ഒരു ചെറു പുഞ്ചിരി മതിയായിരുന്നു
ഉച്ചവെയില്‍ കത്തുന്ന, കുത്തുന്ന ചൂടിനാല്‍
ഒരു ചെറു സ്വാന്ത്വനം മതിയായിരുന്നു
ഒരു കുളിര്‍ കാറ്റിന്‍റെ മൃദുലമാം മന്ത്രമോ
ഒരു നിലാവെട്ടമോ മതിയായിരുന്നു
ഒരു നല്‍പ്പുലരിപ്രസാദ നൈര്‍മ്മല്യമോ
ഒരു ദീര്‍ഘനിശ്വാസമോ മതിയായിരുന്നു
ഒരു തളിര്‍ ചോലയുടെ കള കളാരാവങ്ങളും
തരുലതകള്‍ തഴുകുന്ന വിഫലമാം യാത്രയും
അരുവിക്കരയിലെ കുയിലുകള്‍ കൂവുന്ന
കാവിന്റെയുള്ളിലെ ശ്രീകോവില്‍ നടയിലെ
ഒരു ദേവി വിഗ്രഹം മതിയായിരുന്നു
ഇരുകൈകള്‍ കൂപ്പുന്ന തീനാള നിറമുള്ള
പുതുചേല ചുറ്റിയ മലയാള മങ്കതന്‍
അര മിന്നലാട്ടവും മതിയായിരുന്നു ...
വയലേല തഴുകുന്ന പുലരി വെട്ടത്തിന്റെ
ചെറു നിഴല്‍പ്പാടുകള്‍ മതിയായിരുന്നു..
ഉച്ചവെയില്‍ കത്തുന്ന, കുത്തുന്ന ചൂടിനാല്‍
മസ്തകം വേവുന്ന അസ്തിത്വ ദു:ഖവും
പ്രസ്ഥാന ലക്ഷ്യവും വര്ഗ്ഗബോധങ്ങളും
സത്യസാക്ഷ്യങ്ങളും മൃത്യുഞ്ജയങ്ങളും
സായാഹ്നമായെന്ന വേദോപദേശവും
പോക്കുവെയില്‍ കായുന്ന വൃദ്ധസത്വങ്ങളും
ഞാനെന്ന സത്യവും നീയെന്ന ശത്രുവും
സന്ധ്യാ ജപങ്ങളുടെ മന്ത്രധ്വനികളും
അസ്തമയ സൂര്യന്റെ ചെന്ചോര വര്‍ണ്ണവും
കാട്ടാള നീതിയുടെ കൂട്ടുകര്‍മ്മങ്ങളും
ചാണക്യ തന്ത്രങ്ങള്‍ അങ്കക്കളരികള്‍
ചോരറ്റ ചേകോന്റെ മാറ്റച്ചുരികകള്‍
അന്തിക്കിടവഴിക്കട്ടഹാസങ്ങളും
തന്തക്കു ചേരാത്ത തോന്നിവാസങ്ങളും
പാതിരാ നേരത്തു കാണാമറയത്തു
കൂലിക്ക് കൊല്ലുന്ന കാല ദോഷങ്ങളും
പച്ച മാംസത്തിന്റെ ചോരത്തിളക്കമോ-
രാഘോഷമാക്കുന്ന വര്‍ത്തമാനങ്ങളും
ചീവീട് കരയുന്ന മൂങ്ങകള്‍ മൂളുന്ന
കരിയുന്ന മണമുള്ള ശ്വാസം നിലക്കുന്ന
ഈ ദുഷ്ട രാത്രികള്‍ ..വേണ്ടായിരുന്നൂ
ഒരു ചെറു പുഞ്ചിരി മതിയായിരുന്നു ..