Friday, March 22, 2013

കണ്ണുകള്‍ അടയാതെ വെക്കുക


നീ നിന്റെ കണ്ണുകള്‍ അടയാതെ വെക്കുക ..
കനലായെരിഞ്ഞതാം  കഥകള്‍ നീയോര്‍ക്കുക 

കരിവീട്ടിയുടലുള്ള അടിയാച്ചെറുക്കനെ
ചളികൂട്ടിയന്തിക്കുമടവീണചിറയിലിട്ട-
ണതീര്‍ത്തകേമന്‍റെ ചതിനീമറന്നുവോ? 

മംഗല്യരാവിലപ്പുല്‍പ്പായ മെത്തയില്‍ 
മണവാളനറിയേണ്ടമലരിന്റെ കൌതുകം 
മുതലാളിയറിയുവാൻ ഗതി വന്നതെങ്ങനെ? 

അരിവാളുകൊണ്ടവളഴകുള്ള കൊങ്കകള്‍ 
അരിയുന്നു, ഇലയിലിയിട്ടധികാരിയിങ്കലേക്കണയുന്നു,
മൊഴിയുന്നു... 
"കരമേറ്റെടുക്കുവാന്‍ ഇനിയില്ല...മാറിടം" !

കത്തുന്നവെയിലത്തുമഴിയുംനിലാവത്തും 
അകത്തമ്മമാരെ നുകത്തിന്നു പൂട്ടിയിട്ടുടയോന്റെ
പാടങ്ങളോരോന്നുമുഴുതു മറിച്ചതുമോര്‍ക്കുക.

പതിരൊക്കെ മാറ്റിയളന്നിട്ട നെല്ലിന്റെ 
പാട്ടം വടിക്കുന്ന കങ്കാണി മൂപ്പനെ  
പറവടിക്കോലിനാല്‍ പണിതീര്‍ത്തതോര്‍ക്കുക.











കഥകള്‍...,...കടുംതുടികൊട്ടുന്ന വഴികളില്‍
കരവിരുതു വിളയുന്ന വയലുകള്‍ ചോമന്റെ
കതിരുകള്‍ നിറയുന്ന മനമായ് പ്രതീക്ഷയായ്‌.,.....(?)

ഒരുപാടു ദൂരം നടന്നു നാം സന്തതം,  
തുടിയൊച്ചകേള്‍ക്കാതെയാവുന്നു, കാണുന്നു 
അരുതാത്ത കാഴ്ചകകള്‍ നിത്യം നിരന്തരം..!

ഇടതൂര്‍ന്ന കാടുകള്‍ മരുഭൂമിയായതും 
ഇടപാടുചെയ്തവര്‍ ശതകോടി കൊയ്തതും
ഇടപടാന്‍ ചെന്നവര്‍ കുരുടരായ്പ്പോയതും 

മഴയില്ല ,മണലില്ല, നീരില്ല, നേരില്ല 
അകവും പുറവും കറുപ്പും വെളുപ്പമായ്
അടിവേരുപോലും മുറിക്കുന്ന സ്വാര്‍ത്ഥത..!

കടമെടുത്താദ്യത്തെ വിളയിട്ട കര്‍ഷകന്‍
മുടിയുന്ന പലിശയും ഇടിയുന്ന വിലകളും 
ഒടുവില്‍ക്കഴുമരം തനിയേ വരിക്കുന്നു ..

അരുമക്കുരുന്നിനെ  വില്‍ക്കുന്നൊരമ്മയും
ലഹരിക്കയങ്ങളില്‍, മൃഗമായി മാറിതന്‍
മകളെപ്പിഴപ്പിക്കുമച്ചനും മാന്യനായ്..!

ധര്‍മ്മിഷ്ടരാവും  പുരോഹിതസ്രേഷ്ട്ടരും
ധര്‍മ്മം വെടിഞ്ഞിട്ടു കാമാര്‍ത്തിയാലിന്നു
കൊന്നു തള്ളിപ്പിന്നെ  കള്ളസാക്ഷ്യം ചൊന്നു 

"ഉന്നതര്‍"," തിന്നിട്ട ഉച്ചിഷ്ടമെത്തയില്‍ 
നിന്ദിതര്‍ ശയനപ്രദക്ഷിണം ചെയ്യുന്നു
ഉന്നതം ഭരതന്റെ സാമ്രാജ്യമോഹങ്ങള്‍ !

തൊഴില്‍ തേടിയുഴറുന്ന അറിവിന്റെ ഭാരവും 
വഴിതേടിയലയുന്ന യുവതയും ലഹരിയും 
മഴവില്ലു വിരിയുന്ന പുതുചക്രവാളവും ..

ഖജനാവു ചോര്‍ത്തുന്ന അഴിമതിക്കഥകളാല്‍
നിറയുന്ന വളരുന്ന ദേശീയപൈതൃകം 
ഉടുമുണ്ടു വീണ്ടും മുറുക്കുന്ന പൊതുജനം !

പല ജാതി പല ദേശ പല വര്‍ഗ്ഗ ചിന്തകള്‍ 
എരിതീയിലെണ്ണ പകരുന്ന സംഘങ്ങള്‍ 
അരുതെന്നു പറയാത്ത നീതിപീഠങ്ങളും..!

എവിടെയാണിനിയെന്റെ അവസാന രക്ഷകര്‍,
കരയുന്നയമ്മതന്‍ അഭിമാന മോചകര്‍,
ഒരുനാള്‍ തിരിച്ചെത്തുമടിമതന്‍ നായകര്‍ ?

നീ നിന്റെ കണ്ണുകള്‍ അടയാതെ വെക്കുക ..
കനലായെരിഞ്ഞു കൊണ്ടണയാതിരിക്കുക... 

                           ****