Monday, May 14, 2012

ഉന്മാദം


എന്തോ..രുന്മാദമായിരുന്നു ..!
എന്തോരനന്തമാമാലസ്യമായിരുന്നു ..!!

മൃദുലാസ്യ ലഹരിതന്നുത്തുംഗ മേരുവില്‍
അവരോഹണം ചെയ്തങ്ങാകാശവീഥിയില്‍
അമ്പിളിമാമനെയുമ്മവെച്ചീടവേ 
തളിരിലയില്‍ ഊറുന്ന ഹിമബിന്ദുവായി   
കുളിരേകി യൊഴുകുന്ന ജലധാരയായി 
എന്തോ..രുന്മാദമായിരുന്നു ..!

മണിയറ പൂകുന്ന മണവാട്ടി- 
യണിയുന്ന,   മലര്‍മാല മണമേറ്റു-
മദരാഗമറിയുന്ന, മണവാളനെ-
രിയുന്ന മദനോല്‍സവത്ത്തിന്റെ,
പുലര്‍കാലെ വിരിയുന്ന 
പുതു മന്ദഹാസം.................
എന്തോ..രുന്മാദമായിരുന്നു ..!

ഞാനെന്നൊരുണ്മയെ
സാകൂതമറിയാതെ
എന്തേയെനിക്കു
ഭവിച്ചെന്നറിയാതെ,
വീണ്ടുമെന്‍ പ്രജ്ഞയെ കൂട്ടിലടക്കട്ടെ
ഇനി ഞാനൊന്നുറങ്ങട്ടെ ..............

(((((((((അമ്മ))))))))))


അമ്മമാത്രമായിരുന്നു
എനിക്കുള്ളതെല്ലാമെല്ലാം..
ഞാനുമോരമ്മയായ്
മുലപ്പാല്‍ ചുരത്തീട്ടും .. !

നിറബാല്യത്തിന്റെ കളകളാരവം
ഒരു തേങ്ങലായ് കണ്ണുനീരിന്റെ
അരുവിയില്‍  
ഒലിച്ചു പോയപ്പോഴും 
കൈവിരല്‍ നീട്ടിയത്‌ അമ്മയായിരുന്നു..!

പാവാടക്കുപ്പായവും  
മുത്തുമണിമാലകളും 
കുപ്പിവളകളും 
കൊച്ചു കിനാവുകളും 
വെച്ച് നീട്ടിയതും അമ്മയായിരുന്നു..! 

കഴുത്തില്‍ മിന്നുന്ന കാറയും
പിന്നെ അരയില്‍പോന്നേലസ്സു
മിരുപാദസരങ്ങളും കൈവകളും
അണിയിക്കാന്‍ കൊതിച്ചതും
എന്നേക്കാള്‍  എന്റെ അമ്മയായിരുന്നു...!

ചമല്‍ക്കാരമണിയാതെ  
മരവിച്ച, പുഷ്പിച്ചു വാടിയ   
എന്റെ ദാമ്പത്യ  മുകുളങ്ങളെ 
കൈ നീട്ടി വാങ്ങിയതും
നട്ടു നനച്ചു പോറ്റിയതും 
വാര്‍ദ്ധക്യമറിയാതെ പോയ    
എന്റെയമ്മ  തന്നെ ആയിരുന്നു..

വഴി യാത്രയിലെവിടെയോയെന്നെ 
കൈവിട്ടു കളഞ്ഞ പുരുഷ  ചാപല്യം 
ഇടിത്തീയായ്‌ തല  പിളര്‍ക്കാതെ
കാത്തതും   അമ്മേ ....... നീയല്ലേ  

ജീവിത വ്യഥകളില്‍
ഉഴലുമ്പോള്‍ ഞാനറിഞ്ഞു 
നീയില്ലായിരുന്നെകില്‍ 
ഞാനില്ല യെന്നതും,
ഞാനുള്ളതാണിന്നും 
നിന്‍ ജീവസാഫല്യമെന്നും  ..!