" ഒലക്കണ്ടായ്നി .. ഒഴക്ക ..."
"ന്റെ കണക്കിക്ക് പള്ളേല്‍ ണ്ടെങ്കില് ഞാനഴിയൂലെ..?"
ത്ഫും....ത്ഫൂഒം.....
ഉറക്കാത്ത കാലുകളില്‍ ആടിക്കൊണ്ട് ആഞ്ചാത്തന്‍ നീട്ടിത്തുപ്പി ..
"ആഴാ പഴ്ഞ്ഞത് ഓക്ക് പള്ളേല്‍ണ്ട്ന്ന് ..?
ആസാദിന്റെ തലച്ചോറില്‍ ഒരു തീകൊള്ളിഎരിഞ്ഞു..
ഒരൊറ്റ ചവിട്ടിനു കൊന്നുകളയാന്‍ തോന്നി, ആ കള്ളുകുടിയന്‍ പിശാചിനെ...!
പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ തലേന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഉത്കണ്ഠയോടെ നേരം വെളുപ്പിച്ചതിന്റെ ആലസ്യം കോപാഗ്നിയായി തലക്കുള്ളില്‍ ഈച്ച മൂളുന്നത് ആസാദ് സഹിച്ചു നിന്നു.. !
കൂട്ടിനുണ്ടായിരുന്ന സഖാക്കള്‍ സമാധാനിപ്പിച്ചു ..
" ചാരായത്തിന്റെ ലഹരിയില്‍ പറയുന്നതാ..നീയത് വിട്ടുകള "
വടക്കേകണ്ടിയിലെ കുട്ടിഹസ്സനാജിന്റെ പഴയ തറവാട്ട് വീട്ടില്‍ താമസക്കാര്‍ ആരും ഇല്ലാത്തതിനാല്‍ കലാസംഘം വാര്‍ഷികത്തിന് നാടകം പരിശീലിക്കാന്‍ നിത്യവും രാത്രിയായാല്‍ ആസാദും കൂട്ടുകാരും ഒത്തുകൂടും ..എല്ലാവരും എത്തിച്ചേരാന്‍ രാത്രി ഒമ്പത് മണിയെങ്കിലും ആവും ..പലരും കൂലിവേലക്ക് പോകുന്നവരാണ് , ജോലി കഴിഞ്ഞു വീട്ടിലെത്തി കുളിയും കഞ്ഞികുടിയും കഴിഞ്ഞ് അങ്ങാടിയില്‍ പോയി വീട്ടിലേക്കുള്ള അത്യാവശ്യ ചില്വാനങ്ങളും വാങ്ങിയ ശേഷമേ അവരില്‍ പലര്‍ക്കും നാടകം എന്നത് തലയില്‍ മുളക്കുകയുള്ളൂ..ജീവിതത്തില്‍ അഭിനയിച്ചിട്ട് വേണ്ടേ നാടകത്തില്‍ അഭിനയം പഠിക്കാന്‍ !
അത്യാവശ്യം ചിലര്‍ വരുന്ന വഴിക്ക് ഒരല്‍പം മിനുങ്ങുകയും ചെയ്യും..ചോദ്യം ചെയ്താല്‍ പറയും
" സോറി സഖാവേ....... ഡയലോഗുകള്‍ മറന്നു പോവാതിരിക്കാന്‍ ഒരല്പം ...."
റിഹേഴ്സല്‍ തുടങ്ങിയാല്‍ പിന്നെ എല്ലാം മറക്കും ..ജീവിതം പിന്നെ സ്റ്റേജിലാവും. ഇവര്‍ക്കൊന്നും പരിശീലനം ആവശ്യമില്ലെന്ന് ആസാദ് ഇടക്ക് ചിന്തിക്കാറുണ്ട് ..ജന്മനാ കലാകാരന്മാര്‍ ..!
അന്നും സന്ധ്യക്ക് കളിയും കഴിഞ്ഞ് വീട്ടിലെത്തി ഉടുപ്പും മാറി ആസാദ് വടക്കേകണ്ടിയിലെ വിശാലമായ കോലായില്‍ എത്തി .
പഴയ കാലത്ത് വീടിന്റെ മുഖം കിഴക്കോട്ടാവണമെന്ന തച്ചുശാസ്ത്രത്തില്‍ നിര്‍മ്മിച്ച ജന്മിത്തറവാട് ...വയലും കാറ്റും എല്ലാം പടിഞ്ഞാറായിട്ടും ..ഈ വീടിന്റെ മുഖം കിഴക്കോട്ട് .. മണ്ണെടുത്ത് നിരപ്പാക്കിയ നീണ്ട ഒരു മുറ്റവും .....! ചെറുപ്പത്തില്‍ കണ്ട ഈ വീടിന്റെ പ്രതാപകാലം ആസാദ് ഓര്‍ത്തു നോക്കി ..തെക്ക് വശത്തെ പറമ്പിലെ വമ്പന്‍ തൊഴുത്ത് ...നിറയെ പശുക്കളും കാളകളും പോത്തുകളും നിരന്നു നിന്നിരുന്നു ആ നീളന്‍ തൊഴുത്തില്‍ ! അതിനു മുന്നിലായി മൂന്നോ നാലോ വമ്പന്‍ വൈക്കോല്‍കൂനകളും .. വൈക്കൊലുണ്ടയില്‍ തൂങ്ങി പുല്ലു വലിക്കുന്ന "പുല്ലുണ്ട മമ്മദും '
എല്ലാം ഓര്‍മ്മയായി ..തൊഴുത്ത് എന്നോ പൊളിച്ചു മാറ്റി ....വീടാണെങ്കില്‍ എലികളും പെരുച്ചാഴികളും ചിതലും വവ്വാലും പാര്‍ക്കുന്ന പുരാമന്ദിരം ..!
മണ്ണെണ്ണ ഒഴിച്ച് പെട്രോമാക്സ് കത്തിച്ചു ..എന്നും കൂടെയുണ്ടാവാറുള്ള വേലായുധന്‍ സഹായത്തിനുണ്ട് ..ചീരാപ്പൊലിക്കുന്ന മൂക്കുമായി ചാളക്കലെ ഉടുപ്പൊന്നുമിടാത്ത കുറച്ചു കുട്ടികളും ..! ഈ കുട്ടികളുടെ മൂക്ക് ഒന്ന് വൃത്തിയായി കാണാന്‍ പലപ്പോഴും ചീരാപ്പ് സ്വന്തം കൈകൊണ്ടു വൃത്തിയാക്കി അവരുടെ മുഖം കഴുകി കൊടുത്തിട്ടുണ്ട് ..
എങ്കിലും അര നാഴിക നേരം കഴിഞ്ഞാല്‍ മൂക്ക് വീണ്ടും വൃത്തികേടാവും ..
പുറം കൈകൊണ്ടു അവരത് മുഖത്ത് പുരട്ടും ..
മുഖവും വൃത്തികേടാക്കും..!
വേലായുധന്‍ പെട്രോമാക്സില്‍ നിന്നും ബീഡിക്ക് തീക്കൊടുത്തു ..അതുകണ്ടപ്പോള്‍ ആസാദ് മടിയില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് പുറത്തെടുത്തു വേലായുധന്റെ ബീഡിയില്‍ നിന്ന് സിഗരറ്റിനു തീക്കൊടുത്തു ..വളയങ്ങളായി ഉയര്‍ന്നു വായുവിലലിയുന്ന പുകവലയങ്ങളെ പിടിക്കാന്‍ കുട്ടികള്‍ ഊറ്റം കാട്ടി..
എരിയുന്ന സിഗരറ്റുമായി മുറ്റത്തെക്കിറങ്ങിയപ്പോള്‍ ചൂട്ടും മിന്നി വയല് കടന്നു അന്‍സാര്‍ വരുന്നത് കണ്ടു .....കുട്ടിഹസ്സനാജിന്റെ പേരക്കുട്ടിയായ അന്‍സാര്‍ നല്ലൊരു ഫുട്ബാള്‍ കളിക്കാരനാണ് ..കളി കഴിഞ്ഞു പുഴയില്‍ ഇറങ്ങി കുളിച്ചിട്ടുള്ള വരവാണ്..
വയല്കഴിഞ്ഞു പള്ളിയാളിയില്‍ കയറി ..ചാളക്കല്‍ എത്തിയപ്പോള്‍ അന്‍സാര്‍ അവിടെ അല്പനേരം തങ്ങി ...
ചാളക്കല്‍ ഹരിജനങ്ങളുടെ കുടികിടപ്പ് ഭൂമിയാണ് ..മൂന്നു നാലു കുടംബങ്ങള്‍ കൊച്ചു കുടിലുകളില്‍ വേനലും മഴയും ആ വയലോരത്തു തന്നെ കഴിഞ്ഞു കൂടുന്നു.. പണ്ട് നെല്ല് കൊയ്തിടാന്‍ ഉണ്ടാക്കിയ കളപ്പുരകള്‍ പിന്നീട് ആ കര്‍ഷകതൊഴിലാളികളുടെ കോളനിയായി മാറുകയാണുണ്ടായത്..
"ന്റെ ദേവ്യയേയ്............ഒരു ആര്‍ത്തനാദം ......
ചീവീടുകളുടെ ഈണത്തിലുള്ള പാട്ടിനെ ഒരു നിമിഷം നിശബ്ദമാക്കി.. !
ചാളക്കല്‍ നിന്നിരുന്ന അന്‍സാര്‍ ചൂട്ടും മിന്നി ഓടിവരുന്നു ...
ഏങ്ങലടികള്‍ ഉച്ചസ്ഥായിയില്‍ ഉയര്‍ന്നു ....
വേലായുധന്‍ കൊലായില്‍ നിന്ന് ചാടി എഴുന്നേറ്റു ചാളക്കലേക്ക് ഓടി ..പുറകെ ആസാദും വഴിയില്‍ ചൂട്ടുമായി ഓടിവരുന്ന അന്‍സാര്‍..
" എന്താ പ്രശ്നം ..ആരെങ്കിലും മരിച്ചോ...?
' മരിച്ചോ എന്ന് പറയാന്‍ പറ്റില്ല ..ചക്കികുട്ടി ചോരയൊലിപ്പിച്ച് ചാളയുടെ മുറ്റത്ത്.... കിടക്കുന്നു .."
ആസാദ് മുന്നിലും ചൂട്ടും മിന്നി അന്‍സാര്‍ പുറകിലും ഓടി .. വേലായുധന്‍ മുന്നാലെ അവിടെ എത്തിയിരുന്നു ...കുട്ടികള്‍ ഞങ്ങള്‍ക്ക് പുറകില്‍ കരഞ്ഞു കൊണ്ട് ഓടി ...
ആഞ്ചാത്തന്റെ കുടിയുടെ മുറ്റത്ത് ഓലത്തടുക്കില്‍ ചക്കിക്കുട്ടി കിടക്കുന്നത് മിന്നുവെളിച്ചത്തില്‍ ആസാദ് കണ്ടു ..
വേലായുധന്‍ അകത്ത് കയറി മണ്ണെണ്ണ വിളക്ക് കൊണ്ടു വന്നു ,.. അന്‍സാര്‍ ചൂട്ടു മിന്നിക്കൊണ്ടിരുന്നു .. ആ വെളിച്ചത്തില്‍ ചക്കിക്കുട്ടിയുടെ കിടത്തം ചോരയില്‍ കുളിച്ചാണ് എന്ന സത്യം ആസാദും അന്‍സാറും തിരിച്ചരിഞ്ഞു ..!
അകത്തു നിന്ന് പെണ്ണുങ്ങള്‍ അലമുറ തുടങ്ങിയിരുന്നു.. അയല്‍പക്കക്കാര്‍ ഓടിക്കൂടാന്‍ തുടങ്ങി ..
എന്താ വേലായുധാ സംഭവിച്ചത്...? ഉദ്വേഗത്തോടെ ആസാദ് ചോദിച്ചു..
അടുത്തേക്ക് വന്നു അവന്‍ ആസാദിന്റെ ചെവിയില്‍ പറഞ്ഞു
" ഓള് രണ്ടീസായിട്ടു പൊറത്തായിരുന്നു..."
സംഗതി പിടികിട്ടി.. ഒന്നും മനസ്സിലാകാതെ നിന്ന അന്‍സാറിനോട് ആസാദ് പറഞ്ഞു .." നീ പോയി പെട്രൊമാക്സ് എടുത്തു കൊണ്ടു വാ "
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആസാദ് ചക്കിക്കുട്ടിയുടെ അടുത്ത് ഇരുന്നു നാഡിമിടിപ്പ് നോക്കി..
" ഇല്ല മരിച്ചിട്ടില്ല.. " ദീര്‍ഘനിശ്വാസം ..അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നു ..
അന്‍സാര്‍ പെട്രോമാക്സുമായി വന്നു.. അതിന്റെ വെളിച്ചത്തില്‍ ആസാദ് മനസ്സിലാക്കി..ഭൂമി ഒരു പാട് രക്തം കുടിച്ചിരിക്കുന്നു..!
ആരോ വെള്ളവുമായി വന്നു.. ആസാദ് ചക്കിക്കുട്ടിയുടെ മുഖത്ത് കുടഞ്ഞു .. അനക്കമില്ല..!
" അന്സാറേ ഉടനെ ജീപ്പ് കിട്ടണം "
"ജീപ്പ് ......ഈ സമയത്ത്.. "
അപ്പോഴേക്കും റിഹെഴ്സലിനായി മറ്റു ചിലരും എത്തിയിരുന്നു..
ആലോചിച്ചുനില്ക്കാന്‍ സമയമില്ല .. ആസാദ് ഓടി കൂടെ അന്സാറും...എങ്ങോട്ടാണെന്ന് തിട്ടമില്ലാ യിരുന്നു .. ഓട്ടത്തിനിടയില്‍ ഉറപ്പിച്ചു..
മുക്കത്തേക്ക് ഫോണ്‍ ചെയ്ത് ജീപ്പിനായി കാത്തു നിന്നാല്‍ അവള്‍ മരിക്കും ..പിന്നെ ..എവിടെയാണ് ജീപ്പുള്ളത് ?
ജീപ്പുള്ളത് ഒരിടത്ത് മാത്രം .. മായിന്‍ മുതലാളിയുടെ വീട്ടില്‍ !
മായിന്‍ മുതലാളി വീട്ടില്‍ ഉണ്ടാവില്ല .കോഴിക്കൊട്ടാവും .മകന്‍ അഷ്‌റഫ് ഉണ്ടാവും..
ചോദിച്ചാല്‍ നാണം കെടുമോ.. ?
ആവശ്യം പറഞ്ഞാല്‍ ആട്ടിപ്പായിക്കുമോ..?
കളവു പറഞ്ഞാലോ..
വേണ്ട ..സത്യം പറയാം..
ചക്കിക്കുട്ടിയുടെ ആയുസ്സിന്റെ ബലം പോലെ ..കിട്ടിയാല്‍ കിട്ടി..!
അഷ്‌റഫ് ഭക്ഷണമേശയിലായിരുന്നു ..കാര്യങ്ങള്‍ വിശദീകരിച്ചു പറഞ്ഞു.. ജീപ് വൃത്തിയാക്കി തിരികെ ഏല്പ്പിക്കാം എന്ന് ഉറപ്പു കൊടുത്തു..
ഡ്രൈവര്‍ ഇല്ല ..എന്ത് ചെയ്യും ..?
അന്‍സാര്‍ ഓടി..... ഡ്രൈവര്‍ ചേക്കുകാക്കയെ വിളിക്കാന്‍....
അഷ്‌റഫ് ജീപിന്റെ താക്കോലുമായി വന്നു..
ഡ്രൈവര്‍ ചേക്കുകാക്കയെ കാര്യങ്ങള്‍ പാഞ്ഞു മനസ്സിലാക്കാന്‍ അല്പം പാട് പെട്ടു..
" കാക്കാ നിങ്ങള്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി കാക്ക " ആസാദ് അലറി..
ജീപ്പ് സ്റാര്‍ട്ടായി ..
വയലിനിക്കരെ ജീപ്പ് നിര്‍ത്തി, ഇറങ്ങി ഓടി ..
ആള്‍ക്കൂട്ടം വലുതായിരിക്കുന്നു .. നാടക നടന്മാര്‍ എല്ലാവരും എത്തിയിരിക്കുന്നു ..
അടുത്ത വീട്ടില്‍ നിന്ന് ഒരു നല്ല പായ സംഘടിപ്പിച്ചു .. മയ്യത്തു കിടത്തും പോലെ പൊതിഞ്ഞു കെട്ടി ചക്കിക്കുട്ടിയെ അവര്‍ ജീപ്പില്‍ കയറ്റി.. കത്തിച്ചു വിട്ടു.... മുക്കത്തെ ആശുപത്രിയിലേക്ക് ..
ആഞ്ചാത്താന്‍ പൊട കൊടുത്തു കൊണ്ടുവന്നപ്പോള്‍ ചക്കിക്കുട്ടി സുന്ദരിയായിരുന്നു. പൊയില്‍ക്കര ചാളയിലെ കണക്കി സുന്ദരി ...ആഞ്ചാത്താന്‍ ഉരുക്ക് പോലത്തെ വന്മരവും ..
നല്ല ജോഡി ..ആളുകള്‍ അസൂയപ്പെട്ടു..
കൊയ്ത്തു സമയത്ത് തംബ്രാക്കന്മാര്‍ വരമ്പത്ത് കൂടെ വടക്കും തെക്കും നടന്നു.. കുമ്പിട്ടു കൊയ്യുന്ന ചക്കിയുടെ മാറിടം കാണാന്‍ ..!
ഈ സൌന്ദര്യം വിനയായി അവള്‍ക്കു.. ആഞ്ചാത്താന്‍ അവളെ സംശയിക്കാനും..ക്രമേണ മദ്യപിച്ചെത്തി മര്‍ദ്ദിക്കാനും തുടങ്ങി..!
എങ്കിലും ജീവിതം പാറക്കെട്ടുകള്‍ താണ്ടി ഒഴുകിത്തുടങ്ങി ...അവള്‍ ഒന്‍പതു പ്രസവിച്ചു .. അതില്‍ ആറെണ്ണം ബാക്കിയായി .. മൂന്നാണും മൂന്ന് പെണ്ണും .
അടുത്തടുത്ത പ്രസവങ്ങള്‍ അവളെ തകര്‍ത്തു കളഞ്ഞു .. അതോടൊപ്പം പട്ടിണിയും ...
ആരോഗ്യം ക്ഷയിച്ചു..എല്ലും തോലുമായി മാറിയ ചക്കിക്കുട്ടിയെ ആസാദ് സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട് ..
അവളുടെ ഭൂതകാലം ഓര്‍ത്തു ഒരു തുള്ളി കണ്ണീര്‍ അറിയാതെ ഒഴുക്കിയിട്ടും ഉണ്ട് ..
"ആശുപതിയില്‍ എത്തി " ..ആസാദ് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.
അത്യാഹിത വിഭാഗത്തില്‍ സിസ്റര്‍ ഇരുന്നു ഉറങ്ങുന്നു ..കൈപൊട്ടി അവരെ ഉണര്‍ത്തി ..കാര്യം പറഞ്ഞു ..ധ്രുതിയില്‍ എണീറ്റ് അവര്‍ കര്‍മ്മനിരതയായി ..സ്ട്രെച്ചറില്‍ കിടത്തി അകത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു ..
ഡോകടറെ വിളിക്കണം ..ഡോക്ടര്‍ തൊട്ടടുത്ത് തന്നെയാണ് താമസം ..സിസ്റ്റര്‍ വീട് കാണിച്ചു തന്നു ..ആസാദും അന്സാറും ഓടി .
ഡോക്ടര്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.. കാര്യം പറഞ്ഞപ്പോള്‍ അവര്‍ പെട്ടെന്ന് തയ്യാറായി ഇറങ്ങി ..
ചക്കിക്കുട്ടിയെ ലേബര്‍ റൂമിലേക്ക് കൊണ്ടു പോയി
പിന്നീടുള്ള ഒരു മണിക്കൂര്‍ ആരും ഒന്നും മിണ്ടാതെ കഴിച്ചു കൂട്ടി .. വേലായുധനും ആസാദും ബീഡി വലിച്ചു കൊണ്ടേയിരുന്നു..
സിസ്റ്റര്‍ പുറത്തേക്കു വന്നു ..
" ആരാ ഇവരുടെ ഭര്‍ത്താവ് ?
മൌനം ...
ഭര്‍ത്താവ് വന്നിട്ടില്ല ..തീണ്ടാരിയായിട്ടു മുറ്റത്തെ ഓലത്തടുക്കില്‍ കിടന്ന അവളെ ഇവിടെ എത്തിച്ച കഥ ഞങ്ങള്‍ വിവരിച്ചു ..
ഡോക്ടറും പുറത്തു വന്നു..കഥ കേട്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു.. " ആരെങ്കിലും ഒന്ന് ഒപ്പ് വെക്കണം അടിയന്തിരമായി അബോര്‍ഷന്‍ നടത്തണം ..അല്ലെങ്കില്‍ അവള്‍ മരിക്കും "
ആസാദും അന്സാറും ഡ്രൈവര്‍ ചേക്കു കാക്കയും കണ്ണില്‍ കണ്ണില്‍ നോക്കി.. എല്ലാവരും വേലായുധനെ നോക്കി..
വേലായുധന്‍ കുമ്പിട്ടിരിക്കുന്നു..
അവസാനം ആസാദ് തന്നെ ഒപ്പിട്ടു കൊടുത്തു..
മണിക്കൂറുകള്‍ക്ക് ദിവസങ്ങളോളം നീളം വെച്ചു..
വേലായുധനും ചേക്ക് കാക്കയും ചേര്‍ന്ന് ജീപ്പ് ആശുപത്രിയുടെ കിണറ്റിനരികില്‍ കൊണ്ടുപോയി നിര്‍ത്തി വെള്ളം കോരിയൊഴിച്ചു ചോരപ്പാടുകള്‍ കഴുകി വൃത്തിയാക്കി
സിസ്റ്റര്‍ വീണ്ടും വന്നു .." രക്തം വേണം ബി പോസിറ്റീവ് "
എല്ലാവരെയും പരിശോധിച്ചു .. ഭാഗ്യത്തിന് അന്സാറിന്റെയും വേലായുധന്റെയും രക്തം മതിയായി ..
രണ്ട് മണിക്കൂറുകള്‍ കൂടി കടന്നു പോയി ..പുലര്‍ച്ചെ നാല് മണി
ഡോക്ടര്‍ കഴുത്തില്‍ സ്റ്റേതസ്കൊപ്പുമായി തൂവാലയില്‍ കൈകള്‍ തുടച്ചുകൊണ്ടു പുറത്തു വന്നു..
" അവള്‍ രക്ഷപ്പെട്ടു.."
ഒരിക്കല്‍ക്കൂടി ദീര്‍ഘനിശ്വാസം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നു.
അല്പം കൂടി കഴിഞ്ഞപ്പോള്‍ ചക്കികുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.
ജീപ്പില്‍ കിടന്നു ഉറക്കം തുടങ്ങിയിരുന്ന ചേക്കുകാക്കയെ ആസാദ് വിളിച്ചുണര്‍ത്തി
"വേലായ്ധാ..നീയിവിടെ നിക്ക് ഞങള്‍ പോയി ആരെയെങ്കിലും ഇങ്ങോട്ട് വിടാം"
ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.
മായിന്‍ മുതലാളിയുടെ വീട്ടുകാര്‍ സുബഹി നമസ്ക്കാരത്തിന് ഉണര്‍ന്നിരുന്നു ..അതുകൊണ്ട് ഗേറ്റ് തുറന്നു ജീപ്പ് തിരിച്ചേല്‍പ്പിച്ചു.
തിരികെ ചാളക്കല്‍ എത്തിയപ്പോള്‍ എല്ലാവരും ആകാംഷയോടെ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി നില്‍ക്കുന്നു
" ചക്കിക്കുട്ടി മരിച്ചില്ല ..രക്ഷപ്പെട്ടു.. എന്നാല്‍ കുഞ്ഞു പോയി"
എല്ലാവരും മുഖത്തോട് മുഖം നോക്കി
"അതെ അവള്‍ ഗര്‍ഭിണിയായിരുന്നു മൂന്നുമാസം "
ആസാദ് പറഞ്ഞത് കേട്ട് കുടിയുടെ കോലായയില്‍ ചുരുണ്ട് കിടന്നിരുന്ന ആഞ്ചാത്തന്‍ ഉഴപ്പി എണീറ്റു..
മുറ്റത്തെക്കിറങ്ങി അയാള്‍ ഉഴറുന്ന കാലുകള്‍ നിലത്തുറപ്പിക്കാന്‍ പാട് പെട്ടു..
ആസാദ് അയാളുടെ കയ്യില്‍ പിടിച്ചു
"ആഞ്ചാത്താ നീയും നിന്റെ മക്കളും ഭാഗ്യം ചെയ്തൊരാ .. ചക്കി ഇനിയും ജീവിക്കും "
ക്രൂരമായ കണ്ണുകളോടെ ആഞ്ചാത്തന്‍ ആസാദിനെ നോക്കി..
"ങ്ങളോടാരാ ഓളെ ആസ്പത്രീ കൊണ്ടാവാന്‍ പറഞ്ഞത്?"
ഓക്ക് തീണ്ടാരിയല്ലേ .. ആയിനാരേം ആസ്പത്രീ കൊണ്ടോവോ .."
"ആഞ്ചാത്താ ഓക്ക് പള്ളേലുണ്ടായിനു " "മൂന്നു മാസം "
" ഒലക്കണ്ടായ്നി .. ഒഴക്ക ..."
.............