ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !
ഇല്ലായ്മകളുടെ കുന്നുകളൊഴികെ,
കുന്നായ്മകളുടെ കന്നുകളൊഴികെ,
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !
മണ്ണിന്‍ മാറിലുറങ്ങും പണിയന്
അല്ലലുമാറ്റാനിന്നു വരേക്കും
കണ്ടില്ലൂരില്‍ വന്നില്ലല്ലോ
ഉള്ളലിവുള്ളവരാരും തന്നെ
കള്ളും പുകലയുമന്നുമുതല്‍ക്കേ
തന്നു മയക്കിച്ചാര്‍ത്തിയെടുത്തത്
കാവിന്‍ മക്കള്‍ക്കുണ്ണാനഴുകാന്‍
ഉള്ളു നിറഞ്ഞൊരു മണ്ണാണല്ലോ
പള്ള പയിപ്പിനു വേലക്കെത്തിയ
പെണ്ണിന്‍ പള്ളയിലുണ്ണിയെ നല്‍കി
പെണ്ണു പിഴച്ചവളെന്നു വിളിച്ചു
ഊരുവിലക്കിപ്പിണ്ഢം വെച്ചു
കണ്ണും കാതും കൊട്ടിയടച്ചോള്‍
ദെണ്ണം വന്നു കുഴഞ്ഞു വലഞ്ഞോള്‍
തെരുവില്‍ തിണ്ണയിലീറ്റില്ലത്തില്‍
പുലയച്ചെക്കനു ജന്മം നല്‍കി.
സ്വന്തം കോണക വാലില്‍ തൂങ്ങി
കുഞ്ഞു മരിച്ചതു കണ്ടാപെണ്ണിന്‍
പുഞ്ചിരിമണ്ണു പുരണ്ടൊരു കണ്ണീര്‍
നെഞ്ചിന്‍ കൂടുതകര്‍ക്കുന്നേരം
ഇന്നും നിങ്ങള്‍ തംബ്രാക്കന്മാര്‍
കുന്നും കേറി വരുന്നുണ്ടല്ലോ
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
ഇല്ലിക്കാടുകളല്ലാതൊന്നും !
ഇല്ലായ്മകളോ വല്ലായ്‌മകളോ ?
ഇല്ലാ..ഇല്ല, ഇല്ലിവിടൊന്നും...
എല്ലിന്‍ കൂടുകളല്ലാതൊന്നും !
ഇല്ലിക്കാടുകള്‍ അല്ലാതൊന്നും !
****
No comments:
Post a Comment