അപ്പു നായരുടെ കൈവിരല്‍ എന്റെ കൈ പിടിയില്‍ നിന്ന് ഊര്‍ന്നു പോയി
അല്ലെങ്കിലും... പരുപരുത്ത ആ കൈവിരല്‍ പിടിച്ചു തൂങ്ങിയുള്ള ഈ നടത്തം
അത്ര സുഖമുല്ലള്ളതായി തോന്നിയില്ല....
"അട കുട്ട്യേ..... ജ്ജോന്നു ബേഗം നട കുട്ട്യേ.."
ദേഷ്യം തോന്നി ...ദയ എന്നാല്‍ എന്താ എന്ന് ഈ നായര്ക്ക് അറിയില്ലേ ?
കൂടെയെത്താനായി ഒരു കാതം ഓടേണ്ടി വന്നു ..
ചുവന്നു ക്രൂരമായ കണ്ണുകളോടെ പുരികം വളച്ച് അപ്പുനായര് നോക്കുന്നു...
പേടി തോന്നി ...ഇയാള്‍ ദുഷ്ടനാനെന്നു ഉമ്മ എപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്
ഇയാളൊരു തറവാടി നായരായിരുന്നുവെന്നു ഉപ്പ പറഞ്ഞാണ് അറിയുന്നത്
എങ്കിലും പുടവ കൊടുത്തത് തിയ്യത്തിക്കാണത്രേ ...
'അമ്മുക്കുട്ടി. '
ആയ കാലത്ത് അവളൊരു സുന്ദരി ആയിരുന്നിരിക്കണം ..
അല്ലെങ്കില്‍ ഈ തറവാടി നായര് ഒരു തിയ്യത്തിയെ വേട്ടു പൊറുപ്പിക്കുമോ ?
ഇരട്ട പെറ്റ രണ്ടു പെണ്‍കുട്ടികളെയും ഒക്കത്ത്കെട്ടി മെലിഞ്ഞുണങ്ങിയ മുലകളുമാട്ടി മൂവന്തി മയങ്ങുമ്പോള്‍ ഇരുളിന്റെ മറ പറ്റി അമ്മുക്കുട്ടിയുടെ മാറ് മറക്കാത്ത കൃശഗാത്രം ഇടവഴിയിലൂടെ പോകുന്നത് കൌതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. തലയിലെ ഭാണ്ഡക്കെട്ടില്‍ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും നായര്‍ക്ക് വെച്ച് വിളമ്പാനുള്ള അരിയും ചില്വാനവുമായിരുന്നത്രേ ...ഇടയ്ക്കെപ്പോഴെങ്കിലും ഉമ്മ ദാനം കൊടുക്കുന്ന നാളികേരം ഈ കെട്ടിന്റെ മുകളില്‍ വെച്ച് ബാലന്‍സ് ചെയ്യാന്‍ പണിപ്പെട്ടു അവള്‍ നടത്തം തുടരും ..
" ജ്ജ് ന്തട കുട്ട്യേ കിനാവ് കാണ്വാ ...ഒന്ന് ബേങ്ങട്ടു നടക്കേ.."
നായരുടെ ചെലമ്പിച്ച ശകാരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി..
അരീക്കോട് ചന്തയാണ് ലക്ഷ്യം ...നടക്കേണ്ട ദൂരത്തിന്റെ കാല്‍ ഭാഗം പോലും ആയിട്ടില്ല ..എന്റെ കൊച്ചു കാലുകള്‍ ക്ഷീണിച്ചു തുടങ്ങിയിരുന്നു..
പൊറ്റമ്മലങ്ങാടിയാണ് മുന്നില്‍ ..അങ്ങാടിയിലെത്തിയാല്‍ നായര്‍ക്ക് ഒരു ചായകുടി ഉണ്ടാവും ..അപ്പോള്‍ അല്പം വിശ്രമം കിട്ടും എന്ന് സമാധാനിച്ചിരുന്നു..
പടിഞ്ഞാറ് ചെറുവാടിക്കടവത്ത് നിന്നു ചരക്കും കെട്ടി വരുന്ന കാളവണ്ടികള്‍ അങ്ങാടിയില്‍ നിറുത്തിയിട്ടിരിക്കുന്നു.. വായില്‍ നിന്നു കേലയൊലിപ്പിച്ചു കൊണ്ട് കാളകള്‍ അയവിറക്കുന്നു.. ഈച്ചകള്‍അവയുടെ മൂക്കിന്‍ തുമ്പത്തുള്ള പഴുപ്പുബാധിച്ച മുറിവില്‍ ഉന്മത്തരായി നൃത്തം ചെയ്യുന്നു. ..
ഈ കാളകള്‍ക്ക് പോലും വിശ്രമം നല്‍കുന്നു.. നായര് എനിക്ക് വിശ്രമിക്കാന്‍ ഒരവസരം തരില്ലേ ..!
അയാള്‍ മുന്നില്‍ നടക്കുകയാണ് ..ഉഴന്നു വേച്ചു പുറകെ ഞാനും.. !
ഇല്ല .. ഇയാള്‍ ചായ കുടിക്കുന്ന ലക്ഷണം കാണുന്നില്ല ...നട തുടരുകയാണ് ..കയറ്റം തുടങ്ങിയിരിക്കുന്നു ..എനിക്ക് കിതപ്പും ..
വിയര്‍പ്പു ചാലിട്ടോഴുകി കണ്ണിലും വായിലും കടന്നു കേറുന്നു ..
കയറ്റം കയറിക്കഴിഞ്ഞപ്പോള്‍ ഒരു മുക്കവലയാണ് മുന്നില്‍ .കവിലട മുക്ക്. നായര് കുറെ മുമ്പിലാണ് .. കവലയില്‍ എന്നെക്കാത്ത് നില്‍ക്കുന്നു ..
അയാളുടെ ക്രൂരമായ മുഖത്ത് ഒരു കള്ളച്ചിരി..!
ഞാന്‍ അയാള്‍ പറയാതെ തന്നെ റോഡരുകിലെ സര്‍വേക്കല്ലില്‍ ഇരുന്നു..
"മോനെ ജ്ജി വടെ കുത്തിരി ഞാനിപ്പം ബരാട്ടോ ..."
അതും പറഞ്ഞു അയാള് കവലയില്‍ നിന്നു കുന്നു കയറിപ്പോവുന്ന ഇടവഴിയിലേക്ക് ഊളിയിട്ടു.
എനിക്ക് നന്നായി ദാഹിക്കുന്നു..ചുറ്റും നോക്കി കവലയില്‍ ആകെയുള്ളത് ഒരു പെട്ടിക്കട ..അവിടെക്കു നടന്നു.. മോരിന്‍ കുപ്പികള്‍ ...സര്‍വത്തു കുപ്പികള്‍ ....ദാഹം ഇരട്ടിച്ചു..
ഉമ്മ നായരരിയാതെ കീശയിലിട്ടു തന്ന നാണയങ്ങള്‍ തപ്പിനോക്കി.. ട്രൌസറിന്റെ കീശയില്‍ കിലുകിലാന്ന് ശബദമുണ്ടാക്കാതിരിക്കാന്‍ പത്രത്തിന്റെ കഷ്ണത്തില്‍ പൊതിഞ്ഞു വെച്ചതാണ്.. പുറത്തെടുത്തു .
" ഒരു മോരും ബെള്ളം "
പെട്ടിക്കടക്കാരന്‍ എഴുന്നേറ്റു.. ഗ്ലാസില്‍ മോരൊഴിച്ചു.. കുപ്പിയില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഉപ്പുംപച്ചമുളകും ചേര്‍ത്ത മിശ്രിതം അതിലൊഴിച്ചു..ബാക്കി നിലത്ത് തെരുകയില്‍ വിശ്രമിക്കുന്ന മണ്കലത്തില്‍ ഉറങ്ങി തണുത്ത വെള്ളവും ..
പളുങ്കുഗ്ലാസില്‍ പിച്ചളയുടെ സ്പൂണിട്ടു ഇളക്കി '' ണിം..ണിം..ണിം.."
മുളകിന്റെ എരുവും മോരിന്റെ ഉപ്പുചേര്‍ന്ന സ്വാദും ആസ്വദിക്കാന്‍ കഴിഞ്ഞില്ല ..അത് പോലെ രണ്ടെണ്ണവും കൂടി കുടിക്കാനുള്ള ദാഹം ബാക്കിയുണ്ടായിരുന്നു ..
കുടിച്ചു കഴിഞ്ഞു പെട്ടിക്കടക്കാരനോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു .. ആ വലിയ ഗ്ലാസില്‍ ഒരു കപ്പു വെള്ളം കൂടി അയാള്‍ പകര്‍ന്നു തന്നു ..
" ഞ്ഞിയേട്ടാ കുട്ട്യേ നായെരോപ്പം പോണത് .... ചന്തക്കാ ?"
"ങഹും ..."
നായര് മിനുങ്ങാന്‍ പോയതാ ..കൊറച്ചു കഴിഞ്ഞിട്ട് നോക്യാ മതി ..കുട്ടി ബടെ ഇരുന്നോ" ഒരു മരപ്പലക ചൂണ്ടി പെട്ടിക്കടക്കാരന്‍ പറഞ്ഞു..
"മിനുങ്ങുക "എന്ന് പറഞ്ഞാല്‍ എന്താണെന്നു മനസ്സിലായില്ല ..എങ്കിലും മനസ്സിലായ പോലെ ഞാന്‍ മൂളി ..
ഈ അപ്പു നായര് എവടെക്കാ എന്നെ ഈ കവലയില്‍ ഇരുത്തി മുങ്ങിയതു ..? ...ഉള്ളില്‍ തോന്നിയ സങ്കടം ഞാന്‍ അകത്തോട്ടു വിഴുങ്ങി ..വലിയ ആളെപ്പോലെ കാല് മുപ്പിരി കൂട്ടി ഞാന്‍ പെട്ടിക്കടിയുടെ ഭിത്തിയും ചാരി ഇരുന്നു..
അല്പം കൂടി കഴിഞ്ഞപ്പോള്‍ നായര് കുന്നിറങ്ങി വന്നു.. നാലുപാടും നോക്കുന്നു.. എന്നെ തിരയുകയാണ്..ഞാന്‍ പെട്ടിക്കടക്കാരനോട് സമ്മതം വാങ്ങി പുറത്തേക്കിറങ്ങി..
"പോക്വാ...'
നായര് നടത്തം തുടങ്ങി ..കൈവിരല്‍ നീട്ടിയെങ്കിലും ഞാന്‍ അതില്‍ പിടിച്ചില്ല ..കുപ്പായമിടാത്ത അയാള്‍ക്ക് നന്നായി വിയര്‍ക്കുന്നുണ്ട് ..വിയര്‍പ്പിന് അതുവരെ ഇല്ലാത്ത ഒരു നാറ്റവും ...!
നടന്നു നടന്നു ത്രിക്കളിയൂരും കുനിയിലങ്ങാടിയും പിന്നിട്ടു.. ഇടയ്ക്കു രണ്ടു പ്രാവശ്യം ഞാന്‍ ഇരുന്നു ..പിറുപിറുത്തു കൊണ്ട് നായരും ഇരുന്നു ..
കടവിലെത്തി ..തോണി അക്കരെയാണ് ..
" കൂ.........യ് "
നായര് കൂവി ..
വലിയ പുഴയുടെ ഈ ഭാഗം ഞാന്‍ ആദ്യമായാണ് കാണുന്നത് ..ചെറുപ്പത്തില്‍ ഉമ്മയും വലിയുമ്മയും അമ്മാവന്മ്മാരും ഒക്കെയായി കൂട് വെച്ച തോണിയില്‍ ഇരുവഴഞ്ഞിയിലൂടെ വലിയപുഴ കേറി ചെറുവണ്ണൂരിലേക്ക് ബീവിയെക്കാണാന്‍ പോകാറുണ്ടായിരുന്നു .മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ആ യാത്രകള്‍ ഈ കടവില്‍ നിന്നു ഒരുപാട് താഴെയായിരുന്നു ...
തണുത്ത കാറ്റു വീശുന്നു .. കടവിലേക്ക് പടര്‍ന്നു പന്തലിച്ച ചീനി മരത്തിന്റെ വേരില്‍ ഇരുന്നു മയങ്ങിതുടങ്ങിയ എന്നെ നായരുടെ ഗര്‍ജ്ജനം ഉണര്‍ത്തി..
കടവ്തോണിഎത്തി.. നായരുടെ കൈയില്‍ പിടിച്ചു അകത്തു കയറി.. മീനെണ്ണ മണക്കുന്ന തോണി.. വര്‍ഷക്കാലത്തെ വരവേല്‍ക്കാന്‍ പുഴയും തോണിയും തോണിക്കാരനും എല്ലാം ഒരുങ്ങി നില്‍പ്പാണ്..
അക്കരെയെത്തുവോളം തോണിയുടെ വക്കില്‍ വളഞ്ഞു കിടന്നു ഓളപ്പരപ്പിലെ പുളിനങ്ങളും ഒഴുക്കിന്റെ ഗതിവിഗതികളും ആസ്വദിച്ചു..
" അങ്ങട്ടു മറിഞ്ഞു ബിഗണ്ട .. പ്പിലിട്ടു പോഉം " നായരുടെ ശാസന
" എന്താ നായരെ ഇന്ന് ഒരു റാന്തലും തൂക്കിയാണല്ലോ " എവടന്നു കിട്ടി " തോണിക്കാരന്‍
അപ്പോഴാണ് ശ്രദ്ധിച്ചത് ..തോണിക്കാരനു ഒരു കാല്‍ ഇല്ല.. !
എങ്കിലും അയാള്‍ നിത്യവും ഈ ഒഴുക്കിനെതിരില്‍ എത്ര വട്ടം തുഴയുന്നു ! ഗ്രാമങ്ങള്‍ തോറും സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന എത്ര വണിക്കുകള്‍ നിത്യവും ഇതുവഴി കടന്നു പോവുന്നു ..എല്ലാവരെയും ഈ വികലാംഗന്‍ അറിയുന്നു ..അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നു ..സ്വന്തം ദുഃഖങ്ങള്‍ മറച്ചുവെച്ചുകൊണ്ട് അവരോടു തമാശ പറയുന്നു ..
കടവ് കടന്നു കയറിയെത്തിയത് പരിചിതമല്ലാത്ത വഴികളിലാണ്.. അക്കരെ കുനിയില്‍ വരെ പലപ്പോഴായി വരാറുണ്ടായിരുന്നു..അമ്മായിയുടെ മകള്‍ അവിടെയാണ് താമസിക്കുന്നത് ..
ഇതിപ്പോള്‍ സ്ഥലപ്പേര് പോലും അറിയില്ല..
'ഇതേതാ അപ്പ്വായരെ ഈ സ്ഥലം ?
ഇതോ ...ഇത് ....ഉഗ്രപുരം"
നായര് കളിയാക്കി പറയുകയാണെന്ന് തോന്നി ആദ്യം ..
"ശരിക്കും ?
അപ്പുനായര് ഒന്ന് മിണ്ടിയില്ല..
സ്ഥലപ്പേര് പോലെത്തന്നെ ..അതാ മുന്നില്‍ ഒരു വമ്പന്‍ കയറ്റം ..കയറ്റം ആണെങ്കിലും സഹിക്കാം നിറയെ കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ വഴി..അപ്പുനായരെപ്പോലെത്തന്നെ വഴിയും !
നടക്കുമ്പോഴൊക്കെയും മനസ്സില്‍ വേവലാതി, ഈ ദൂരമത്രയും തിരിച്ചും നടക്കണമല്ലോ എന്നായിരുന്നു..
മലയിറങ്ങി അരീക്കൊട്ടെത്തി..
ചന്ത ദിവസമായതിനാല്‍ നല്ല തിരക്കാണ് . മാപ്പിള ലഹളക്കാലത്തെ പട്ടാള ബാരക്കുകള്‍ നിരന്നു നില്‍ക്കുന്ന കുന്നിന്‍പുറം ...ചന്ത ദിവസം കച്ചവടക്കാര്‍ കയ്യടക്കും ..
മഴയ്ക്ക് മുമ്പേ വാങ്ങി വെക്കണ്ട വിത്തുകള്‍ക്കായാണ് നായരെ ചട്ടം കെട്ടി ഉമ്മ ചന്തക്കയച്ചത് ..
ഒരു വിനോദയാത്രയുടെ വീര്യവുമായാണ് ഞാന്‍ കൂടെ പുറപ്പെട്ടത് ..
നായര് ചേമ്പും, കിഴങ്ങും കൂര്‍ക്കയും തരംനോക്കി, ഗുണം നോക്കി വിലപേശി വാങ്ങി .. സഞ്ചികള്‍ നിറഞ്ഞു..
മടക്കയാത്രക്ക് തലയിലേറ്റാന്‍ എനിക്കും കിട്ടി ഒരു ചുമട്..
നല്ല വിശപ്പുണ്ടായിരുന്നു .. ഇന്നേരമോക്കെയായിട്ടും ഒരു കാലിച്ചായ പോലും ദുഷ്ടന്‍ വാങ്ങിത്തന്നിട്ടില്ല ..
ചന്തയില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ നായര് ചോദിച്ചു :
"അണെക്കെന്താ ചോറോ മാണ്ടി അതോ ചായ്യോ..?
നേരം വെളുത്തത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ് ..ഇടയ്ക്കു കവിലട വച്ച് നായരറിയാതെ കുടിച്ച മോരും വെള്ളം കടവ് കടന്നപ്പോഴേക്കും ആവിയായിപ്പോയിരുന്നു..
എന്നിട്ടും ചോദിക്കുന്നു കണ്ടില്ലേ " ചായ്യോന്നു "
ഈറ കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു
"ചോറ് "
തിരക്കുള്ള ഒരു ഹോട്ടലില്‍ കയറി , വിത്ത് സഞ്ചികള്‍ കാലിനിടയില്‍ വെച്ച് സ്ടൂളില്‍ കാത്തിരുന്നു ..ഇലയില്‍ അച്ചാറും പപ്പടവും സമ്മന്തിയും ഇറ്റു വീണു ..പുറകെ ചോറും മലവെള്ളം പോലൊരു സാമ്പാറും..!
കുഴച്ചുരുട്ടി വിഴുങ്ങി .. വെള്ളം കുടിച്ചു വയറു നിറച്ചു..
ഉച്ച തിരിഞ്ഞിരിക്കുന്നു ...ഇനി നടത്തം തുടങ്ങണം ...ഒന്നും മിണ്ടാതെ നായരെ പിന്തുടര്‍ന്നു..
കവലിട മുക്കിലെത്തിയപ്പോള്‍ അപ്പു നായര്‍ക്ക് എന്നോട് വാല്‍സല്യം വീണ്ടും കൂടി ..
പെട്ടിക്കടക്കാരനോട് എനിക്കൊരു സര്‍ബത്ത് കൊടുക്കാന്‍ പറഞ്ഞു തലയിലെ വിത്ത് സഞ്ചി പെട്ടിക്കടയുടെ പുറകില്‍ വെച്ച് നായര് മുങ്ങി..!
സര്‍ബത്ത് വാങ്ങിക്കുടിച്ചു എത്ര നേരം അവിടെ ഇരുന്നുവെന്നു എനിക്കറിയില്ല,..ക്ഷീണം കൊണ്ടു ഞാന്‍ മയങ്ങിപ്പോയിരുന്നു
കണ്ണ് തുറന്നപ്പോള്‍ നേരം വൈകിയിരിക്കുന്നു ..പുറത്തിറങ്ങി നോക്കി ..
നായരുടെ പൊടി പോലും കാണുന്നില്ല ....!
സര്‍ബത്തിന്റെ പൈസയും എണ്ണിക്കൊടുത്തു ഞാന്‍ നടന്നു..
..........
പിറ്റേന്ന് രാവിലെ ഉമ്മ എണീറ്റ് അടുക്കള വാതില്‍ തുറന്നപ്പോള്‍ അകത്തേക്ക് മറിഞ്ഞു വീണു തലേന്ന് നായര് വാങ്ങിയ വിത്തുകള്‍ നിറച്ച ആ സഞ്ചി ...!
" മോനേ ബടോന്നു വന്ന്വോക്യാ.." ഉമ്മ വിളിച്ചു ..
മുറ്റത്തെ പ്ലാവിന്റെ കൊമ്പിലെവിടെയോ ഇരുന്നു ഒരു കിളി പാടി
" വിത്തും കൈക്കോട്ടും '
അപ്പോള്‍ വീശിയ കാറ്റിനു അപ്പുനായരുടെ വിയര്‍പ്പിന്റെ മണമുണ്ടായിരുന്നുവെന്നു എനിക്ക് തോന്നിയതാണോ..?