Wednesday, August 15, 2012

സ്വാതന്ത്ര്യത്തിന്റെ പേറ്റുനോവ്‌




ഇനിയുമീ സ്വാതന്ത്ര്യം പാടിപ്പുകഴ്ത്തരുത്.
ഇനിയുമീ നാടിന്‍റെ മാനം കെടുക്കരുത്.

ഇനിയുമായിലകള്‍ പൊഴിക്കും ചരിത്രത്തെ 
അറിയാതെപോലുമൊന്നകമേ ശപിക്കരുത്.

ഒരു നല്ലനാളെയെന്നുയിര്‍കൊണ്ട മക്കളെ 
ഒരു പൊയ്ക്കുതിരയെപ്പൂട്ടിയ വണ്ടിയില്‍

ഒരുപാട് കാലമായ്‌ കണ്‍കെട്ടു വിദ്യയാല്‍  
പല ചൊല്ലുകാഴ്ചകള്‍ കാട്ടിച്ചതിക്കുന്നു !


ആവടിപ്പൂരത്തിനുണ്ടായ വെളിപാട് 
ആടിത്തിമര്‍ക്കുവാന്‍ വഴിപാടു നേര്‍ന്നു നീ

ആരോഹണം ചെയ്ത തമ്പുരാക്കള്‍ക്കായി 
ഗോപുരപ്പടിവാതില്‍ താഴിട്ടു പൂട്ടിനീ

നാടന്‍ വാങ്ങിയെന്‍ നാടുനന്നാക്കുവാന്‍ 
നാടുമുഴുക്കെപ്പെരുമ്പറ കൊട്ടി നീ

നാവിട്ടലച്ചിട്ടു നിലവറക്കുള്ളിലെ 
പൊന്നിട്ട പെട്ടികള്‍ കയ്യിട്ടു വാരി നീ

ഉടുമുണ്ടു ചുറ്റിപ്പുതച്ചോരാ വൃദ്ധന്റെ 
ഉടയാത്ത വിഗ്രഹം മറയാക്കി മാറ്റി നീ

ആളുകള്‍ക്കന്നം കൊടുക്കുന്ന കൈകളില്‍ 
ജോലിക്ക് കൂലിയും ഭിക്ഷയായ്‌ നല്‍കി നീ

ആരൂഡമൂല മീ  കാടിന്റെമക്കളെ
ആയുധം കൊണ്ടിന്നു മാന്തിപ്പറിച്ചു നീ

ഊഴിതന്നാഴത്തിലെന്നോ സമൃദ്ധമാം
നാകവുമശ്മജമെല്ലാമെടുത്തു നീ

എണ്ണപ്പണത്തിനാല്‍ വണ്ണം പെരുക്കുന്ന
പങ്കു കച്ചോടത്തില്‍ കണ്ണ് വെക്കുന്നു നീ

പങ്കപ്പാടല്ലാതെ പങ്കുവെക്കാനൊന്നു
മില്ലാതെ സങ്കടം തിന്നുന്നു പാമരന്‍ !

അരുതെന്നുചൊന്നവര്‍, അടിമതന്‍ മോചകര്‍ 
അരുതാത്ത കനികള്‍ ഭുജിച്ചിട്ടു മത്തരായ്‌

ഒരുകയ്യില്‍ വേദവും മറുകയ്യില്‍ വാളുമായ്‌
ഉറയുന്ന ദൈവങ്ങള്‍ നാടിന്നു  ശാപമായ്‌

ഇരുകാലികള്‍ പതിതര്‍ ഇനിയും പൊറുക്കില്ല 
അരുതായ്മയ്കള്‍ മാത്രമറിയുന്ന കൂട്ടരേ..

ഉറയുന്ന മൌനത്തിന്‍ ഗര്‍ഭാശയങ്ങളില്‍ 
എരിയുന്നു പുകയുന്നു...  പേറ്റുനോവ്...
..........
എഴുതാപ്പുറങ്ങള്‍ തന്‍ പേറ്റുനോവ് ...!