Thursday, May 31, 2012

ചരമഗീതം


അന്ന്  
ദിനമണ്ഡപത്തില്‍, പ്രഭാതം 
ഭൂമിക്ക് കൈതപ്പൂവിന്റെ
പുടവകൊടുക്കുന്ന വേളയില്‍; 
കുയിലിണകള്‍  കുരവയിടുമ്പോള്‍  
കിളികള്‍  നൂപുര മണികള്‍ കിലുക്കുമ്പോള്‍ 
ഒരു  നവവധുപോലെ;  നമ്രമുഖിയായി 
വസന്ത  പുഷ്പഹാര വിഭൂഷിതയായി 
കളനാദഗീതകം പാടിയൊഴുകിയ 
നിന്റെ മാറില്‍ മുഖം ചേര്‍ത്തുറങ്ങി
ഒരു ശാന്തസംഗീതം ഞാനാസ്വദിച്ചിരുന്നു..
നിന്റെ നിറയൌവനത്തിന്റെ വശ്യത ,
എന്‍ ഹൃദയരാഗത്തിന്നലിവിലിണചേര്‍ന്നിരുന്നു.
ഇളം ചൂടുള്ള  നിന്‍റെ മേനിയില്‍ മുഖം പൂഴ്ത്തി 
സ്വയം നഷ്ടപ്പെട്ടു പോയിരുന്നു ഞാന്‍..!



ഇന്ന്  
നിന്‍ നിറം കെട്ട മേനിയും 
ചിതം കെട്ട ചിത്തവും
ഗതികെട്ട യാത്രയും 
അര്‍ത്ഥ കാമാന്ധരാല്‍ 
ഉള്ളറുത്ത് കരളുമാന്തി 
നിന്‍ ഉയിരെടുത്തു  വിറ്റ്തും
രസ രാസ വിഷ പങ്കിലമായ 
നിന്റെ കൃശഗാത്രമത്രയും 
ചളിയുറഞ്ഞു വികൃതമായതും 
ശ്വാസവായു കിട്ടാതെ ജഡമായ  
നിന്നിലെ ജൈവ  സംഘാതങ്ങളും 
അംഗഭംഗം വന്ന  പെണ്കിടാവിന്‍
ദൈന്യത മൂടുപടമിട്ട ശാപ  ജന്മങ്ങളും
ഒരു ചോദ്യ ചിന്ഹമായി
ശിഷ്ട ചേതനയെ കൊളുത്തി വലിച്ചപ്പോള്‍ 
ഞാന്‍..... എന്നെ, എന്റെ തലമുറയെ 
ശപിച്ചു പോയി , മാ നിഷാദാ ..
ഇനിയുമൊരു ചരമഗീതം പാടായ്ക നീ  



Wednesday, May 30, 2012

3. ഉണ്ണിയാര്‍ച്ച


"ചുള്ളിചെറിയ പെണ്ണേ  നിന്നാങ്ങള മാരെവിടെപ്പോയ്‌...?
ആക്കാണും ആങ്ങളമാര്‍  ചൂരലിനായ്‌ പോയല്ലോ..."

"ചൂരലും എന്തിനെടീ പെണ്ണെ ചുള്ളിച്ചെറിയ  പെണ്ണേ ..?
ചൂരലും നന്നല്ലോ കോതട്ടീലിട വരിയാന്‍ ..."

നാലാം തരം ബിയില്‍ നിന്ന് വേലായുധന്‍ മാഷുടെ മനോഹരമായ  വടക്കന്‍ പാട്ട് കേട്ടുകൊണ്ടിരുന്നു. പുത്തൂരം വീട്ടിലെ, കടത്തനാടന്‍ കളരിയിലെ വിളക്കായിരുന്ന ഉണ്ണിയാര്‍ച്ചയെ വര്‍ണ്ണിച്ചുപാടുന്ന പാണര്‍പാട്ട്.. .....കുട്ടികള്‍ ഒരോരോ വരികള്‍ .ഏറ്റുപാടി.
തെനീച്ചക്കൂടിന്റെ മുരള്‍ച്ചയോടെ ഒഴുകിയിരുന്ന വിദ്യാലയാന്തരീക്ഷം  സംഗീത  സാന്ദ്രമായ  ഒരു ശാന്തത  അനുഭവിച്ചു കൊണ്ടിരുന്നു..

"കോതട്ടീം എന്തിനെടീ പെണ്ണെ ചുള്ളിച്ചെറിയ  പെണ്ണേ ..?
കൊതട്ടീം..നന്നല്ലോ: "

മാഷിന്റെ പാട്ട് .പെട്ടെന്ന്  നിലച്ചു......!

മാഷ്  എന്തേ പാട്ട് നിര്‍ത്തിയതെന്നറിയാതെ കുട്ടികള്‍ തമ്മില്‍ തമ്മില്‍ നോക്കി ..
സ്റ്റാഫ്‌ റൂമില്‍  സരസഭാഷണം നടത്തി ഒഴിവുസമയം ആസ്വദിക്കുകയായിരുന്ന
അധ്യാപകരും ആ നിശ്ശബ്ദത  അല്പമൊന്നാസ്വദിച്ചു ....
കുട്ടികള്‍ക്ക് പുതുമയാണെന്കിലും  അധ്യാപര്‍  ഇതെത്ര കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്..! 
എങ്കിലും വേലായുധന്‍ മാഷുടെ മധുരമായ ആലാപനം ഈ വടക്കന്‍ പാട്ടിന്റെ മാധുര്യം കൂട്ടിയതല്ലാതെ ഒട്ടും കുറച്ചിരുന്നില്ല..!

"എന്ത്  പറ്റി ഇയാളുടെ  പാട്ടിന്  ? .മുംതാസ്‌ ടീച്ചര്‍ ആരോടെന്നില്ലാതെ ചോദിച്ചു ....
വേലായുധന്‍മാഷിന്റെ, പാട്ടിനു മാത്രമേ മധുരം ഉണ്ടായിരുന്നുള്ളൂ ...സ്വഭാവം;   അതത്ര മധുരമുള്ളതായിരുന്നില്ല..!
പുലി പോലെ ..ശൌര്യമുള്ള  ഒരു വടക്കന്‍ ചേകവര്....!
കുട്ടികള്‍ മാഷെ കണ്ടാല്‍ മൂത്രമൊഴിക്കുമായിരുന്നു  ..! .
ചെറിയ കുട്ടികള്‍ സ്കൂളിലേക്ക് വരാന്‍ മടിക്കുന്നതിന്റെ ഒരു പ്രധാന  കാരണം മാഷുടെ ഈ കത്തി വേഷം ആയിരുന്നത്രേ.. !
വീടുകളില്‍ ഉമ്മമാര്‍ കുട്ടികളെ അനുസരിപ്പിക്കാനും കുട്ടികള്‍ തമ്മില്‍ തമ്മില്‍ പേടിപ്പിക്കാനും ഉപയോഗിച്ചിരുന്ന പ്രതീകം വേലായുധന്‍ മാഷ്‌ തന്നെയായിരുന്നു.. !
മുതിര്‍ന്ന കുട്ടികള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്  മാഷിന്റെ പരാക്രമങ്ങള്‍ വര്‍ണ്ണിച്ചു കേട്ടു കേട്ടു സ്കൂളിലേക്ക്  വരുന്നതിനു മുന്‍പ് തന്നെ പാവം പൈതങ്ങള്‍ ഭീതിയുടെ തടവറയില്‍ അടക്കപ്പെട്ടിരിക്കും..
വര്‍ഷാദ്യത്തില്‍ അമ്മമാര്‍ ഒന്നാം ക്ലാസിലേക്ക്  മക്കളെ പിടിച്ചു വലിച്ചു;  ചുള്ളലെടുത്തു തല്ലി; ചെവിക്കുന്നി പിടിച്ചു നുള്ളി അറക്കാന്‍ കൊണ്ട് പോകുന്ന  പോത്തിനെപ്പോലെ ഉന്തിത്തള്ളി കൊണ്ടു വരേണ്ടി വന്നിരുന്നു.. 
കളവു കാട്ടി സ്കൂളില്‍ വരാതിരിക്കുന്ന  കുട്ടികളെ പിടിച്ചു കൊണ്ടുവരാന്‍ വേലായുധന്‍ മാഷ്‌ നാലാം ക്ലാസ്സില്‍ നിന്നൊരു ഗുണ്ടാസംഘത്തിന്  ക്വട്ടേഷന്‍ കൊടുക്കാറുണ്ടായിരുന്നു.. !
'ചോലയിലെ  അയമു ' ആയിരുന്നു ആ സംഘത്തിന്റെ തലവന്‍..! തല  നാലാം ക്ലാസ്സിലും ശരീരം പത്താം ക്ലാസ്സിലും പഠിക്കുന്ന  ഒരു മുട്ടാളന്‍ .!

സ്കൂള്‍ കള്ളനെ തിരഞ്ഞു പിടിച്ചു ആവേശത്തോടെ തോര്‍ത്തു മുണ്ട് കൊണ്ട്  കൈകള്‍ ബന്ധിച്ചു കുപ്പായത്തിന്റെ കോളറിലോ ട്രൌസറിന്റെ വള്ളിയിലോ പിടികൂടി സ്കൂളിലേക്ക് കൊണ്ടു വരുമ്പോള്‍  മറ്റുകുട്ടികള്‍ സ്കൂളിന്റെ വരന്തയിലേക്കിറങ്ങി ആ കാഴ്ച് കാണാന്‍ കൂട്ടം കൂടി നില്‍ക്കും ! 
അഭിമാനത്തോടെ ക്വട്ടേഷന്‍ സംഘം പ്രതിയെ ഓഫീസ്‌മുറിക്കു മുന്‍പില്‍ ഹാജരാക്കും .....  കുട്ടികള്‍ വരാന്തയില്‍ നിന്ന്  ഇറങ്ങി പ്രതിയെ വളഞ്ഞു ഒരു മനുഷ്യ മതില്‍ തീര്‍ക്കും .
പുറത്തെ ആരവം കണ്ടു ഹെഡ്‌ മാസ്റ്റര്‍ പുറത്തിറങ്ങും ..കയ്യില്‍ "ചൂരല്‍ വടി "..
ഹെഡ് മാസ്റ്റര്‍ക്കായി  സ്പെഷ്യല്‍  ചൂരല്‍  വടി സംഘ ടിപ്പിച്ചു  കൊടുക്കാന്‍  ആറാം ക്ലാസിലെയും ഏഴിലെയും അല്പം വിളഞ്ഞ കുട്ടികള്‍ വെള്ളിയാഴ്ച്ചകളില്‍ കൊടായിക്കുന്ന് കേറുമായിരുന്നു ..

രംഗ നിരീക്ഷണം നടത്തി ഹെഡ്‌ മാസ്റ്റര്‍ കേസ്സ്‌ വേലായുധന്‍ മാഷിന് റഫര്‍ ചെയ്യും...
കുട്ടികള്‍ വേലായുധന്‍ മാഷെ വിളിക്കാന്‍ ഓടും...
സ്റ്റാഫ്‌ റൂമിലിരുന്ന്  സാധു ബീഡി വലിക്കുന്ന  വേലായുധന്‍ മാഷ്‌  കട്ടിയുള്ള കണ്ണട ഫ്രെയിമിന്റെ ചോട്ടിലൂടെ കുട്ടികളെ ചെരിഞ്ഞു നോക്കും   "പൊയ്ക്കോളൂ......ഞാന്‍ വരാം ' ഇതാണ് ആ നോട്ടത്തിന്റെ അര്‍ഥം ..
നീളമുള്ള  കറുത്ത കൈകളും വീശി; കറുത്ത കൊമ്പന്‍ മീശ ചുരുട്ടിപ്പിരിച്ചു  മാഷ്‌ എണീറ്റ്‌ പുറത്തേക്കു വരുമ്പോള്‍ കുട്ടികള്‍ വാട്ടം പിടിക്കും.. അടക്കിപ്പിടിച്ച് പിറുപിറുക്കും..
വേലായുധന്‍ മാഷ്‌ ഓഫീസില്‍കയറി  ഹെഡ്‌മാഷുടെ ചൂരല്‍ കയ്യിലെടുക്കുന്നു..കുട്ടികള്‍ ശ്വാസം നീട്ടി വലിച്ചു അടക്കിപ്പിടിച്ചു നില്‍ക്കും ..!
പ്രതിയായ  ചെറുക്കന്റെ ട്രൌസരിനുള്ളില്‍ നിന്നു  ഇടതു കാലിലൂടെ ചൂടുള്ള മൂത്രം കിനിഞ്ഞിറങ്ങും  ..!
വടിയുമായി പുറത്തിറങ്ങിയ  മാഷ്‌ വടികൊണ്ട് തന്നെ 'സ്കൂള്‍ കള്ളനെ' മാടി വിളിക്കും..
വിറയലോടെ  കുട്ടി വരാന്തയിലേക്ക്  ..

" നെന്റെ പേരെന്താടോ ..?

ചെറുക്കന്‍ മിണ്ടുന്നില്ല  ..ശബ്ദം പുറത്തു വരുന്നില്ല  എന്നതാവും ശരി..!

വേലായുധന്‍ മാഷിന്റെ ചുവന്ന  കണ്ണുകള്‍ ഉരുണ്ടു കേറുന്നു ..
പെണ്‍കുട്ടികള്‍ ഒരുവശം കോടി ശ്വാസം പിടിച്ചു നിന്ന് ഇടം കണ്ണിട്ടു  നോക്കും  ..

"നിന്നോടാ ചോദിച്ചത് ..തന്റെ പേരെന്താന്നു ..?
ചെറുക്കന്റെ ട്രൌസറിനടിയില്‍ നിന്നു  വീണ്ടും തുള്ളികള്‍  ഉറ്റി..!
 "'കൈനീട്ടാന്‍..."   പിന്നെ ചൂരലാണ്  സംസാരിച്ചത് .. ആംഗ്യഭാഷ ..
ചെറുക്കന്‍ കണ്ണുകള്‍ മുറുക്കിക്കിയടച്ചു.. ,..പതുക്കെ  കൈ നീട്ടി ..വിറയ്ക്കുന്ന കാല്മുട്ടുകളോടെ..

' സ്കൂളില് വരാതെ കളിച്ചു നടക്ക്വാണല്ലേ ..." നിനക്കൊക്കെ തിന്നാന്‍ തരുന്ന  തന്തയേയൂം തള്ളയേയും വേണം തല്ലാന്‍.."  .......

"സഭ്യതയുടെ വരമ്പുകള്‍  കടന്നു പോകാതിരുന്നെങ്കില്‍ .... ..." ഏഴാം ക്ലാസില്‍ നിന്നും പുസ്തകക്കെട്ടുമായി പുറത്തിറങ്ങിയ  ആമിന  ടീച്ചര്‍ മനസ്സില്‍ പറഞ്ഞു..
വേലായുധന്‍ മാഷിന്റെ കയ്യിലെ ഹെഡ്‌ മാഷുടെ ചൂരല്‍ ചുരുങ്ങിയത്  നാല് പ്രാവശ്യമെങ്കിലും ഉയര്‍ന്നു താഴും !.
ചെറുക്കന്‍ വേദനയും രോദനവും ഒരുമിച്ചു കടിച്ചിറക്കും ..!

ഇതുപോലെയുള്ള  കുറ്റവിചാരണ  ആഴ്ചയില്‍ രണ്ടോ മൂന്നോ നടക്കുന്നതിനാല്‍  മറ്റുള്ള അധ്യാപകര്‍ അത് ശ്രധിക്കാറെ  ഇല്ല.. ആമിന ടീച്ചര്‍ ഒഴികെ..!

ഒരിക്കല്‍ തനിക്കും കിട്ടി ആ ചൂരലിന്റെ പൊള്ളുന്ന  ചൂട്  മൂന്നെണ്ണം.. ബാവുട്ടന്‍ ഓര്‍ത്തു;
നാലാം ക്ലാസ്സില്‍ പഠിക്കുന്ന  കാലത്താണ്.......
ഉച്ചഗോതമ്പ്  തിന്നു കഴിഞ്ഞു കുട്ടികള്‍ സ്കൂള്‍ മൈതാനത്ത്  കളിച്ചു മദിക്കുന്നതിനിടയില്‍  ആറിലായിരുന്ന കുരിയംചാലില്‍ ബാലനും കൂട്ടുകാരും ഒപ്പിച്ച  ഒരു വിദ്യയാണ്  വിനയായത്‌ ..!
ഗോതമ്പില്‍ പൊടിച്ച കുപ്പിക്കഷ്ണങ്ങള്‍ കുഴച്ചു വെച്ച്  കാക്കകളെക്കൊണ്ടു അത്  തീറ്റിക്കുക .!
ആര്‍ത്തിയോടെ അത് തിന്നു കഴിഞ്ഞ കാക്കകള്‍  അര മണിക്കൂര്‍ കഴിഞ്ഞു മരണ വെപ്രാളത്തില്‍ പിടയുന്നത്  കണ്ടാസ്വദിക്കുക ..!
ആസ്വദിക്കാന്‍ ബാവുട്ടനും കൂടിയിരുന്നു.. നാല് കാക്കകള്‍ പിടഞ്ഞു ചത്തു..!
വൈകുന്നെരമായപ്പോഴേക്കും വിവരം ഹെഡ്‌ മാസ്ററുടെ അടുത്ത് ആരോ എത്തിച്ചു..
പതിവുപോലെ ..വിചാരണ  ..ശിക്ഷാവിധി..  ആരാച്ചാരായി ...വേലായുധന്‍ മാഷ്‌...!
പ്രധാന കുറ്റവാളികള്‍ക്കെല്ലാം ചന്തിക്കായിരുന്നു  അടി.. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ നോക്കി നിന്ന് എണ്ണിയെണ്ണി  എണ്ണം  പഠിച്ചു..!
ബാവുട്ടന്റെ ഊഴം വന്നു.. കുറ്റകൃത്യത്തില്‍ നേരിട്ടുള്ള  പങ്കില്ലാത്തിനാല്‍ അടി കൈവെള്ളയിലാ യിരുന്നു .. രണ്ടടി ഇടത്തെ കയ്യില്‍ ..!
പിന്നെ വലത്തേ കൈനീട്ടാന്‍ ചൂരല്‍ കൊണ്ട്   മാഷുടെ ആന്ഗ്യം..
വലത്തേ കയ്യിലും രണ്ടടി പ്രതീക്ഷിച്ചു...എന്തോ.. അലിവ് തോന്നിക്കാണും...ഒന്നേ കിട്ടിയുള്ളൂ..
പൊള്ളിപ്പോയി,  രണ്ടു കൈവെള്ളകളും..!  ജീവിതത്തില്‍ ആദ്യമായി കിടിയ  അടി..! ഓര്‍ക്കുമ്പോള്‍ ഇന്നും  ആ നീറ്റ്ല്‍ അനുഭവിക്കുന്നു..
കുറ്റം ചെയ്യേണ്ടതില്ല, ചെയ്യുന്നത്  കണ്ടുആസ്വദിച്ചാലും ശിക്ഷ കിട്ടും എന്ന് ബാവുട്ടന്‍ ആദ്യമായി പഠിച്ചു....

എന്താണ്  വേലായുധന്‍ മാഷിനെ ഇത്രയ്ക്കു ക്രൂരനാക്കിയത് എന്ന്  പില്‍ക്കാലത്ത്  പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്..ഉത്തരങ്ങള്‍ക്കായി  സമസ്യകള്‍ പൂരിപ്പിച്ചു നോക്കിയിട്ടുമുണ്ട്..
പട്ടാളക്കാരനായിരുന്നു എന്നും , എന്തോ കുടുംബ  പ്രശ്നത്താല്‍ ജോലി ഉപെക്ഷിച്ചതനെന്നും ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്  .. കുടുംബത്തെ നാട്ടില്‍ വിട്ടു. ഈ കുഗ്രാമത്തില്‍ ജീവിതക്കേണ്ടിവന്നതിന്റെ വ്യഥകളായിരിക്കാം ..കലഹിക്കുന്ന  ഭാര്യുമായി പിണങ്ങിപ്പോന്നത്തിന്റെ പ്രതികരണങ്ങളാവാം...
ഏതായാലും ഒന്നുറപ്പാണ്.... സന്ധ്യ  മയങ്ങുന്നതിനു മുമ്പേ ..വേലൂട്ടിയുടെ  ചാളപ്പുരയുടെ മുറ്റ്ത്ത്  ഇരുന്നുള്ള മദ്യസേവ  കഴിഞ്ഞാല്‍ പിന്നെ മാഷ്‌ ശാന്തനായിരിക്കും .കണ്ണിലെ ചോരനിറം മായും പിന്നെ കവിതകള്‍ മൂളി,  താളം പിടിച്ചു കൊണ്ട്  പതുക്കെ നടന്ന്  സ്കൂളിന്‍റെ മുന്‍പിലെ സ്നേഹിതന്‍ ലോഡ്ജിന്‍റെ  വീഴാറായ കോവണി കയറി  നിലത്ത് വിരിച്ച കോസടിയില്‍ ചുരുണ്ട് കൂടും... ലോഡ്ജിന്റെ താഴെ,  കടയിലിരിക്കുന്നവര്‍ മാഷിന്റെ മോഹന രാഗത്തിലുള്ള  കവിതകള്‍ കേട്ടുകൊണ്ട്  ബഡായി തുടരും..കെ എസ ബീഡി  ആഞ്ഞു വലിച്ചു പുക തുപ്പും ...


എന്തിനായിരിക്കാം  മാഷ്‌ ഈണത്തില്‍ ചൊല്ലിക്കൊണ്ടിരുന്ന  വടക്കന്‍ പാട്ട്  പകുതി മുറിച്ചു കളഞ്ഞത്  ?
ബാവുട്ടന്റെ കണ്ണുകള്‍ ചുറ്റിലും പരതി........

ആറു ബിക്ലാസിന്റെ മുമ്പിലുള്ള  അരച്ചുമരിന്റെ മേല്‍ ഒരു കാല്‍ നിലത്ത് കുത്തിക്കൊണ്ടു  വലതു കയ്യിലെ കൂരി വടി അലസമായി മുറ്റ്ത്തെ മുല്ലച്ചെടിയെ തഴുകിഉറക്കിയും  ആലികുട്ടി മാഷ്‌ ഇരിക്കുന്നു ...
തൊട്ടടുത്ത്‌ ...ചുമരിലേക്ക്  ചാരി ബാലന്‍സ് ചെയ്തു കൊണ്ടും ഇടതു കാല്‍പ്പാദം പുറകോട്ടുയര്‍ത്തിയും താഴ്ത്തിയും ആമിന ടീച്ചറും ..
രണ്ടു പേരും പരിസരം മറന്ന് തങ്ങളുടെതായ  ഒരു മനോരാജ്യം പണിത്  മര്‍മ്മരഭാഷികളായി നില്‍ക്കുന്നുണ്ടായിരുന്നു..  

ബാവുട്ടന്‍ വേലായുധന്‍ മാഷിനെ നോക്കി ...
ഹും....അപ്പൊ..... അതാണ്‌ പാട്ട് നിന്ന് പോയത്...!

ആലിക്കുട്ടി മാഷും ആമിന ടീച്ചറും തമ്മില്‍ ഇഷ്ടമാണെന്നും അവര്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നതും രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വരെ അറിയാം.!

" എന്നാപ്പിന്നെ അങ്ങട്ടു കല്യാണം കഴിച്ചൂടെ ..ഇത് ഈ കുട്ട്യോളുടെ മുന്നില്‍ ഇങ്ങനെ  നാടകം കളിച്ചു നടക്കണോ.. ?  നാണമില്ലല്ലോ  രണ്ടിനും.. ഉണ്ണിമായ  ടീച്ചര്‍ പ്രാകിക്കൊണ്ട്  നടക്കും ..

വേലായുധന്‍ മാഷ്‌ നിര്‍ന്നിമേഷനായി ആ രംഗം നോക്കി നില്‍ക്കുകയാണ്  ..കൂടെ കുട്ടികളും..!
ആഴമുള്ള  ചിന്തക്ളിലാണ്ടു പോയിരിക്കണം ...അതാണ്‌ പാട്ട് മുറിഞ്ഞു പോയത്..!
നഷ്ടപ്പെട്ട യൌവനത്തിന്റെ പിഞ്ഞിപ്പോയ  ചിത്രങ്ങള്‍ മാഷുടെ മനസ്സില്‍  ഒരു ബയോസ്കോപ്പിലെന്ന പോലെ ദൃശ്യമായിക്കാണും..!
മാഷ്‌ ഒരിക്കലും നാട്ടില്‍ പോവാറില്ലായിരുന്നില്ലോ എന്ന് അപ്പോഴാണ്‌ ബാവുട്ടന്‍ ഓര്‍ത്തത്!

സ്വപ്നത്തില്‍ നിന്നുണര്‍ന്നത്‌ പോലെ മാഷ്  പാട്ട് തുടങ്ങി :
" ആറ്റും മനമ്മേലെ ഉണ്ണിയാര്‍ച്ചാ ............

കുട്ടികള്‍ അന്തം വിട്ടു  ..!
പാട്ട് മാറിയിപ്പോയിരിക്കുന്നു..

( തുടരും..)

Monday, May 28, 2012

2- കടവ്


കോട്ടതിരുത്തി കടവത്തായിരുന്നു കുന്നുമ്മല്‍ അങ്ങാടിയിലേക്കുള്ള ചരക്കു വരാറുള്ളത്  ..

തോണിക്കാര്‍ വന്നു കഴിഞ്ഞാല്‍ ജോലിയാവും ചുമട്ടുകാര്‍ക്ക്..
വേനല്‍ക്കാലത്ത് പലപ്പോഴും വേലിയേറ്റം നോക്കിയേ കരുവഞ്ഞി പുഴയില്‍ ചരക്കു തോണികള്‍ക്ക് മുകളിലോട്ടു  പോകാന്‍ കഴിയൂ..
കിഴക്ക്  ആറുപിലാക്കല്‍ കടവ്  വരെ ഇങ്ങനെ വഞ്ചിക്കാര്‍ ചരക്കുമായി കഴുക്കൊലു കൊണ്ട് കുത്തിത്തുഴഞ്ഞു പോകുമായിരുന്നു.. 
ചരക്കെത്തുന്ന  ദിവസം കടവിലെന്നപോലെ കുന്നുമ്മല്‍ അങ്ങാടിയിലും ഒരു ഉത്സവ  പ്രതീതിയായിരിക്കും...
ഒന്നിന് പുറകെ ഒന്നായി.. ചാക്കുകള്‍ , ശര്‍ക്കര വല്ലങ്ങള്‍, ചായപ്പെട്ടികള്‍  മറ്റും തലയില്‍ വെച്ച് കയറ്റം കയറി വരുന്ന ചുമട്ടുകാര്‍ .
അവരുടെ കഴുത്തില്‍ വലിഞ്ഞു മുറുകുന്ന ഞരമ്പുകള്‍ !

കമ്മദു കാക്കയുടെ  മക്കാനിയില്‍ അന്ന്  നെയ്യപ്പം ഇരട്ടി ചുടും.. കട്ടിപ്പത്തിരിയും  ഇറച്ചിക്കറിയും ഉണ്ടാകും ...

"തൊള്ള കാട്ടി നിക്കാതെ ആ ചായെട്ത്ത്  കൊട്ക്ക് ബലാലെ "  
കമ്മദു കാക്ക മകന്‍ അയമുട്ടിയോട് കലഹിച്ചു...

റൊക്കമായി കാശ്  കിട്ടുന്ന  മാസത്തിലെ രണ്ടു ദിവസങ്ങളില്‍ ഒന്നാണിത് ..ചുമട്ടുകാര്‍ പറ്റു തീര്‍ക്കുന്നതും അന്നാണ്.. 
ഭാര്യ കുഞ്ഞാമിനാച്ചിയും മക്കള്‍ സൈനബയും അയമുട്ടിയും ആ ദിവസങ്ങളില്‍ മക്കാനിയില്‍ ഉണ്ടാവും..

പള്ളിയാളിയിലെ  ഈ ചുമട്ടുകാരും തോണിപ്പണി ക്കാരുമാണ്  മക്കാനിയിലെ  പറ്റുകാര്‍ ..

ചരക്കിറക്കി തരം തിരിച്ചു കഴിഞ്ഞാല്‍ തോണിപ്പണിക്കാര്‍ പരുക്കന്‍മുണ്ട്  അഴിച്ചു മാറ്റി നീളന്‍ കഞ്ഞിപ്രാക് മാത്രമിട്ട്  പൊതിഞ്ഞു കെട്ടിയ  വസ്ത്രങ്ങളുമായി കരക്കിറങ്ങും ..

"എന്താണ്ടി അന്റെ കെട്ട്യോന്‍ കൂപ്പ്ത്തന്നെ കൂടിക്കാ .. ?"
"ഓനാടെ വേറെ പോലേം കുടീം ഒന്നുല്ലെയ്ക്കും !" 

കടവില്‍ കുളിച്ചുകൊണ്ടിരിക്കുന്ന  പെണ്ണുങ്ങളോട് ഒന്നും രണ്ടും പഞ്ചാര വാക്കുകള്‍ തട്ടിവിട്ടു ചീനിച്ചുവട്ടില്‍ നിന്ന്  മദ്രാസ്  കൈലിയുടുത്തു പച്ച ബെല്‍റ്റും കെട്ടി തോണിക്കാരന്‍ ചേക്ക്വാക്ക പൊതിക്കെട്ടില്‍ തേച്ചു മടക്കി വെച്ച ടെര്‍ലിന്റെ കുപ്പായം എടുത്തണിഞ്ഞു ..

ഈ ചീനി എന്തൊക്കെ കണ്ടിരിക്കുന്നു..
എത്രയോ  വര്‍ഷങ്ങളായി വേനലില്‍  പഞ്ചാര മണലിന്റെ  വെള്ളിപ്പുടവ ചുറ്റിയ സുന്ദരി പോലെ മെലിയുകയും വര്‍ഷക്കാലത്ത്  നുരയും പതയുമായി കോപിഷ്ടയായ  സംഹാര  രൂപിയായി മലമ്പാമ്പു പോലെ പുളഞ്ഞോടുകയും ചെയ്യുന്ന  കരുവഞ്ഞിപ്പുഴയുടെ ഈ കടവില്‍ രാപ്പകലില്ലാതെ മൂകസാക്ഷിയായി ചീനിമരം നിന്നു.. !

കോട്ടതിരുത്തി കടവില്‍ ചരക്കിറക്കാന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല ...
അതിനും മുമ്പ്  പോയോത്തും കടവിലായിരുന്നത്രേ ..കച്ചവടവും ചരക്കു വരുവും എല്ലാം ..
പോയോത്തും കടവില്‍ അന്ന്  കുഞ്ഞിക്കോയാക്കന്റെ പീടികയും അതിലെ കച്ചവട സ്ഥാപനങ്ങളും പേര് കേട്ടതായിരുന്നു ..!
പന്നിക്കോട്ടു ഇല്ലത്തുന്നു പോലും സാധനങ്ങള്‍ വാങ്ങിക്കാന്‍ അവിടേക്ക് ആളു വരാരുണ്ടായിരുന്നത്രേ ..!
 കടവില്‍ തോണി ഒഴിഞ്ഞ നേരമില്ലായിരുന്നു..കടവില്‍ നിന്ന് കയറിവരുന്നിടത്തുള്ള ഇലന്ത പാകിയ സ്രാമ്പിയയില്‍ എപ്പോഴും ആരെങ്കിലും കിടന്നുറങ്ങുന്നുണ്ടാവും ..

കടവത്തെ മൊല്ലാക്ക  നിസ്കാരത്തിനു വരുമ്പോള്‍ അവരെ ഉരുട്ടി വിളിച്ചുണര്ത്തും ..

" കള്ള ഹിമാരെ പള്ളിന്റൌത്താ അന്റെ അറ കൂടല് " 

അക്കരെ നിന്നും കടവ്  കടന്നു വരുന്ന  അല്ലുമിനീയ  പാത്രക്കാരും പപ്പടക്കാരും , കോഴിമുട്ടക്കാരും ഈ  സ്രാമ്പിയ ഒരു സത്രം പോലെ ഉപയോഗിചിരുന്നു. 

കടവത്തിയൂരിന്റെ  ജീവിതം ഒരുപാട് കാലം ഈ കടവിലായിരുന്നുവത്രേ.. !

ഈ കടവിനെയും ചിരപുരാതനമായ  ജ്ജുമുഅത്ത്‌ പള്ളിയെയും .
പള്ളി ദറ്സും  ഒതുക്കുകള്‍ കെട്ടിയ പള്ളിക്കടവിനെയും.. ....
പാനൂസിന്റെ വെളിച്ചത്തില്‍ പിന്നില്‍ മൂന്നു നാല് സില്‍ബന്ധികളുമായി നടന്നു നീങ്ങുന്ന  വലിയ കോയിസ്സനാജിയെയും.....
പാട്ടും  പാടി വിദൂഷകനായി എപ്പോഴും കൂടെ നടക്കാറുണ്ടായിരുന്ന  മോയിനാക്കയെയും ...
പിന്നീട് വന്ന  റാന്തല്‍ വിളക്കിനെയും ...
അതിനെ തോല്‍പ്പിച്ച പതിനാലാം നംബര്‍ വിളക്കിനെയും ..
വെള്ളക്കാരന്റെ ജീവിതശൈലി തെല്ലും ഉപേക്ഷിക്കാതെ, ആര്‍ക്കെങ്കിലും കൂപ്പില്‍ നിന്നോ മലായില്‍  നിന്നോ ഒരു മണിയോര്‍ഡര്‍ വന്നാല്‍ സാക്ഷി ഒപ്പിടുവിക്കാന്‍ സഹായിയായ കുഞ്ഞിപ്പോക്കുവിനെ   വലിയ കോയിസ്സനാജിയുടെ വീട്ടിലേക്ക് ഓടിക്കുന്ന കോഴിക്കോട്ടുകാരന്‍  മമ്മുക്കയുടെ പോസ്റ്റ്‌ ഓഫീസ്‌ ദിനങ്ങളെയും ...
അഞ്ചലോട്ടക്കാരന്‍ കുഞ്ഞാമുകാക്കയുടെ തിരക്കു  പിടിച്ച  പാച്ചിലും ....
കാലം തന്റെ ഓര്‍മ്മകളുടെ ചവറ്റു കോട്ടയിലേക്ക്  വലിച്ചെറിഞ്ഞത്  ദാ ഇന്നലെകളില്‍ തന്നെയായിരുന്നു ..!
നാടുകള്‍ ദേശങ്ങളായും ദേശങ്ങള്‍ അംശങ്ങളായും ചുരുങ്ങി പുതിയ അസ്തിത്വം നേടിയപ്പോള്‍ എന്റെ ഗ്രാമവും മാറാതെ വയ്യല്ലോ ..!

കടവത്തിയൂര്‍ അങ്ങാടി കുന്നുമ്മലേക്ക് ഞരങ്ങി നീങ്ങി...
അങ്ങാടി നീങ്ങിയപ്പോള്‍ കടവും നീങ്ങി ..മുകളിലേക്ക്....  കോട്ടതിരുത്തി കടവിലേക്ക് .... .കച്ചവടക്കാര്‍ ചിലരൊക്കെ മാറി ..
മറ്റു ചിലര്‍ നെടുവീര്‍പ്പുകള്മായി തറവാട്ടിന്റെ കോലായില്‍ മടിയന്‍ കസേരകളിലെക്കും  നീങ്ങി ..!

കടവത്തിയൂരങ്ങാടി  താഴത്തങ്ങാടിയായി പേര് മാറ്റേണ്ടി വന്നു.....
കുന്നുമ്മലങ്ങാടി കടവത്തിയൂരായി  മാറി ...!

കമ്മദുകാക്ക  തന്റെ  അവസാന  നെയ്യപ്പവും ചട്ടിയില്‍ നിന്ന്  എണ്ണ വാര്‍ത്തെടുത്തു....
ചൂടുള്ള ഒരു നെയ്യപ്പം കയ്യിലേക്ക് വച്ചു തന്നു കൊണ്ട് വലിയ മനോഹരമായ പല്ലുകള്‍ പുറത്തു കാട്ടി ചിരിച്ചു കൊണ്ട് കമ്മദുകാക്ക പറഞ്ഞു:

"മോനെ ബാവുട്ടാ ..ദോന്ന് തിന്നു നോക്ക് .."

വാങ്ങാന്‍ മടിച്ച ബാവുട്ടനോട് കമ്മദു കാക്ക;

"അന്റെ ബാപ്പാന്റെ മൊതല് തന്ന്യാ....... മടിച്ചണ്ട തിന്നോ ..."

ഒന്നും മനസ്സിലാവാതെ ഞാന്‍ നെയ്യപ്പം തിന്നാന്‍ തുടങ്ങി ...

നല്ല  രുചിയുണ്ട്  ..സൈനബയായിരിക്കും  മാവു കൂട്ടിയത് ...
സൈനബയുടെ കൈപ്പുണ്യം പോലെതന്നെ അവള്‍ സുന്ദരിയുമായിരുന്നു.. ഒരു ഹൂറി.. !
കരിമിഴികളില്‍ കവിത വിരിയുന്ന  ഞങ്ങളുടെ ഗ്രാമത്തിന്റെ ഹുസുനുല്‍ ജമാല്‍ .. !

അവളെ ഒന്ന് കാണാനും ആ കൈകൊണ്ടു ഒരു നെയ്യപ്പം വാങ്ങി തിന്നാനും മാത്രമായി ചുമട്ടുകാരും മാസത്തിലൊരിക്കല്‍ കൂപ്പില്‍ നിന്ന്  നാട്ടിലെത്തുന്ന  തണ്ടും തടിയുമുള്ള  ചെറുപ്പക്കാരും മക്കാനിയില്‍ കയറുക പതിവായിരുന്നു.. വന്നു കയറുന്നവര്‍ ആദ്ദ്യം പോകുന്നത്  അടുക്കള ഭാഗ ത്തേക്കായിരിക്കും .. !
കമ്മദു കാക്കക്കും അറിയാം തന്റെ കച്ചോടത്തിന്റെ രഹസ്യം സൈനബ യാണെന്ന്‌.. എങ്കിലും...ജീവിത വിജയത്തിന്നായി  ഒരു പിതാവിന്റെ ഹൃദയം  ആ വേദന പലപ്പോഴും  വെളുത്ത പല്ലുകള്‍ മുക്കാലും പുറത്തു കാട്ടിയ  ആ ചി രിയില്‍ ഒളിപ്പിച്ചു വെച്ചിരുന്നു ....!

സൈനബയെ കെട്ടിച്ചയക്കാന്‍ വൈകിയിരിക്കുന്നു.. അതില്‍ മറ്റാരെക്കാളും വിഷമം പള്ളിയാളിയിലെ മമ്മദുകുട്ടിക്കായിരുന്നു.. ! പിന്നെ സൈനബക്കും !

എന്നാല്‍ സൈനബക്ക്  അങ്ങനെ ഉള്ളില്‍ ഒരാളോട് പ്രത്യേക  ഒരിഷ്ടം  ഉണ്ടാവുമെന്ന്  കടവത്തിയൂരില്‍  ഒരാളും അലോചിക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല ....കാരണം അവള്‍ എല്ലാവരുടെതും ആയിരുന്നു !

പള്ളിയാളിയിലെ മമ്മദുകുട്ടിക്കു നാട്ടുകാര്‍ ഇട്ട പേര്  മറ്റൊന്നായിരുന്നു.." കുല്‍ക്കുഴിഞ്ഞി" 
..............പേരിനു പിന്നില്‍ ഒരു കഥയുണ്ടത്രേ ....!

വലിയ ശരീരവും  ആറരയടി പൊക്കവും ഉരുക്കിന്റെ പേശികള്മുള്ള  മമ്മദുകുട്ടി..........
ഒരു ജോലിക്കും  പോകാതെ സ്ഥിരമായി കിടന്നുറങ്ങിയപ്പോള്‍ ഉമ്മ  വഴക്കിട്ടു.... അവസാനം അടിപിടയിലെത്തി..ഉമ്മ നിലയും വിളിയും കൂട്ടി ..നാട്ടുകാര്‍ കൂടി ..എല്ലാവരും കൂടി മമ്മദുകുട്ടിനെ ആട്ടിപ്പിടിച്ചു കയറുകൊണ്ട് കൈകള്‍ പുറകിലേക്ക് പിടിച്ചു കെട്ടി  വലിയ  കൊയിസ്സന്‍ ഹാജിയുടെ മുന്‍പില്‍ ഹാജരാക്കി.. ഉമ്മയുടെ നിലവിളിയും നെഞ്ചത്തടിയും അവിടെയും ആവര്‍ത്തിച്ചു..
ചെയ്ത കുറ്റത്തിന് വലിയ കൊയിസ്സന്‍ ഹാജി ശിക്ഷ വിധിച്ചു.. 
താഴത്തങ്ങാടിയിലെ ഉണ്ണിമോയിന്‍ ഹാജിന്റെ കൊപ്പരക്കളത്തില്‍ കാക്കയെ ആട്ടുന്ന പണി..!
അപ്പൊ തന്നെ വലിയ  കൊയിസ്സന്‍ ഹാജി ആളെ വിട്ടു  നിയമന  ഉത്തരവ്  വാങ്ങിച്ചു ..

ജോലി മമ്മദുകുട്ടിക്ക്  ഇഷ്ടമായി ....തടി അനങ്ങണ്ടാത്ത ജോലി .. ഉണക്കാനിട്ടിരിക്കുന്ന കൊപ്പര കട്ട് തിന്നുകയും ചെയ്യാം ..
നാളുകള്‍ കഴിഞ്ഞ്പോയി.. ഒരുദിവസം ഉണ്ണിമോയിന്‍ ഹാജി കളത്തിലേക്ക് കയറി വന്നപ്പോ .മമ്മദുകുട്ടി  കോപ്പര  തൊള്ളയിലാക്കിയിരുന്നു.. !
ഹാജിയാരെ കണ്ടതും നയത്തില്‍ വായിലുള്ളത്  മൂപ്പര് കാണാതെ ചവച്ചു ഇറക്കി..
ഹാജിയാര്‍ സ്നേഹപൂര്‍വം വിളിച്ചു .. "മമ്മദുട്ടീ .."    "ജ്ജി ബടെ ബാ..'...
മൂത്രമൊഴിച്ചു മനോഹരിക്കാന്‍ സാധാരണ  എടുക്കുന്ന  കിണ്ടിയുണ്ടായിരുന്നു ഹാജിയാരുടെ കയ്യില്‍ ....!
ഹാജിയാര്‍ കിണ്ടി മമ്മദുകുട്ടിക്കു നേരെ നീട്ടി.. ഒന്നും മനസ്സിലാവാത്ത  മമ്മദുകുട്ടി  മിഴിച്ചു നോക്കി..
" ദ്ദ് മാങ്ങി  കുലുക്കുയ്യടാ... ഹമുക്കേ.... " ഹാജിയാര്‍ അലറി..
അപ്പോഴാണ്‌ പെട്ടു എന്ന്   മമ്മദുകുട്ടിക്കു  മനസ്സിലായത്.. ശങ്കിച്ച് കൊണ്ട്  കിണ്ടി വാങ്ങി... ..കിണ്ടിയും തൂക്കി നില്‍ക്കുന്ന  മമ്മദുകുട്ടിക്കു നേരെ ഹാജി വീണ്ടും അലറി ..."ജ്ജ്  കുലുക്കുയ്യണോ ..അതോ ഞാന്‍ കുല്‍ക്കുജ്ജിച്ചണോ.. ?
രണ്ടും കല്പ്പിച്ചു മമ്മദുകുട്ടി കിണ്ടിയുടെ വാല്  വായില് വെച്ചു...വെള്ളം വലിച്ചെടുത്തു..കവിള്  വീര്‍പ്പിച്ചു ..
"തുപ്പടാ  എരപ്പേ..." 
തുപ്പി...
ഹാജിയാരുടെ മുഖത്തേക്ക്......!!
ഹാജിയുടെ മുഖത്ത്  മുല്ലപ്പൂ വൃഷ്ടി ..!
പിന്നെ ഒരു നിമിഷം പാഴാക്കിയില്ല  ..ഓടി വയലിലെക്കിറങ്ങി...... തിരിഞ്ഞു നോക്കാതെ ഓടി എത്തിയത് പള്ളിയാളിയിലെ സ്വന്തം വീട്ടില്‍ ...!!
അന്ന് മുതല്‍ മമ്മദുകുട്ടി " കുല്‍ക്കുഴിഞ്ഞി " ആയി..
പക്ഷെ.. ആ ഓട്ടം കൊണ്ടൊരു ഗുണമുണ്ടായി.. 
പിറ്റേന്ന് മുതല്‍ മമ്മദുകുട്ടി കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി...! 
വിറകു വെട്ടാനും ചുമടെടുക്കാനും ...

സൈനബയെ അവന്‍ എന്നുമുതലാണ്‌  ഇഷ്ടപ്പെടാന്‍  തുടങ്ങിയത്  എന്ന് അവനും നാട്ടുകാര്‍ക്കും അറിഞ്ഞു കൂടാ. 
ചുമട്ടുക്കാരുടെ കൂടെ ചരക്കിരക്കിക്കഴിഞ്ഞു വന്നു  നെയ്യപ്പവും ചായയും കുടിക്കുന്ന പതിവിനിടയിലാവാം... 
കോട്ടതിരുത്തി കടവില്‍ അവള്‍ കുളിക്കാനിറങ്ങിയ നേരത്താകാം ...പടച്ച  റബ്ബിന് മാത്രം അറിയാം..!

ഏതായാലും നാട്ടുകാര്‍ക്ക് ഒന്നറിയാം ...രാവും പകലും കുല്‍ക്കുഴിഞ്ഞി  സൈനബക്കു കാവല്‍ കിടന്നു.. !
കമ്മദു കാക്ക  ഒച്ച  ഉയര്‍ത്താതെ എത്രയോ പ്രാവശ്യം അവനെ സ്വന്തം കോലായില്‍ നിന്ന് ആട്ടിയിറക്കിയിട്ടുണ്ട്.. എന്നാലും കുറച്ചു കഴിഞ്ഞാല്‍ ...കമ്മദു കാക്ക കിടന്നു എന്ന് മനസ്സിലായാല്‍ കുല്‍ക്കുഴിഞ്ഞി  വീണ്ടും ആ കോലായില്‍ എത്തും !  സിമന്റു തിണ്ണയില്‍ കിടന്നു ഉറങ്ങുകയും ചെയ്യും..
മക്കാനിയിലെക്കുള്ള വിറകു കീറാന്‍ കൂലിക്ക് ആളെ വിളിക്കാതെ കഴിയും ..കാരണം സൈനബ അവിടെ ഉണ്ടെങ്കില്‍ അതൊക്കെയും കുല്‍കുഴിഞ്ഞി  കീറിക്കൊടുക്കും.. ഉരുണ്ടിറങ്ങുന്ന ആ മസിലുകളുടെ ചലനം നോക്കി തലയിലെ ഈര് നുള്ളി വലിച്ചു കൊണ്ട് സൈനബ മക്കാനിയുടെ ഇറയില്‍ കുത്തിയിരിക്കും ...
ആ പൈസ  ലാഭിച്ചല്ലോ എന്ന് സമാധാനിക്കുന്നുവെങ്കിലും ഇടയ്ക്കിടെ കമ്മദു കാക്ക ഒന്ന് പുറത്തേക്കു പാളി നോക്കുന്നതും ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്..

" ഈ കുതര  ഇയാക്ക്  വെറക് കീറിക്കീറി കാലം കഴിഞ്ഞുപോവും.."  സൈനബാനെ ഒട്ടു കിട്ട്വേല്ല  കമ്മദു കാക്ക..കൂല്യോട്ടു കൊടുക്ക്വേല്ല "
വാല്യക്കാര്‍  മൂപ്പര്  കേള്‍ക്കാതെ പറഞ്ഞു ചിരിച്ചു ..

നെയ്യപ്പം തിന്നു കഴിഞ്ഞു ...കയ്യില്‍ പറ്റിയ  എണ്ണ  വള്ളിട്രൌസറിന്റെ മൂട്ടില്‍ തുടച്ചു കൊണ്ടിരുന്നപ്പോള്‍ പുറത്തു നിന്ന്  സൈക്കിളിന്റെ ബെല്ല്  .. "ക്ലീം..ക്ലീം .."
"  മാനേ  ബാവുട്ടാ  ദാ അന്റിപ്പ  വിളിച്ച്ണണ്ടല്ലോ "
 കമ്മദു കാക്ക  വിളിച്ചു പറഞ്ഞപ്പോള്‍  മക്കാനി മറച്ചു കെട്ടിയ പരമ്പിന്റെ വിടവിലൂടെ ബാവുട്ടന്‍ പുറത്തേക്ക്  നോക്കി ...
പുറത്തു സൈക്കിളില്‍ നിലത്ത് കുത്തിയ  കാലില്‍ ബാലന്‍സ്‌ ചെയ്തു കീശയില്‍ എന്തോ തിരയുന്നു ബാവുട്ടന്റെ  ഉപ്പ  .. പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയ  ബാവുട്ടന്റെ കൈയില്‍ ബാലമായി പിടിച്ചു വലിച്ചു ..കരിവളകളിട്ട  ഒരു കൈ..  
അകത്തേക്ക്  ചെന്ന  ബാവുട്ടന്റെ ട്രൌസറിന്റെ കീശയില്‍ കുത്തിത്തിരുകി നാല് നെയ്യപ്പം,!    കരിമിഴികളുള്ള  ആ സുന്ദരി സൈനബ.....
കൂടെ  ചുവപ്പ് മാറാത്ത  കൊച്ചു കവിളില്‍  അടക്കമ്പഴത്തിന്റെ മണമുള്ള തണുത്ത  ഒരു മുത്തവും..!

 "ക്ലീം..ക്ലീം ..ക്ലീം ...

വീണ്ടും ഉപ്പയുടെ ബെല്ലടി 
ബാവുട്ടന്‍ മക്കാനിയുടെ  പുറത്തേക്കോടി ....

(തുടരും ..)

Saturday, May 26, 2012

1. ലോറി


ഉച്ചഗോതമ്പ് വെന്തു കഴിഞ്ഞു ..

പുഴുങ്ങിയ നുറുക്ക് ഗോതമ്പ് ഉള്ളി മൂപ്പിച്ചു അമേരിക്കന്‍ സോയാബീന്‍ എണ്ണയില്‍ വറവിട്ടു കഴിഞ്ഞാലുണ്ടാവുന്ന  മത്ത്  പിടിപ്പിക്കുന്ന  മണം...ആവുന്നത്ര ഉള്ളിലേക്ക് വലിച്ചെടുത്തു..

ഉഷ്ണക്കാറ്റു വീശിയടിക്കുന്നു.. വേനലിനു ചൂട് കൂടുകയാണ്.."വെയിലത്ത്‌ കളിക്കരുത്"  എന്ന് ഉമ്മ പറഞ്ഞത്  ബാവുട്ടന്‍ ഓര്‍ത്തു.."നീരിറങ്ങും .". "പനിയും തൊണ്ടവേദനയും വരും" ..ഉമ്മ  പേടിപ്പിച്ചിരുന്നു....!

നാലാം പിരീഡ്  അവസാനിക്കാറാവുന്നു .. കുട്ടികളെല്ലാം കോട്ടുവായിടാന്‍ തുടങ്ങിക്കഴിഞ്ഞു .. "ഇനി പഠനവും പഠിപ്പിക്കലും ഒന്നും നടക്കില്ല" ആത്മഗതം ചെയ്തു ഉണ്ണിമായ ടീച്ചര്‍ ക്ലാസിനു പുറത്തേക്കിറങ്ങി .. പുറകെ ഒറ്റയും ഇരട്ടയുമായി കുട്ടികളും..
ഇടംകണ്ണ്കൊണ്ട്  ഉണ്ണിമായ  ടീച്ചറിന്റെ ക്ലാസ്സിലേക്ക് തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന  ആലിക്കുട്ടി മാഷ്‌ പിന്നെ അമാന്തിച്ചില്ല .. എഴുന്നേറ്റു , മൂട്ടിലെ പൊടിതട്ടി .. മേശപ്പുറത്തിരുന്ന  പത്രത്താളുകള്‍ പെറുക്കിയെടുത്തു.. കയ്യിലിരുന്ന  ചൂരല് കൊണ്ട്  മേശപ്പുറത്ത്  ഒന്നുറക്കെ അടിച്ചു ..! 
കലപില കൂട്ടിയിരുന്ന  കുട്ടികള്‍ ഒരു നിമിഷം നിശ്ശബ്ദരായി..
" പുറത്തിറങ്ങി ആരും ബഹളം ഉണ്ടാക്കരുത് " " അടങ്ങിയിരിക്കണം " ഗോതമ്പിന് സമയമായാല്‍ ഞാന്‍ വിളിക്കാം " 
കുട്ടികള്‍ തലയാട്ടി
ആലിക്കുട്ടി മാഷ്‌ പുറത്തേക്കിറങ്ങി
.."പ്തോം ......."
മൂന്നു കാലില്‍ ബാലന്‍സ് ചെയ്തു നിന്നിരുന്ന പെണ്‍കുട്ടികളുടെ ബെഞ്ച് മറിഞ്ഞു വീണു ..!പുറത്തേക്കിറങ്ങിയ മാഷ്‌ തിരിച്ചു കയറി"
ആരുടെയെങ്കിലും കാലിമ്മേ വീണോ " മാഷ് ഒച്ചയുയര്‍ത്തി
 "ഇല്ല സേര്‍"കുട്ടികള്‍ ഒന്നിച്ചു പറഞ്ഞു..
" ആ ബെഞ്ചിന്റെ കാല് ഏഴാം ക്ലാസ്സിലെ കുട്ടികള്‍ കൊണ്ടോയതാ സേര്‍"
"ഹും.......മാഷ് തിരിച്ചിറങ്ങി
ചുരുട്ടിപ്പിടിച്ച പത്രം ഒരാചാരം പോലെ സൂര്യന് മറ പിടിച്ചു കത്തുന്ന വെയിലിലേക്കിറങ്ങി മാഷ്‌ സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നീങ്ങി ..
ആരവത്തോടെ കുട്ടികള്‍ കരണം മറിയാന്‍ തുടങ്ങി ..
സ്വാതന്ത്ര്യത്തിന്റെ ആഘോഷം ..!

 "ചന്തപ്പുര" ........."ത്ഫൂ ..."
ഉറക്കെ കാര്‍ക്കിച്ചു.. കഫം വായിലിട്ടു ഉരുട്ടി നീട്ടിത്തുപ്പി . പള്ളീന്നെറങ്ങി ചെലവുകുടിയിലേക്ക് ലക്‌ഷ്യം വെച്ച മൊല്ലാക്കയും കൂട്ടരും .
"നരകത്തിലെ ബാസ പടിപ്പിച്ചു പടിപ്പിച്ചു ഞമ്മളെ കുട്ട്യോള്‍ക്ക് അദബില്ലാണ്ടായിപ്പോയി"
"കണ്ടില്ലേ ആണ്കുട്ട്യോളും പെങ്കുട്ട്യോളും കുതിരം കുത്ത്ണ്..!" 
".അസ്ത്വൊഫിറുള്ളാ.... "  
മുന്നില്‍ നടക്കുന്ന സദര്‍ മുദരിസ് കൂടിച്ചേര്‍ത്തു..

ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികള്‍ ഗോതമ്പത്തിനായി വരി നിന്ന് കഴിഞ്ഞു . അലൂമിയപാത്രങ്ങളുടെ കലപില നാദം അന്തരീക്ഷത്തെ സംഗീത സാന്ദ്രമാക്കി.
അലൂമിനിയം വാങ്ങാന്‍ കഴിവില്ലാത്ത കുട്ടികള്‍ മണ്പാത്രങ്ങളും ചിലര്‍ ഇപ്പൂത്തി ഇലയുമായും വരി നില്ക്കുന്നു .. 
ചെമ്പില്‍ ഇറ്റു വീഴുന്ന നെറ്റിയിലെ വിയര്‍പ്പ് ഇടയ്ക്കിടെ തോളിലിട്ട പരുക്കന്‍ മുണ്ട് കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് പ്യൂണ്‍ മമ്മദുക്ക ഒന്നൊന്നായി പാത്രങ്ങള്‍ നിറച്ചു കൊടുക്കുന്നു ..

"ഈ അമേരിക്ക എന്ന ഒരു രാജ്യം ഇല്ലായിരുന്നെങ്കില്‍" ആലിക്കുട്ടിമാഷ്‌ ആരോടെന്നില്ലാതെ പറഞ്ഞു.. 
ഉറപ്പായും ഉണ്ണിമായ ടീച്ചര്‍ കേള്‍ക്കാന്‍ വേണ്ടി തന്നെയാവും ..മറ്റു മാഷുമാരും ടീച്ചര്‍മാരും മനസ്സില്‍ പറഞ്ഞു..

" ഇന്ത്യക്കാരന്റെ ബുദ്ധി മരവിപ്പിക്കാന്‍ മുതലാളിത്തം വിളമ്പുന്ന കൊലച്ചോറ്" 
ഉണ്ണിമായ ടീച്ചര്‍ വിട്ടു കൊടുക്കില്ല ..

അതങ്ങനെയാണത്രേ.. എന്നോ തുടങ്ങിയ  പകയാണ്  ഇരുവര്‍ക്കുമിടയില്‍ ..!
എന്ന് തുടങ്ങി എപ്പോള്‍ തുടങ്ങി.. എങ്ങനെ തുടങ്ങി എന്നൊന്നും ചോദിക്കരുത്..അത്ര ആഴത്തില്‍ അറിയില്ല  .. 
രണ്ടു പേരും ഒരു പൊടി വിട്ടു കൊടുക്കില്ല ..
കേട്ടെഴുത്ത്‌ എഴുതി എഴുതി നാലാം തരം ബി യിലെയും മൂന്നാം തരം എ യിലെയും കുട്ടികള്‍ എടെങ്ങേറാവുന്നത്  ബാവുട്ടന്‍ പലപ്പോഴും കണ്ടിട്ടുണ്ട്..

"എയ്തീ സേര്‍" 
"എഴുത്യോ " 

"ദുഷ്ടന്‍ "
 തോളില്‍ കുത്തി വെച്ച  സ്ലേറ്റ്  കഴിയുന്നത്ര മറച്ചു പിടിച്ചു കൊണ്ടും ഇടക്കണ്ണി ട്ട്  അടുത്ത കു ട്ടിയുടെ സ്ലേറ്റില്‍ നോക്കിയും മൂന്നു എ യിലെ കുട്ടികള്‍  എഴുതി..

"വഞ്ചകി" 
നാല്  ബിയില്‍ നിന്ന്  ആലിക്കുട്ടിമാഷ്‌ .....
"എയ്തീ സേര്‍" 

"കാട്ടാളന്‍"  ഉണ്ണിമായ  ടീച്ചര്‍ 
"എയ്തീ സേര്‍" 

"ശൂര്‍പ്പണഖ"    നാല്  എ യിലെ കുട്ടികള്‍ തമ്മില്‍ മിഴിച്ചു നോക്കി .. ആദ്യമായി കേള്‍ക്കുകയാണ്  .. എങ്കിലും അവര്‍ എന്തോ  എഴുതി ...
"എയ്തീ സേര്‍" 
........
അടുത്ത  ക്ലാസ്സില്‍ നിന്ന്  മുംതാസ്‌ ടീച്ചര്‍ മുറുക്കി തുപ്പാനെന്നോണം പുറത്തേക്കിറങ്ങി ഒന്ന് പാറ്റിത്തുപ്പി.
കുട്ടികള്‍ക്കും ഇത് ശീലമായിരിക്കുന്നു.. എന്നും ആവര്‍ത്തിക്കുന്ന  നാടകം ..!

മമ്മദാക്ക  ഗോതമ്പം വിളമ്പി  മൂന്നാം ക്ലാസ്സും കഴിഞ്ഞിരിക്കുന്നു ... 

"സേര്‍ പോട്ടെ സേര്‍."  കുട്ടികള്‍ സമ്മതം വാങ്ങാന്‍ സ്റ്റാഫ്‌ റൂമിനു പുറത്തു എത്തിയിരിക്കുന്നു .  പത്രത്തില്‍ ഊളിയിട്ട ആലിക്കുട്ടി മാഷ്‌  കേള്‍ക്കുന്നില്ല...

 " എന്തൊരു ഉത്തരവാദിത്വം "  
ഉണ്ണിമായ  ടീച്ചറുടെ വിമര്‍ശനം കുറിക്കു കൊണ്ടു.. പത്രം മടക്കി വെച്ച്  കണ്ണട ശരിയാക്കി മുണ്ട്  മാടിക്കുത്തി മാഷ്‌ പുറപ്പെട്ടു .. പുറകെ നാല്  ബി യും .. 

" എന്തൊരു ഉത്തരവാദിത്വം "  - ഈ പോക്ക് കണ്ടു മുംതാസ്‌ ടീച്ചറും മാഷിനെ ഒന്നിളക്കി ..!

പെട്ടെന്നാണ്  അത്  സംഭവിച്ചത് .. !
ഒരു മുരള്‍ച്ച  ആയി അത്  തുടങ്ങി.. കൂടെക്കൂടെ ഉച്ചത്തിലായി ..
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന  മൊല്ലാക്കയുടെ മോന്‍.. ഉറക്കെ കരയാന്‍ തുടങ്ങി.. ! ലോകാവസാനം ആയി എന്നോ മറ്റോ ആ കുട്ടി പേടിച്ചു കാണണം ...! 
ആകെ നിശ്ശബ്ദത ...
ഗോതമ്പ്  തിന്നുകൊണ്ടിരിക്കുന്ന  പാത്രങ്ങളുടെ കലപില ഒച്ചകള്‍  പോലും നിലച്ചു .. 
ആ മുഴക്കം കൂടിക്കൂടി വന്നു .. 
കുട്ടികള്‍ റോഡിലേക്ക്  ഓടാന്‍ തുടങ്ങി.. 
ആലികുട്ടി മാഷ്‌ ചൂരലുമായി കുട്ടികളെ തടയാന്‍ നോക്കി .. നിഷ്ഫലം !
ഒടുവില്‍ മാഷമ്മാരും ടീച്ചര്‍മാരും   കുട്ടികളുടെ പിറകെ റോഡിലെത്തി.. !
 കുഞ്ഞാലിക്കന്റെ മക്കാനിയില്‍ നിന്നും ആളുകള്‍ റോഡിലേക്കിറങ്ങി ..നെറ്റിയില്‍ കൈപ്പത്തി ചെരിച്ചു വെച്ച്  ദൂരേക്ക്‌ നോക്കി ..
എല്ലാരും നോക്കുന്നത്  വടക്കോട്ട് ... അവിടന്നാണ്  ശബ്ദം വരുന്നത്.. അങ്ങകലെ കാപ്പിലെ ഇറക്കത്തില്‍ നിന്ന്  പൊടി ഉയരുന്നു .. ശക്തിയായ  വേനല്‍ചൂടില്‍ പൊടി വെട്ടിത്തിളങ്ങുന്നു ..

അധ്യാപകര്‍ കുട്ടികളെ നിയന്ത്രിക്കാന്‍ പാട് പെട്ടു ...   പൊടിപടലം നീങ്ങി നീങ്ങി ഇറക്കം ഇറങ്ങി വന്നു .. 
ശബ്ദം ഉച്ചസ്ഥായിയില്‍ ആയി ...
ആരോ പറഞ്ഞു 
" ലോറി " 
 ബാവുട്ടന്റെ  മനസ്സില്‍ ഒരു പൂത്തിരി കത്തി.. 
ഉപ്പാന്റെ കൂടെ സൈക്കിളിന്റെ തണ്ടിലിരുന്ന്  ഒരിക്കല്‍ നഗരത്തിലേക്ക്  ബസ്സ് കയറാന്‍ പോയപ്പോഴാണ്  ആദ്യമായി ലോറി കണ്ടത്.. !
മുന്നിലൂടെ ലോറി പോയപ്പോഴുള്ള  നല്ല  ആ  മണം ഇന്നും മറന്നിട്ടില്ല ..
ബസ്സില്‍ കേറി ഉപ്പയുടെ മുണ്ടും പിടിചു ബസ്സിന്റെ ആട്ടത്തിനൊത്ത്  പിടിച്ചു നില്ക്കാന്‍ പാട് പെട്ടതും സീറ്റ്‌ ഒഴിഞ്ഞു ഇരുന്നപ്പോഴേക്കും ഉപ്പാന്റെ മുണ്ടില്‍ ചര്‍ദ്ദിച്ചു വൃത്തികേടാക്കിയതും .. വായിലൂറിയ കയ്പോടെ ബാവുട്ടന്‍ ഓര്‍ത്തു...

കുട്ടികള്‍ വിളിച്ചു കൂവി.. "ഞമ്മളെ അങ്ങാടീല്‍ ലോറി മന്നൂ .."
ലോറി സ്കൂളിന്റെ മുന്‍പില്‍ തന്നെ നിര്‍ത്തി.. ശബ്ദം നിലച്ചു.. കുട്ടികള്‍ കത്തിയ ഡീസലിന്റെ മണം മൂക്കിലൂടെ മത്സരിച്ചു വലിച്ചു കേറ്റി ...

"പാറമടക്കലില്‍  റോഡു ശരിയായി അമ്ബയ്ക്ക്  ആദ്യായിട്ട്  ലോറി കൊണ്ടോന്നു 'ഡ്രൈവര്‍ കെ.പി' " ആരോ പറഞ്ഞു 

കുട്ടികള്‍ ലോറി തൊട്ടു നോക്കി ..ചിലരൊക്കെ കട്ടിപിടിച്ച  പൊടിയില്‍ വിരല് കൊണ്ട്  ചിത്രങ്ങള്‍ വരച്ചു ..
ലോറിയുടെ ഡ്രൈവര്‍ സീറ്റില്‍ നിന്ന്  വാതില്‍ തുറന്നു നിലത്തേക്ക്  ഊര്‍ന്നു ചാടിയ  ഡ്രൈവര്‍ കെ.പി , താരമായി.. കുട്ടികള്‍ അയാളുടെ  മദ്രാസ് കൈലിയെ അതിക്രമിച്ചു തൂങ്ങി നില്‍ക്കുന്ന വലിയ  കാക്കി  ട്രൌസറും തൊട്ടു നോക്കി ! 

"അരിയും പലചരക്കും " ആണ്  .. നഗരത്തില്‍  നിന്ന്  ആദമായാണ്  കര വഴി ചരക്കു വരുന്നത്  ഞങ്ങളുടെ ഗ്രാമത്തില്‍ ..!

"തോണിക്കാരുടെ പള്ളക്കാ  അടി" - ഉണ്ന്യേയിന്‍ കുട്ടിയുടെ ശബ്ദം ഉറക്കെയായിരുന്നു 

പ്യൂണ്‍ മമ്മദാക്ക  നീട്ടി ബെല്ലടിച്ചു .. 
കുട്ടികളാരും റോഡില്‍ നിന്ന്  കയറിയില്ല ..
ഹെഡ്‌മാസ്റെര്‍ പുറത്തേക്കു വന്നു .. വലിയ ചൂരലുണ്ട് കയ്യില്‍ ..! 
അധ്യപകര്‍ ഒറ്റയായും ഇരട്ടയായും സ്റ്റാഫ്‌ റൂമിലേക്ക്‌ തിരിച്ചു .. 
ഹെഡ്‌മാസ്റ്റരെ കണ്ടതും കുട്ടികള്‍ പരക്കം പാച്ചില്‍ തുടങ്ങി.. ഇത് സാരമില്ല  ഇനി പുറകെ വരും വേലായുധന്‍ മാഷ്‌.. !
അതാണ്‌ കുട്ടികളെ പേടിപ്പിച്ചതു..

കുട്ടികള്‍ ക്ലാസ്സുകളില്‍ ഒതുങ്ങി.. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവരുടെ ശ്രദ്ധ റോഡിലായിരുന്നു.. 
ലോറിയില്‍ നിന്ന്  ചരക്കിരക്കാന്‍ തുടങ്ങി ..
ഡ്രൈവര്‍ കെ.പി  പാസിംഗ് ഷോ കത്തിച്ചു..പുക  വിട്ടുകൊണ്ട്  റേഷന്‍ ഷാപ്പിലെ മേശപ്പുറത്ത്  ചമ്രം പടിഞ്ഞു ഇരുന്നു.. 
കുഞ്ഞാലിക്ക  പാലൊഴിച്ച  ഒരു ചായ  കൈകൊണ്ടു ഗ്ലാസിനെ ഒന്ന്  ഉഴിഞ്ഞു കൊണ്ട്  ഡ്രൈവര്‍ കെ.പി  ക്ക് വെച്ച്  നീട്ടി...
ഒരു കാല്‍ ചന്തിക്കടിയിലേക്ക്  തിരുകി വിരലുകള്‍ക്കിടയില്‍ സിഗരറ്റും മറ്റേ കയ്യില്‍ ചായ ഗ്ലാസുമായി ഡ്രൈവര്‍ കെ.പി  മേശപ്പുറത്ത്  ഒന്ന് കൂടി സൌകര്യമായി ഇരുന്നു ..

(തുടരും...)