Monday, May 28, 2012

2- കടവ്


കോട്ടതിരുത്തി കടവത്തായിരുന്നു കുന്നുമ്മല്‍ അങ്ങാടിയിലേക്കുള്ള ചരക്കു വരാറുള്ളത്  ..

തോണിക്കാര്‍ വന്നു കഴിഞ്ഞാല്‍ ജോലിയാവും ചുമട്ടുകാര്‍ക്ക്..
വേനല്‍ക്കാലത്ത് പലപ്പോഴും വേലിയേറ്റം നോക്കിയേ കരുവഞ്ഞി പുഴയില്‍ ചരക്കു തോണികള്‍ക്ക് മുകളിലോട്ടു  പോകാന്‍ കഴിയൂ..
കിഴക്ക്  ആറുപിലാക്കല്‍ കടവ്  വരെ ഇങ്ങനെ വഞ്ചിക്കാര്‍ ചരക്കുമായി കഴുക്കൊലു കൊണ്ട് കുത്തിത്തുഴഞ്ഞു പോകുമായിരുന്നു.. 
ചരക്കെത്തുന്ന  ദിവസം കടവിലെന്നപോലെ കുന്നുമ്മല്‍ അങ്ങാടിയിലും ഒരു ഉത്സവ  പ്രതീതിയായിരിക്കും...
ഒന്നിന് പുറകെ ഒന്നായി.. ചാക്കുകള്‍ , ശര്‍ക്കര വല്ലങ്ങള്‍, ചായപ്പെട്ടികള്‍  മറ്റും തലയില്‍ വെച്ച് കയറ്റം കയറി വരുന്ന ചുമട്ടുകാര്‍ .
അവരുടെ കഴുത്തില്‍ വലിഞ്ഞു മുറുകുന്ന ഞരമ്പുകള്‍ !

കമ്മദു കാക്കയുടെ  മക്കാനിയില്‍ അന്ന്  നെയ്യപ്പം ഇരട്ടി ചുടും.. കട്ടിപ്പത്തിരിയും  ഇറച്ചിക്കറിയും ഉണ്ടാകും ...

"തൊള്ള കാട്ടി നിക്കാതെ ആ ചായെട്ത്ത്  കൊട്ക്ക് ബലാലെ "  
കമ്മദു കാക്ക മകന്‍ അയമുട്ടിയോട് കലഹിച്ചു...

റൊക്കമായി കാശ്  കിട്ടുന്ന  മാസത്തിലെ രണ്ടു ദിവസങ്ങളില്‍ ഒന്നാണിത് ..ചുമട്ടുകാര്‍ പറ്റു തീര്‍ക്കുന്നതും അന്നാണ്.. 
ഭാര്യ കുഞ്ഞാമിനാച്ചിയും മക്കള്‍ സൈനബയും അയമുട്ടിയും ആ ദിവസങ്ങളില്‍ മക്കാനിയില്‍ ഉണ്ടാവും..

പള്ളിയാളിയിലെ  ഈ ചുമട്ടുകാരും തോണിപ്പണി ക്കാരുമാണ്  മക്കാനിയിലെ  പറ്റുകാര്‍ ..

ചരക്കിറക്കി തരം തിരിച്ചു കഴിഞ്ഞാല്‍ തോണിപ്പണിക്കാര്‍ പരുക്കന്‍മുണ്ട്  അഴിച്ചു മാറ്റി നീളന്‍ കഞ്ഞിപ്രാക് മാത്രമിട്ട്  പൊതിഞ്ഞു കെട്ടിയ  വസ്ത്രങ്ങളുമായി കരക്കിറങ്ങും ..

"എന്താണ്ടി അന്റെ കെട്ട്യോന്‍ കൂപ്പ്ത്തന്നെ കൂടിക്കാ .. ?"
"ഓനാടെ വേറെ പോലേം കുടീം ഒന്നുല്ലെയ്ക്കും !" 

കടവില്‍ കുളിച്ചുകൊണ്ടിരിക്കുന്ന  പെണ്ണുങ്ങളോട് ഒന്നും രണ്ടും പഞ്ചാര വാക്കുകള്‍ തട്ടിവിട്ടു ചീനിച്ചുവട്ടില്‍ നിന്ന്  മദ്രാസ്  കൈലിയുടുത്തു പച്ച ബെല്‍റ്റും കെട്ടി തോണിക്കാരന്‍ ചേക്ക്വാക്ക പൊതിക്കെട്ടില്‍ തേച്ചു മടക്കി വെച്ച ടെര്‍ലിന്റെ കുപ്പായം എടുത്തണിഞ്ഞു ..

ഈ ചീനി എന്തൊക്കെ കണ്ടിരിക്കുന്നു..
എത്രയോ  വര്‍ഷങ്ങളായി വേനലില്‍  പഞ്ചാര മണലിന്റെ  വെള്ളിപ്പുടവ ചുറ്റിയ സുന്ദരി പോലെ മെലിയുകയും വര്‍ഷക്കാലത്ത്  നുരയും പതയുമായി കോപിഷ്ടയായ  സംഹാര  രൂപിയായി മലമ്പാമ്പു പോലെ പുളഞ്ഞോടുകയും ചെയ്യുന്ന  കരുവഞ്ഞിപ്പുഴയുടെ ഈ കടവില്‍ രാപ്പകലില്ലാതെ മൂകസാക്ഷിയായി ചീനിമരം നിന്നു.. !

കോട്ടതിരുത്തി കടവില്‍ ചരക്കിറക്കാന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല ...
അതിനും മുമ്പ്  പോയോത്തും കടവിലായിരുന്നത്രേ ..കച്ചവടവും ചരക്കു വരുവും എല്ലാം ..
പോയോത്തും കടവില്‍ അന്ന്  കുഞ്ഞിക്കോയാക്കന്റെ പീടികയും അതിലെ കച്ചവട സ്ഥാപനങ്ങളും പേര് കേട്ടതായിരുന്നു ..!
പന്നിക്കോട്ടു ഇല്ലത്തുന്നു പോലും സാധനങ്ങള്‍ വാങ്ങിക്കാന്‍ അവിടേക്ക് ആളു വരാരുണ്ടായിരുന്നത്രേ ..!
 കടവില്‍ തോണി ഒഴിഞ്ഞ നേരമില്ലായിരുന്നു..കടവില്‍ നിന്ന് കയറിവരുന്നിടത്തുള്ള ഇലന്ത പാകിയ സ്രാമ്പിയയില്‍ എപ്പോഴും ആരെങ്കിലും കിടന്നുറങ്ങുന്നുണ്ടാവും ..

കടവത്തെ മൊല്ലാക്ക  നിസ്കാരത്തിനു വരുമ്പോള്‍ അവരെ ഉരുട്ടി വിളിച്ചുണര്ത്തും ..

" കള്ള ഹിമാരെ പള്ളിന്റൌത്താ അന്റെ അറ കൂടല് " 

അക്കരെ നിന്നും കടവ്  കടന്നു വരുന്ന  അല്ലുമിനീയ  പാത്രക്കാരും പപ്പടക്കാരും , കോഴിമുട്ടക്കാരും ഈ  സ്രാമ്പിയ ഒരു സത്രം പോലെ ഉപയോഗിചിരുന്നു. 

കടവത്തിയൂരിന്റെ  ജീവിതം ഒരുപാട് കാലം ഈ കടവിലായിരുന്നുവത്രേ.. !

ഈ കടവിനെയും ചിരപുരാതനമായ  ജ്ജുമുഅത്ത്‌ പള്ളിയെയും .
പള്ളി ദറ്സും  ഒതുക്കുകള്‍ കെട്ടിയ പള്ളിക്കടവിനെയും.. ....
പാനൂസിന്റെ വെളിച്ചത്തില്‍ പിന്നില്‍ മൂന്നു നാല് സില്‍ബന്ധികളുമായി നടന്നു നീങ്ങുന്ന  വലിയ കോയിസ്സനാജിയെയും.....
പാട്ടും  പാടി വിദൂഷകനായി എപ്പോഴും കൂടെ നടക്കാറുണ്ടായിരുന്ന  മോയിനാക്കയെയും ...
പിന്നീട് വന്ന  റാന്തല്‍ വിളക്കിനെയും ...
അതിനെ തോല്‍പ്പിച്ച പതിനാലാം നംബര്‍ വിളക്കിനെയും ..
വെള്ളക്കാരന്റെ ജീവിതശൈലി തെല്ലും ഉപേക്ഷിക്കാതെ, ആര്‍ക്കെങ്കിലും കൂപ്പില്‍ നിന്നോ മലായില്‍  നിന്നോ ഒരു മണിയോര്‍ഡര്‍ വന്നാല്‍ സാക്ഷി ഒപ്പിടുവിക്കാന്‍ സഹായിയായ കുഞ്ഞിപ്പോക്കുവിനെ   വലിയ കോയിസ്സനാജിയുടെ വീട്ടിലേക്ക് ഓടിക്കുന്ന കോഴിക്കോട്ടുകാരന്‍  മമ്മുക്കയുടെ പോസ്റ്റ്‌ ഓഫീസ്‌ ദിനങ്ങളെയും ...
അഞ്ചലോട്ടക്കാരന്‍ കുഞ്ഞാമുകാക്കയുടെ തിരക്കു  പിടിച്ച  പാച്ചിലും ....
കാലം തന്റെ ഓര്‍മ്മകളുടെ ചവറ്റു കോട്ടയിലേക്ക്  വലിച്ചെറിഞ്ഞത്  ദാ ഇന്നലെകളില്‍ തന്നെയായിരുന്നു ..!
നാടുകള്‍ ദേശങ്ങളായും ദേശങ്ങള്‍ അംശങ്ങളായും ചുരുങ്ങി പുതിയ അസ്തിത്വം നേടിയപ്പോള്‍ എന്റെ ഗ്രാമവും മാറാതെ വയ്യല്ലോ ..!

കടവത്തിയൂര്‍ അങ്ങാടി കുന്നുമ്മലേക്ക് ഞരങ്ങി നീങ്ങി...
അങ്ങാടി നീങ്ങിയപ്പോള്‍ കടവും നീങ്ങി ..മുകളിലേക്ക്....  കോട്ടതിരുത്തി കടവിലേക്ക് .... .കച്ചവടക്കാര്‍ ചിലരൊക്കെ മാറി ..
മറ്റു ചിലര്‍ നെടുവീര്‍പ്പുകള്മായി തറവാട്ടിന്റെ കോലായില്‍ മടിയന്‍ കസേരകളിലെക്കും  നീങ്ങി ..!

കടവത്തിയൂരങ്ങാടി  താഴത്തങ്ങാടിയായി പേര് മാറ്റേണ്ടി വന്നു.....
കുന്നുമ്മലങ്ങാടി കടവത്തിയൂരായി  മാറി ...!

കമ്മദുകാക്ക  തന്റെ  അവസാന  നെയ്യപ്പവും ചട്ടിയില്‍ നിന്ന്  എണ്ണ വാര്‍ത്തെടുത്തു....
ചൂടുള്ള ഒരു നെയ്യപ്പം കയ്യിലേക്ക് വച്ചു തന്നു കൊണ്ട് വലിയ മനോഹരമായ പല്ലുകള്‍ പുറത്തു കാട്ടി ചിരിച്ചു കൊണ്ട് കമ്മദുകാക്ക പറഞ്ഞു:

"മോനെ ബാവുട്ടാ ..ദോന്ന് തിന്നു നോക്ക് .."

വാങ്ങാന്‍ മടിച്ച ബാവുട്ടനോട് കമ്മദു കാക്ക;

"അന്റെ ബാപ്പാന്റെ മൊതല് തന്ന്യാ....... മടിച്ചണ്ട തിന്നോ ..."

ഒന്നും മനസ്സിലാവാതെ ഞാന്‍ നെയ്യപ്പം തിന്നാന്‍ തുടങ്ങി ...

നല്ല  രുചിയുണ്ട്  ..സൈനബയായിരിക്കും  മാവു കൂട്ടിയത് ...
സൈനബയുടെ കൈപ്പുണ്യം പോലെതന്നെ അവള്‍ സുന്ദരിയുമായിരുന്നു.. ഒരു ഹൂറി.. !
കരിമിഴികളില്‍ കവിത വിരിയുന്ന  ഞങ്ങളുടെ ഗ്രാമത്തിന്റെ ഹുസുനുല്‍ ജമാല്‍ .. !

അവളെ ഒന്ന് കാണാനും ആ കൈകൊണ്ടു ഒരു നെയ്യപ്പം വാങ്ങി തിന്നാനും മാത്രമായി ചുമട്ടുകാരും മാസത്തിലൊരിക്കല്‍ കൂപ്പില്‍ നിന്ന്  നാട്ടിലെത്തുന്ന  തണ്ടും തടിയുമുള്ള  ചെറുപ്പക്കാരും മക്കാനിയില്‍ കയറുക പതിവായിരുന്നു.. വന്നു കയറുന്നവര്‍ ആദ്ദ്യം പോകുന്നത്  അടുക്കള ഭാഗ ത്തേക്കായിരിക്കും .. !
കമ്മദു കാക്കക്കും അറിയാം തന്റെ കച്ചോടത്തിന്റെ രഹസ്യം സൈനബ യാണെന്ന്‌.. എങ്കിലും...ജീവിത വിജയത്തിന്നായി  ഒരു പിതാവിന്റെ ഹൃദയം  ആ വേദന പലപ്പോഴും  വെളുത്ത പല്ലുകള്‍ മുക്കാലും പുറത്തു കാട്ടിയ  ആ ചി രിയില്‍ ഒളിപ്പിച്ചു വെച്ചിരുന്നു ....!

സൈനബയെ കെട്ടിച്ചയക്കാന്‍ വൈകിയിരിക്കുന്നു.. അതില്‍ മറ്റാരെക്കാളും വിഷമം പള്ളിയാളിയിലെ മമ്മദുകുട്ടിക്കായിരുന്നു.. ! പിന്നെ സൈനബക്കും !

എന്നാല്‍ സൈനബക്ക്  അങ്ങനെ ഉള്ളില്‍ ഒരാളോട് പ്രത്യേക  ഒരിഷ്ടം  ഉണ്ടാവുമെന്ന്  കടവത്തിയൂരില്‍  ഒരാളും അലോചിക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല ....കാരണം അവള്‍ എല്ലാവരുടെതും ആയിരുന്നു !

പള്ളിയാളിയിലെ മമ്മദുകുട്ടിക്കു നാട്ടുകാര്‍ ഇട്ട പേര്  മറ്റൊന്നായിരുന്നു.." കുല്‍ക്കുഴിഞ്ഞി" 
..............പേരിനു പിന്നില്‍ ഒരു കഥയുണ്ടത്രേ ....!

വലിയ ശരീരവും  ആറരയടി പൊക്കവും ഉരുക്കിന്റെ പേശികള്മുള്ള  മമ്മദുകുട്ടി..........
ഒരു ജോലിക്കും  പോകാതെ സ്ഥിരമായി കിടന്നുറങ്ങിയപ്പോള്‍ ഉമ്മ  വഴക്കിട്ടു.... അവസാനം അടിപിടയിലെത്തി..ഉമ്മ നിലയും വിളിയും കൂട്ടി ..നാട്ടുകാര്‍ കൂടി ..എല്ലാവരും കൂടി മമ്മദുകുട്ടിനെ ആട്ടിപ്പിടിച്ചു കയറുകൊണ്ട് കൈകള്‍ പുറകിലേക്ക് പിടിച്ചു കെട്ടി  വലിയ  കൊയിസ്സന്‍ ഹാജിയുടെ മുന്‍പില്‍ ഹാജരാക്കി.. ഉമ്മയുടെ നിലവിളിയും നെഞ്ചത്തടിയും അവിടെയും ആവര്‍ത്തിച്ചു..
ചെയ്ത കുറ്റത്തിന് വലിയ കൊയിസ്സന്‍ ഹാജി ശിക്ഷ വിധിച്ചു.. 
താഴത്തങ്ങാടിയിലെ ഉണ്ണിമോയിന്‍ ഹാജിന്റെ കൊപ്പരക്കളത്തില്‍ കാക്കയെ ആട്ടുന്ന പണി..!
അപ്പൊ തന്നെ വലിയ  കൊയിസ്സന്‍ ഹാജി ആളെ വിട്ടു  നിയമന  ഉത്തരവ്  വാങ്ങിച്ചു ..

ജോലി മമ്മദുകുട്ടിക്ക്  ഇഷ്ടമായി ....തടി അനങ്ങണ്ടാത്ത ജോലി .. ഉണക്കാനിട്ടിരിക്കുന്ന കൊപ്പര കട്ട് തിന്നുകയും ചെയ്യാം ..
നാളുകള്‍ കഴിഞ്ഞ്പോയി.. ഒരുദിവസം ഉണ്ണിമോയിന്‍ ഹാജി കളത്തിലേക്ക് കയറി വന്നപ്പോ .മമ്മദുകുട്ടി  കോപ്പര  തൊള്ളയിലാക്കിയിരുന്നു.. !
ഹാജിയാരെ കണ്ടതും നയത്തില്‍ വായിലുള്ളത്  മൂപ്പര് കാണാതെ ചവച്ചു ഇറക്കി..
ഹാജിയാര്‍ സ്നേഹപൂര്‍വം വിളിച്ചു .. "മമ്മദുട്ടീ .."    "ജ്ജി ബടെ ബാ..'...
മൂത്രമൊഴിച്ചു മനോഹരിക്കാന്‍ സാധാരണ  എടുക്കുന്ന  കിണ്ടിയുണ്ടായിരുന്നു ഹാജിയാരുടെ കയ്യില്‍ ....!
ഹാജിയാര്‍ കിണ്ടി മമ്മദുകുട്ടിക്കു നേരെ നീട്ടി.. ഒന്നും മനസ്സിലാവാത്ത  മമ്മദുകുട്ടി  മിഴിച്ചു നോക്കി..
" ദ്ദ് മാങ്ങി  കുലുക്കുയ്യടാ... ഹമുക്കേ.... " ഹാജിയാര്‍ അലറി..
അപ്പോഴാണ്‌ പെട്ടു എന്ന്   മമ്മദുകുട്ടിക്കു  മനസ്സിലായത്.. ശങ്കിച്ച് കൊണ്ട്  കിണ്ടി വാങ്ങി... ..കിണ്ടിയും തൂക്കി നില്‍ക്കുന്ന  മമ്മദുകുട്ടിക്കു നേരെ ഹാജി വീണ്ടും അലറി ..."ജ്ജ്  കുലുക്കുയ്യണോ ..അതോ ഞാന്‍ കുല്‍ക്കുജ്ജിച്ചണോ.. ?
രണ്ടും കല്പ്പിച്ചു മമ്മദുകുട്ടി കിണ്ടിയുടെ വാല്  വായില് വെച്ചു...വെള്ളം വലിച്ചെടുത്തു..കവിള്  വീര്‍പ്പിച്ചു ..
"തുപ്പടാ  എരപ്പേ..." 
തുപ്പി...
ഹാജിയാരുടെ മുഖത്തേക്ക്......!!
ഹാജിയുടെ മുഖത്ത്  മുല്ലപ്പൂ വൃഷ്ടി ..!
പിന്നെ ഒരു നിമിഷം പാഴാക്കിയില്ല  ..ഓടി വയലിലെക്കിറങ്ങി...... തിരിഞ്ഞു നോക്കാതെ ഓടി എത്തിയത് പള്ളിയാളിയിലെ സ്വന്തം വീട്ടില്‍ ...!!
അന്ന് മുതല്‍ മമ്മദുകുട്ടി " കുല്‍ക്കുഴിഞ്ഞി " ആയി..
പക്ഷെ.. ആ ഓട്ടം കൊണ്ടൊരു ഗുണമുണ്ടായി.. 
പിറ്റേന്ന് മുതല്‍ മമ്മദുകുട്ടി കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി...! 
വിറകു വെട്ടാനും ചുമടെടുക്കാനും ...

സൈനബയെ അവന്‍ എന്നുമുതലാണ്‌  ഇഷ്ടപ്പെടാന്‍  തുടങ്ങിയത്  എന്ന് അവനും നാട്ടുകാര്‍ക്കും അറിഞ്ഞു കൂടാ. 
ചുമട്ടുക്കാരുടെ കൂടെ ചരക്കിരക്കിക്കഴിഞ്ഞു വന്നു  നെയ്യപ്പവും ചായയും കുടിക്കുന്ന പതിവിനിടയിലാവാം... 
കോട്ടതിരുത്തി കടവില്‍ അവള്‍ കുളിക്കാനിറങ്ങിയ നേരത്താകാം ...പടച്ച  റബ്ബിന് മാത്രം അറിയാം..!

ഏതായാലും നാട്ടുകാര്‍ക്ക് ഒന്നറിയാം ...രാവും പകലും കുല്‍ക്കുഴിഞ്ഞി  സൈനബക്കു കാവല്‍ കിടന്നു.. !
കമ്മദു കാക്ക  ഒച്ച  ഉയര്‍ത്താതെ എത്രയോ പ്രാവശ്യം അവനെ സ്വന്തം കോലായില്‍ നിന്ന് ആട്ടിയിറക്കിയിട്ടുണ്ട്.. എന്നാലും കുറച്ചു കഴിഞ്ഞാല്‍ ...കമ്മദു കാക്ക കിടന്നു എന്ന് മനസ്സിലായാല്‍ കുല്‍ക്കുഴിഞ്ഞി  വീണ്ടും ആ കോലായില്‍ എത്തും !  സിമന്റു തിണ്ണയില്‍ കിടന്നു ഉറങ്ങുകയും ചെയ്യും..
മക്കാനിയിലെക്കുള്ള വിറകു കീറാന്‍ കൂലിക്ക് ആളെ വിളിക്കാതെ കഴിയും ..കാരണം സൈനബ അവിടെ ഉണ്ടെങ്കില്‍ അതൊക്കെയും കുല്‍കുഴിഞ്ഞി  കീറിക്കൊടുക്കും.. ഉരുണ്ടിറങ്ങുന്ന ആ മസിലുകളുടെ ചലനം നോക്കി തലയിലെ ഈര് നുള്ളി വലിച്ചു കൊണ്ട് സൈനബ മക്കാനിയുടെ ഇറയില്‍ കുത്തിയിരിക്കും ...
ആ പൈസ  ലാഭിച്ചല്ലോ എന്ന് സമാധാനിക്കുന്നുവെങ്കിലും ഇടയ്ക്കിടെ കമ്മദു കാക്ക ഒന്ന് പുറത്തേക്കു പാളി നോക്കുന്നതും ആളുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്..

" ഈ കുതര  ഇയാക്ക്  വെറക് കീറിക്കീറി കാലം കഴിഞ്ഞുപോവും.."  സൈനബാനെ ഒട്ടു കിട്ട്വേല്ല  കമ്മദു കാക്ക..കൂല്യോട്ടു കൊടുക്ക്വേല്ല "
വാല്യക്കാര്‍  മൂപ്പര്  കേള്‍ക്കാതെ പറഞ്ഞു ചിരിച്ചു ..

നെയ്യപ്പം തിന്നു കഴിഞ്ഞു ...കയ്യില്‍ പറ്റിയ  എണ്ണ  വള്ളിട്രൌസറിന്റെ മൂട്ടില്‍ തുടച്ചു കൊണ്ടിരുന്നപ്പോള്‍ പുറത്തു നിന്ന്  സൈക്കിളിന്റെ ബെല്ല്  .. "ക്ലീം..ക്ലീം .."
"  മാനേ  ബാവുട്ടാ  ദാ അന്റിപ്പ  വിളിച്ച്ണണ്ടല്ലോ "
 കമ്മദു കാക്ക  വിളിച്ചു പറഞ്ഞപ്പോള്‍  മക്കാനി മറച്ചു കെട്ടിയ പരമ്പിന്റെ വിടവിലൂടെ ബാവുട്ടന്‍ പുറത്തേക്ക്  നോക്കി ...
പുറത്തു സൈക്കിളില്‍ നിലത്ത് കുത്തിയ  കാലില്‍ ബാലന്‍സ്‌ ചെയ്തു കീശയില്‍ എന്തോ തിരയുന്നു ബാവുട്ടന്റെ  ഉപ്പ  .. പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയ  ബാവുട്ടന്റെ കൈയില്‍ ബാലമായി പിടിച്ചു വലിച്ചു ..കരിവളകളിട്ട  ഒരു കൈ..  
അകത്തേക്ക്  ചെന്ന  ബാവുട്ടന്റെ ട്രൌസറിന്റെ കീശയില്‍ കുത്തിത്തിരുകി നാല് നെയ്യപ്പം,!    കരിമിഴികളുള്ള  ആ സുന്ദരി സൈനബ.....
കൂടെ  ചുവപ്പ് മാറാത്ത  കൊച്ചു കവിളില്‍  അടക്കമ്പഴത്തിന്റെ മണമുള്ള തണുത്ത  ഒരു മുത്തവും..!

 "ക്ലീം..ക്ലീം ..ക്ലീം ...

വീണ്ടും ഉപ്പയുടെ ബെല്ലടി 
ബാവുട്ടന്‍ മക്കാനിയുടെ  പുറത്തേക്കോടി ....

(തുടരും ..)