Thursday, August 30, 2012

7- മാനേജര്‍

ഈങ്ങല്ലീരി സ്കൂളിന്റെ കഷ്ടകാലങ്ങള്‍ തുടങ്ങിയത് അങ്ങനെയായിരുന്നു ..

തണുപ്പുകാലം കഴിഞ്ഞു ..മീനച്ച്ചൂടില്‍  മേല്‍ക്കൂരയില്ലാത്ത സ്കൂളില്‍ ഞങ്ങളുടെ  നാളത്തെ പൌരന്മാര്‍ ചൊറിഞ്ഞും മാന്തിയും തമ്മില്‍കൊത്തിയിരുന്നു.. പഠിക്കാന്‍ താല്പര്യമുള്ള ചിലെരെല്ലാം അങ്ങ് ദൂരെ വലിയ പുഴയ്ക്കുമക്കരെ  വാഴക്കാട്ടെ  സ്കൂളിലേക്ക് നടന്നു പോയി പഠിക്കാന്‍ തന്നെ തീരുമാനിച്ചു.. അക്കൂട്ടത്തില്‍  ബാവുട്ടന്റെ ഉപ്പയും ഉണ്ടായിരുന്നു ..

ശുഭസൂചകമായി മേടപ്പക്ഷി രാവും പകലുമറിയാതെ പാടാന്‍ തുടങ്ങി ..

കിഴക്കന്‍ മലകളില്‍ കാട് വെട്ടിമാറ്റി കൂപ്പുറോഡുകള്‍ ഉണ്ടായി.. ഇറക്കുമതി ചെയ്ത ഫാര്‍ഗോ എഞ്ചിനുള്ള ലോറികള്‍ മുക്കിയും മുരണ്ടും കാടുകളെ ചവച്ചരച്ചു... നാലോ അഞ്ചോ പേര്‍ കൈകോര്‍ത്തു പിടിച്ചാല്‍ പിടികൂടാത്ത ആകാശം മുത്തി കാറ്റി്നോടൊത്ത്  ലാസ്യനൃത്തം ചെയ്തിരുന്ന വന്മരങ്ങള്‍ മൂര്‍ച്ചയുള്ള മഴുവിനാല്‍ മുറിവേറ്റു പിടഞ്ഞു ..പിന്നെ പതുക്കെ അടിയറവു ചൊല്ലി ചാഞ്ഞു ചെരിഞ്ഞു മറിഞ്ഞു വീണു...! വാറ്റു ചാരായത്തിന്റെ ലഹരിയില്‍ നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന വിയര്‍പ്പു കുടിച്ചു കൊണ്ട് മഴുക്കാരന്‍ കുഞ്ഞാലിക്കയും അനുചരന്‍മാരും,  അവരറിയാതെ, മുക്കിലങ്ങാടിയിലെ പ്രമാണിമാരും ആ വന്‍വീഴ്ചകളുടെ ലഹരിയില്‍ ആര്‍ത്തു ചിരിച്ചു ! 

അളവുകാരും രയ്ട്ടര്‍്മാരും  തലങ്ങും വിലങ്ങും ഓടിനടന്നു. പ്രകൃതിയുടെ വരദാനങ്ങളെ  ട്ടിമ്പറും കട്ടന്സും കുവീക്കുമാക്കി മലയിറക്കി കല്ലായിലേക്കും ഫറൂക്കിലേക്കും എത്തിച്ചു .
മരമില്ലുകള്‍ രാപ്പകലില്ലാതെ വാളുകള്‍ മൂര്‍ച്ചകൂട്ടി ഇരമ്പികൊണ്ടിരുന്നു ..ബേപ്പൂരില്‍ പായക്കപ്പ്ലുകള്‍ക്ക് ആവിക്കപ്പലുകള്‍ വഴിമാറാന്‍ തുടങ്ങി.. നാട് വളരുകയായിരുന്നു ..അതിവേഗത്തില്‍ ..!          കാട് വെട്ടിത്തെളിയുകയും !

മരക്കച്ചവടം കൂടിക്കൂടി വന്നത് നാടിന്‍റെ സമ്പത് വ്യവസ്ഥക്ക് കൈത്താങ്ങായി മാറിയിരുന്നു ..അനേകം ചെറുപ്പക്കാര്‍ക്ക് കൂപ്പുകളില്‍ മരം വെട്ടും ലോറിയില്‍  മരം കയറ്റലും  ആനപ്പണിയും  ലോറിപ്പണിയും കിട്ടി ..ഒന്നും അറിയാത്തവര്‍ക്ക് ഊട്ടുപുരകളില്‍ അരിവെപ്പ് ജോലിയും !

നാടുവാഴികളില്‍ നിന്ന് ചാര്‍ത്തിക്കിട്ടിയ വനഭൂമി‍ തറവാട്ട് സ്വത്തായി കിട്ടിയ മാപ്പിളപ്രഭുക്കള്‍ സാമ്പാദ്യം ആയിരങ്ങളില്‍ നിന്ന് ലക്ഷങ്ങളാക്കി അവയുടെ പുറത്തു അടയിരിക്കാന്‍ തുടങ്ങി !
അതോടൊപ്പം അല്ലാഹുവിന്റെ പ്രീതിക്കായും സമ്പാദ്യങ്ങളുടെ രക്ഷക്കായും സമ്പത്തിന്റെ ചെറിയ ഭാഗം ചെലവഴിക്കാനും അതു സില്‍ബന്ധികള്‍ വഴി പെരുമ്പറ കൊട്ടി നാട്ടുകാരെ അറിയിക്കാനും വ്യഗ്രത കാട്ടി..!

മാനക്കേട് മൂലം കുഞ്ഞായന്‍ മുസ്ലിയാര്‍ മുക്കിലങ്ങാടിയില്‍ ഇട്ടേച്ചു പോയ ഞങ്ങളുടെ സ്വന്തം വിദ്യാലയത്തിനും അങ്ങനെ ഒരു മരക്കച്ചവടക്കാരന്‍ തുണയായി വന്നു..!
മുക്കിലങ്ങാടിയിലെ വലിയ  ഹൈദരുട്ടിഹാജി !
ഹാജി കാര്യസ്ഥന്മാരെ അയച്ചു കാര്യങ്ങള്‍ പഠിച്ചു..
മുളയുമായി ഒരു തെരപ്പം കിഴക്കന്‍ മലയില്‍ നിന്ന് ഒഴുക്കിനൊത്ത് തുഴഞ്ഞു നീന്തിവന്നു.
പിന്നാലെ കെട്ടിമേയാന്‍ പനയോലയുമായി കാളവണ്ടികള്‍ പുഴ കടന്നെത്തി..
പള്ളിയാളിക്കാര്‍ ഒരിക്കല്‍ കൂടി ആഘോഷമായി അവരുടെ ഉപരി വിദ്യാലയം പുതുക്കിപ്പണിതു.. അപ്പോഴും കാലില്ലാത്ത ബെഞ്ച്കളും വക്കുപൊട്ടിയ മേശയും കുട്ടികളെയും അധ്യപകരെയും നോക്കി  ഇളിച്ചു കാട്ടിക്കൊണ്ടിരുന്നു!
മാസാവസാനം ശമ്പളം കിട്ടാന്‍ അധ്യാപകര്‍ക്ക് വിഷമിക്കേണ്ടി വന്നില്ല ....ഹൈദരുട്ടിഹാജിയുടെ വാ ല്യക്കാര്‍ അത് കൃത്യമായി ഒന്നാം തിയതി തന്നെ എത്തിച്ചു കൊടുത്തു. 

 "ന്റെ പടച്ചോനെ ച്ചിഞ്ഞി മെരിച്ചാലും മാണ്ടില" 

ആദ്യമായി  മുഴുവനായി കയ്യില്‍ കിട്ടിയ നാല്‍പ്പതു ഉറുപ്പിക മുത്തിക്കൊണ്ട് കൊണ്ടോട്ടിക്കാരന്‍ മുഹമൂദ്‌ മാസ്റ്റര്‍ കണ്ണില്‍ നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിച്ചു....
കാട്ടിലെ മരത്തിന്റെ ചോരക്കറയുള്ള ആ പച്ചനോട്ടുകള്‍ അധ്യാപകര്‍ കുറയേറെ താലോലിച്ചു.. 

അധ്യാപകര്‍ക്ക് കിട്ടിയ നവോന്മേഷം കുട്ടികളിലെക്കും പകര്‍ന്നു.. ആകെക്കൂടി വിദ്യാലയാന്തരീക്ഷം ഒന്നുണര്‍ന്നു..!

അക്കൊല്ലം  എഴാംതരത്തിലെ പൊതുപരീക്ഷ കഴിഞ്ഞാല്‍ ആദ്യത്തെ തലമുറ ഉപരിവിദ്യാഭ്യാസം തേടി പോകേണ്ടതായിരുന്നു..എന്നാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ  വാഴക്കാട്ടെക്ക് പോകാന്‍ തയ്യറായുള്ളൂ ..!
മറ്റുള്ളവര്‍ വയലിലും പറമ്പിലും കൃഷിയിറക്കാന്‍ വീട്ടുകാരെ സഹായിക്കാന്‍ വേണ്ടി പരുക്കന്‍ മുണ്ട് ഉടുക്കാന്‍ തുടങ്ങി ..!
"കാലം നന്നാവുമ്പം  വിത്തിറക്കാഞ്ഞാല്‍ കാലക്കേട് മാറൂല മക്കളേ...... "
കാര്‍ന്നോന്മാര്‍ ഫത്വ്വ ഇറക്കി.  
കൃഷി നിറുത്തി വെച്ചിട്ട് നടുകടന്നു പഠിക്കാന്‍ പോവുക ..! അവര്‍ക്കതിന്റെ സാംഗത്യം ഒരിക്കലും പിടികിട്ടിയില്ല ....!
അത്രമാത്രം കാര്‍ഷികവൃത്തിയില്‍ അധിഷ്ടിതമായിരുന്നു അക്കാലത്ത് ഗ്രാമങ്ങള്‍.

കഷ്ടിച്ച് ഒരു കൊല്ലം കൂടിയേ ഹൈദരുട്ടിഹാജി സ്കൂളിന്റെ നടത്തിപ്പുകാരനായി ഉണ്ടായുള്ളൂ.. കാര്യസ്ഥന്മാരിലുള്ള വിശ്വാസക്കൂടുതല്‍ കൊണ്ടാണോ.. അതോ കാട്ടില്‍നിന്ന് വരുന്ന വരുമാനം ചോര്‍ന്നു പോകുന്ന ഓട്ട അടക്കുവനാണോ എന്നറിയില്ല,  ആരും അറിയാതെ ഹാജിയാര്‍ സ്കൂളിന്റെ ഉടമസ്ഥത ആയിടക്ക് ഗ്രാമാധികാരിയായി ചുമതലയേറ്റ ഉണ്ണിയാലികാക്കയെ ഏല്പ്പിച്ചിരുന്നു .. 
പതിവ് തെറ്റിച്ചു മാസാവസാനം ശമ്പളവുമായി വാല്യക്കാര്‍ മുക്കിലങ്ങാടിയില്‍ നിന്ന് വരാതായപ്പോഴാണ് അധ്യാപകര്‍ ഇക്കാര്യം അന്വേഷിക്കുന്നതും,  സത്യം മന്സ്സിലാക്കിയതും..!
എങ്കിലും തട്ടിയും മുട്ടിയും തിയതികള്‍ തെറ്റിയും അവര്‍ക്ക് മാസപ്പടി കിട്ടിക്കൊണ്ടേയിരുന്നു..

അധികാലം കഴിഞ്ഞില്ല,  വീണ്ടുമൊരു അധികാരക്കൈമാറ്റം നടന്നു..!
ഉണ്ണിയാലി അധികാരിക്കും മടുത്തു കാണണം .. ഒരു പക്ഷെ ഹൈദരുട്ടിഹാജി നിര്‍ബന്ധിച്ചു പറഞ്ഞതിനാലാവം അദ്ദേഹം ഈ ഭാരം തലയില്‍ഏറ്റിയത്..!
സ്വന്തം തറവാട്ട്‌ മുതല്‍ നാട് നന്നാക്കാന്‍ കൊടുത്തു മുടിക്കാന്‍ അദ്ദേഹം ഏതായാലും തയ്യാറല്ലായിരുന്നു ..
തന്നെയുമല്ല, ഗ്രമാഭരണത്തിന്റെ പൊല്ലാപ്പുകളും പ്രശ്നപരിഹാരങ്ങളും പാട്ടക്കുടിയാന്‍മാരുടെ കേസുകളുമായി തിരക്കോട് തിരക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ..
ഇങ്ങനെയൊക്കെ ആണെങ്കിലും  നാടുവാഴിത്വത്തിന്റെ  അവശേഷിപ്പുകളായി അന്നും ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ഗ്രാമമുഖ്യന്‍ എന്ന  മഹത്സ്ഥാനത്തിന്റെ അധികാരസുഖം അദ്ദേഹം നന്നായി ആസ്വദിക്കുന്നത്പലപ്പോഴും ബാവുട്ടന്‍ തന്നെ നോക്കി നിന്ന് പോയിട്ടുണ്ട്..!

ചുരുക്കിപ്പറഞ്ഞാല്‍  നാടിന്‍റെ അഭിമാനമായി മാറേണ്ടിയിരിക്കുന്ന വിദ്യാലയം പിന്നെയും നാഥനില്ലാക്കളരിയായി മാറുന്ന കാഴചയും എന്റെ നാട്ടുകാര്‍ നിസ്സംഗതയോടെ കണ്ടു കൊണ്ട് നിന്നു..!

ചെറുകരയിലെ സ്ഥിതി മറ്റൊരു വിധത്തിലായിരുന്നു ..
കാര്‍ഷികസംകാരത്തോടൊപ്പം വാണിജ്യവും പച്ചപിടിച്ച ചെറുകരയിലെ  ചാലിയാറിന്റെ ഫലപുഷ്ടിയുള്ള എക്കല്‍ മണ്ണ് വീണുറങ്ങുന്ന ഭൂമി ഏവരുടെയും മോഹനസ്വപ്നം ആയിരുന്നു ..! ക്ഷാമകാലത്ത് കരിംചന്തയിലൂടെയും കച്ചവടത്തിലൂടെയും സമ്പന്നരായ വിരലിലെണ്ണാവുന്ന ചില കുടുംബങ്ങള്‍ കയ്യടക്കി വെച്ചിരുന്നു ചെറുകരയിലെ പൊന്നുവിളയുന്ന മണ്ണ്..!

പുഴ കടന്നു വന്നു വെട്ടിപ്പിടിച്ച ഭൂമിയില്‍ പാട്ടക്കുടിയാന്മാരുടെ അധ്വാനത്താല്‍  പാട്ടം വടിച്ചു കിട്ടുന്ന വിളകള്‍ കൊണ്ട് വെച്ചടി വെച്ചടി ഉയരങ്ങളിലേക്ക് കയറിയവരും ഉണ്ടായിരുന്നു ഇക്കൂട്ടത്തില്‍ ..! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാടുവാഴിത്തം അവസാനിക്കാത്ത അംശമായിരുന്നു അന്നും ചെറുകര!
അവിടെ ജീവിച്ചിരുന്നു...ഞങ്ങളുടെ നാടിന്റെ ചരിത്രത്തിനു മറക്കാനാവാത്ത ഒരാള്‍ :
"കൊള്ളിക്കാട്ടു പോക്കരെന്ന"  കിരീടം വെക്കാത്ത നാടുവാഴി.!
പോക്കര്‍ക്ക അകലത്തെ പേരുകേട്ട സെഷന്‍സ്‌ കോടതി വക്കീലായിരുന്നു .. ഒരു പക്ഷെ ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തി!

"വിദ്യാഭ്യാസം കൊണ്ട് മനുഷ്യന്‍ ഉന്നതമായ മൂല്യങ്ങള്‍ നേടുകയും മാനുഷികത വളരുകയും ..........."
ഒലക്ക ...!
ഇതൊന്നും ശരിയല്ല .. പോക്കര്‍ക്കയുടെ ജീവിതം അറിയുന്ന എന്റെ നാട്ടിലെ ബുദ്ധിയുള്ള ഒരു മനുഷ്യനും ഇത് സമ്മതിച്ചു തരില്ല..
ശരിയാണ്,.. വിദ്യ ഒരു വരം തന്നെയാണ് ..പക്ഷെ,   വരം കിട്ടിയത് രാവണനാണ് !  അപ്പോഴോ..?
ശരിക്കും പറഞ്ഞാല്‍ ഒരു വ്യാഴവട്ടക്കാലം ഈ രാവണപ്രഭു ഞങ്ങളുടെ ഗ്രാമത്തെ വിറപ്പിച്ചു വാണിരുന്നു..!
കൂടുതല്‍ പറയാനുണ്ട് ..വഴിയെ വന്നു കൊള്ളും..
വക്കീലായതിനാല്‍ ആയിരിക്കാം,  അല്ലെങ്കില്‍ നാടുവഴിത്വം ഉള്ളത് കൊണ്ടാവാം .....ആര്‍ക്കും വലിയ നിശ്ചയം ഇല്ല..........എങ്ങനെയോ ഞങ്ങളുടെ വിദ്യാലയത്തിന്റെ ഉടമസ്ഥത  കൊള്ളിക്കാട്ടുകാരന്റെ കയ്യിലെത്തി.

" ന്യൂസൗത്ത്‌ ഹയര്‍ എലെമെന്റെറി സ്കൂള്‍ " 

എന്ന ഒരെഴുത്ത് പലക ഒരു ദിവസം ഈങ്ങലീരിക്കാര്‍  സ്കൂളിന് മുന്നില്‍ കണി കണ്ടു..!

അങ്ങനെയാണ് ഞങളുടെ പള്ളിയാളിയെന്ന ഈങ്ങലീരി " ന്യൂ സൗത്ത്‌ " ആയി മാറുന്നതും !

നോക്കണേ കാലം ചെയ്തു കൂട്ടുന്ന ഓരോ വികൃതികള്‍ ..!
അറിവിന്റെ മഹത്വം ഉദ്ഘോഷിച്ച പ്രവാചകന്റെ മാതൃക പിന്‍പറ്റി, നാടിനു നന്മ്മ മാത്രം ആഗ്രഹിച്ച കുഞ്ഞായന്‍ മുസ്ലിയാരുടെ തറവാട്ടു മുതല്‍ ,  സ്വസഹോദരങ്ങളുടെ ചുമടെടുത്തുള്ള അധ്വാനത്തിന്റെ , അവരുടെ വിയര്‍പ്പിന്റെ , അവരുടെ അര്‍പ്പണബോധത്തിന്റെ മൂല്യം ഇതാ കൊള്ളിക്കാട്ടു ജന്മിയുടെ വീട്ടുമുറ്റത്ത്‌ ഒരലങ്കാരം പോലെ ..എത്തിച്ചേര്‍ന്നിരിക്കുന്നു!

ഭൂമിയില്‍ ദൈവം ബര്‍ക്കത്ത് കൊടുക്കുക ഇബിലീസിന്റെ ഉപാസകര്‍ക്കാണെന്നു പണ്ടാരോ പറഞ്ഞത് ഓര്‍ത്തു പോയി..

ഇടവപ്പാതി കനത്തു.. വേനലവധി കഴിഞ്ഞു സ്കൂളുകള്‍ തുറന്നതെയുള്ളൂ ..ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനുള്ളില്‍ കുട്ടികളെ അടക്കിയിരുത്താന്‍ അധ്യാപകര്‍ പാടുപെടുകയായിരുന്നു.  മഴയുടെ ആരവത്തിനിടയില്‍ സ്കൂളിലെ ബഹളങ്ങള്‍ പുറത്ത്‌ നാട്ടുകാര്‍ ആരും അറിഞ്ഞില്ല.. 

നാലാം ക്ലാസില്‍ നിന്നും അയ്മുട്ടിമാഷ് ആദ്യം പുറത്തേക്കിറങ്ങി.  ഓഫീസ്മുറിയായി ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയില്‍ നിന്ന് ഹെഡ്‌മാസ്റെര്‍ മൂസ്സക്കുട്ടി മാഷും പുറകെയിറങ്ങി.

" മഴ ഇങ്ങനെ പെയ്യുകയാണെങ്കില്‍ കുട്ടികളെ ഇനിയും ഇതിനകത്ത് ഇരുത്തുന്നത്‌ ബുദ്ധിയല്ല "
അയമുട്ടി മാഷ്‌ 
" അപ്പൊ വിട്ടാലോ ..? അതാവും നല്ലത് " ഹെഡ്‌ മാഷ് ശരിവച്ചു .

കൂട്ടമണി മുഴങ്ങി ..
മഴയുടെ ഇരമ്പലില്‍ ദേശീയഗാനം ഒളിച്ചു പോയി !
കുട്ടികള്‍ കോരിച്ചൊരിയുന്ന മഴയത്തു എങ്ങനെ പോകും..? 
മഴ കുറയുന്നത് വരെ കാത്തു നില്‍ക്കുക തന്നെ..

" സംഗതി അതല്ലല്ലോ..ഇങ്ങനെ ചോര്‍ന്നൊലിച്ചും കൊണ്ട് നമ്മള്‍ എങ്ങനെയാഇതിനകത്ത് കുട്ട്യോളെ പടിപ്പിക്ക്വ.." "മാനേജരെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കണം " 
അയമുട്ടി മാഷ്‌ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നിയതിനാല്‍ അദ്ദേഹം ഒന്നുകൂടി ശബ്ദം കൂട്ടി പറഞ്ഞു..
" എന്താ ഞാന്‍  പറഞ്ഞത് ആരും കേട്ടില്ലേ.. ഇന്ന് തന്നെ ഹെഡ്‌മാഷ്‌ പോയി മാനേജരെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കണം "
 "മാഷേ.. ങ്ങള് പുതിയ ആളായത് കൊണ്ടാ ഇത്രയ്ക്കു ആവേശം..മാനേജരെ കാണാന്‍ മാഷ് തന്നെ അങ്ങട്ട്‌ പോയ്കോളൂ.. ഞങ്ങള് ത്രീം കാലം സഹിച്ചതുപോലെ ഇനിയും കഴിഞ്ഞു കൂടിക്കൊള്ളാം "
ഹെഡ്‌മാഷ് തടിയൂരി !
"അതെന്താ അങ്ങനെ ? ഇത് ന്റെ മാത്രം കാര്യാണോ..? ഞമ്മക്ക് എല്ലാര്ക്കും കൂടി പോവാം " -

അല്പനേരത്തെ നിശ്ശബ്ധത ....
"ശരിയാ എല്ലാരും കൂടി ചെന്ന് പറഞ്ഞാലേ അയിനൊരു വിലയുണ്ടാവൂ .." കൊള്ളിക്കാട്ടുകാരന്റെ സ്വഭാവം ശരിക്കറിയാമായിരുന്ന മടവൂര്‍ മാഷ്‌  അയമുട്ടി മാഷിന്റെ അഭിപ്രായത്തെ പിന്താങ്ങി .

മഴ ഒന്ന് ശമിച്ചിരുന്നു.. കുട്ടികള്‍ മിക്കവാറും പോയിക്കഴിഞ്ഞു..അപൂര്‍വ്വം ചിലര്‍ രക്ഷിതാക്കള്‍ വരാന്‍ വേണ്ടി കാത്തു നില്‍ക്കുന്നു ..

പുതുതായി വാങ്ങിയ  വളഞ്ഞ മരത്തിന്റെ കാലുള്ള അല്പാകിന്റെ കുടയും നിവര്‍ത്തി മൂസ്സക്കുട്ടി മാഷ്‌ മുന്‍പിലും മറ്റുള്ളവര്‍ ചിലരൊക്കെ വാഴയിലയും കൈപ്പത്തിയും  കുടയാക്കി പുറകിലും ചെറുകരയിലേക്ക് നടത്തം തുടങ്ങി..
ഒന്ന് രണ്ടു പേര്‍ അങ്ങാടിയില്‍ വച്ച് തന്നെ മുങ്ങി.. അവസാനം ചെറുകരയില്‍ എത്തിയപ്പോള്‍ മൂന്നു പേര്‍ മാത്രം ..! ഹെഡ്‌മാഷും മടവൂര്‍മാഷും അയമുട്ടി മാഷും !


ചെരുകരയില്‍ അന്ന് പേരുകേട്ട ഒരു മക്കാനിയുണ്ടായിരുന്നു.. കുന്നുമ്മലങ്ങാടിയിലെപ്പോലെ ചുമട്ടുകാരും കാളവണ്ടിക്കാരും തിന്നാനും കുടിക്കാനും പരദൂഷണം പറയാനും ഒക്കെ വേദിയായി മാറുന്ന സെയ്താലിക്കയുടെ മക്കാനി..!
മൂസ്സക്കുട്ടി മാഷ് സെയ്താലിക്കയുടെ മക്കാനിയില്‍ കയറി ഒരന്വേഷണം നടത്തി.. വക്കീല്‍ പോക്കര്‍ക്ക ഇപ്പോള്‍ വീട്ടിലുണ്ടാവുമോ..?
സില്‍ബന്ധികളില്‍ ചിലര്‍ തന്നെ പറഞ്ഞു.."ദാ ഇപ്പൊ കടവു കടന്നു വീട്ടിലേക്ക് പോയിട്ടെയുള്ളൂ "
"എന്താ മാഷമ്മാരുടെ ഉദ്ദേശം ?
"ഏയ് ഒന്നൂല്ല ശമ്പളം കൂട്ടിത്തരുമൊന്നു ചോദിക്കാനാ.." - അയമുട്ടി മാഷ്‌ 
"ങ്ഹാ...തരക്കെട്ല്ലാ ...ബക്കം ചെല്ലി പ്പം കിട്ടും.." "കിട്ട്ണതും കൊണ്ട് ബെക്കം സ്ഥലം കാലിയാക്കണം ട്ടോ" 
വയല്‍ക്കരയില്‍ പറക്കാന്‍ പാകത്തില്‍ പോക്കരാക്കയുടെ ബംഗ്ലാവ് " കോയില്‍ പറമ്പത്ത്" അസ്തമയസൂര്യന്റെ പ്രഭയില്‍ മുങ്ങി നില്‍ക്കുന്നു.. 
പടിക്കലെത്തിയപ്പോള്‍ അകത്തേക്ക് കയറാന്‍ മടിച്ചു ഹെഡ്‌മാഷ്‌ പുറം തിരിഞ്ഞു.. ആദ്യമായാണ് നാട് വിറപ്പിക്കുന്ന ജന്മിത്തറവാടിന്റെ മുറ്റത്ത്‌ കയറുന്നത് ..ഐശ്വര്യത്തിന്റെ മുദ്രകളായ ആനപ്പന്തിയും കാലിത്തൊഴുത്തും ആളുകള്‍ വര്‍ണ്ണിച്ചു കേട്ടിട്ടേയുള്ളൂ ..
അയമുട്ടിമാഷു ചോദ്യഭാവത്തില്‍ ഹെഡ്‌മാഷെ നോക്കി ..
"കേര്വ.....ലേ ..."
ഹെഡ്‌മാഷ് ധൈര്യം സംഭരിക്കുകയായിരുന്നു ..
ഒടുവില്‍ അയമുട്ടിമാഷ്‌ പടി കടന്നു.. പുറകെ മറ്റുള്ളവരും !

മഴക്കാലമായിട്ടും ഇഷ്ടിക പാകിയ മുറ്റത്ത്‌  നല്ല വൃത്തി .. കോലായില്‍ രണ്ടു പേര്‍ ഇരിക്കുന്നു.. 
ആരാണ് എന്താണ് എന്ന ചോദ്യങ്ങള്‍ക്ക് അയമുട്ടിമാഷ്‌ തന്നെ ഉത്തരം പറഞ്ഞു..
അവരിലൊരാള്‍ അകത്തേക്ക് ഊളിയിട്ടു .. നിവേദകസംഘം മുറ്റത്ത്‌ തന്നെ നില്‍പ്പായി ..

അരമണിക്കൂര്‍ നിന്ന് കാണും ..അകത്തുപോയ സില്‍ബന്ധി പുറത്തേക്കു വന്നു ..
"എന്താ ങ്ങളെ പ്രസനം ?

"അത് ഞങ്ങള് മാനേജരോട് നേരിട്ടു പറഞ്ഞോളാം "- അയമുട്ടിമാഷ്‌ 

" ജ്ജ്യാരട തുക്ടിസായ്‌വോ ?  അധികപ്രസംഗം മാണ്ട..ബന്ന കാര്യം പറി "

"ന്യുസൌത്ത് സ്കൂളിന്റെ സ്ഥിതി വല്യ പ്രയാസത്തിലാ ..അതൊന്നു പറയാനാ "
മടവൂര്‍ മാഷ് ഇടയ്ക്കു കയറി 

ഞാന്‍ കേട്ടാല്‍ പോരാ..ല്ലേ ? .....ങ ഹൂം ....
അയാള്‍ വീണ്ടും അകത്തേക്ക് പോയി.

വീണ്ടും കാത്തിരിപ്പ്‌ ...ഒടുവില്‍ അവതരിച്ചു ..തടിച്ചു കറുത്ത് ഭീമാകാരനായ ഞങ്ങളുടെ സ്കൂളിന്റെ മാനേജര്‍ !

" ന്തടോ പ്പം ങ്ങക്ക് പഠിപ്പിക്കാന്‍ കൊള്ളിക്കാടന്‍ പോക്കരിനെത്തന്നെ കിട്ടണം ല്ലേ ...?

ങഹൂം ....ന്തേയ് ങ്ങള് മൂന്നാളും കൂടി ?

കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന സ്കൂളിന്റെ അവസ്ഥ അയമുട്ടി മാഷ്‌ വിവരിച്ചു ..

തീഷ്ണമായ കണ്ണുകളോടെ അയാള്‍ കുറേനേരം അയമുട്ടിമാഷെ തുറിച്ചു നോക്കി ..

"അന്നെ അബടെ ജോലിക്ക് ബച്ചപ്പം തന്നെ ച്ചത് തോന്നിനി.....ജ്ജി കൊയപ്പംണ്ടാക്കും ന്നു "..
ആയ്ക്കോട്ടെ,.. ജ്ജോരു കാര്യം ചെജ്ജ്‌ ...അന്റെ സംബളം ഒരു മൂന്നാല് മാസത്തേക്ക് മാണ്ടാന്നു ബക്ക്..ആ പൈസ കൊണ്ട് ഞാന്‍ ചോര്‍ച്ച ബലിച്ചട്ടോ.."

ഇടിവെട്ടിയ പോലെ ആ കല്‍പ്പന അവര്‍ ചെവികൊണ്ടു..

അയമുട്ടി മാഷ്ക്ക് ഒന്നും ഉരിയാടാന്‍ അവസരം കൊടുക്കാതെ കൊള്ളിക്കാടന്‍ അകത്തേക്ക് കയറിപ്പോയി..

എന്ത് ചെയ്യണമെന്നറിയാതെ മൂവരും മുഖത്തോടു മുഖം നോക്കി ..തലകുനിച്ചു ഹെഡ്‌ മാഷ്‌ ആദ്യം തിരിച്ചു നടന്നു.. പുറകെ മടവൂര്‍ മാഷും ..
അല്പം അമാന്തിച്ച് അയമുട്ടി മാഷും പടി കടന്നു..

സ്കൂളിന്റെ ചോര്‍ച്ച അടക്കാനോ..ക്ഷേമം അന്വേഷിക്കാനോ മാനേജരുടെ അടുത്ത് നിന്ന് ആരും വന്നില്ല ..ഈങ്ങല്ലീരിയിലെ യുവജനസംഘം ഒരു വെള്ളിയാഴ്ച ദിവസം ഒത്തു ചേര്‍ന്ന് പനയോലകള്‍ വെട്ടി സ്കൂളിന്റെ ചോര്‍ച്ച വലിച്ചു...

എങ്കിലും ..അടുത്ത അഞ്ചു മാസങ്ങള്‍ അയമുട്ടി മാഷിനു ശമ്പളം കൊടുക്കാതിരിക്കാന്‍ മാനേജര്‍ കൊള്ളിക്കാടന്‍  മറന്നു പോയതേയില്ല !

 (തുടരും... )