Tuesday, August 20, 2013

മരണമേ ....

"മരണമേ നിന്നെ ഭയമില്ല,
മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം" 

പൊക്കിള്‍ക്കൊടി
മുറിഞ്ഞപ്പോള്‍ മുതല്‍ 
ശ്വാസനിശ്വാസങ്ങള്‍ക്കിടയിലെ 
നിമിഷാര്‍ദ്ധമൌനത്തിന്റെ
നേരിയ വിടവില്‍
അള്ളിപ്പിടിക്കാന്‍ ശ്രമിച്ച്,
അമ്മയുടെ കണ്ണീരിലൂറുന്ന 
സ്വകാര്യ ദുഖങ്ങളിലേക്ക് 
ഒളികണ്ണിട്ടു നോക്കി,
വിറച്ചു പുതച്ചുറങ്ങുന്ന 
പനിക്കിടക്കയിലേക്കു
തുറിച്ചു നോക്കി,
ദ്വാരം വീണ ഹൃദയത്തിന്‍റെ
താളാവതാളങ്ങളെ  ആസ്വദിച്ച്,
ഒട്ടിയ മുലക്കണ്ണുകളിലും 
ഈച്ചയാര്‍ക്കുന്ന ചുണ്ടുകളിലും
പറ്റിച്ചേര്‍ന്നിരുന്ന് നീ
ഞങ്ങളെ പേടിപ്പിക്കാന്‍ 
പാടുപെട്ടിരുന്നു..!
കാരാഗൃഹങ്ങളുടെ 
നരച്ചഭിത്തികളില്‍
ചുവന്ന ചായങ്ങളാല്‍
ചുവര്‍ചിത്രങ്ങള്‍ വരക്കുമ്പോഴും
സാമ്രാജ്യമോഹങ്ങളാല്‍
കത്തിയമരുന്ന കുടിലുകളില്‍
പുകയുന്ന എല്ലിന്‍കൂടുകള്‍
ചാരമായ് ഒടുങ്ങുമ്പോഴും 
നീ ചിരിക്കുന്നത് കണ്ടിട്ടുണ്ട് !
മാനവികതയുടെ ആട്ടിന്തോലണിഞ്ഞ് 
സമാധാനത്തിന്റെ മാന്‍പേടകളെ
വേട്ടയാടുന്ന നിന്റെ ധാര്‍ഷ്ട്യം 
ഞങ്ങളെ ഭയപ്പെടുത്തുന്നില്ല 
എന്നാല്‍
എത്രയോ കാലമായ്‌
നീ ഭയപ്പെടുത്തുന്ന ഞങ്ങള്‍
നിന്റെ ഭയമായി മാറുന്നത്
ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു.!

"മരണമേ നിന്നെ ഭയമില്ല,
മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം" 

( കലാപഭൂമിയില്‍ മരിച്ചു വീണ ഹബീബ അഹ്മദ് അബ്ദുല്‍ അസീസിനു സമര്‍പ്പണം )