Wednesday, August 8, 2012

ഇരുവഴഞ്ഞി


ഇരുവഴഞ്ഞിയിവള്‍,  ഇരുകരകളും
വഴിഞ്ഞൊഴുകട്ടെയിനിയുമശാന്തയായ്‌
പെരുമഴയില്‍ കുത്തിയൊലിച്ചിടട്ടെയീ
പെരുംദുരയും തെരുവിന്‍റെയെച്ചിലും 

അരയിലെ വെള്ളിയരഞ്ഞാണവും
മിവളുടെ കരളിലെയാഭിജാത്യവും
കവരുന്നഴകോലുമാ മാറിടം മാന്തി 
യൊരു വകതിരിവുമില്ലാത്ത കശ്മലര്‍

കവിളിലെയരുണിമയായ്‌ തളിരണിയു-  
മാമരങ്ങളും മലരണിയുമാലതകളും 
കടപുഴകിയൊഴുകട്ടെയാര്‍ക്കുവേണ്ടിനീ 
കവിതകളെഴുതി നിന്‍ കരിനീലക്കയങ്ങളില്‍ ?

ഇരുവഴഞ്ഞി ....നീയിനിയും കരകവിഞ്ഞൊ-
ഴുകുകയൊരു സംഹാര രുദ്രയായ്‌ പുളയുക നിന്‍  
ചെറുമക്കള്‍ നിന്നോടു ചെയ്തോരു പാപക്കറകള്‍
കഴുകി വെളുപ്പിക്കാനായ്‌...  നീ നിറഞ്ഞൊഴുകുക ..


സൌഹൃദം



നിന്നോട് മിണ്ടുവാന്‍ നിന്നെയറിയുവാന്‍ 
നിന്നിലെ നന്മകളെന്റേതുമാക്കുവാന്‍
ഇന്നിന്റെ  മിഥ്യകള്‍  നന്നായറിയുവാന്‍ 
കണ്ണാടിപോലെ നിന്‍ കണ്ണില്‍ തിളങ്ങുവാന്‍ 

ഒന്നായി നമ്മളീ കന്യാവനത്തിന്റെ 
ഉള്ളിന്‍റെയുള്ളിലെക്കാണാമറയത്ത്
ഊളിയിട്ടവിരാമ സ്വര്‍ഗ്ഗം രചിക്കുവാന്‍  
ഉണരാതനന്തമായമൃതം രുചിക്കുവാന്‍ 

ഞാനെന്നൊരസ്തിത്വമെന്നോ കൊതിച്ചതിന്‍
ഞാണറ്റു പോയിന്നു മുന്നേ ഗമിക്കുന്ന 
ഞാവകം മാത്രമായ് നീയെന്ന സത്യവും 
വേരറ്റോരാറ്വേശമായിക്കരിഞ്ഞെന്‍ കിനാക്കളും! 



Friday, August 3, 2012

തീണ്ടാരി


" ഒലക്കണ്ടായ്നി .. ഒഴക്ക ..."
"ന്റെ കണക്കിക്ക് പള്ളേല്‍ ണ്ടെങ്കില് ഞാനഴിയൂലെ..?"  

ത്ഫും....ത്ഫൂഒം.....

ഉറക്കാത്ത കാലുകളില്‍ ആടിക്കൊണ്ട്  ആഞ്ചാത്തന്‍ നീട്ടിത്തുപ്പി ..

"ആഴാ  പഴ്ഞ്ഞത് ഓക്ക്  പള്ളേല്‍ണ്ട്ന്ന് ..?

ആസാദിന്റെ തലച്ചോറില്‍ ഒരു തീകൊള്ളിഎരിഞ്ഞു..
ഒരൊറ്റ ചവിട്ടിനു കൊന്നുകളയാന്‍ തോന്നി,  ആ കള്ളുകുടിയന്‍ പിശാചിനെ...!

പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ  തലേന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഉത്കണ്ഠയോടെ നേരം വെളുപ്പിച്ചതിന്റെ ആലസ്യം കോപാഗ്നിയായി തലക്കുള്ളില്‍ ഈച്ച മൂളുന്നത് ആസാദ് സഹിച്ചു നിന്നു.. !
കൂട്ടിനുണ്ടായിരുന്ന സഖാക്കള്‍ സമാധാനിപ്പിച്ചു ..

" ചാരായത്തിന്റെ ലഹരിയില്‍ പറയുന്നതാ..നീയത് വിട്ടുകള "

വടക്കേകണ്ടിയിലെ  കുട്ടിഹസ്സനാജിന്റെ പഴയ തറവാട്ട്‌ വീട്ടില്‍ താമസക്കാര്‍ ആരും ഇല്ലാത്തതിനാല്‍ കലാസംഘം വാര്‍ഷികത്തിന് നാടകം പരിശീലിക്കാന്‍ നിത്യവും രാത്രിയായാല്‍ ആസാദും കൂട്ടുകാരും ഒത്തുകൂടും ..എല്ലാവരും എത്തിച്ചേരാന്‍ രാത്രി ഒമ്പത്‌ മണിയെങ്കിലും ആവും ..പലരും കൂലിവേലക്ക് പോകുന്നവരാണ് , ജോലി കഴിഞ്ഞു വീട്ടിലെത്തി കുളിയും കഞ്ഞികുടിയും കഴിഞ്ഞ്‌ അങ്ങാടിയില്‍ പോയി വീട്ടിലേക്കുള്ള അത്യാവശ്യ ചില്വാനങ്ങളും വാങ്ങിയ ശേഷമേ അവരില്‍ പലര്‍ക്കും നാടകം എന്നത് തലയില്‍ മുളക്കുകയുള്ളൂ..ജീവിതത്തില്‍ അഭിനയിച്ചിട്ട് വേണ്ടേ നാടകത്തില്‍ അഭിനയം പഠിക്കാന്‍ !
അത്യാവശ്യം ചിലര്‍ വരുന്ന വഴിക്ക് ഒരല്‍പം മിനുങ്ങുകയും ചെയ്യും..ചോദ്യം ചെയ്താല്‍ പറയും 
" സോറി സഖാവേ....... ഡയലോഗുകള്‍ മറന്നു പോവാതിരിക്കാന്‍ ഒരല്പം ...." 

റിഹേഴ്സല്‍ തുടങ്ങിയാല്‍ പിന്നെ എല്ലാം മറക്കും ..ജീവിതം പിന്നെ സ്റ്റേജിലാവും. ഇവര്‍ക്കൊന്നും പരിശീലനം ആവശ്യമില്ലെന്ന് ആസാദ് ഇടക്ക് ചിന്തിക്കാറുണ്ട് ..ജന്മനാ കലാകാരന്മാര്‍ ..!

അന്നും സന്ധ്യക്ക് കളിയും കഴിഞ്ഞ്‌ വീട്ടിലെത്തി ഉടുപ്പും മാറി ആസാദ്  വടക്കേകണ്ടിയിലെ വിശാലമായ കോലായില്‍ എത്തി .
പഴയ കാലത്ത് വീടിന്റെ മുഖം കിഴക്കോട്ടാവണമെന്ന തച്ചുശാസ്ത്രത്തില്‍ നിര്‍മ്മിച്ച ജന്മിത്തറവാട് ...വയലും കാറ്റും എല്ലാം പടിഞ്ഞാറായിട്ടും ..ഈ വീടിന്റെ മുഖം കിഴക്കോട്ട് .. മണ്ണെടുത്ത് നിരപ്പാക്കിയ നീണ്ട ഒരു മുറ്റവും .....! ചെറുപ്പത്തില്‍ കണ്ട ഈ വീടിന്റെ പ്രതാപകാലം ആസാദ്‌ ഓര്‍ത്തു നോക്കി ..തെക്ക് വശത്തെ പറമ്പിലെ വമ്പന്‍ തൊഴുത്ത് ...നിറയെ പശുക്കളും കാളകളും പോത്തുകളും നിരന്നു നിന്നിരുന്നു ആ നീളന്‍ തൊഴുത്തില്‍ ! അതിനു മുന്നിലായി മൂന്നോ നാലോ വമ്പന്‍ വൈക്കോല്‍കൂനകളും .. വൈക്കൊലുണ്ടയില്‍ തൂങ്ങി പുല്ലു വലിക്കുന്ന "പുല്ലുണ്ട മമ്മദും '
എല്ലാം ഓര്‍മ്മയായി ..തൊഴുത്ത് എന്നോ പൊളിച്ചു മാറ്റി ....വീടാണെങ്കില്‍ എലികളും പെരുച്ചാഴികളും ചിതലും വവ്വാലും പാര്‍ക്കുന്ന പുരാമന്ദിരം ..!

മണ്ണെണ്ണ ഒഴിച്ച് പെട്രോമാക്സ് കത്തിച്ചു ..എന്നും കൂടെയുണ്ടാവാറുള്ള വേലായുധന്‍ സഹായത്തിനുണ്ട് ..ചീരാപ്പൊലിക്കുന്ന മൂക്കുമായി ചാളക്കലെ ഉടുപ്പൊന്നുമിടാത്ത  കുറച്ചു കുട്ടികളും ..!  ഈ കുട്ടികളുടെ മൂക്ക് ഒന്ന് വൃത്തിയായി കാണാന്‍ പലപ്പോഴും ചീരാപ്പ്  സ്വന്തം കൈകൊണ്ടു വൃത്തിയാക്കി അവരുടെ മുഖം കഴുകി കൊടുത്തിട്ടുണ്ട്‌ ..
എങ്കിലും അര നാഴിക നേരം കഴിഞ്ഞാല്‍ മൂക്ക് വീണ്ടും വൃത്തികേടാവും ..
പുറം കൈകൊണ്ടു അവരത് മുഖത്ത് പുരട്ടും ..
മുഖവും വൃത്തികേടാക്കും..!

വേലായുധന്‍ പെട്രോമാക്സില്‍ നിന്നും ബീഡിക്ക് തീക്കൊടുത്തു ..അതുകണ്ടപ്പോള്‍ ആസാദ് മടിയില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് പുറത്തെടുത്തു വേലായുധന്റെ ബീഡിയില്‍ നിന്ന് സിഗരറ്റിനു തീക്കൊടുത്തു ..വളയങ്ങളായി ഉയര്‍ന്നു വായുവിലലിയുന്ന പുകവലയങ്ങളെ പിടിക്കാന്‍ കുട്ടികള്‍ ഊറ്റം കാട്ടി..
എരിയുന്ന സിഗരറ്റുമായി മുറ്റത്തെക്കിറങ്ങിയപ്പോള്‍ ചൂട്ടും മിന്നി വയല് കടന്നു  അന്‍സാര്‍ വരുന്നത് കണ്ടു .....കുട്ടിഹസ്സനാജിന്റെ പേരക്കുട്ടിയായ അന്‍സാര്‍ നല്ലൊരു ഫുട്ബാള്‍ കളിക്കാരനാണ് ..കളി കഴിഞ്ഞു പുഴയില്‍ ഇറങ്ങി കുളിച്ചിട്ടുള്ള വരവാണ്..

വയല്കഴിഞ്ഞു പള്ളിയാളിയില്‍ കയറി ..ചാളക്കല്‍ എത്തിയപ്പോള്‍ അന്‍സാര്‍ അവിടെ അല്പനേരം തങ്ങി ...
ചാളക്കല്‍ ഹരിജനങ്ങളുടെ കുടികിടപ്പ് ഭൂമിയാണ് ..മൂന്നു നാലു കുടംബങ്ങള്‍ കൊച്ചു കുടിലുകളില്‍ വേനലും മഴയും ആ വയലോരത്തു തന്നെ കഴിഞ്ഞു കൂടുന്നു.. പണ്ട് നെല്ല് കൊയ്തിടാന്‍ ഉണ്ടാക്കിയ കളപ്പുരകള്‍ പിന്നീട് ആ കര്‍ഷകതൊഴിലാളികളുടെ കോളനിയായി മാറുകയാണുണ്ടായത്..

"ന്റെ ദേവ്യയേയ്............ഒരു ആര്‍ത്തനാദം ......

ചീവീടുകളുടെ ഈണത്തിലുള്ള പാട്ടിനെ ഒരു നിമിഷം നിശബ്ദമാക്കി.. !
ചാളക്കല്‍ നിന്നിരുന്ന അന്‍സാര്‍ ചൂട്ടും മിന്നി ഓടിവരുന്നു ...
ഏങ്ങലടികള്‍ ഉച്ചസ്ഥായിയില്‍ ഉയര്‍ന്നു ....
വേലായുധന്‍ കൊലായില്‍  നിന്ന് ചാടി എഴുന്നേറ്റു ചാളക്കലേക്ക് ഓടി ..പുറകെ ആസാദും വഴിയില്‍ ചൂട്ടുമായി ഓടിവരുന്ന അന്‍സാര്‍.. 
" എന്താ പ്രശ്നം ..ആരെങ്കിലും മരിച്ചോ...?
' മരിച്ചോ എന്ന് പറയാന്‍ പറ്റില്ല ..ചക്കികുട്ടി ചോരയൊലിപ്പിച്ച്  ചാളയുടെ മുറ്റത്ത്‌....  കിടക്കുന്നു .."

ആസാദ്‌ മുന്നിലും ചൂട്ടും മിന്നി അന്‍സാര്‍ പുറകിലും ഓടി .. വേലായുധന്‍ മുന്നാലെ  അവിടെ എത്തിയിരുന്നു ...കുട്ടികള്‍ ഞങ്ങള്‍ക്ക് പുറകില്‍ കരഞ്ഞു കൊണ്ട് ഓടി ...

ആഞ്ചാത്തന്റെ കുടിയുടെ മുറ്റത്ത്‌ ഓലത്തടുക്കില്‍  ചക്കിക്കുട്ടി  കിടക്കുന്നത് മിന്നുവെളിച്ചത്തില്‍ ആസാദ് കണ്ടു ..
വേലായുധന്‍ അകത്ത് കയറി മണ്ണെണ്ണ വിളക്ക് കൊണ്ടു വന്നു ,.. അന്‍സാര്‍ ചൂട്ടു മിന്നിക്കൊണ്ടിരുന്നു .. ആ വെളിച്ചത്തില്‍ ചക്കിക്കുട്ടിയുടെ കിടത്തം ചോരയില്‍ കുളിച്ചാണ് എന്ന സത്യം ആസാദും അന്‍സാറും തിരിച്ചരിഞ്ഞു ..!

അകത്തു നിന്ന് പെണ്ണുങ്ങള്‍ അലമുറ തുടങ്ങിയിരുന്നു.. അയല്‍പക്കക്കാര്‍ ഓടിക്കൂടാന്‍ തുടങ്ങി ..

എന്താ വേലായുധാ സംഭവിച്ചത്...?  ഉദ്വേഗത്തോടെ ആസാദ് ചോദിച്ചു..

അടുത്തേക്ക് വന്നു അവന്‍ ആസാദിന്റെ ചെവിയില്‍ പറഞ്ഞു 

" ഓള് രണ്ടീസായിട്ടു പൊറത്തായിരുന്നു..."

സംഗതി പിടികിട്ടി.. ഒന്നും മനസ്സിലാകാതെ നിന്ന അന്‍സാറിനോട് ആസാദ്‌ പറഞ്ഞു .." നീ പോയി പെട്രൊമാക്സ് എടുത്തു കൊണ്ടു വാ "

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആസാദ്‌ ചക്കിക്കുട്ടിയുടെ അടുത്ത് ഇരുന്നു നാഡിമിടിപ്പ് നോക്കി.. 
" ഇല്ല മരിച്ചിട്ടില്ല.. "  ദീര്‍ഘനിശ്വാസം ..അത്  ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നു ..

അന്‍സാര്‍ പെട്രോമാക്സുമായി വന്നു.. അതിന്റെ വെളിച്ചത്തില്‍ ആസാദ് മനസ്സിലാക്കി..ഭൂമി ഒരു പാട് രക്തം  കുടിച്ചിരിക്കുന്നു..!

ആരോ വെള്ളവുമായി വന്നു.. ആസാദ് ചക്കിക്കുട്ടിയുടെ മുഖത്ത് കുടഞ്ഞു .. അനക്കമില്ല..!

" അന്സാറേ ഉടനെ ജീപ്പ് കിട്ടണം " 

"ജീപ്പ് ......ഈ സമയത്ത്.. "
അപ്പോഴേക്കും റിഹെഴ്സലിനായി മറ്റു ചിലരും എത്തിയിരുന്നു.. 

ആലോചിച്ചുനില്ക്കാന്‍ സമയമില്ല .. ആസാദ്‌ ഓടി കൂടെ അന്സാറും...എങ്ങോട്ടാണെന്ന് തിട്ടമില്ലാ യിരുന്നു .. ഓട്ടത്തിനിടയില്‍ ഉറപ്പിച്ചു..
 മുക്കത്തേക്ക് ഫോണ്‍ ചെയ്ത് ജീപ്പിനായി കാത്തു നിന്നാല്‍ അവള്‍ മരിക്കും ..പിന്നെ ..എവിടെയാണ് ജീപ്പുള്ളത് ?
ജീപ്പുള്ളത് ഒരിടത്ത്  മാത്രം .. മായിന്‍ മുതലാളിയുടെ വീട്ടില്‍ !

മായിന്‍ മുതലാളി വീട്ടില്‍ ഉണ്ടാവില്ല .കോഴിക്കൊട്ടാവും  .മകന്‍ അഷ്‌റഫ്‌ ഉണ്ടാവും..
ചോദിച്ചാല്‍ നാണം കെടുമോ.. ?
ആവശ്യം പറഞ്ഞാല്‍  ആട്ടിപ്പായിക്കുമോ..?
കളവു പറഞ്ഞാലോ..
വേണ്ട ..സത്യം പറയാം..
ചക്കിക്കുട്ടിയുടെ  ആയുസ്സിന്റെ ബലം പോലെ ..കിട്ടിയാല്‍ കിട്ടി..!

അഷ്‌റഫ്‌ ഭക്ഷണമേശയിലായിരുന്നു ..കാര്യങ്ങള്‍ വിശദീകരിച്ചു പറഞ്ഞു.. ജീപ് വൃത്തിയാക്കി തിരികെ ഏല്പ്പിക്കാം എന്ന് ഉറപ്പു കൊടുത്തു..
ഡ്രൈവര്‍ ഇല്ല ..എന്ത് ചെയ്യും ..?
അന്‍സാര്‍ ഓടി..... ഡ്രൈവര്‍  ചേക്കുകാക്കയെ വിളിക്കാന്‍....
അഷ്‌റഫ്‌ ജീപിന്റെ താക്കോലുമായി വന്നു.. 
ഡ്രൈവര്‍  ചേക്കുകാക്കയെ കാര്യങ്ങള്‍ പാഞ്ഞു മനസ്സിലാക്കാന്‍ അല്പം പാട് പെട്ടു.. 
" കാക്കാ നിങ്ങള്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി കാക്ക "  ആസാദ്‌ അലറി..
ജീപ്പ് സ്റാര്‍ട്ടായി .. 
വയലിനിക്കരെ ജീപ്പ് നിര്‍ത്തി, ഇറങ്ങി  ഓടി .. 
ആള്‍ക്കൂട്ടം വലുതായിരിക്കുന്നു .. നാടക നടന്മാര്‍ എല്ലാവരും എത്തിയിരിക്കുന്നു ..
അടുത്ത വീട്ടില്‍ നിന്ന് ഒരു നല്ല പായ സംഘടിപ്പിച്ചു .. മയ്യത്തു കിടത്തും പോലെ പൊതിഞ്ഞു കെട്ടി ചക്കിക്കുട്ടിയെ അവര്‍ ജീപ്പില്‍ കയറ്റി.. കത്തിച്ചു വിട്ടു.... മുക്കത്തെ ആശുപത്രിയിലേക്ക് ..

 ആഞ്ചാത്താന്‍ പൊട കൊടുത്തു കൊണ്ടുവന്നപ്പോള്‍ ചക്കിക്കുട്ടി സുന്ദരിയായിരുന്നു. പൊയില്‍ക്കര ചാളയിലെ കണക്കി സുന്ദരി ...ആഞ്ചാത്താന്‍ ഉരുക്ക് പോലത്തെ വന്മരവും ..
നല്ല ജോഡി ..ആളുകള്‍ അസൂയപ്പെട്ടു..
കൊയ്ത്തു സമയത്ത് തംബ്രാക്കന്മാര്‍  വരമ്പത്ത് കൂടെ വടക്കും തെക്കും നടന്നു.. കുമ്പിട്ടു കൊയ്യുന്ന ചക്കിയുടെ മാറിടം കാണാന്‍ ..!
ഈ  സൌന്ദര്യം വിനയായി അവള്‍ക്കു.. ആഞ്ചാത്താന്‍ അവളെ സംശയിക്കാനും..ക്രമേണ മദ്യപിച്ചെത്തി മര്‍ദ്ദിക്കാനും തുടങ്ങി..!
എങ്കിലും ജീവിതം പാറക്കെട്ടുകള്‍ താണ്ടി ഒഴുകിത്തുടങ്ങി ...അവള്‍  ഒന്‍പതു പ്രസവിച്ചു .. അതില്‍ ആറെണ്ണം ബാക്കിയായി .. മൂന്നാണും മൂന്ന് പെണ്ണും .
അടുത്തടുത്ത പ്രസവങ്ങള്‍ അവളെ തകര്‍ത്തു കളഞ്ഞു .. അതോടൊപ്പം പട്ടിണിയും ...
ആരോഗ്യം ക്ഷയിച്ചു..എല്ലും തോലുമായി മാറിയ ചക്കിക്കുട്ടിയെ ആസാദ് സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട് ..
അവളുടെ ഭൂതകാലം ഓര്‍ത്തു ഒരു തുള്ളി കണ്ണീര്‍ അറിയാതെ ഒഴുക്കിയിട്ടും ഉണ്ട് ..

"ആശുപതിയില്‍ എത്തി " ..ആസാദ്‌ ചിന്തയില്‍ നിന്ന് ഉണര്‍ന്നു.
അത്യാഹിത വിഭാഗത്തില്‍ സിസ്റര്‍ ഇരുന്നു ഉറങ്ങുന്നു ..കൈപൊട്ടി  അവരെ ഉണര്‍ത്തി ..കാര്യം പറഞ്ഞു ..ധ്രുതിയില്‍ എണീറ്റ്‌ അവര്‍ കര്‍മ്മനിരതയായി ..സ്ട്രെച്ചറില്‍ കിടത്തി അകത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു ..
ഡോകടറെ വിളിക്കണം ..ഡോക്ടര്‍ തൊട്ടടുത്ത്‌ തന്നെയാണ് താമസം ..സിസ്റ്റര്‍ വീട് കാണിച്ചു തന്നു ..ആസാദും അന്സാറും ഓടി .
ഡോക്ടര്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.. കാര്യം പറഞ്ഞപ്പോള്‍ അവര്‍ പെട്ടെന്ന് തയ്യാറായി ഇറങ്ങി ..
ചക്കിക്കുട്ടിയെ ലേബര്‍ റൂമിലേക്ക്‌ കൊണ്ടു പോയി  
പിന്നീടുള്ള ഒരു മണിക്കൂര്‍ ആരും ഒന്നും മിണ്ടാതെ കഴിച്ചു കൂട്ടി .. വേലായുധനും ആസാദും ബീഡി വലിച്ചു കൊണ്ടേയിരുന്നു.. 
സിസ്റ്റര്‍ പുറത്തേക്കു വന്നു ..
" ആരാ ഇവരുടെ ഭര്‍ത്താവ് ? 
മൌനം ...
ഭര്‍ത്താവ് വന്നിട്ടില്ല ..തീണ്ടാരിയായിട്ടു  മുറ്റത്തെ ഓലത്തടുക്കില്‍  കിടന്ന അവളെ ഇവിടെ എത്തിച്ച കഥ ഞങ്ങള്‍ വിവരിച്ചു ..
ഡോക്ടറും പുറത്തു വന്നു..കഥ കേട്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു.. " ആരെങ്കിലും ഒന്ന് ഒപ്പ് വെക്കണം അടിയന്തിരമായി  അബോര്‍ഷന്‍ നടത്തണം ..അല്ലെങ്കില്‍ അവള്‍ മരിക്കും "
ആസാദും അന്സാറും ഡ്രൈവര്‍ ചേക്കു കാക്കയും കണ്ണില്‍ കണ്ണില്‍ നോക്കി.. എല്ലാവരും വേലായുധനെ നോക്കി..
വേലായുധന്‍ കുമ്പിട്ടിരിക്കുന്നു..
അവസാനം ആസാദ്‌ തന്നെ ഒപ്പിട്ടു കൊടുത്തു..
മണിക്കൂറുകള്‍ക്ക്  ദിവസങ്ങളോളം നീളം വെച്ചു.. 
വേലായുധനും ചേക്ക് കാക്കയും ചേര്‍ന്ന് ജീപ്പ് ആശുപത്രിയുടെ കിണറ്റിനരികില്‍ കൊണ്ടുപോയി നിര്‍ത്തി വെള്ളം കോരിയൊഴിച്ചു ചോരപ്പാടുകള്‍ കഴുകി വൃത്തിയാക്കി 
സിസ്റ്റര്‍ വീണ്ടും വന്നു .." രക്തം വേണം  ബി പോസിറ്റീവ് "
എല്ലാവരെയും പരിശോധിച്ചു .. ഭാഗ്യത്തിന് അന്സാറിന്റെയും വേലായുധന്റെയും രക്തം മതിയായി ..
രണ്ട്  മണിക്കൂറുകള്‍ കൂടി കടന്നു പോയി ..പുലര്‍ച്ചെ നാല് മണി 
ഡോക്ടര്‍ കഴുത്തില്‍ സ്റ്റേതസ്കൊപ്പുമായി  തൂവാലയില്‍ കൈകള്‍ തുടച്ചുകൊണ്ടു പുറത്തു വന്നു..
" അവള്‍ രക്ഷപ്പെട്ടു.." 
ഒരിക്കല്‍ക്കൂടി ദീര്‍ഘനിശ്വാസം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നു.
അല്പം കൂടി കഴിഞ്ഞപ്പോള്‍ ചക്കികുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.
ജീപ്പില്‍ കിടന്നു ഉറക്കം തുടങ്ങിയിരുന്ന ചേക്കുകാക്കയെ ആസാദ്‌ വിളിച്ചുണര്‍ത്തി 
"വേലായ്ധാ..നീയിവിടെ നിക്ക് ഞങള്‍ പോയി ആരെയെങ്കിലും ഇങ്ങോട്ട് വിടാം"
ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്തു. 
മായിന്‍ മുതലാളിയുടെ വീട്ടുകാര്‍ സുബഹി നമസ്ക്കാരത്തിന് ഉണര്‍ന്നിരുന്നു ..അതുകൊണ്ട് ഗേറ്റ് തുറന്നു ജീപ്പ് തിരിച്ചേല്‍പ്പിച്ചു.
തിരികെ ചാളക്കല്‍ എത്തിയപ്പോള്‍ എല്ലാവരും ആകാംഷയോടെ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി  നില്‍ക്കുന്നു 
" ചക്കിക്കുട്ടി മരിച്ചില്ല ..രക്ഷപ്പെട്ടു.. എന്നാല്‍ കുഞ്ഞു പോയി" 
എല്ലാവരും മുഖത്തോട് മുഖം നോക്കി 
"അതെ അവള്‍ ഗര്‍ഭിണിയായിരുന്നു മൂന്നുമാസം "
ആസാദ് പറഞ്ഞത് കേട്ട്  കുടിയുടെ കോലായയില്‍ ചുരുണ്ട് കിടന്നിരുന്ന ആഞ്ചാത്തന്‍ ഉഴപ്പി എണീറ്റു..
മുറ്റത്തെക്കിറങ്ങി അയാള്‍ ഉഴറുന്ന കാലുകള്‍ നിലത്തുറപ്പിക്കാന്‍  പാട് പെട്ടു..
ആസാദ് അയാളുടെ കയ്യില്‍ പിടിച്ചു 
"ആഞ്ചാത്താ നീയും നിന്റെ മക്കളും ഭാഗ്യം ചെയ്തൊരാ .. ചക്കി ഇനിയും ജീവിക്കും "

ക്രൂരമായ കണ്ണുകളോടെ ആഞ്ചാത്തന്‍  ആസാദിനെ നോക്കി..

"ങ്ങളോടാരാ ഓളെ ആസ്പത്രീ കൊണ്ടാവാന്‍ പറഞ്ഞത്?"
ഓക്ക്‌ തീണ്ടാരിയല്ലേ .. ആയിനാരേം ആസ്പത്രീ കൊണ്ടോവോ .."

"ആഞ്ചാത്താ ഓക്ക്  പള്ളേലുണ്ടായിനു "  "മൂന്നു മാസം "

" ഒലക്കണ്ടായ്നി .. ഒഴക്ക ..."
.............

Sunday, July 22, 2012

വേര്‍പാടുകള്‍


ഒരുബീജമായ് അരജീവനായ് 
മല്‍സരിച്ചോടിയൊന്നാമനായ് 
പൂമെത്ത വിരിച്ചു കാത്തിരിക്കു 
മൊരണ്ഡത്തെ പുല്‍കിയെങ്കിലും 
എന്‍ പൊന്‍ പൂവാലിനോട് ഞാന്‍ 
വിടപറയേണ്ടി വന്നു !

സിക്താണ്ഡമായൊരുണ്മയായ്‌
കണ്ണായി കരളായി ഹൃദയമായ്‌ 
അമ്മതന്‍ രുധിരത്തിലുതിരുന്ന 
ശ്വാസത്തിനൂര്‍ജ്ജത്തിലൂന്നി വളര്‍ന്നപ്പോള്‍ 
ആ ഗര്‍ഭഗേഹം വെടിയേണ്ടി വരുമെന്ന് 
നിനച്ചതേയില്ലയെന്റെയമ്മേ...!
നിന്‍ജീവരക്തമെന്നിലേക്കൊഴുകിയ  
പൊക്കിള്‍ കൊടിയോടുപോലും  
എനിക്ക് വിടപറയേണ്ടി വന്നു..!

തളിരിലച്ചുണ്ടിനാല്‍ നൊട്ടിനുണഞ്ഞതാം  
അമ്മതന്നനവദ്യ സ്നേഹം ചുരത്തുന്ന 
കലിക പോല്‍ മൃദുലമാമമ്മിഞ്ഞയോടും 
ആരോ പറിച്ചെറിഞ്ഞതു  പോലെ 
എനിക്ക് വിടചോല്ലേണ്ടി വന്നു..!

തിന്നതെന്തോ ദഹിച്ചില്ലയെന്നും
ഉവ്വ് നോവുമാ പെരുവയറെന്നും
ചൊല്ലിയെന്നെയമ്മതന്‍ മാറിടം
വിട്ടുമാറ്റിക്കിടത്തിയനാള്‍ മുതല്‍ 
സുഖമുള്ളയാചൂടുംചൂരുമിയലും
മടിത്തട്ടിനോടെന്നെന്നേക്കുമായ് 
എനിക്ക് വിട പറയേണ്ടി വന്നു ..!

ഓര്‍മ്മകളോളങ്ങളായ് തീര്‍ന്ന നാള്‍ മുതല്‍ 
കണ്ണിലെയുണ്ണിയായ്‌ കരളിലെയരുവിയായ്‌ 
കണ്ടു വളര്‍ന്നോരെന്‍ കളിക്കൂട്ടുകാരിയെ 
വയസ്സറിഞ്ഞെന്നു കേട്ടനാള്‍ മുതല്‍ 
എനിക്ക് പിരിയേണ്ടി വന്നു..!

കണ്ണടക്കാതെയും  കണ്ണുകാണാതെയും 
കണ്ണില്‍ കണ്ടതോരാഘോഷമാക്കിയും 
മെയ്യില്‍പ്പാതി മനസ്സില്‍പ്പാതിയായ് 
ഉണ്ടുറങ്ങിയോര്‍  നല്ല ചങ്ങാതിമാര്‍
മംഗളാശംസകള്‍ മംഗല്യരാത്രിയില്‍
ചൊല്ലിയെന്നേക്കുമായ്
എന്നെപ്പിരിഞ്ഞു പോയ്‌ ..!

എന്റെയൂഴം കഴിഞ്ഞു പോയ്‌ മക്കളേ ..
നിന്നില്‍ എന്റെതായതെല്ലാമേല്‍പ്പിക്കുന്നു
എന്നവസാനമായ്‌ ചൊല്ലിപ്പിരിഞ്ഞു പോയ്‌ 
എന്നെ ഞാനാക്കിയാളാക്കി മാറ്റിയെന്നച്ച്ചനും ..!

നന്മകള്‍ മാത്രം പുകഴ്ത്തിപ്പറഞ്ഞിട്ടു 
ആയുരാരോഗ്യസൌഖ്യവും  നേര്‍ന്നിട്ടു
ലാവണം നിര്‍ത്തിപ്പടികളിറങ്ങവേ 
ഒന്നിച്ചു നിന്നവര്‍ കണ്ണുനീര്‍ നേദിച്ചു 
വിട ചൊല്ലി പതിരില്ലാ ചിരി തൂകി
പാതിവഴിയില്‍ പതിയെപ്പിരിഞ്ഞുപോയ്‌ ..!

വേര്‍പാടിന്‍ വേദന  വേറിട്ടറിയുമ്പോള്‍  
പതിവായി ജീവനില്‍  കൊതിയൂറിയേറുന്നു 
പിരിയാത്ത അഴിയാത്തയിഴചേര്‍ത്തുമൃത്യുവെ
പ്പടിവാതില്‍ കേറ്റാതെ പുറമേയിരുത്തുവാന്‍ 
"കഴിയില്ലെനിക്ക്" എന്നു ചൊല്ലിപ്പിരിയുന്നു..



Friday, July 20, 2012

6 - സൈനബ


കുന്നുമ്മലങ്ങാടിയില്‍ ഒരു മക്കാനികൂടെ തുടങ്ങി ..!
കോയാക്കന്റെ ചേക്കുട്ടിയുടെ  മക്കാനി ...

കമ്മദുകാക്കക്ക്  ഇത് തീരെ പിടിച്ചില്ല ..അല്ലെങ്കില്‍ത്തന്നെ സൈനബ  കൂലിപ്പണിക്ക്  പോവാന്‍ തുടങ്ങിയതില്‍ പിന്നെ പണ്ടത്തെ തിരക്ക് മക്കാനിയില്‍ ഉണ്ടാവാറില്ല ..എങ്കിലും അവള്‍ നിത്യവും സമ്പാദിക്കുന്നത് അവള്‍ക്കു തന്നെ ഉപകാരപ്പെടട്ടെ എന്ന കണക്ക് കൂട്ടലില്‍ കമ്മദു കാക്കയും കുഞ്ഞാമിനാച്ചിയും അവളോട്‌ കാശൊന്നും ചോദിക്കാറില്ലായിരുന്നു.

"ഒരുക്കൂട്ടി ഓള് പൊന്നിന്റെ പൊടി എന്തെങ്കിലും വാങ്ങിക്കോട്ടെ..കെട്ടിക്കുമ്പം ബാക്കി നോക്കിയാ മതിയല്ലോ."
കമ്മദു കാക്ക  സമാധാനിച്ചു.
ആ സമാധാനം, കൊടുങ്കാറ്റിനു മുന്‍പുള്ള ശന്തതയായിരുന്നെന്നു മുന്‍കൂട്ടി അറിയാന്‍ പക്ഷെ, കമ്മദു കാക്കക്കു ത്രികാല ജ്ഞാനമൊന്നും ഇല്ലായിരുന്നല്ലോ...!

ബ്ലോക്കിന്റെ സഹായത്തോടെ മണ്ണൊലിപ്പ് തടയാന്‍ കൊണ്ടൂര്‍ കയ്യാല കെട്ടാന്‍ അന്ന് പലരും ലോണെടുതിരുന്നതിനാല്‍ വേലുക്കുട്ടിക്കു എന്നും പണിയുമുണ്ടായിരുന്നു..

ധ്ഹ്ബും....... ധ്ഹ്ബും....... 

മുഴുത്ത മസിലുള്ള പള്ളിയാളിയിലെ യുവാക്കള്‍  വലിയ പാറക്കല്ലുകള്‍ക്കു മുകളില്‍ കയറി നിന്ന് കമ്പിപ്പാരകള്‍ ഇടിച്ചിറക്കും .. ക്രമേണ ഒരു കുഴലുപോലെയാവുന്ന കുഴിയില്‍ അവള്‍ ഇലകള്‍ തിരുകി വീണ്ടും ഇടിക്കും..കമ്പി ശരിക്കും പിടിച്ചു കഴിഞ്ഞാല്‍ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് പാറ പൊളിച്ചെടുക്കും..

കൂടം കൊണ്ട് അടിച്ചു കഷണമാക്കിയിടുന്ന കുത്തുകല്ല് കുല്‍കുഴ്ഞ്ഞിയും ബിച്ചീരനും എടുത്തുപൊക്കി സൈനബയുടെയും അതുപോലെ തന്നെ സുന്ദരിയായിരുന്ന വെള്ളാട്ടിയുടെയും തലയിലേറ്റിക്കൊടുക്കും..ചുമടുമായി നടന്ന് വേലുക്കുട്ടി കയ്യാല കുത്തുന്നിടത്തു കൊണ്ട് പോയി തട്ടും ...
ഈ സുര സുന്ദരികളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള അന്നനട യുവാക്കള്‍ക്ക് ജോലിയില്‍ ആവേശം പകര്‍ന്നു..പഞ്ചാരവാക്കുകള്‍ കൊണ്ട് അവരെ കിക്കിളി കൂട്ടാനും അവര്‍ സമയം കണ്ടെത്തി.. കഠിനമായ ജോലിയുടെ ക്ഷീണം അറിയാതെ അവര്‍ കൂറ്റന്‍ പാറകള്‍ കയ്യാലക്കെട്ടുകളാക്കി മാറ്റി..
ഉച്ചവെയിലിന്റെ തീക്ഷണതയില്‍ ഉരുകിയൊലിക്കുന്ന അവരുടെ വിയര്‍പ്പിനു പോലും മധുരമായിരുന്നത്രേ...!

കാലത്തിനൊപ്പം കടവത്തിയൂര്‍ മാറ്റങ്ങള്‍ക്കു വഴിമാറിക്കൊടുത്തു ..

ഐക്യകേരളം നിലവില്‍ വന്നു ...അതോടൊപ്പം മലബാറിന്റെ വികസനത്തിന്‌ അനേകം പദ്ധതികളും ..
ബ്ലോക്ക് വക  ന്യായവില ഷാപ്പ്‌ കുന്നുമ്മലങ്ങാടിയില്‍ തുടങ്ങാന്‍ അനുമതിയായി ..
രണ്ടാം ലോക മഹായുദ്ധം സംഭാവന ചെയ്ത വറുതിയുടെ ദിനങ്ങളില്‍ നിന്ന് നാട് പൂര്‍ണ്ണമായും മുക്തി നേടിയുരുന്നില്ല ...!
ഭൂരിഭാഗം ജനങ്ങളും താളും തകരയും തിന്നു അരവയര്‍ മുറുക്കിയുടുത്തുറങ്ങുമ്പോള്‍ പാട്ടനെല്ല് വടിച്ചിട്ടു നിറഞ്ഞ പത്തായങ്ങള്‍ ക്ക് മുകളില്‍ അന്തിയുറങ്ങുന്ന ചുരുക്കം ചില കുടുംബങ്ങളും ഉണ്ടായിരുന്നു അന്ന്..! 
കടവത്തിയൂരിലെ വലിയ കൊയിസ്സനാജിയുടെ തറവാടും ചെറുകരയിലെ കൊള്ളിക്കാട്ടു പോക്കരാക്കന്റെ തറവാടും ..പിന്നെ പന്നിക്കൊട്ടൂരെ ചില നമ്പൂതിരി ഇല്ലങ്ങളും അതില്‍പെട്ടവയായിരുന്നു.

കരിഞ്ചന്തയില്‍ അരി കിട്ടാനില്ലായിരുന്നു.. ഇനി കിട്ടുന്നതാകട്ടെ കൊള്ളാനാകാത്ത വിലക്കും !
ന്യായവിലയ്ക്ക് ഗവേന്‍ന്മേന്റ്റ്‌ സംഭരിച്ചു അയക്കുന്ന അരിയും ഗോതമ്പും മാസംതോറും വന്നിറങ്ങുന്ന ന്യായവിലഷാപ്പുകള്‍ ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു..
കുന്നുമ്മലങ്ങാടിയില്‍ ഷാപ്പ്‌ തുടങ്ങാന്‍ പിതാവിനെ പിന്തുടര്‍ന്ന്  ഗ്രാമാധികാരിയായി നിയമിക്കപ്പെട്ട ചെറിയ ബീരാന്‍ സാഹിബിനായിരുന്നു അധികാരം ..
വിചാരിച്ചപോലെ തന്നെ സംഭവിച്ചു .. കെട്ടിവെക്കാനുള്ള പണം (മൂലധനം) കയ്യില്‍ ഉള്ളവര്‍ക്കല്ലേ ഇതൊക്കെ നടക്കുകയുള്ളൂ ..ഷാപ്പിന്റെ നടത്തിപ്പിനായി ബിനാമിയായി മൊയ്‌തീന്‍കുട്ടിയെ വെച്ച് അധികാരി ഷാപ്പ്‌ തുടങ്ങി..!
മൊയ്തീന്‍കുട്ടി ചെറിയ ബീരാന്‍ സാഹിബിന്റെ വലംകയ്യായിരുന്നു .. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രൈവറ്റ് സെക്രട്ടരി തന്നെ..! 
മൊയ്തീന്‍കുട്ടിയെ ഈ ചുമതല ഏല്പ്പിച്ചതില്‍  ഒരുതരത്തില്‍പ്പറഞ്ഞാല്‍ നാട്ടുകാരും സംതൃപ്തരായിരുന്നു ...സത്യസന്ധതയും സാമൂഹ്യബോധവും സൌകുമാര്യവും ഉള്ള യുവാവ് ..
ഷാപ്പിലെക്കുള്ള ചരക്കുകള്‍ തോണിവഴി പോയ്യോത്തുംകടവില്‍ വന്നു ചേര്‍ന്നാല്‍ പിന്നെ ചുമട്ടുകാര്‍ക്ക് പണിയായി ...ഒരു ദിവസം മുഴുവന്‍ കടത്താനുണ്ടാവും അരി, ഗോതമ്പു പഞ്ചാരച്ചാക്കുകള്‍ ..കടവില്‍നിന്നു ഒരു കിലോമീറ്റര്‍ മാറി ചാളക്കപ്പറമ്പില്‍ ഒഴിഞ്ഞു കിടന്നിരുന്ന പഴയ നമ്പൂതിരി ഇല്ലമായിരുന്നു പാണ്ടികശാല ..കടവില്‍ നിന്ന് പാണ്ടികശാലയിലേക്കും പിന്നീട് അവിടെനിന്നു കുന്നുമ്മല്‍ അങ്ങാടിയിലെ ന്യായവിലഷാപ്പിലെക്കും ചാക്കുകള്‍ ചുമട്ടുതൊഴിലാളികളുടെ തലയിലേറി നീങ്ങിക്കൊണ്ടേയിരുന്നു ...

  " മുന്നുന്ന് മാറിക്കോളി കുട്ട്യോളെ ഇത് ഉരുണ്ടാ പിന്നെ പിടിച്ചാ കിട്ടൂല " 

പാടുപെട്ടു ഉരുട്ടിക്കൊണ്ട് വരുന്ന മണ്ണെണ്ണ വീപ്പയുടെ മുന്നില്‍ കോപ്രായം കാണിക്കുന്ന അങ്ങാടിപ്പി ള്ളേരോടായി  കുല്‍ക്കുഴിഞ്ഞി പറഞ്ഞു..

കമ്മദുകാക്കയുടെ മക്കാനിക്ക് മുന്‍പില്‍ ഓടിട്ട കെട്ടിടത്തിലാണ് ന്യായവിലഷാപ്പ്‌ ..കെട്ടിടം പഴയതാണെങ്കിലും ഉറപ്പുള്ള നിര്‍മ്മിതിയാണ് .. വണ്ണമുള്ള മരത്തൂണുകളില്‍ ഇറയും താങ്ങി നില്‍ക്കുന്ന പീടികക്കെട്ടിടത്തിന്റെ വലത്തെ മൂലയിലുള്ള രണ്ടു മുറികളിലായിരുന്നു അരിയും ഗോതമ്പും എല്ലാം ചാക്കുകണക്കിന് അട്ടിയിടുന്നത് ..കൊലായിലുള്ള മേശയാണ് ഓഫീസ്‌ ..അതിനു പിന്നില്‍  ഒരു കൈ മുറിഞ്ഞു പോയ ഒരു കസേരയും...!

എല്ലാത്തിനും സാക്ഷിയായി പഴുത്ത ഇലകള്‍ നിരന്തരം പൊഴിച്ച് കൊണ്ട് ഒരു വന്‍പറങ്കി മാവ് ഈ കെട്ടിടത്തെ കുടചൂടി നിന്നിരുന്നു.നീര്‍വാര്‍ച്ചയില്ലാത്ത മുറ്റത്തു  ഇലകള്‍ മഴവെള്ളത്തില്‍ കിടന്നു ചീഞ്ഞു മഴക്കാലത്തു ഇവിടം ചളിക്കുളമാക്കാറുള്ളതും ബാവുട്ടന്റെ മനോമുകുരത്തില്‍ തെളിഞ്ഞു.

ഓരോ ആഴ്ചയും സ്റ്റോക്കെത്തിക്കഴിഞ്ഞാല്‍ പിന്നെ ഈ കോലായില്‍ ജനങ്ങള്‍ നിറഞ്ഞു കവിയും.. ശനിയാഴ്ചകളില്‍ തിരക്ക് അതിന്റെ പാരമ്യത്തിലെത്തും .. ആ ആഴ്ചയിലെ വിഹിതം പിറ്റേന്ന് കിട്ടില്ല.. അന്ന് മേശപ്പുറത്ത് കൌപനുകളുടെ (COUPEN) അട്ടി ഉയര്‍ന്നു പൊങ്ങും ..തന്റെ കൌപന്‍ വിളിക്കുമ്പോള്‍ അടക്കേണ്ട പൈസക്കായി, .. കിട്ടാനുള്ള കൂലിക്കായി,  അടിയാരും ഉടയോരും അടികൂടുന്നത് എല്ലാ ആഴചയിലും പതിവായി..
കള്ളുംകുടിച്ചെത്തുന്ന  കണക്കനില്‍നിന്ന് റേഷന്‍ വാങ്ങാനുള്ള കാശു ചോദിച്ചതിനു കൊറ്റിക്കുട്ടിക്കു അങ്ങാടിയില്‍ നിന്ന് തല്ലു കൊള്ളുന്നതും പതിവ്‌ കാഴ്ചകളായി ..!

കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനും മറ്റും വട്ടിക്കാശിനു കുഞ്ഞിപ്പോക്കുഹാജിയുടെ വീട്ടില്‍ പണയം വെച്ച റേഷന്‍കാര്‍ഡുകളുമായി ഇതിലിടയില്‍ "സില്‍ബന്ധി ഉമ്മര്‍കുട്ടി" മോയ്തീന്കുട്ടിയെ രഹസ്യമായി കാണുന്നു.. രാത്രിക്ക് ഉറക്കമിളച്ചാലും ആ കാര്‍ഡുകളില്‍ മൊയ്തീന്‍കുട്ടി റേഷന്‍ ചേര്‍ത്തും .. !  "വെറും സേവനം കൊണ്ട് മാത്രം അധികാരിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇങ്ങനെ ചില മറിമായങ്ങള്‍ മൊയ്തീന് ചെയ്യേണ്ടിവന്നിരുന്നു ...

കമ്മദു കാക്കാന്റെ മക്കാനിയില്‍ എപ്പോഴും തിരക്കോടുതിരക്ക്...!

മറ്റൊരു ചായമക്കാനി തുടങ്ങാന്‍ ചേക്കുട്ടിക്കയെ പ്രേരിപ്പിച്ചത് ഈ തിരക്കായിരുന്നു ...

ന്യായവില ഷാപ്പിന്റെ മറുകോണില്‍ ഉള്ള ചായ്പ്പു അടുക്കളയാക്കി മുന്‍വശത്ത് കൊലായില്‍ ബഞ്ചുകളും ഡസ്ക്കുകളും സ്ഥാനം പിടിച്ചു.. 

" എറവെള്ളം കുടിച്ചു കുടിച്ചു മതിയായി..ഒരു നല്ല ചായ കുടിക്കാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ .."
കമ്മദു കാക്കയുടെ മക്കാനിയില്‍ പറ്റു പെരുകിയവര്‍ അയാളെ കുറ്റം പറഞ്ഞു കൊണ്ട് ചേക്കുട്ടിയുടെ പറ്റുകാരായി..! വീതികൂടിയ സ്ലേറ്റ്,  ചേക്കുട്ടിയുടെ മക്കാനിയുടെ ഭിത്തിയിലും തൂങ്ങിയാടി ..!

ന്യായവില ഷാപ്പ് തുടങ്ങിയതോടെ മൊയ്‌തീന്‍കുട്ടി തിരക്കിലായി , അതുവരെ വൈകുന്നേരങ്ങളില്‍ കമ്മദുകാക്കന്റെ മക്കാനിയില്‍ ഇരുന്നു വെടി പറഞ്ഞിരുന്ന  അയമുട്ടിമാഷും സംഘവും മൊയ്‌തീന്‍കുട്ടിയുടെ സൗകര്യം പരിഗണിച്ചാവും ഇരുത്തം ചേക്കുട്ടിയുടെ മക്കാനിയിലേക്ക് മാറ്റി..
അതോടെ കമ്മദു കാക്കയുടെ മക്കാനി ചെറുപ്പക്കാരുടെ സ്വന്തം മക്കാനിയായി മാറുകയും ചെയ്തു.. കാരണവന്‍മാരുടെ ശല്യം തീര്‍ന്ന സന്തോഷം കൊണ്ടാവാം യുവാക്കളായ മരപ്പണിക്കാരും ചുമട്ടുകാരും  ചില്ലറ മംഗുരുണിക്കമ്പനിക്കാരും ഈ അവസരം നന്നായി ആഘോഷിക്കുകയും ചെയ്തു..!

വേലുക്കുട്ടിയുടെ കൂടെ പണിക്ക് പോവാത്ത ദിവസങ്ങളില്‍ സൈനബ മക്കാനിയിലുണ്ടാവും .അന്ന് ചില യുവാക്കള്‍ പണിക്ക് പോവാതെ ചുറ്റിപ്പറ്റിയിരിക്കുന്നതും കുല്‍ക്കുഴ്ഞ്ഞി ഇടത്തും വലത്തും തിരിയാന്‍ സമ്മതിക്കാതെ അവളെ പൊതിഞ്ഞു നില്‍ക്കുന്നതും പതിവായിരുന്നു ..
പക്ഷെ അവളുടെ ഒരു നോട്ടം മതിയായിരുന്നു പലര്‍ക്കും.... എന്നത് ആരും പറയാതെ പോയ സത്യം.!
പതിനാലാം രാവ് ഉദിച്ച പോലെ അടുക്കളയുടെ പരമ്പ്മറയുടെ ഉള്ളില്‍ നിന്ന് അവളുടെ ചന്തമുള്ള മുഖവും ചാട്ടുളിപോലത്തെ കടക്കണ്ണും യുവാക്കളുടെ രാവുകളില്‍ നിശ്വാസങ്ങള്‍ക്ക് ചൂട് പകര്‍ന്നുകൊണ്ടേയിരുന്നു..

അന്നൊരു ശനിയാഴ്ചയായിരുന്നു ..ന്യായവിലഷാപ്പില്‍ ഉന്തും തള്ളും നടക്കുന്ന ദിവസം ...സന്ധ്യകഴിഞ്ഞിരിക്കുന്നു സില്‍ബന്ധി ഉമ്മര്‍കുട്ടി ഗ്യാസ്‌ലൈറ്റ്‌ കത്തിക്കാന്‍ കാറ്റടിക്കുകയാണ് ..
മേശപ്പുറത്ത് കൌപനുകള്‍ ഇനിയും ഒരുപാട് ബാക്കി.. വെളിച്ചം കുറഞ്ഞപ്പോള്‍ കാര്‍ഡ്‌ ചേര്‍ത്താന്‍ കഴിയാതെ മൊയ്തീന്‍കുട്ടി ഒന്ന് എണീറ്റ്‌ മൂരി നിവര്‍ന്നു .. 
ചേക്കുട്ടിയുടെ മക്കാനി ബെഞ്ചില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്ന ചങ്ങാതിമാരായ അയമുട്ടി മാഷിനോടും  ഉള്ളാളത്ത്കാരനോടും കുശലം പറയാന്‍ ഇരുന്നു..

ഉള്ളാളത്ത്കാരന്‍ അബ്ദുള്ളക്ക  ജീവിക്കാന്‍ വേണ്ടി ഒട്ടും പ്രയാസപ്പെടാത്ത ആളായിരുന്നു ...തനിക്കറിയാവുന്ന വിദ്യ വിറ്റു കാശാക്കാന്‍ അദ്ദേഹം മിടുക്കനായിരുന്നു.. തന്റെ സൈക്കില്‍ ഷാപ്പില്‍ മേശപ്പുറത്ത് വെച്ചിരുന്ന ഭീമന്‍ പളുങ്ക് ഭരണി മതിയായിരുന്നു മൂപ്പര്‍ക്ക് നിത്യചെലവിനുള്ള വക..!   സൈക്കിള്‍ ഷാപിലേക്ക് സ്പയെര്‍ പാര്‍ട്സ് വാങ്ങാന്‍ കോഴിക്കോട്ട് പോവുമ്പോള്‍ ഒരു കാലിചാക്ക് കയ്യിലുണ്ടാവും ..മടങ്ങുമ്പോള്‍ വലിയങ്ങാടിയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ കേറി ചെറുനാരങ്ങ വാങ്ങും..വീട്ടില്‍ നിന്നത് ഉപ്പിലിട്ടു പീടികയിലെ മേശപ്പുറത്തിരിക്കുന്ന പളുങ്ക് ഭരണി മാസം തോറും നിറയ്ക്കും ..അതിനകത്ത് പിടി നീളമുള്ള കുയ്യല്‍ ഉണ്ടാവും ..ഒരു ചെറു നാരങ്ങയുടെ കൃത്യം വലിപ്പമുള്ള ഒരു കയില്‍ ..! അമ്പതു പൈസയ്ക്ക് ഒരു ഉപ്പിലിട്ടതും... കുറച്ചു നീരും..! ആവശ്യക്കാരന്‍ ഗ്ലാസും കൊണ്ട് വരും ..ഇല്ലെങ്കില്‍ വില്‍ക്കാന്‍ ഗ്ലാസും കടയില്‍ തന്നെ റെഡി..! 
നടപ്പ് പനി വന്നാല്‍ ഉപ്പിലിട്ട നാരങ്ങ വേഗത്തില്‍ വിറ്റഴിയും ..ഒരു സൈക്കിളും കൂടി വാങ്ങാന്‍ ഇത്തരം ഓരോ പനിക്കാലവും അദ്ദേഹത്തെ സഹായിച്ചിരുന്നു..!

പെട്ടെന്നാണ് കമ്മദുകാക്കയുടെ മക്കാനിയില്‍ നിന്ന് ബഹളം തുടങ്ങിയത് ...മേശയും കസേരകളും മറിഞ്ഞു വീഴുന്ന ശബ്ദവും കമ്മദുകാക്കയുടെ അട്ടഹാസവും..!

കുന്നുമ്മലങ്ങാടി ഞെട്ടിപ്പോയി..! ഇത്രയും ഉച്ചത്തില്‍ ഒരു ബഹളം ഇന്നാട്ടുകാര്‍ ആദ്യം കേള്‍ക്കുകയാണ് ..ആളുകള്‍ ഓടിക്കൂടി..മക്കാനിയില്‍ നിന്ന് പെണ്ണുങ്ങളുടെ കരച്ചിലും കേള്‍ക്കുന്നുണ്ട്..സൈനബയും അവളുടെ ഉമ്മയും ആണ്...!
കമ്മദുകാക്ക അട്ടഹസിച്ചു കൊണ്ട് കുല്‍ക്കുഴ്ഞ്ഞിയെ കാലുകൊണ്ട് തൊഴിക്കുന്നു.. ഇരുകൈകളും കൊണ്ട് അവന്‍ തോഴി തടുക്കുന്നു..  മക്കാനിക്ക് പുറത്തേക്ക് അയാള്‍ അവനെ ചവിട്ടിയിറക്കി ..ആരൊക്കെയോ ചേര്‍ന്ന് കുല്‍ക്കുഴ്ഞ്ഞിയെ പിടിച്ചു മാറ്റി.. അജാനുബാഹുവായ ഇവന്‍ പ്രതികരിക്കാതെ ഒടിഞ്ഞുകൂനി ചവിട്ടുകൊള്ളാന്‍ നിന്ന് കൊടുത്തതെന്തേ എന്ന് എല്ലാവരും വിസ്മയിച്ചു..!

" നായിന്റ മോന്‍ ..തിന്നാന്‍ കൊടുത്തതിന്റെ നന്ദി കാട്ടാത്ത എരപ്പേ..." 

കമ്മദുകാക്കയുടെ ബനിയന്‍ ഇടാത്ത മാറിടം ചുവന്നിരിക്കുന്നു..മുഖം തേനീച്ചകുത്തിയ പോലെ വീര്‍ത്തിരിക്കുന്നു.. അയാള്‍ ആകെ വിയര്‍ത്തു ജ്വലിക്കുകയാണ്.. വെളുക്കെച്ചിരിച്ചിരുന്ന വെളുത്തുള്ളിപ്പല്ലുകള്‍ കോമ്പല്ലുകളായി മാറിയോ..?!

എന്താണ് സംഭവിച്ചതെന്നു ആര്‍ക്കും പിടി കിട്ടിയില്ല ..

"കുറച്ചു മുന്‍പേ കമ്മദുകാക്ക അകത്തേക്കോടിയതും കുല്‍ക്കുഴിഞ്ഞിയെ ഉന്തിയും തള്ളിയും പ്രഹരിച്ചു കൊണ്ട് പുറത്തേക്കു വരുന്നതും ആണ് കണ്ടത് "
മക്കാനിയില്‍ ചായ കുടിച്ചു കൊണ്ടിരുന്നവര്‍ക്കും അത്രയെ അറിയുകയുള്ളൂ..

അയമുട്ടിമാഷും മൊയ്തീന്‍ കുട്ടിയും കമ്മദുകാക്കയെ പുറത്തു തട്ടി പതുക്കെ മക്കാനിയുടെ ഉള്ളിലേക്ക് കൂട്ടി കൊണ്ട് പോയി.. അകത്തു നിന്ന് സൈനബയുടെയും ഉമ്മയുടെയും ഏങ്ങലടികള്‍ അപ്പോഴും ഉയര്‍ന്നു കൊണ്ടിരുന്നു..

ന്യായവിലഷാപ്പില്‍ ആളുകള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി ..
"മാപ്പള ദേട പോയ്‌ കെട്ക്വാ ...ച്ച്ദയിരി മാങ്ങിട്ടു മാണം മക്കക്കുള്ള കഞ്ഞി അട്പ്പത്ത്ടാന്‍"....."
 മുറുക്കിചുവപ്പിച്ചതു പീടികമുറ്റത്തേക്ക്  പാറ്റിത്തുപ്പിക്കൊണ്ട് ചിരുതക്കുട്ടി നൊടിഞ്ഞു..

ഗ്യാസ്‌ലൈറ്റ്‌ കത്തിച്ചു തൂക്കി സില്‍ബന്ധി,  മേശവലിപ്പ് പൂട്ടി മൊയ്തീന്‍ കുട്ടിയെ തിരഞ്ഞു പോയി ആ പോക്ക് കൊണ്ടാണ് എന്താണ് സംഭവിച്ചതെന്ന് അങ്ങാടിയില്‍ എല്ലാവരും അറിഞ്ഞതും..

മക്കാനിയിലെക്കുള്ള വിറകും വെള്ളവും എല്ലാം ഒരുക്കി വെച്ച ശേഷം കുല്കുഴ്ഞ്ഞി അടുക്കളയില്‍ ഇരുന്നു പൊറോട്ടയും മത്തിമുളകിട്ടതും കഴിക്കുകയായിരുന്നു..സൈനബ തൊട്ടടുത്ത്‌ നിന്ന് ഉള്ളിവടക്കുള്ള ഉള്ളി അരിയുകയായിരുന്നു.. അവളുടെ കണ്ണില്‍ നിന്ന് മുത്ത്‌മണികള്‍ പോലെ കണ്ണ് നീര്‍ത്തുള്ളികള്‍ വീണുകൊണ്ടിരുന്നു.. കുല്കുഴ്ഞ്ഞി തീറ്റി നിര്‍ത്തി  അവളുടെ മുഖത്തേക്ക് നിര്‍ന്നിമേഷനായി നോക്കി നിന്നു..

" ന്തേയ് ബനേ ജ്ജി ങ്ങനെ നോക്ക്ണ്..?  
നീരോലിക്കുന്ന മൂക്ക് തുടച്ചു കൊണ്ട് സൈനബ ചോദിച്ചു 

അവരുടെ കണ്ണുകള്‍ തമ്മില്‍ എന്തോ സംസാരിച്ചോ..?..
കുല്ക്കുഴ്ഞ്ഞി വിറയ്ക്കുന്ന ഇടതു കൈവിരല്‍ കൊണ്ട് അവളുടെ മുഖത്ത് കൂടി ഒഴുകിയിറങ്ങുന്ന ആ കണ്ണുനീര്‍ച്ചാല് തുടച്ചു ..
സൈനബ  അവന്റെ കൈകള്‍ തട്ടിമാറ്റി.. 
ഭ്രാന്തമായ ഒരാവേശത്തോടെ കുല്കുഴ്ഞ്ഞി അവളെ കടന്നു പിടിച്ചു .. ആ കവിളില്‍ തെരുതെരെ ചുംബിച്ചു ..
സൈനബ ഒരു സീല്‍ക്കാരത്തോടെ കുതറിയോടി ..പുറത്തിറങ്ങിയിരുന്ന ഉമ്മ ഇത് കണ്ടുകൊണ്ടാണ് കയറി വന്നത് ..സൈനബയുടെ ശബ്ദം കേട്ട് കമ്മദു കാക്കയും അകത്തെത്തി ..
പിന്നെയായിരുന്നു ആ അടിയും ബഹളവുമെല്ലാം ...
മൊയ്തീന്‍ കുട്ടി മക്കാനിയുടെ അടുക്കളയില്‍ നിന്നും പുറത്തേക്കു വന്നു ..ഷാപ്പിലേക്ക് നടന്നു.. കൂട്ടം കൂടിയ ആളുകള്‍ പതുക്കെ പിരിഞ്ഞു തുടങ്ങി ..
അല്പം കഴിഞ്ഞു അയമുട്ടിമാഷും കമ്മദുകാക്കയും പുറത്തു വന്നു.. 
കുല്‍ക്കുഴ്ഞ്ഞി സ്ഥലം വിട്ടിരിക്കുന്നു..അതോ ആരോ അവനെ സ്ഥലത്ത് നിന്ന് മാറ്റിയിരിക്കുന്നു ..!

" ന്താണ്ട വല്ല പൂരം കാണാന്‍ നിക്വാണോ ..അനക്കൊന്നും ബേറെ പണിയൊന്നും ഇല്ലെടോ "
പിന്നെയും പിരിഞ്ഞു പോകാതെ നിന്നവരോടായ്‌ കമ്മദുകാക്ക കയര്‍ത്തു..

അയമുട്ടി മാഷ്‌ പിന്നെയും കുറെ നേരം കമ്മദുകാക്കയെ സമാധാനിപ്പിച്ചു കൊണ്ട് അവിടെ ഇരുന്നു.. ഇടക്കെപ്പോഴോ മാഷ് ചോദിച്ചത്രേ " ഇങ്ങനോക്ക്യായ സ്ഥിതിക്ക് സൈനബാനെ കുല്‍ക്കുഴ്ഞ്ഞിക്കു കെട്ടിച്ചു കൊടുത്തൂടെ എന്ന്.." 
കുടിച്ച ഒരുകവിള്‍ ചായ കുലുക്കുഴിഞ്ഞ് ഒരൊറ്റ തുപ്പായിരുന്നത്രേ അതിനു മറുപടി..
അതോടെ അയമുട്ടി മാഷ് പതുക്കെ പിന്‍വാങ്ങി..

പിറ്റേന്നാണ് ഞങ്ങളുടെ നാട് ശരിക്കും ഞെട്ടിയത്..!

സുബഹിബാങ്ക് കൊടുത്തപ്പോള്‍ കുഞ്ഞാമിനാച്ചി ഉണര്‍ന്നു.. കിണ്ടിയില്‍ വെള്ളവുമായി മൂത്രമൊഴിക്കാന്‍ ഇറയത്തേക്കിറങ്ങും മുമ്പ് സൈനബകിടക്കുന്ന മുറിയിലേക്ക് ഒന്നെത്തി നോക്കി ..
കട്ടിലില്‍ പുതപ്പ് മാത്രം..!
മണിക്കൂറുകള്‍ കഴിഞ്ഞു കുഞ്ഞാമിനാച്ചിക്ക് ബോധം വീണപ്പോള്‍ കരഞ്ഞുകൊണ്ട് കമ്മദുകാക്ക പറയുന്നത് അവരും കേട്ടു..
" ന്റെ സൈനബ്ക്ക് ഓനോട് പിരിശായിരുന്നെങ്കില് ഓക്കൊന്നു...ന്നോട്,  അല്ലെങ്കിലോളെമ്മനോട് ഒന്ന് പറഞ്ഞൂടെയ്നോ.." 

വര്‍ഷങ്ങളോളം സൈനബയെയും കുല്‍ക്കുഴ്ഞ്ഞിയെയും പിന്നെ ആരും കണ്ടിട്ടില്ല..

ശരിക്കും സൈനബ കുല്‍ക്കുഴ്ഞ്ഞിയെ ഇഷട്ടപ്പെട്ടിട്ട് ഒളിച്ചോടിയതാണോ..അതോ..
ബലിഷ്ടമായ കുല്‍ക്കുഴ്ഞ്ഞിയുടെ കൈകളില്‍ ഒരു കുഞ്ഞാറ്റക്കുരുവിപോലെ അമര്‍ന്നുപോയതാണോ ...?!

ദൈവത്തിനും അവള്‍ക്കും മാത്രമറിയാം..!

( തുടരും..)

Tuesday, July 10, 2012

മുറിവേറ്റ പക്ഷി



കരയുവാന്‍ കണ്ണീരുകിനിയാതെ വരളുന്ന 
സ്മൃതികള്‍തന്നുറവകള്‍ തൊട്ടുനോക്കി
ഒരുചുടുനെടുവീര്‍പ്പിതു  കടമായി വാങ്ങി ഞാന്‍
കടമകള്‍ തര്‍പ്പണം ചെയ്തിടട്ടെ..

പതിതര്‍ക്കു പടയണിതീര്‍ക്കുവാന്‍ മോഹിച്ച
പുലര്‍കാല സ്വപ്‌നങ്ങള്‍ പൂത്തുനില്‍ക്കെ
പടവെട്ടി നേടുവാന്‍ ജീവിതം കുമ്പിളില്‍ 
വരമായി നല്‍കിയീ പൈതൃക സ്ഥാപനം

നിറവാര്‍ന്ന സൌഹൃദം  പുകയുന്നഹൃദയത്തില്‍
ജലധാരപോലെയൊഴുക്കിയെന്‍ ഗുരുജനം 
അറിയാതെയെപ്പോഴോ അവിവേകിയായിഞാന്‍ 
അമിതമാമാവേശപ്പെരുവഴി കേറിയോ ..?

അറിവിന്റെ നിറവിന്റെ പെരുമലങ്കാടുകള്‍
അതിരുകളില്ലാത്ത കടലുകള്‍ താണ്ടുവാന്‍
അരുമകള്‍ പൈതങ്ങളോരുപാടുകൂടുവാന്‍
അറിയാതെ മോഹിച്ചു ദാഹിച്ചിരുന്നു ഞാന്‍..

അളവറ്റോരാനന്ദം പുതുമാരി ചൊരിയുമ്പോള്‍
അവരിലൊരാളായ്‌ ഞാന്‍തീര്‍ന്നിരുന്നു 
അവിരാമമറിവിന്റെയുലയൂതിക്കനലിന്റെ
നിറതാപമായി ജ്വലിച്ചിരുന്നു..

ഇടവേളയിലെവിടെയോ താളം പിഴച്ചപ്പോള്‍ 
ഇടിവാള് തട്ടിയോ മുറിവേറ്റുവോ..
പടിവാതില്‍ കേറിയടുത്തെത്തി ദുര മൂത്ത 
വികലമാം വ്യര്‍ത്ഥമാം സ്വാര്‍ത്ഥലോഭം..! 

മുറിവേറ്റു ചിറകറ്റു പെരു മണല്‍ക്കാട്ടില്‍ ഞാന്‍
പുരുഷായുസൊന്നു പിടഞ്ഞു തീര്‍ത്തു..
പതിയെ തിരിഞ്ഞു ഞാന്‍ അരിയെണ്ണി നോക്കുന്നു 
പതിരല്ലാതൊന്നുമേ കയ്യിലില്ല..!

ദുരമൂത്ത ജീവിതം വീണ്ടുമിപ്പക്ഷിക്കു
മുറിവുകള്‍ നല്‍കുന്നിതനവദ്യമായ്‌ 
ഒരുനാളും കരിയാത്ത ചുടുചോരയുതിരുന്ന 
മുറിവുകള്‍ തടവി ഞാന്‍ തേങ്ങിടട്ടെ 

ഒരുചുടുനെടുവീര്‍പ്പിതു കടമായി വാങ്ങി ഞാന്‍
കടമകള്‍ തര്‍പ്പണം ചെയ്തിടട്ടെ..
എന്‍.....,..... കടമകള്‍ തര്‍പ്പണം ചെയ്തീടട്ടെ.