Friday, June 8, 2012

5- ദര്‍സ്


കടവത്തിയൂരില്‍  സൂര്യന്‍ ഉദിച്ചുയര്‍ന്നു....
മൂടല്‍മഞ്ഞിന്റെ മൂടുപടമില്ലാത്ത  പ്രഭാതം  നെറ്റിയില്‍ പൊടിഞ്ഞ
തുഷാര ബിന്ദുക്കള്‍ കുളിര്‍കാറ്റിന്റെ ചേലത്തുമ്പാല്‍ തുടച്ചു കളഞ്ഞു ..
'മാറ്റം' പ്രാപഞ്ചിക സത്യങ്ങളില്‍,  മാറ്റാന്‍ കഴിയാത്തതായതിനാലും കാലപ്രവാഹത്തെ ഒരു ശക്തിക്കും പിടിച്ചു കെട്ടാനാവാത്തതിനാലും ഞങ്ങളുടെ ഗ്രാമത്തിലും മാറ്റങ്ങള്‍  സംഭവിച്ചു കൊണ്ടേയിരുന്നു...
ഇടയ്ക്കു ചിലര്‍ സ്വന്തം സമ്പത്തിന്റെയും അധികാരത്തിന്റെയും ധാര്‍ഷ്ട്ര്യം കാരണം ഈ ഒഴുക്കിനെ തടഞ്ഞു വെക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും...

രണ്ടാം ലോകമഹായുദ്ധം കടുത്ത ഭക്ഷ്യക്ഷാമം സമ്മാനിച്ച കാലം ..ഒരല്‍പം ധാന്യത്തിനായി മനുഷ്യന്‍ നെട്ടോട്ടമോടുന്ന  സാമൂഹ്യാന്തരീക്ഷം.. ! കരിച്ചന്തയും പൂഴ്ത്തിവെപ്പും സാര്‍വത്രികമായി.. ഗ്രാമങ്ങളില്‍ കിഴങ്ങുകളും പച്ചിലകളും പ്രധാന  ഭക്ഷണം ..പിന്നെ റേഷന്‍ ഗോതമ്പും !
കോളറ, വസൂരി മുതലായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിരുന്നു.. മയ്യത്തുകള്‍ നിത്യേന പള്ളിപ്പറമ്പില്‍ എത്തിക്കൊണ്ടേയിരുന്നു..
ചെരുകരയിലെ തോണിക്കാരായ  കീലേരി അബുകാക്കയും  വണ്ടിപ്പറമ്പന്‍ മായിനാജിയും കരിഞ്ച്ന്ത ക്കച്ചവടത്തില്‍ തടിച്ചു കൊഴുത്തു.. ഓലത്തടുക്കിട്ടു മൂടിക്കെട്ടിയ  വെപ്പുതോണികള്‍ അമാവാസിനാള്കളില്‍ രാത്രിയുടെ നിശ്ശബ്ദതയില്‍ വെള്ളക്കാരന്റെ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് വലിയ പുഴക്ക് താഴോട്ടും പിന്നെ മേലോട്ടും പലവട്ടം തുഴഞ്ഞു.

പള്ളിയുടെ ഇടത്തെ ചെരുവില്‍  എന്തോ  ഈച്ചയാര്‍ക്കുന്നു...........
കുഞ്ഞായന്‍ മുസ്ലിയാര്‍ അത് കണ്ടെത്തി...
തലേന്നു രാത്രി  മൌലൂദ് യോഗത്തിന് ഗോതമ്പ്  കാവ കൊണ്ടുവന്ന  ചെമ്പ് കഴുകിവെച്ചിട്ടില്ല..
സുബഹി നമസ്ക്കാരവും പ്രാര്‍ത്ഥനകളും പതിവുള്ള ഖുറാന്‍ പാരായണവും കഴിഞ്ഞു പുറത്തിറങ്ങിയ മുസ്ലിയാര്‍ ഒച്ച ഉയര്‍ത്താതെ മൊല്ലാക്കയെ വിളിച്ചു ..
"മോയിനേ.."
തോര്‍ത്ത്‌ മുണ്ടുടുത്തു  മൊല്ലാക്ക പള്ളിപ്പറമ്പിലേക്കിറങ്ങിയിരിക്കുന്നു....
വെട്ടിയിട്ടിരിക്കുന്ന കബറിന്റെ അടുത്ത്  കല്ലുകള്‍ എത്തിക്കുന്ന  ജോലി മൊല്ലക്കയുടെതാണ് 
മഹല്ലില്‍ മരണം നടന്നാല്‍ മൊല്ലാക്കക്ക് കൂലി കിട്ടും... 
കൂലി കിട്ടിയില്ലെങ്കിലും മൊല്ലാക്ക  ജോലി ചെയ്യും ..കബര്‍ തയ്യാറാവാഞ്ഞിട്ടു ഇനിയാരും മരിക്കാന്‍ മടിക്കണ്ട..!
എന്നാല്‍ മരണം ഗ്രാമങ്ങളില്‍ നിത്യ സന്ദര്‍ശകനായിത്തന്നെ തുടര്‍ന്നു..!! 
ക്ഷാമത്തിന്റെയും വറുതിയുടെയും നാളുകളില്‍ സന്തോഷിക്കുന്നവരായി  കീലേരിയുടെയും വണ്ടി ഹാജിയുടെയും കൂടെ മൊല്ലാക്കയും പെടുമായിരുന്നു..!

'ന്തേയ്......"

"ന്നല്‍ത്തെ കാവച്ചെമ്പില്......പ്പം ഈച്ചേ.. ള്ളൂ ..കൊറച്ചുടി കയിഞ്ഞാ എലിയും പിന്നെ പാമ്പും ..കേറും .."

അപ്പോഴാണ്  മൊല്ലാക്ക  അതോര്‍ത്തത് ..ദര്‍സിലെ കുട്ടികള്‍ കഴിച്ചതിന്റെ ബാക്കി കാവ വേഗം വീട്ടിലെത്തിക്കാന്‍ ഓടിയതായിരുന്നു.. ..ചെമ്പു രാവിലെ കഴുകണം എന്ന് കരുതിയതാ.... മറന്നു പോയി..

മഹല്ലിലെ വീടുകളില്‍ നിന്ന്  റബിഉല്‍അവ്വല്‍  മാസം പിറന്നാല്‍ നിത്യവും പലഹാരങ്ങളും കാവയും പള്ളിയിലെത്തിക്കും ..ഇതിനുള്ള  ടൈം ടേബിള്‍ ഉണ്ടാക്കുന്നതും വീടുകള്‍ ഏര്‍പ്പാടാക്കുന്നതും മോയിനാക്ക  തന്നെയാണ്,,
മോയിനാക്ക ഒന്നും മിണ്ടാതെ കാല് കഴുകി പള്ളിയില്‍ കയറി ചെമ്പെടുത്തു കിണറ്റു കരിയിലേക്ക് നടന്നു..

"മ്മാ ഉസ്താദും മോല്യാരുട്ട്യോളും ചെലവ്ന് ബര്നുണ്ട് " 
കൊന്തലയില്‍ തൂങ്ങി ചീരാപ്പൊലിപ്പിച്ചു നടക്കുന്ന ചെറുക്കന്‍ പറഞ്ഞു..

"മോല്യാരുട്ടി" അതായിരുന്നു ദര്സിലെ വിദ്യാര്തികള്‍ക്ക്  സമൂഹത്തില്‍ ബഹുമാനപൂര്‍വ്വം നല്‍കപ്പെട്ടിരുന്ന  പേര് .

 ഇടയ്ക്കിടെ ഓരോരോ വീടുകളില്‍ വെച്ചും മൌലൂദ്  ഉണ്ടാവും ദര്സിലെ മോല്യാരുട്ടികള്‍ (പഠിതാക്കള്‍) ഉസ്താദുമാരോടോന്നിച്ചു ഇഷാ നമസ്ക്കാരം കഴിഞ്ഞു ആ  വീടുകളിലെത്തും , എല്ലാവരും കൂടി ഉമ്മറത്ത്‌ വിരിച്ച  പായയില്‍ വട്ടത്തില്‍ ഇരിക്കും , പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഉസ്താദ്  ഏട് തുറന്നു ഈണത്തില്‍ പാടുന്നു..

"മൌലായ  സെല്ലിവസാ....
ലില്ലാഹി മന്‍ അബദാ...
അലാ ഹബീബിക്ക  ഖയി-
രിന്‍ഹല്കി കുല്ലി ഹിമീ......

മഹാനായ അന്ത്യപ്രവാചകന്റെ ജന്മദിന സന്ദേശം പാടിപ്പുകഴ്ത്തുകയാണ്  . ശുഭ്രവസ്ത്രധാരികളായ തലയില്‍ വാലിട്ടു കെട്ടിയ മുതഅല്ലിംകള്‍ ഏറ്റുപാടുന്നു.. ഓരോരോ വരികളും ഈണത്തില്‍.
കേട്ടുനില്‍ക്കുന്ന വീട്ടുകാരും കൂട്ടത്തില്‍ പാടുന്നു.. അകത്തു ബഹളമുണ്ടാക്കുന്ന വികൃതിക്കുട്ടികളെ ഉമ്മമാര്‍ നുള്ളിഒതുക്കുന്നു.. വാ‍വിട്ടു കരയാനോരുങ്ങുന്നവന്റെ വായില്‍ തട്ടം കുത്തിത്തിരുകുന്നു,..!
അടുപ്പത്തു ചെമ്പില്‍ വേവുന്ന  ഗോതമ്പ് കാവയില്‍ ചേര്‍ത്ത നല്ലജീരകത്തിന്റെ മണം ഒഴുകിപ്പരക്കുന്നു.. മോല്യാരുട്ടികളുടെ വായില്‍ കപ്പലോടിക്കാന്‍ പാകത്തിന് വെള്ളമൂറുന്നു.. 
ഭക്തിയും  ശാന്തിയും വിശപ്പും ഒത്തൊരുമിക്കുന്ന  ചില മണിക്കൂറുകള്‍ പിന്നിടുന്നു....
ഉസ്താദ്  മൌലൂദു ഓത്ത് അവസാനിപ്പിക്കാനാവുമ്പോഴേക്കും അടുക്കളയില്‍ ചെമ്പില്‍ ഗോതമ്പ് കാവ  തയ്യാറായിരിക്കും ..
പിന്നെ പാത്രങ്ങളുടെയും ചെമ്പിന്റെയും മോല്യാരുട്ടികളുടെയും ഒരുയുദ്ധമാണ്.. !

 വീട്ടിലെ കാരണവര്‍ സദര്‍മുദര്രിസ്സിനും മുതഅല്ലിംകള്‍ക്കും കൈമടക്ക് കൊടുക്കും ..  തുച്ചമായ  പൈസയാനെന്കിലും അത് കൊടുക്കലും അതുപോലെ തന്നെ സ്വീകരിക്കലും പ്രധാനമായിരുന്നു.!

മെലിഞ്ഞുണങ്ങിയ വികൃതിയായിരുന്ന വാളപ്പുറത്തുകാരന്‍ മോല്യാരുട്ടി ഒരിക്കല്‍ തമാശയായി പാടിയത് ബാവുട്ടന്‍ ഓര്‍ത്തു: 
"യാ നബീ സലാം അലൈകും ...
നാളത്തെ കാവ  ഏടെ..യ്ക്കും " 

മുതഅല്ലിംകള്‍ക്ക് ചെലവുകൊടുക്കാന്‍ മഹല്ലത്തിലെ വീട്ടുകാര്‍ മത്സരിച്ചു. അതൊരൈശ്വര്യമായി വീട്ടുകാര്‍ കണക്കാക്കിയിരുന്നു..തന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തുന്ന മുതഅല്ലിമിനു വേണ്ടി അവര്‍ വിശിഷ്ട ഭോജ്യങ്ങള്‍ ഒരുക്കി..അവനെ ഒരു കുടുംബാംഗത്തെപ്പോലെ കണ്ട് സുഖദുഖങ്ങളില്‍ അവരെ പങ്കാളികളാക്കുകയും ചെയ്തു. ആ മുതഅല്ലിമില്‍ നിന്നും ഉന്നതമായ സ്വഭാവഗുണങ്ങള്‍ വീട്ടുകാര്‍ പകര്‍ത്തി. അന്യനാടുകളില്‍ നിന്ന് വന്ന് താമസിച്ചുപഠിക്കുന്ന മുതഅല്ലിംകളുമായി കൂട്ടു കൂടുന്നത്  സ്വന്തം കുട്ടികളുടെ സ്വഭാവഗുണങ്ങള്‍ക്ക് നിദാനമാവുമെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.

മഗ്‌രിബ് നിസ്‌കാരാനന്തരം കത്തിച്ചുവെച്ച നിലവിളക്കിനു ചുറ്റും ഇരുന്നു നടക്കുന്ന സജീവമായ ഒന്നാം ദര്‍സ്. ഇശാ നിസ്‌കാരനന്തരം മുദരിസിന്റെ നേതൃത്വത്തിലുള്ള ഹദ്ദാദും, പിന്നീട് നടക്കുന്ന സുന്നത്ത്, വിത്‌റ് നിസ്‌കാരങ്ങളും.   ഭക്ഷണം കഴിഞ്ഞു വന്നാലുള്ള രണ്ടാം ദര്‍സും...
രാവും പകലും മുതഅല്ലിമുകള്‍ക്ക് ഗുരുമുഖത്തു നിന്ന്  ഉപദേശങ്ങള്‍; സംശയ നിവാരണങ്ങള്‍...
മുസ്ലിം സമുദായത്തില്‍ മത-ഭൌതിക വിദ്യാഭ്യാസത്തില്‍ സുപ്രധാന  സ്ഥാനമായിരുന്നു അന്ന്  പള്ളി ദര്സുകള്‍ക്കുണ്ടായിരുന്നത്..ആരാധനാലയകേന്ദ്രീകൃതമായ  ഗുരുകുല  വിദ്യാഭ്യാസം.

എന്നാല്‍ കുഞ്ഞായന്‍ മുസ്ലിയാര്‍ ഇതിലൊക്കെ ഉപരിയായി ദീര്‍ഘവീക്ഷണം ഉള്ള  മുദരിസായിരുന്നു.

"ഞമ്മളെ കുട്ട്യോള്  ദര്‍സില്‍ കിതാബുകള്‍ മാത്രം ഓതിപ്പടിച്ചാപ്പോരല്ലോ.... കാലം മാറുമ്പോ ഞമ്മക്കും ണ്ടാവണ്ടേ കൊറച്ചൊക്കെ മാറ്റങ്ങള്.." ഇപ്പൊ എല്ലാരും സ്കൂളിപ്പടിച്ചു ഉദ്യോഗസ്ഥന്മാരവണ കാലാണ് "

പള്ളിയില്‍ നിന്നിറങ്ങി  മക്കാനിയില്‍ നിന്ന്  കട്ടന്‍ചായയും പപ്പടവും കഴിച്ചു കൊണ്ടിരിക്കെ കുഞ്ഞായന്‍ മുസ്ലിയാര്‍ പറഞ്ഞു....

സദസ്സ്  കുറച്ചു നേരം നിശ്ശബ്ദമായി ...അവിടെയിരുന്നവരില്‍ ചിലരെങ്കിലും കുഞ്ഞായന്‍ മുസ്ലിയാരുടെ ഈ പ്രസ്താവന  മനസ്സുകൊണ്ട്  അംഗീകരിച്ചു ..

"ന്ത്  മാറ്റം...?  നരകത്തിലെ ബാസ പടിച്ചണ്ടാന്നു കിലാഫത്തിന്റെ കലാം തൊട്ടു ബാപ്പ  ബല്യാപ്പാര്  ഓതിത്തന്നതു ങ്ങള്  മിണുങ്ങല്ലി മോല്യാരെ..."
കാരിക്കുരച്ചു മുറ്റത്തേക്ക് നീട്ടിത്തുപ്പി,   സമ്പത്തിന്റെ അഹങ്കാരത്തിളപ്പില്‍  കണക്കാംപാടി അസലംകുട്ടികാക്ക  നൊടിഞ്ഞു..

പള്ളിയില്‍ ഖത്വീബ് ആയത് മുതല്‍ കുഞ്ഞായന്‍ മുസ്ലിയാര്‍ ചെറിയ ചെറിയ  പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരുന്നു...ചെറിയ പെരുന്നാളിന് പള്ളിക്കമ്മറ്റിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതും കണക്ക് സൂക്ഷിക്കാന്‍ പള്ളിപ്പറമ്പന്‍ മോയ്തീനാജിയെ ചുമതലപ്പെടുതിയതും മഹല്ലിലെ ചിലര്‍ക്കൊക്കെ ചില്ലറ പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു.
അതിലൊരാളാണ്  ഇപ്പൊ നൊടിഞ്ഞതും !

കുഞ്ഞായിന്‍ മുസ്ലിയാര്‍ പൊന്നാനിപ്പോയി പഠിച്ചു വന്നയാളാണ്. ഖുര്‍ആനും പത്തുകിതാബുകളും മന:പാഠമാക്കിയ  ആളാണ്‌. വലിയ തങ്ങളുപ്പാപ്പന്റെ കാലശേഷം  നാട്ടില്‍ വെളിച്ചം പരത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന വിനയത്തിന്റെ പര്യായമായ  ഒരു വ്യക്തിത്വമാണ്..
പുറത്തു പോയി പഠിച്ചത്  കൊണ്ടായിരിക്കാം കുറച്ചൊക്കെ ഭൌതിക  വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കിയതും !
ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ ക്രിസ്തീയ സഭകളും മിഷനറിമാരും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു..കേരളത്തിലുടനീളം പുതിയ വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു . ഇതിലൂടെ അവര്‍ മതപരിവര്‍ത്തനത്തിന്  വിത്തും വളവും വെള്ളവും നല്‍കിപ്പോന്നിരുന്നു..
നവീനവിദ്യാഭ്യാസത്തിലൂടെ സർക്കാർ ഉദ്യോഗങ്ങളും പദവികളും നേടാമെന്നുവന്നു. ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയവർക്കു ജോലിസാദ്ധ്യതകള്‍ തെളിഞ്ഞുവന്നു .
വ്യാപാരരംഗം സജീവമായതോടുകൂടി അഭ്യസ്തവിദ്യർക്ക് അവിടെയും തൊഴിലവസരങ്ങൾ വർദ്ധിച്ചു. വ്യാപാരപ്രമുഖർ, വ്യവസായികൾ, അദ്ധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ കൂട്ടരടങ്ങിയ ഈ പുതിയ ജനവിഭാഗം സമൂഹത്തില്‍ വരേണ്യ സ്ഥാനം കയ്യടക്കുന്ന  സ്ഥിതി സംജാതമായിരുന്നു..
കുന്നുമ്മല്‍  മുപ്പതുകളില്‍ ആരംഭിച്ച സര്‍ക്കാര്‍ വിദ്യാലയവും അവിടുത്തെ വിദ്യാഭ്യാസ രീതിയും പുതു തലമുറയില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍  വേണം എന്ന ചിന്തയുടെ വിത്തുപാകിയിരുന്നു.

മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന  മലബാറില്‍ ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അപേക്ഷിച്ചാല്‍ വിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുമതി കിട്ടും എന്നു,   അന്ന്  പുഴക്കക്കരെ അധ്യാപകനായി ജോലി നോക്കിയിരുന്ന കമ്മാലി മാഷ്‌ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞായില്‍ മുസ്ലിയാര്‍ ഒരു അപേക്ഷ  കൊടുത്തു..കമ്മാലി മാഷ്‌  തന്നെയാണ് അപേക്ഷ  ഇഗ്ലീഷില്‍ എഴുതിയുണ്ടാക്കി കൊടുത്തതും . 
താമസിയാതെ  സ്കൂള്‍ അനുവദിച്ചുകൊണ്ട്  ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉത്തരവ്   കുഞ്ഞായില്‍ മുസ്ലിയാര്‍ അഞ്ചലോട്ടക്കാരന്‍ കുഞ്ഞാമുവില്‍ നിന്ന്  കൈപ്പറ്റി.. !
അങ്ങനെ...... പള്ളിയാളിക്കാര്‍ക്കും കിട്ടി ഒരു സ്കൂള്‍...
അനുമതി കിട്ടാനായിരുന്നില്ല  പ്രയാസം .. സ്കൂളിന് കെട്ടിടം പണിയണം ..അധ്യാപകനെ നിയമിക്കണം.. അയാള്‍ക്ക്‌ ശമ്പളം കൊടുക്കണം ..!

കുഞ്ഞായന്‍ മുസ്ലിയാര്‍ ശരിക്കും വിയര്‍ത്തു പോയി ..!

നനഞ്ഞിറങ്ങിപ്പോയില്ലേ.  ഇനി കുളിച്ചു തന്നെ കേറണം ..! .കയ്യിലുരുക്കൂട്ടിവെച്ച  കാശെല്ലാം ചെലവാക്കി  സ്വന്തം ഭൂമിയില്‍ ഒരുവിധം തറകെട്ടി ...മുളയും കവുങ്ങുമായി കുറെയൊക്കെ സംഭാവനകള്‍ കിട്ടി.. എങ്കിലും കേട്ടിമെയാന്‍ ഓലയും കൂലിയും ഒത്തില്ല  ..!
ഒടുവില്‍ ...മുസ്ലിയാര്‍ , വീടരുടെ കഴുത്തിലെ ചങ്കേലസ്സ്  നയത്തില്‍ ചോദിച്ചു വാങ്ങി , രാമര്‍ മഠത്തില്‍ കൊണ്ട് പോയി വിറ്റു..!
അങ്ങനെ ഞങ്ങളുടെ ഈങ്ങല്ലീരി എലിമെന്ററി സ്കൂള്‍ പണി തീര്‍ന്നു ...

വെള്ളിയാഴ്ച ജുമുഅ  നമസ്ക്കാരം കഴിഞ്ഞു മുസ്ലിയാര്‍ പ്രഖാപിച്ചു:
"മഹല്ലിലെ കുട്ടികളെ എല്ലാരും സ്കൂളില്‍ ചേര്‍ത്തണം" ....ഇനിള്ള കാലം കൂലിപ്പണികൊണ്ടും കൃഷിപ്പണി കൊണ്ടും മാത്രം കഴിഞ്ഞു കൂടാന്‍  പറ്റൂലാ .."

നാട്ടില്‍ വന്നു കൊണ്ടിരിക്കുന്ന  മാറ്റങ്ങള്‍  യുവാക്കള്‍ ഉള്‍ക്കൊണ്ടിരുന്നു.അകമഴിഞ്ഞ് സ്കൂളിന്റെ സംസ്ഥാപനത്തിന്  അവര്‍ സഹകരിച്ചു.. കടവെത്തിയൂരില്‍ നവയുഗ സംസ്കാരം പതുക്കെ പച്ചപിടിക്കുകയായിരുന്നു..

പള്ളിദര്‍സിലെ കുട്ടികളും സ്കൂളില്‍ ചേരണമെന്ന്  കുഞായന്‍ മുസ്ലിയാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും മഹല്ല്  കമ്മിറ്റിയുടെ എതിര്‍പ്പുണ്ടാവും എന്ന്  കരുതി നിശബ്ദനായി.

 കണക്കാംപാടി അസലംകുട്ടികാക്കയും ഇളയക്കോട്ടു മമുട്ടി ഹാജിയും ഇടഞ്ഞു തന്നെ നിന്നു,,

" ങേ......ഞ്ഞി പ്പം ഞമ്മളെ കുട്ട്യോളും തുക്ടിസായ്‌വും മെറ്റും മെറ്റും ആയിട്ട് പത്രാസ്സില്  മഞ്ചല്  കേറി ഒരു വരവുണ്ടാവും!" 
മക്കാനിയിലിരുന്ന്  അവര്‍ കുഞ്ഞായാന്‍ മുസ്ലിയാരെയും കൂടെനിന്ന യുവാക്കളയും പലകുറി ഇളക്കി..
സ്കൂള്‍ നടത്തിക്കൊണ്ടുപോവാന്‍ ആദ്യകാലത്ത്  വലിയ  പ്രയാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല കാരണം രക്ഷിതാക്കള്‍ മക്കളെക്കുറിച്ച്  പുതിയ  സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയതിനാല്‍ പണമായും മറ്റു കാര്‍ഷിക  വിഭാവങ്ങളായും സംഭാവനകള്‍ കിട്ടിക്കൊണ്ടിരുന്നു..
ഇതുതന്നെയായിരുന്നു..ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനു പ്രധാന  കാരണവും..പള്ളിക്കമ്മറ്റിക്ക് കിട്ടുമായിരുന്ന സംഭാവനകല്ലേ ഇതൊക്കെയും !.   ആരും കാണാതെ അവര്‍ പല്ല് ഞറുമ്മി ..!

" ദോക്കെ കിയാമത്തിന്റെ അലാമത്താ"  ...അസലംകുട്ടികാക്ക ഫത്വവ ഇറക്കി..
എന്നാല്‍  അതിനു  റാന്‍ മൂളാന്‍ അധികമാരും ഉണ്ടായിരുന്നില്ല ..

സൂര്യന്‍ തന്റെ രഥം പലതവണ  തെക്കോട്ടും വടക്കോട്ടും ഓടിച്ചു..

ഈങ്ങല്ലീരി എലിമെന്ററി സ്കൂള്‍ സ്കൂളില്‍ ഒന്നാം തരം മുതല്‍ എഴാതരം വരെ തോല്‍ക്കാതെ പഠിച്ചു കേറിയവരില്‍ ബാവുട്ടന്റെ ഉപ്പയും പീ ടീ കാക്കയും അലവികാക്കയും കുഞ്ഞായാന്‍ മുസ്ലിയാരുടെ അനുജന്‍ അബ്ദുകാക്കയും ഒക്കെയുണ്ടായിരുന്നു.. അഞ്ചാം തരത്തിലെത്തിയപ്പോള്‍ കുന്ന്മ്മലെ ഡിസ്ട്രിക്റ്റ് ബോര്‍ഡ്‌ സ്കൂളിലും ചെറുകരയിലെ എലിമെന്ററി സ്കൂളിലും പഠിച്ചിരുന്നവര്‍ അവര്‍ക്ക് പുതിയ കൂട്ടുകാരായി വന്നു ചേര്‍ന്നു. 
സുഹ്ര്ദ്‌ സംഘത്തിന്റെ ഉദയം വാസ്തവത്തില്‍ ഇവിടെയായിരുന്നു. പിന്നീട്ട് സ്നേഹിതന്‍ ലോഡ്ജും അതിലൂടെ ഉണ്ടായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം വഴിമരുന്നിട്ടത്  ഈ കൂട്ടായ്മ തന്നെയായിരുന്നു. 
സ്കൂളിന്റെ പേര്  ഈങ്ങല്ലീരി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നായി മാറി..

പക്ഷെ.. അപ്പോഴേക്കും കുഞ്ഞായാന്‍ മുസ്ലിയാരുടെ നടു ഒടിഞ്ഞു പോയിരുന്നു..!
കുട്ടികള്‍ ഏറുമ്പോള്‍ സൌകര്യങ്ങളും അധ്യാപകരും ഒക്കെ കൂടണമല്ലോ..
എന്നാല്‍ വരുമാനം ഒന്നും ഇല്ലാതെ,  ഇതൊക്കെ ഉണ്ടാക്കുക  ഒരു സാധാരണ  ഖത്തീബും മുദരിസ്സുമായി ജോലി നോക്കിയിരുന്ന  കുഞ്ഞായന്‍ മുസ്ലിയാര്‍ക്ക്  അസാധ്യമായിരുന്നു... ഇതുവരെ
എങ്ങനെയൊക്കെയോ സ്കൂള്‍ നടത്തിയത് തന്നെ സഹോദരങ്ങളായ  ചുമട്ടുകാരുടെ വരുമാനം കൂടി ഉപയോഗിച്ചിട്ടായിരുന്നുവന്നത് പറയാതെ പുറത്തറിഞ്ഞ സത്യം  !

ആ വര്‍ഷം,  കെട്ടിമേയാന്‍ കാശില്ലാതെ വന്നപ്പോള്‍ , കുഞ്ഞായന്‍ മുസ്ലിയാര്‍ പുതുക്കിപ്പണിയാണെന്നും  പറഞ്ഞു ബീടരുടെ അരഞ്ഞാണം പൊതിഞ്ഞു കെട്ടി വീട്ടില്‍ നിന്നിറങ്ങി..!
പിന്നീടൊരിക്കലും ആ അരഞ്ഞാണം തിരിച്ചു വന്നില്ലെന്ന്  നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.!

അധ്യാപകരുടെ ശമ്പളം കുടിശ്ശിക  വന്നതാണ്‌ കാര്യങ്ങള്‍ അങ്ങാടിയില്‍ ചര്‍ച്ചയാകാന്‍ കാരണം ..
മടവൂര്‍കാരനായിരുന്ന  ഒരു മൂസക്കുട്ടി മാസ്റ്റര്‍ ആദ്യമായി  ഉടക്കി..!

സംഗതികള്‍ അത്ര പന്തിയല്ലെന്നു മണത്തറിഞ്ഞ  അസലംകുട്ടികാക്കയും മമ്മുട്ടി ഹാജിയും  സില്‍ബന്ധികളും ഊറിച്ചിരിച്ചു ..

" പ്പങ്ങനെണ്ടൂ .....നാട് നന്നാവട്ടെ....... ഓന്ടൊരു പരിസ്ക്കാരം ..ഒനോന്റെ തറവാട് എന്നാ പൊളിച്ചു ബിക്കുണുന്നു നോക്കിക്കൊളീ ..' 

കുഞ്ഞായന്‍ മുസ്ലിയാരുടെ സഹോദരങ്ങള്‍ഇതൊരുവെല്ലുവിളിയായിഏറ്റെടുത്തു.!
കുടുംബത്തിന്റെ മാനം കാക്കാന്‍, ..അവര്‍ കഠിനമായി അധ്വാനിച്ചു ...ചുമടെടുത്തു......മരപ്പണിക്ക് പോയി... കുടുംബത്തോടൊപ്പം സ്കൂളും അവര്‍ പോറ്റി വളര്‍ത്തി.. അതും കുറെക്കാലം ..!

വീണ്ടും ശമ്പളം മുടങ്ങിയപ്പോള്‍ മൂസ്സകുട്ടി മാസ്റ്റര്‍ കമ്മാലി മാഷുമായി രഹസ്യമായി കൂടിയാലോചിചു.
സ്കൂളിന്റെ ഭരണത്തിനു അവസരം കിട്ടാത്തത് കൊണ്ടോ എന്തോ കമ്മാലിമാഷ് കുഞ്ഞായന്‍ മുസ്ലിയാരുമായി ഒരല്പം അസ്കിതയിലായിരുന്നു...വീണു കിട്ടിയ  അവസരം കമ്മാലിമാഷ്  ഉപയോഗപ്പെടുത്തി..ഒരു പരാതി തയ്യാറാക്കി ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിനു അയച്ചു കൊടുത്തു..

അന്വേഷണത്തിനു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തന്നെ വന്നു.. കുതിരവണ്ടി പോയോത്തും കടവില്‍ അക്കരെ നിര്‍ത്തി,  വെളുക്കെ ചിരിച്ചു നിരന്തരം മുറുക്കി തുപ്പുന്ന, ചെവി നിറയെ പൂടയുള്ള, തുപ്രന്‍നമ്പൂതിരി പല്ലക്കിലേറി പള്ളിയാളിയില്‍ വന്നിറങ്ങി..
പെട്ടെന്നുള്ള  സന്ദര്‍ശനമായതിനാല്‍ സ്കൂളില്‍ എല്ലാം അലങ്കോലമായിരുന്നു... അധ്യാപകരില്‍ മൂസ്സ സ്സക്കുട്ടി മാഷും കൊണ്ടോട്ടി മുഹമൂദ്‌ മാഷും മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ..  ആവശ്യത്തിന്  
ഇരിക്കാനുള്ള  ഇരിപ്പിടങ്ങളോഉപകരണങ്ങളോ ഒന്നും ഇല്ലായിരുന്നു.... 
ആവര്‍ഷം കെട്ടിമേയാത്തതിനാല്‍  ദ്രവിച്ചു  ദ്വാരങ്ങള്‍ വീണ മേല്‍ക്കൂരയിലൂടെ സൂര്യതാപം കുട്ടികളുടെ മൂര്‍ദ്ധാവില്‍ തന്നെ പതിക്കുന്നുണ്ടായിരുന്നു...!
തുപ്രന്‍ നമ്പൂതിരി കൂടുതല്‍ സമയം അവിടെ ചെലവഴിച്ചില്ല..പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടതാകണം കാരണം..!

വിവരങ്ങള്‍ അറിഞ്ഞു ..കുഞ്ഞായന്‍ മുസ്ലിയാര്‍ ..തകര്‍ന്നു പോയി !. ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ ഗദ്ഗദം അണപൊട്ടിയൊഴുകി ..ആ രാത്രി മുഴുവന്‍ തന്റെ നിസ്സഹായതയയുടെ വിഹ്വലതയില്‍  ആ മനുഷ്യസ്നേഹി  ഉറങ്ങാതെ ചിന്തകളുമായി കഴിച്ചു കൂട്ടി..!

സുബഹി ബാങ്ക്  വിളിക്കാന്‍ നേരം മൊല്ലാക്ക ഒളുവെടുത്തു അകംപള്ളിയില്‍ കയറി എല്ലായിടത്തും നോക്കി ........." എന്ത് പറ്റി..!" 
എന്നും തന്നെക്കാള്‍ മുമ്പ്  പള്ളിയിലെത്തി ഖുറാന്‍ പാരായണം ചെയ്തിരിക്കാറുണ്ടായിരുന്ന കുഞ്ഞായന്‍ മുസ്ലിയാരെ കാണുന്നില്ല ..!
ഉറങ്ങിപ്പോയതായിരിക്കും ..എല്ലാവരും സമാധാനിച്ചു..
എന്നാല്‍...
അതിനു ശേഷം  കുഞ്ഞായന്‍ മുസ്ലിയാരെ  ഒരു പാട് കാലം കടവത്തിയൂര്‍കാര്‍ ആരും കണ്ടില്ലത്രെ..!
അഞ്ചലോട്ടക്കാരന്‍ കുഞ്ഞാമു കാക്ക രണ്ടു ദിവസം കഴിഞ്ഞു ഒരു സുപ്രധാന  വാര്‍ത്ത‍ കടവത്തിയൂരില്‍ എത്തിചു..
ഈങ്ങല്ലീരി  സ്കൂള്‍ മുക്കിലങ്ങാടിയിലെ വലിയ  ഹൈദരുട്ടിഹാജിക്ക് തീരെഴുതികൊടുത്തിരിക്കുന്നു..!

( തുടരും...)