോയിരിക്കണം ...അതാണ് പാട്ട് മുറിഞ്ഞു പോയത്..!
നഷ്ടപ്പെട്ട യൌവനത്തിന്റെ പിഞ്ഞിപ്പോയ ചിത്രങ്ങള്‍ മാഷുടെ മനസ്സില്‍ ഒരു ബയോസ്കോപ്പിലെന്ന പോലെ ദൃശ്യമായിക്കാണും..!
മാഷ് ഒരിക്കലും നാട്ടില്‍ പോവാറില്ലായിരുന്നില്ലോ എന്ന് അപ്പോഴാണ് ബാവുട്ടന്‍ ഓര്‍ത്തത്!
സ്വപ്നത്തില്‍ നിന്നുണര്‍ന്നത് പോലെ മാഷ് പാട്ട് തുടങ്ങി :
" ആറ്റും മനമ്മേലെ ഉണ്ണിയാര്‍ച്ചാ ............
കുട്ടികള്‍ അന്തം വിട്ടു ..!
പാട്ട് മാറിയിപ്പോയിരിക്കുന്നു..
( തുടരും..)