Wednesday, August 15, 2012

സ്വാതന്ത്ര്യത്തിന്റെ പേറ്റുനോവ്‌




ഇനിയുമീ സ്വാതന്ത്ര്യം പാടിപ്പുകഴ്ത്തരുത്.
ഇനിയുമീ നാടിന്‍റെ മാനം കെടുക്കരുത്.

ഇനിയുമായിലകള്‍ പൊഴിക്കും ചരിത്രത്തെ 
അറിയാതെപോലുമൊന്നകമേ ശപിക്കരുത്.

ഒരു നല്ലനാളെയെന്നുയിര്‍കൊണ്ട മക്കളെ 
ഒരു പൊയ്ക്കുതിരയെപ്പൂട്ടിയ വണ്ടിയില്‍

ഒരുപാട് കാലമായ്‌ കണ്‍കെട്ടു വിദ്യയാല്‍  
പല ചൊല്ലുകാഴ്ചകള്‍ കാട്ടിച്ചതിക്കുന്നു !


ആവടിപ്പൂരത്തിനുണ്ടായ വെളിപാട് 
ആടിത്തിമര്‍ക്കുവാന്‍ വഴിപാടു നേര്‍ന്നു നീ

ആരോഹണം ചെയ്ത തമ്പുരാക്കള്‍ക്കായി 
ഗോപുരപ്പടിവാതില്‍ താഴിട്ടു പൂട്ടിനീ

നാടന്‍ വാങ്ങിയെന്‍ നാടുനന്നാക്കുവാന്‍ 
നാടുമുഴുക്കെപ്പെരുമ്പറ കൊട്ടി നീ

നാവിട്ടലച്ചിട്ടു നിലവറക്കുള്ളിലെ 
പൊന്നിട്ട പെട്ടികള്‍ കയ്യിട്ടു വാരി നീ

ഉടുമുണ്ടു ചുറ്റിപ്പുതച്ചോരാ വൃദ്ധന്റെ 
ഉടയാത്ത വിഗ്രഹം മറയാക്കി മാറ്റി നീ

ആളുകള്‍ക്കന്നം കൊടുക്കുന്ന കൈകളില്‍ 
ജോലിക്ക് കൂലിയും ഭിക്ഷയായ്‌ നല്‍കി നീ

ആരൂഡമൂല മീ  കാടിന്റെമക്കളെ
ആയുധം കൊണ്ടിന്നു മാന്തിപ്പറിച്ചു നീ

ഊഴിതന്നാഴത്തിലെന്നോ സമൃദ്ധമാം
നാകവുമശ്മജമെല്ലാമെടുത്തു നീ

എണ്ണപ്പണത്തിനാല്‍ വണ്ണം പെരുക്കുന്ന
പങ്കു കച്ചോടത്തില്‍ കണ്ണ് വെക്കുന്നു നീ

പങ്കപ്പാടല്ലാതെ പങ്കുവെക്കാനൊന്നു
മില്ലാതെ സങ്കടം തിന്നുന്നു പാമരന്‍ !

അരുതെന്നുചൊന്നവര്‍, അടിമതന്‍ മോചകര്‍ 
അരുതാത്ത കനികള്‍ ഭുജിച്ചിട്ടു മത്തരായ്‌

ഒരുകയ്യില്‍ വേദവും മറുകയ്യില്‍ വാളുമായ്‌
ഉറയുന്ന ദൈവങ്ങള്‍ നാടിന്നു  ശാപമായ്‌

ഇരുകാലികള്‍ പതിതര്‍ ഇനിയും പൊറുക്കില്ല 
അരുതായ്മയ്കള്‍ മാത്രമറിയുന്ന കൂട്ടരേ..

ഉറയുന്ന മൌനത്തിന്‍ ഗര്‍ഭാശയങ്ങളില്‍ 
എരിയുന്നു പുകയുന്നു...  പേറ്റുനോവ്...
..........
എഴുതാപ്പുറങ്ങള്‍ തന്‍ പേറ്റുനോവ് ...!

Saturday, August 11, 2012

വിത്തും കൈക്കോട്ടും അപ്പു നായരും


അപ്പു  നായരുടെ കൈവിരല്‍ എന്റെ കൈ പിടിയില്‍  നിന്ന് ഊര്‍ന്നു പോയി 
അല്ലെങ്കിലും... പരുപരുത്ത ആ കൈവിരല്‍  പിടിച്ചു തൂങ്ങിയുള്ള ഈ നടത്തം
അത്ര സുഖമുല്ലള്ളതായി തോന്നിയില്ല....
"അട കുട്ട്യേ..... ജ്ജോന്നു ബേഗം നട കുട്ട്യേ.."
ദേഷ്യം തോന്നി ...ദയ  എന്നാല്‍ എന്താ എന്ന്  ഈ നായര്ക്ക് അറിയില്ലേ ?
കൂടെയെത്താനായി ഒരു കാതം ഓടേണ്ടി വന്നു ..
ചുവന്നു ക്രൂരമായ കണ്ണുകളോടെ പുരികം വളച്ച്  അപ്പുനായര്  നോക്കുന്നു...
പേടി തോന്നി ...ഇയാള്‍ ദുഷ്ടനാനെന്നു ഉമ്മ എപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട് 

ഇയാളൊരു തറവാടി നായരായിരുന്നുവെന്നു ഉപ്പ  പറഞ്ഞാണ് അറിയുന്നത് 
എങ്കിലും പുടവ  കൊടുത്തത് തിയ്യത്തിക്കാണത്രേ ...
'അമ്മുക്കുട്ടി. ' 
ആയ കാലത്ത്  അവളൊരു സുന്ദരി ആയിരുന്നിരിക്കണം ..
അല്ലെങ്കില്‍ ഈ  തറവാടി നായര്‌ ഒരു തിയ്യത്തിയെ വേട്ടു പൊറുപ്പിക്കുമോ ?
ഇരട്ട പെറ്റ രണ്ടു പെണ്‍കുട്ടികളെയും ഒക്കത്ത്കെട്ടി മെലിഞ്ഞുണങ്ങിയ മുലകളുമാട്ടി മൂവന്തി മയങ്ങുമ്പോള്‍ ഇരുളിന്റെ മറ പറ്റി അമ്മുക്കുട്ടിയുടെ  മാറ് മറക്കാത്ത കൃശഗാത്രം ഇടവഴിയിലൂടെ പോകുന്നത് കൌതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. തലയിലെ ഭാണ്ഡക്കെട്ടില്‍ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും നായര്‍ക്ക് വെച്ച് വിളമ്പാനുള്ള അരിയും ചില്വാനവുമായിരുന്നത്രേ ...ഇടയ്ക്കെപ്പോഴെങ്കിലും ഉമ്മ ദാനം കൊടുക്കുന്ന നാളികേരം ഈ കെട്ടിന്റെ മുകളില്‍ വെച്ച്  ബാലന്‍സ് ചെയ്യാന്‍ പണിപ്പെട്ടു അവള്‍ നടത്തം തുടരും ..

" ജ്ജ് ന്തട കുട്ട്യേ കിനാവ് കാണ്വാ ...ഒന്ന് ബേങ്ങട്ടു നടക്കേ.."

നായരുടെ ചെലമ്പിച്ച ശകാരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി..
അരീക്കോട് ചന്തയാണ് ലക്ഷ്യം ...നടക്കേണ്ട ദൂരത്തിന്റെ കാല്‍ ഭാഗം പോലും ആയിട്ടില്ല ..എന്റെ കൊച്ചു കാലുകള്‍ ക്ഷീണിച്ചു തുടങ്ങിയിരുന്നു..
പൊറ്റമ്മലങ്ങാടിയാണ് മുന്നില്‍ ..അങ്ങാടിയിലെത്തിയാല്‍ നായര്‍ക്ക്‌ ഒരു ചായകുടി ഉണ്ടാവും ..അപ്പോള്‍ അല്പം വിശ്രമം കിട്ടും എന്ന് സമാധാനിച്ചിരുന്നു..
പടിഞ്ഞാറ് ചെറുവാടിക്കടവത്ത് നിന്നു ചരക്കും കെട്ടി വരുന്ന കാളവണ്ടികള്‍ അങ്ങാടിയില്‍ നിറുത്തിയിട്ടിരിക്കുന്നു.. വായില്‍ നിന്നു കേലയൊലിപ്പിച്ചു കൊണ്ട് കാളകള്‍ അയവിറക്കുന്നു.. ഈച്ചകള്‍അവയുടെ മൂക്കിന്‍ തുമ്പത്തുള്ള പഴുപ്പുബാധിച്ച മുറിവില്‍ ഉന്മത്തരായി നൃത്തം ചെയ്യുന്നു. ..
ഈ കാളകള്‍ക്ക് പോലും വിശ്രമം നല്‍കുന്നു.. നായര് എനിക്ക് വിശ്രമിക്കാന്‍ ഒരവസരം തരില്ലേ ..!
അയാള്‍ മുന്നില്‍ നടക്കുകയാണ് ..ഉഴന്നു വേച്ചു പുറകെ ഞാനും.. !

ഇല്ല .. ഇയാള്‍ ചായ കുടിക്കുന്ന ലക്ഷണം കാണുന്നില്ല ...നട തുടരുകയാണ് ..കയറ്റം തുടങ്ങിയിരിക്കുന്നു ..എനിക്ക് കിതപ്പും ..
വിയര്‍പ്പു ചാലിട്ടോഴുകി  കണ്ണിലും വായിലും കടന്നു കേറുന്നു ..
കയറ്റം കയറിക്കഴിഞ്ഞപ്പോള്‍  ഒരു  മുക്കവലയാണ്  മുന്നില്‍ .കവിലട മുക്ക്.  നായര് കുറെ മുമ്പിലാണ് .. കവലയില്‍ എന്നെക്കാത്ത് നില്‍ക്കുന്നു ..
അയാളുടെ ക്രൂരമായ മുഖത്ത് ഒരു കള്ളച്ചിരി..!
ഞാന്‍ അയാള്‍ പറയാതെ തന്നെ റോഡരുകിലെ സര്‍വേക്കല്ലില്‍ ഇരുന്നു.. 

"മോനെ ജ്ജി വടെ കുത്തിരി ഞാനിപ്പം ബരാട്ടോ  ..."
അതും  പറഞ്ഞു  അയാള് കവലയില്‍ നിന്നു കുന്നു കയറിപ്പോവുന്ന ഇടവഴിയിലേക്ക് ഊളിയിട്ടു.

എനിക്ക് നന്നായി ദാഹിക്കുന്നു..ചുറ്റും നോക്കി കവലയില്‍ ആകെയുള്ളത് ഒരു പെട്ടിക്കട ..അവിടെക്കു നടന്നു.. മോരിന്‍ കുപ്പികള്‍ ...സര്‍വത്തു കുപ്പികള്‍ ....ദാഹം ഇരട്ടിച്ചു..
ഉമ്മ നായരരിയാതെ കീശയിലിട്ടു തന്ന നാണയങ്ങള്‍ തപ്പിനോക്കി.. ട്രൌസറിന്റെ കീശയില്‍ കിലുകിലാന്ന് ശബദമുണ്ടാക്കാതിരിക്കാന്‍  പത്രത്തിന്റെ കഷ്ണത്തില്‍ പൊതിഞ്ഞു വെച്ചതാണ്.. പുറത്തെടുത്തു .
" ഒരു മോരും ബെള്ളം "
പെട്ടിക്കടക്കാരന്‍ എഴുന്നേറ്റു.. ഗ്ലാസില്‍ മോരൊഴിച്ചു.. കുപ്പിയില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഉപ്പുംപച്ചമുളകും ചേര്‍ത്ത മിശ്രിതം അതിലൊഴിച്ചു..ബാക്കി നിലത്ത് തെരുകയില്‍ വിശ്രമിക്കുന്ന മണ്കലത്തില്‍ ഉറങ്ങി തണുത്ത വെള്ളവും ..
പളുങ്കുഗ്ലാസില്‍ പിച്ചളയുടെ സ്പൂണിട്ടു ഇളക്കി '' ണിം..ണിം..ണിം.."
മുളകിന്റെ എരുവും മോരിന്റെ ഉപ്പുചേര്‍ന്ന സ്വാദും ആസ്വദിക്കാന്‍ കഴിഞ്ഞില്ല ..അത് പോലെ രണ്ടെണ്ണവും കൂടി കുടിക്കാനുള്ള ദാഹം ബാക്കിയുണ്ടായിരുന്നു ..
കുടിച്ചു കഴിഞ്ഞു പെട്ടിക്കടക്കാരനോട് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു .. ആ വലിയ ഗ്ലാസില്‍ ഒരു കപ്പു വെള്ളം കൂടി അയാള്‍ പകര്‍ന്നു തന്നു ..

" ഞ്ഞിയേട്ടാ കുട്ട്യേ നായെരോപ്പം പോണത് .... ചന്തക്കാ ?"
"ങഹും ..."
നായര് മിനുങ്ങാന്‍ പോയതാ ..കൊറച്ചു കഴിഞ്ഞിട്ട് നോക്യാ മതി ..കുട്ടി ബടെ ഇരുന്നോ" ഒരു മരപ്പലക ചൂണ്ടി പെട്ടിക്കടക്കാരന്‍ പറഞ്ഞു.. 
"മിനുങ്ങുക "എന്ന് പറഞ്ഞാല്‍ എന്താണെന്നു മനസ്സിലായില്ല ..എങ്കിലും മനസ്സിലായ പോലെ ഞാന്‍ മൂളി ..
ഈ അപ്പു നായര് എവടെക്കാ എന്നെ ഈ കവലയില്‍ ഇരുത്തി മുങ്ങിയതു ..? ...ഉള്ളില്‍ തോന്നിയ സങ്കടം  ഞാന്‍ അകത്തോട്ടു വിഴുങ്ങി ..വലിയ ആളെപ്പോലെ കാല് മുപ്പിരി കൂട്ടി ഞാന്‍ പെട്ടിക്കടിയുടെ ഭിത്തിയും ചാരി ഇരുന്നു..

അല്പം കൂടി കഴിഞ്ഞപ്പോള്‍ നായര് കുന്നിറങ്ങി വന്നു.. നാലുപാടും നോക്കുന്നു.. എന്നെ തിരയുകയാണ്..ഞാന്‍ പെട്ടിക്കടക്കാരനോട് സമ്മതം വാങ്ങി പുറത്തേക്കിറങ്ങി..
 "പോക്വാ...'
നായര് നടത്തം തുടങ്ങി ..കൈവിരല്‍ നീട്ടിയെങ്കിലും ഞാന്‍ അതില്‍ പിടിച്ചില്ല ..കുപ്പായമിടാത്ത അയാള്‍ക്ക്‌ നന്നായി വിയര്‍ക്കുന്നുണ്ട് ..വിയര്‍പ്പിന് അതുവരെ ഇല്ലാത്ത ഒരു നാറ്റവും ...!

നടന്നു നടന്നു ത്രിക്കളിയൂരും കുനിയിലങ്ങാടിയും പിന്നിട്ടു.. ഇടയ്ക്കു രണ്ടു പ്രാവശ്യം ഞാന്‍ ഇരുന്നു ..പിറുപിറുത്തു കൊണ്ട് നായരും ഇരുന്നു ..
കടവിലെത്തി ..തോണി അക്കരെയാണ് ..
" കൂ.........യ് "
നായര് കൂവി ..
വലിയ പുഴയുടെ ഈ ഭാഗം ഞാന്‍ ആദ്യമായാണ് കാണുന്നത് ..ചെറുപ്പത്തില്‍ ഉമ്മയും വലിയുമ്മയും അമ്മാവന്മ്മാരും ഒക്കെയായി കൂട് വെച്ച തോണിയില്‍ ഇരുവഴഞ്ഞിയിലൂടെ വലിയപുഴ കേറി ചെറുവണ്ണൂരിലേക്ക് ബീവിയെക്കാണാന്‍ പോകാറുണ്ടായിരുന്നു .മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ആ യാത്രകള്‍ ഈ കടവില്‍ നിന്നു ഒരുപാട് താഴെയായിരുന്നു ...
തണുത്ത കാറ്റു വീശുന്നു .. കടവിലേക്ക് പടര്‍ന്നു പന്തലിച്ച ചീനി മരത്തിന്റെ വേരില്‍ ഇരുന്നു മയങ്ങിതുടങ്ങിയ എന്നെ നായരുടെ ഗര്‍ജ്ജനം ഉണര്‍ത്തി..

കടവ്തോണിഎത്തി.. നായരുടെ കൈയില്‍ പിടിച്ചു അകത്തു കയറി.. മീനെണ്ണ മണക്കുന്ന തോണി.. വര്‍ഷക്കാലത്തെ വരവേല്‍ക്കാന്‍ പുഴയും തോണിയും തോണിക്കാരനും എല്ലാം ഒരുങ്ങി നില്‍പ്പാണ്..
അക്കരെയെത്തുവോളം തോണിയുടെ വക്കില്‍ വളഞ്ഞു കിടന്നു ഓളപ്പരപ്പിലെ പുളിനങ്ങളും ഒഴുക്കിന്റെ ഗതിവിഗതികളും ആസ്വദിച്ചു.. 
" അങ്ങട്ടു മറിഞ്ഞു ബിഗണ്ട .. പ്പിലിട്ടു പോഉം  "  നായരുടെ ശാസന 
" എന്താ നായരെ ഇന്ന് ഒരു റാന്തലും തൂക്കിയാണല്ലോ " എവടന്നു കിട്ടി " തോണിക്കാരന്‍ 
അപ്പോഴാണ് ശ്രദ്ധിച്ചത് ..തോണിക്കാരനു ഒരു കാല്‍ ഇല്ല.. !
എങ്കിലും അയാള്‍ നിത്യവും ഈ ഒഴുക്കിനെതിരില്‍ എത്ര വട്ടം തുഴയുന്നു ! ഗ്രാമങ്ങള്‍ തോറും സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന എത്ര വണിക്കുകള്‍ നിത്യവും ഇതുവഴി കടന്നു പോവുന്നു ..എല്ലാവരെയും ഈ വികലാംഗന്‍ അറിയുന്നു ..അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നു ..സ്വന്തം ദുഃഖങ്ങള്‍ മറച്ചുവെച്ചുകൊണ്ട് അവരോടു തമാശ പറയുന്നു ..

കടവ് കടന്നു കയറിയെത്തിയത് പരിചിതമല്ലാത്ത വഴികളിലാണ്.. അക്കരെ കുനിയില്‍ വരെ പലപ്പോഴായി വരാറുണ്ടായിരുന്നു..അമ്മായിയുടെ മകള്‍ അവിടെയാണ് താമസിക്കുന്നത് ..
ഇതിപ്പോള്‍ സ്ഥലപ്പേര് പോലും അറിയില്ല..
 'ഇതേതാ അപ്പ്വായരെ ഈ സ്ഥലം ?
ഇതോ ...ഇത് ....ഉഗ്രപുരം"

നായര് കളിയാക്കി പറയുകയാണെന്ന് തോന്നി ആദ്യം ..
"ശരിക്കും ? 
അപ്പുനായര് ഒന്ന് മിണ്ടിയില്ല.. 
സ്ഥലപ്പേര് പോലെത്തന്നെ ..അതാ മുന്നില്‍ ഒരു വമ്പന്‍ കയറ്റം ..കയറ്റം ആണെങ്കിലും സഹിക്കാം നിറയെ കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ വഴി..അപ്പുനായരെപ്പോലെത്തന്നെ വഴിയും !

നടക്കുമ്പോഴൊക്കെയും  മനസ്സില്‍ വേവലാതി,  ഈ ദൂരമത്രയും തിരിച്ചും നടക്കണമല്ലോ എന്നായിരുന്നു.. 

മലയിറങ്ങി അരീക്കൊട്ടെത്തി..
ചന്ത ദിവസമായതിനാല്‍ നല്ല തിരക്കാണ് . മാപ്പിള ലഹളക്കാലത്തെ  പട്ടാള ബാരക്കുകള്‍ നിരന്നു നില്‍ക്കുന്ന കുന്നിന്‍പുറം ...ചന്ത ദിവസം കച്ചവടക്കാര്‍ കയ്യടക്കും ..
മഴയ്ക്ക് മുമ്പേ വാങ്ങി വെക്കണ്ട വിത്തുകള്‍ക്കായാണ് നായരെ ചട്ടം കെട്ടി ഉമ്മ ചന്തക്കയച്ചത് ..
ഒരു വിനോദയാത്രയുടെ വീര്യവുമായാണ് ഞാന്‍ കൂടെ പുറപ്പെട്ടത്‌ ..
നായര് ചേമ്പും, കിഴങ്ങും കൂര്‍ക്കയും തരംനോക്കി, ഗുണം നോക്കി വിലപേശി വാങ്ങി .. സഞ്ചികള്‍ നിറഞ്ഞു..
മടക്കയാത്രക്ക് തലയിലേറ്റാന്‍ എനിക്കും കിട്ടി ഒരു ചുമട്.. 
നല്ല വിശപ്പുണ്ടായിരുന്നു .. ഇന്നേരമോക്കെയായിട്ടും ഒരു കാലിച്ചായ പോലും ദുഷ്ടന്‍ വാങ്ങിത്തന്നിട്ടില്ല ..
ചന്തയില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ നായര് ചോദിച്ചു :
"അണെക്കെന്താ ചോറോ മാണ്ടി അതോ ചായ്യോ..?
നേരം വെളുത്തത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ് ..ഇടയ്ക്കു കവിലട വച്ച്  നായരറിയാതെ കുടിച്ച  മോരും വെള്ളം കടവ് കടന്നപ്പോഴേക്കും ആവിയായിപ്പോയിരുന്നു..
എന്നിട്ടും ചോദിക്കുന്നു കണ്ടില്ലേ " ചായ്യോന്നു "
ഈറ കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു 
"ചോറ് "
തിരക്കുള്ള ഒരു ഹോട്ടലില്‍ കയറി , വിത്ത് സഞ്ചികള്‍ കാലിനിടയില്‍ വെച്ച് സ്ടൂളില്‍ കാത്തിരുന്നു ..ഇലയില്‍ അച്ചാറും പപ്പടവും സമ്മന്തിയും ഇറ്റു വീണു ..പുറകെ ചോറും മലവെള്ളം പോലൊരു സാമ്പാറും..!
കുഴച്ചുരുട്ടി  വിഴുങ്ങി .. വെള്ളം കുടിച്ചു വയറു നിറച്ചു..
ഉച്ച തിരിഞ്ഞിരിക്കുന്നു ...ഇനി നടത്തം തുടങ്ങണം ...ഒന്നും മിണ്ടാതെ നായരെ പിന്തുടര്‍ന്നു..
കവലിട മുക്കിലെത്തിയപ്പോള്‍ അപ്പു നായര്‍ക്ക് എന്നോട് വാല്‍സല്യം വീണ്ടും കൂടി ..
പെട്ടിക്കടക്കാരനോട് എനിക്കൊരു സര്‍ബത്ത് കൊടുക്കാന്‍ പറഞ്ഞു തലയിലെ വിത്ത് സഞ്ചി പെട്ടിക്കടയുടെ പുറകില്‍ വെച്ച് നായര് മുങ്ങി..!
സര്‍ബത്ത് വാങ്ങിക്കുടിച്ചു എത്ര നേരം അവിടെ ഇരുന്നുവെന്നു എനിക്കറിയില്ല,..ക്ഷീണം കൊണ്ടു ഞാന്‍ മയങ്ങിപ്പോയിരുന്നു 
കണ്ണ് തുറന്നപ്പോള്‍ നേരം വൈകിയിരിക്കുന്നു ..പുറത്തിറങ്ങി നോക്കി ..
നായരുടെ പൊടി പോലും കാണുന്നില്ല ....!
സര്‍ബത്തിന്റെ പൈസയും എണ്ണിക്കൊടുത്തു ഞാന്‍ നടന്നു..
..........

പിറ്റേന്ന് രാവിലെ ഉമ്മ  എണീറ്റ്‌ അടുക്കള വാതില്‍ തുറന്നപ്പോള്‍ അകത്തേക്ക് മറിഞ്ഞു വീണു തലേന്ന് നായര് വാങ്ങിയ വിത്തുകള്‍ നിറച്ച ആ സഞ്ചി ...!

" മോനേ ബടോന്നു വന്ന്വോക്യാ.." ഉമ്മ വിളിച്ചു ..

 മുറ്റത്തെ പ്ലാവിന്റെ കൊമ്പിലെവിടെയോ ഇരുന്നു ഒരു കിളി പാടി 
" വിത്തും കൈക്കോട്ടും '
അപ്പോള്‍ വീശിയ കാറ്റിനു അപ്പുനായരുടെ വിയര്‍പ്പിന്റെ മണമുണ്ടായിരുന്നുവെന്നു എനിക്ക് തോന്നിയതാണോ..?


Wednesday, August 8, 2012

ഇരുവഴഞ്ഞി


ഇരുവഴഞ്ഞിയിവള്‍,  ഇരുകരകളും
വഴിഞ്ഞൊഴുകട്ടെയിനിയുമശാന്തയായ്‌
പെരുമഴയില്‍ കുത്തിയൊലിച്ചിടട്ടെയീ
പെരുംദുരയും തെരുവിന്‍റെയെച്ചിലും 

അരയിലെ വെള്ളിയരഞ്ഞാണവും
മിവളുടെ കരളിലെയാഭിജാത്യവും
കവരുന്നഴകോലുമാ മാറിടം മാന്തി 
യൊരു വകതിരിവുമില്ലാത്ത കശ്മലര്‍

കവിളിലെയരുണിമയായ്‌ തളിരണിയു-  
മാമരങ്ങളും മലരണിയുമാലതകളും 
കടപുഴകിയൊഴുകട്ടെയാര്‍ക്കുവേണ്ടിനീ 
കവിതകളെഴുതി നിന്‍ കരിനീലക്കയങ്ങളില്‍ ?

ഇരുവഴഞ്ഞി ....നീയിനിയും കരകവിഞ്ഞൊ-
ഴുകുകയൊരു സംഹാര രുദ്രയായ്‌ പുളയുക നിന്‍  
ചെറുമക്കള്‍ നിന്നോടു ചെയ്തോരു പാപക്കറകള്‍
കഴുകി വെളുപ്പിക്കാനായ്‌...  നീ നിറഞ്ഞൊഴുകുക ..


സൌഹൃദം



നിന്നോട് മിണ്ടുവാന്‍ നിന്നെയറിയുവാന്‍ 
നിന്നിലെ നന്മകളെന്റേതുമാക്കുവാന്‍
ഇന്നിന്റെ  മിഥ്യകള്‍  നന്നായറിയുവാന്‍ 
കണ്ണാടിപോലെ നിന്‍ കണ്ണില്‍ തിളങ്ങുവാന്‍ 

ഒന്നായി നമ്മളീ കന്യാവനത്തിന്റെ 
ഉള്ളിന്‍റെയുള്ളിലെക്കാണാമറയത്ത്
ഊളിയിട്ടവിരാമ സ്വര്‍ഗ്ഗം രചിക്കുവാന്‍  
ഉണരാതനന്തമായമൃതം രുചിക്കുവാന്‍ 

ഞാനെന്നൊരസ്തിത്വമെന്നോ കൊതിച്ചതിന്‍
ഞാണറ്റു പോയിന്നു മുന്നേ ഗമിക്കുന്ന 
ഞാവകം മാത്രമായ് നീയെന്ന സത്യവും 
വേരറ്റോരാറ്വേശമായിക്കരിഞ്ഞെന്‍ കിനാക്കളും! 



Friday, August 3, 2012

തീണ്ടാരി


" ഒലക്കണ്ടായ്നി .. ഒഴക്ക ..."
"ന്റെ കണക്കിക്ക് പള്ളേല്‍ ണ്ടെങ്കില് ഞാനഴിയൂലെ..?"  

ത്ഫും....ത്ഫൂഒം.....

ഉറക്കാത്ത കാലുകളില്‍ ആടിക്കൊണ്ട്  ആഞ്ചാത്തന്‍ നീട്ടിത്തുപ്പി ..

"ആഴാ  പഴ്ഞ്ഞത് ഓക്ക്  പള്ളേല്‍ണ്ട്ന്ന് ..?

ആസാദിന്റെ തലച്ചോറില്‍ ഒരു തീകൊള്ളിഎരിഞ്ഞു..
ഒരൊറ്റ ചവിട്ടിനു കൊന്നുകളയാന്‍ തോന്നി,  ആ കള്ളുകുടിയന്‍ പിശാചിനെ...!

പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ  തലേന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഉത്കണ്ഠയോടെ നേരം വെളുപ്പിച്ചതിന്റെ ആലസ്യം കോപാഗ്നിയായി തലക്കുള്ളില്‍ ഈച്ച മൂളുന്നത് ആസാദ് സഹിച്ചു നിന്നു.. !
കൂട്ടിനുണ്ടായിരുന്ന സഖാക്കള്‍ സമാധാനിപ്പിച്ചു ..

" ചാരായത്തിന്റെ ലഹരിയില്‍ പറയുന്നതാ..നീയത് വിട്ടുകള "

വടക്കേകണ്ടിയിലെ  കുട്ടിഹസ്സനാജിന്റെ പഴയ തറവാട്ട്‌ വീട്ടില്‍ താമസക്കാര്‍ ആരും ഇല്ലാത്തതിനാല്‍ കലാസംഘം വാര്‍ഷികത്തിന് നാടകം പരിശീലിക്കാന്‍ നിത്യവും രാത്രിയായാല്‍ ആസാദും കൂട്ടുകാരും ഒത്തുകൂടും ..എല്ലാവരും എത്തിച്ചേരാന്‍ രാത്രി ഒമ്പത്‌ മണിയെങ്കിലും ആവും ..പലരും കൂലിവേലക്ക് പോകുന്നവരാണ് , ജോലി കഴിഞ്ഞു വീട്ടിലെത്തി കുളിയും കഞ്ഞികുടിയും കഴിഞ്ഞ്‌ അങ്ങാടിയില്‍ പോയി വീട്ടിലേക്കുള്ള അത്യാവശ്യ ചില്വാനങ്ങളും വാങ്ങിയ ശേഷമേ അവരില്‍ പലര്‍ക്കും നാടകം എന്നത് തലയില്‍ മുളക്കുകയുള്ളൂ..ജീവിതത്തില്‍ അഭിനയിച്ചിട്ട് വേണ്ടേ നാടകത്തില്‍ അഭിനയം പഠിക്കാന്‍ !
അത്യാവശ്യം ചിലര്‍ വരുന്ന വഴിക്ക് ഒരല്‍പം മിനുങ്ങുകയും ചെയ്യും..ചോദ്യം ചെയ്താല്‍ പറയും 
" സോറി സഖാവേ....... ഡയലോഗുകള്‍ മറന്നു പോവാതിരിക്കാന്‍ ഒരല്പം ...." 

റിഹേഴ്സല്‍ തുടങ്ങിയാല്‍ പിന്നെ എല്ലാം മറക്കും ..ജീവിതം പിന്നെ സ്റ്റേജിലാവും. ഇവര്‍ക്കൊന്നും പരിശീലനം ആവശ്യമില്ലെന്ന് ആസാദ് ഇടക്ക് ചിന്തിക്കാറുണ്ട് ..ജന്മനാ കലാകാരന്മാര്‍ ..!

അന്നും സന്ധ്യക്ക് കളിയും കഴിഞ്ഞ്‌ വീട്ടിലെത്തി ഉടുപ്പും മാറി ആസാദ്  വടക്കേകണ്ടിയിലെ വിശാലമായ കോലായില്‍ എത്തി .
പഴയ കാലത്ത് വീടിന്റെ മുഖം കിഴക്കോട്ടാവണമെന്ന തച്ചുശാസ്ത്രത്തില്‍ നിര്‍മ്മിച്ച ജന്മിത്തറവാട് ...വയലും കാറ്റും എല്ലാം പടിഞ്ഞാറായിട്ടും ..ഈ വീടിന്റെ മുഖം കിഴക്കോട്ട് .. മണ്ണെടുത്ത് നിരപ്പാക്കിയ നീണ്ട ഒരു മുറ്റവും .....! ചെറുപ്പത്തില്‍ കണ്ട ഈ വീടിന്റെ പ്രതാപകാലം ആസാദ്‌ ഓര്‍ത്തു നോക്കി ..തെക്ക് വശത്തെ പറമ്പിലെ വമ്പന്‍ തൊഴുത്ത് ...നിറയെ പശുക്കളും കാളകളും പോത്തുകളും നിരന്നു നിന്നിരുന്നു ആ നീളന്‍ തൊഴുത്തില്‍ ! അതിനു മുന്നിലായി മൂന്നോ നാലോ വമ്പന്‍ വൈക്കോല്‍കൂനകളും .. വൈക്കൊലുണ്ടയില്‍ തൂങ്ങി പുല്ലു വലിക്കുന്ന "പുല്ലുണ്ട മമ്മദും '
എല്ലാം ഓര്‍മ്മയായി ..തൊഴുത്ത് എന്നോ പൊളിച്ചു മാറ്റി ....വീടാണെങ്കില്‍ എലികളും പെരുച്ചാഴികളും ചിതലും വവ്വാലും പാര്‍ക്കുന്ന പുരാമന്ദിരം ..!

മണ്ണെണ്ണ ഒഴിച്ച് പെട്രോമാക്സ് കത്തിച്ചു ..എന്നും കൂടെയുണ്ടാവാറുള്ള വേലായുധന്‍ സഹായത്തിനുണ്ട് ..ചീരാപ്പൊലിക്കുന്ന മൂക്കുമായി ചാളക്കലെ ഉടുപ്പൊന്നുമിടാത്ത  കുറച്ചു കുട്ടികളും ..!  ഈ കുട്ടികളുടെ മൂക്ക് ഒന്ന് വൃത്തിയായി കാണാന്‍ പലപ്പോഴും ചീരാപ്പ്  സ്വന്തം കൈകൊണ്ടു വൃത്തിയാക്കി അവരുടെ മുഖം കഴുകി കൊടുത്തിട്ടുണ്ട്‌ ..
എങ്കിലും അര നാഴിക നേരം കഴിഞ്ഞാല്‍ മൂക്ക് വീണ്ടും വൃത്തികേടാവും ..
പുറം കൈകൊണ്ടു അവരത് മുഖത്ത് പുരട്ടും ..
മുഖവും വൃത്തികേടാക്കും..!

വേലായുധന്‍ പെട്രോമാക്സില്‍ നിന്നും ബീഡിക്ക് തീക്കൊടുത്തു ..അതുകണ്ടപ്പോള്‍ ആസാദ് മടിയില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് പുറത്തെടുത്തു വേലായുധന്റെ ബീഡിയില്‍ നിന്ന് സിഗരറ്റിനു തീക്കൊടുത്തു ..വളയങ്ങളായി ഉയര്‍ന്നു വായുവിലലിയുന്ന പുകവലയങ്ങളെ പിടിക്കാന്‍ കുട്ടികള്‍ ഊറ്റം കാട്ടി..
എരിയുന്ന സിഗരറ്റുമായി മുറ്റത്തെക്കിറങ്ങിയപ്പോള്‍ ചൂട്ടും മിന്നി വയല് കടന്നു  അന്‍സാര്‍ വരുന്നത് കണ്ടു .....കുട്ടിഹസ്സനാജിന്റെ പേരക്കുട്ടിയായ അന്‍സാര്‍ നല്ലൊരു ഫുട്ബാള്‍ കളിക്കാരനാണ് ..കളി കഴിഞ്ഞു പുഴയില്‍ ഇറങ്ങി കുളിച്ചിട്ടുള്ള വരവാണ്..

വയല്കഴിഞ്ഞു പള്ളിയാളിയില്‍ കയറി ..ചാളക്കല്‍ എത്തിയപ്പോള്‍ അന്‍സാര്‍ അവിടെ അല്പനേരം തങ്ങി ...
ചാളക്കല്‍ ഹരിജനങ്ങളുടെ കുടികിടപ്പ് ഭൂമിയാണ് ..മൂന്നു നാലു കുടംബങ്ങള്‍ കൊച്ചു കുടിലുകളില്‍ വേനലും മഴയും ആ വയലോരത്തു തന്നെ കഴിഞ്ഞു കൂടുന്നു.. പണ്ട് നെല്ല് കൊയ്തിടാന്‍ ഉണ്ടാക്കിയ കളപ്പുരകള്‍ പിന്നീട് ആ കര്‍ഷകതൊഴിലാളികളുടെ കോളനിയായി മാറുകയാണുണ്ടായത്..

"ന്റെ ദേവ്യയേയ്............ഒരു ആര്‍ത്തനാദം ......

ചീവീടുകളുടെ ഈണത്തിലുള്ള പാട്ടിനെ ഒരു നിമിഷം നിശബ്ദമാക്കി.. !
ചാളക്കല്‍ നിന്നിരുന്ന അന്‍സാര്‍ ചൂട്ടും മിന്നി ഓടിവരുന്നു ...
ഏങ്ങലടികള്‍ ഉച്ചസ്ഥായിയില്‍ ഉയര്‍ന്നു ....
വേലായുധന്‍ കൊലായില്‍  നിന്ന് ചാടി എഴുന്നേറ്റു ചാളക്കലേക്ക് ഓടി ..പുറകെ ആസാദും വഴിയില്‍ ചൂട്ടുമായി ഓടിവരുന്ന അന്‍സാര്‍.. 
" എന്താ പ്രശ്നം ..ആരെങ്കിലും മരിച്ചോ...?
' മരിച്ചോ എന്ന് പറയാന്‍ പറ്റില്ല ..ചക്കികുട്ടി ചോരയൊലിപ്പിച്ച്  ചാളയുടെ മുറ്റത്ത്‌....  കിടക്കുന്നു .."

ആസാദ്‌ മുന്നിലും ചൂട്ടും മിന്നി അന്‍സാര്‍ പുറകിലും ഓടി .. വേലായുധന്‍ മുന്നാലെ  അവിടെ എത്തിയിരുന്നു ...കുട്ടികള്‍ ഞങ്ങള്‍ക്ക് പുറകില്‍ കരഞ്ഞു കൊണ്ട് ഓടി ...

ആഞ്ചാത്തന്റെ കുടിയുടെ മുറ്റത്ത്‌ ഓലത്തടുക്കില്‍  ചക്കിക്കുട്ടി  കിടക്കുന്നത് മിന്നുവെളിച്ചത്തില്‍ ആസാദ് കണ്ടു ..
വേലായുധന്‍ അകത്ത് കയറി മണ്ണെണ്ണ വിളക്ക് കൊണ്ടു വന്നു ,.. അന്‍സാര്‍ ചൂട്ടു മിന്നിക്കൊണ്ടിരുന്നു .. ആ വെളിച്ചത്തില്‍ ചക്കിക്കുട്ടിയുടെ കിടത്തം ചോരയില്‍ കുളിച്ചാണ് എന്ന സത്യം ആസാദും അന്‍സാറും തിരിച്ചരിഞ്ഞു ..!

അകത്തു നിന്ന് പെണ്ണുങ്ങള്‍ അലമുറ തുടങ്ങിയിരുന്നു.. അയല്‍പക്കക്കാര്‍ ഓടിക്കൂടാന്‍ തുടങ്ങി ..

എന്താ വേലായുധാ സംഭവിച്ചത്...?  ഉദ്വേഗത്തോടെ ആസാദ് ചോദിച്ചു..

അടുത്തേക്ക് വന്നു അവന്‍ ആസാദിന്റെ ചെവിയില്‍ പറഞ്ഞു 

" ഓള് രണ്ടീസായിട്ടു പൊറത്തായിരുന്നു..."

സംഗതി പിടികിട്ടി.. ഒന്നും മനസ്സിലാകാതെ നിന്ന അന്‍സാറിനോട് ആസാദ്‌ പറഞ്ഞു .." നീ പോയി പെട്രൊമാക്സ് എടുത്തു കൊണ്ടു വാ "

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആസാദ്‌ ചക്കിക്കുട്ടിയുടെ അടുത്ത് ഇരുന്നു നാഡിമിടിപ്പ് നോക്കി.. 
" ഇല്ല മരിച്ചിട്ടില്ല.. "  ദീര്‍ഘനിശ്വാസം ..അത്  ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നു ..

അന്‍സാര്‍ പെട്രോമാക്സുമായി വന്നു.. അതിന്റെ വെളിച്ചത്തില്‍ ആസാദ് മനസ്സിലാക്കി..ഭൂമി ഒരു പാട് രക്തം  കുടിച്ചിരിക്കുന്നു..!

ആരോ വെള്ളവുമായി വന്നു.. ആസാദ് ചക്കിക്കുട്ടിയുടെ മുഖത്ത് കുടഞ്ഞു .. അനക്കമില്ല..!

" അന്സാറേ ഉടനെ ജീപ്പ് കിട്ടണം " 

"ജീപ്പ് ......ഈ സമയത്ത്.. "
അപ്പോഴേക്കും റിഹെഴ്സലിനായി മറ്റു ചിലരും എത്തിയിരുന്നു.. 

ആലോചിച്ചുനില്ക്കാന്‍ സമയമില്ല .. ആസാദ്‌ ഓടി കൂടെ അന്സാറും...എങ്ങോട്ടാണെന്ന് തിട്ടമില്ലാ യിരുന്നു .. ഓട്ടത്തിനിടയില്‍ ഉറപ്പിച്ചു..
 മുക്കത്തേക്ക് ഫോണ്‍ ചെയ്ത് ജീപ്പിനായി കാത്തു നിന്നാല്‍ അവള്‍ മരിക്കും ..പിന്നെ ..എവിടെയാണ് ജീപ്പുള്ളത് ?
ജീപ്പുള്ളത് ഒരിടത്ത്  മാത്രം .. മായിന്‍ മുതലാളിയുടെ വീട്ടില്‍ !

മായിന്‍ മുതലാളി വീട്ടില്‍ ഉണ്ടാവില്ല .കോഴിക്കൊട്ടാവും  .മകന്‍ അഷ്‌റഫ്‌ ഉണ്ടാവും..
ചോദിച്ചാല്‍ നാണം കെടുമോ.. ?
ആവശ്യം പറഞ്ഞാല്‍  ആട്ടിപ്പായിക്കുമോ..?
കളവു പറഞ്ഞാലോ..
വേണ്ട ..സത്യം പറയാം..
ചക്കിക്കുട്ടിയുടെ  ആയുസ്സിന്റെ ബലം പോലെ ..കിട്ടിയാല്‍ കിട്ടി..!

അഷ്‌റഫ്‌ ഭക്ഷണമേശയിലായിരുന്നു ..കാര്യങ്ങള്‍ വിശദീകരിച്ചു പറഞ്ഞു.. ജീപ് വൃത്തിയാക്കി തിരികെ ഏല്പ്പിക്കാം എന്ന് ഉറപ്പു കൊടുത്തു..
ഡ്രൈവര്‍ ഇല്ല ..എന്ത് ചെയ്യും ..?
അന്‍സാര്‍ ഓടി..... ഡ്രൈവര്‍  ചേക്കുകാക്കയെ വിളിക്കാന്‍....
അഷ്‌റഫ്‌ ജീപിന്റെ താക്കോലുമായി വന്നു.. 
ഡ്രൈവര്‍  ചേക്കുകാക്കയെ കാര്യങ്ങള്‍ പാഞ്ഞു മനസ്സിലാക്കാന്‍ അല്പം പാട് പെട്ടു.. 
" കാക്കാ നിങ്ങള്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി കാക്ക "  ആസാദ്‌ അലറി..
ജീപ്പ് സ്റാര്‍ട്ടായി .. 
വയലിനിക്കരെ ജീപ്പ് നിര്‍ത്തി, ഇറങ്ങി  ഓടി .. 
ആള്‍ക്കൂട്ടം വലുതായിരിക്കുന്നു .. നാടക നടന്മാര്‍ എല്ലാവരും എത്തിയിരിക്കുന്നു ..
അടുത്ത വീട്ടില്‍ നിന്ന് ഒരു നല്ല പായ സംഘടിപ്പിച്ചു .. മയ്യത്തു കിടത്തും പോലെ പൊതിഞ്ഞു കെട്ടി ചക്കിക്കുട്ടിയെ അവര്‍ ജീപ്പില്‍ കയറ്റി.. കത്തിച്ചു വിട്ടു.... മുക്കത്തെ ആശുപത്രിയിലേക്ക് ..

 ആഞ്ചാത്താന്‍ പൊട കൊടുത്തു കൊണ്ടുവന്നപ്പോള്‍ ചക്കിക്കുട്ടി സുന്ദരിയായിരുന്നു. പൊയില്‍ക്കര ചാളയിലെ കണക്കി സുന്ദരി ...ആഞ്ചാത്താന്‍ ഉരുക്ക് പോലത്തെ വന്മരവും ..
നല്ല ജോഡി ..ആളുകള്‍ അസൂയപ്പെട്ടു..
കൊയ്ത്തു സമയത്ത് തംബ്രാക്കന്മാര്‍  വരമ്പത്ത് കൂടെ വടക്കും തെക്കും നടന്നു.. കുമ്പിട്ടു കൊയ്യുന്ന ചക്കിയുടെ മാറിടം കാണാന്‍ ..!
ഈ  സൌന്ദര്യം വിനയായി അവള്‍ക്കു.. ആഞ്ചാത്താന്‍ അവളെ സംശയിക്കാനും..ക്രമേണ മദ്യപിച്ചെത്തി മര്‍ദ്ദിക്കാനും തുടങ്ങി..!
എങ്കിലും ജീവിതം പാറക്കെട്ടുകള്‍ താണ്ടി ഒഴുകിത്തുടങ്ങി ...അവള്‍  ഒന്‍പതു പ്രസവിച്ചു .. അതില്‍ ആറെണ്ണം ബാക്കിയായി .. മൂന്നാണും മൂന്ന് പെണ്ണും .
അടുത്തടുത്ത പ്രസവങ്ങള്‍ അവളെ തകര്‍ത്തു കളഞ്ഞു .. അതോടൊപ്പം പട്ടിണിയും ...
ആരോഗ്യം ക്ഷയിച്ചു..എല്ലും തോലുമായി മാറിയ ചക്കിക്കുട്ടിയെ ആസാദ് സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട് ..
അവളുടെ ഭൂതകാലം ഓര്‍ത്തു ഒരു തുള്ളി കണ്ണീര്‍ അറിയാതെ ഒഴുക്കിയിട്ടും ഉണ്ട് ..

"ആശുപതിയില്‍ എത്തി " ..ആസാദ്‌ ചിന്തയില്‍ നിന്ന് ഉണര്‍ന്നു.
അത്യാഹിത വിഭാഗത്തില്‍ സിസ്റര്‍ ഇരുന്നു ഉറങ്ങുന്നു ..കൈപൊട്ടി  അവരെ ഉണര്‍ത്തി ..കാര്യം പറഞ്ഞു ..ധ്രുതിയില്‍ എണീറ്റ്‌ അവര്‍ കര്‍മ്മനിരതയായി ..സ്ട്രെച്ചറില്‍ കിടത്തി അകത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു ..
ഡോകടറെ വിളിക്കണം ..ഡോക്ടര്‍ തൊട്ടടുത്ത്‌ തന്നെയാണ് താമസം ..സിസ്റ്റര്‍ വീട് കാണിച്ചു തന്നു ..ആസാദും അന്സാറും ഓടി .
ഡോക്ടര്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.. കാര്യം പറഞ്ഞപ്പോള്‍ അവര്‍ പെട്ടെന്ന് തയ്യാറായി ഇറങ്ങി ..
ചക്കിക്കുട്ടിയെ ലേബര്‍ റൂമിലേക്ക്‌ കൊണ്ടു പോയി  
പിന്നീടുള്ള ഒരു മണിക്കൂര്‍ ആരും ഒന്നും മിണ്ടാതെ കഴിച്ചു കൂട്ടി .. വേലായുധനും ആസാദും ബീഡി വലിച്ചു കൊണ്ടേയിരുന്നു.. 
സിസ്റ്റര്‍ പുറത്തേക്കു വന്നു ..
" ആരാ ഇവരുടെ ഭര്‍ത്താവ് ? 
മൌനം ...
ഭര്‍ത്താവ് വന്നിട്ടില്ല ..തീണ്ടാരിയായിട്ടു  മുറ്റത്തെ ഓലത്തടുക്കില്‍  കിടന്ന അവളെ ഇവിടെ എത്തിച്ച കഥ ഞങ്ങള്‍ വിവരിച്ചു ..
ഡോക്ടറും പുറത്തു വന്നു..കഥ കേട്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു.. " ആരെങ്കിലും ഒന്ന് ഒപ്പ് വെക്കണം അടിയന്തിരമായി  അബോര്‍ഷന്‍ നടത്തണം ..അല്ലെങ്കില്‍ അവള്‍ മരിക്കും "
ആസാദും അന്സാറും ഡ്രൈവര്‍ ചേക്കു കാക്കയും കണ്ണില്‍ കണ്ണില്‍ നോക്കി.. എല്ലാവരും വേലായുധനെ നോക്കി..
വേലായുധന്‍ കുമ്പിട്ടിരിക്കുന്നു..
അവസാനം ആസാദ്‌ തന്നെ ഒപ്പിട്ടു കൊടുത്തു..
മണിക്കൂറുകള്‍ക്ക്  ദിവസങ്ങളോളം നീളം വെച്ചു.. 
വേലായുധനും ചേക്ക് കാക്കയും ചേര്‍ന്ന് ജീപ്പ് ആശുപത്രിയുടെ കിണറ്റിനരികില്‍ കൊണ്ടുപോയി നിര്‍ത്തി വെള്ളം കോരിയൊഴിച്ചു ചോരപ്പാടുകള്‍ കഴുകി വൃത്തിയാക്കി 
സിസ്റ്റര്‍ വീണ്ടും വന്നു .." രക്തം വേണം  ബി പോസിറ്റീവ് "
എല്ലാവരെയും പരിശോധിച്ചു .. ഭാഗ്യത്തിന് അന്സാറിന്റെയും വേലായുധന്റെയും രക്തം മതിയായി ..
രണ്ട്  മണിക്കൂറുകള്‍ കൂടി കടന്നു പോയി ..പുലര്‍ച്ചെ നാല് മണി 
ഡോക്ടര്‍ കഴുത്തില്‍ സ്റ്റേതസ്കൊപ്പുമായി  തൂവാലയില്‍ കൈകള്‍ തുടച്ചുകൊണ്ടു പുറത്തു വന്നു..
" അവള്‍ രക്ഷപ്പെട്ടു.." 
ഒരിക്കല്‍ക്കൂടി ദീര്‍ഘനിശ്വാസം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നു.
അല്പം കൂടി കഴിഞ്ഞപ്പോള്‍ ചക്കികുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.
ജീപ്പില്‍ കിടന്നു ഉറക്കം തുടങ്ങിയിരുന്ന ചേക്കുകാക്കയെ ആസാദ്‌ വിളിച്ചുണര്‍ത്തി 
"വേലായ്ധാ..നീയിവിടെ നിക്ക് ഞങള്‍ പോയി ആരെയെങ്കിലും ഇങ്ങോട്ട് വിടാം"
ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്തു. 
മായിന്‍ മുതലാളിയുടെ വീട്ടുകാര്‍ സുബഹി നമസ്ക്കാരത്തിന് ഉണര്‍ന്നിരുന്നു ..അതുകൊണ്ട് ഗേറ്റ് തുറന്നു ജീപ്പ് തിരിച്ചേല്‍പ്പിച്ചു.
തിരികെ ചാളക്കല്‍ എത്തിയപ്പോള്‍ എല്ലാവരും ആകാംഷയോടെ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി  നില്‍ക്കുന്നു 
" ചക്കിക്കുട്ടി മരിച്ചില്ല ..രക്ഷപ്പെട്ടു.. എന്നാല്‍ കുഞ്ഞു പോയി" 
എല്ലാവരും മുഖത്തോട് മുഖം നോക്കി 
"അതെ അവള്‍ ഗര്‍ഭിണിയായിരുന്നു മൂന്നുമാസം "
ആസാദ് പറഞ്ഞത് കേട്ട്  കുടിയുടെ കോലായയില്‍ ചുരുണ്ട് കിടന്നിരുന്ന ആഞ്ചാത്തന്‍ ഉഴപ്പി എണീറ്റു..
മുറ്റത്തെക്കിറങ്ങി അയാള്‍ ഉഴറുന്ന കാലുകള്‍ നിലത്തുറപ്പിക്കാന്‍  പാട് പെട്ടു..
ആസാദ് അയാളുടെ കയ്യില്‍ പിടിച്ചു 
"ആഞ്ചാത്താ നീയും നിന്റെ മക്കളും ഭാഗ്യം ചെയ്തൊരാ .. ചക്കി ഇനിയും ജീവിക്കും "

ക്രൂരമായ കണ്ണുകളോടെ ആഞ്ചാത്തന്‍  ആസാദിനെ നോക്കി..

"ങ്ങളോടാരാ ഓളെ ആസ്പത്രീ കൊണ്ടാവാന്‍ പറഞ്ഞത്?"
ഓക്ക്‌ തീണ്ടാരിയല്ലേ .. ആയിനാരേം ആസ്പത്രീ കൊണ്ടോവോ .."

"ആഞ്ചാത്താ ഓക്ക്  പള്ളേലുണ്ടായിനു "  "മൂന്നു മാസം "

" ഒലക്കണ്ടായ്നി .. ഒഴക്ക ..."
.............

Sunday, July 22, 2012

വേര്‍പാടുകള്‍


ഒരുബീജമായ് അരജീവനായ് 
മല്‍സരിച്ചോടിയൊന്നാമനായ് 
പൂമെത്ത വിരിച്ചു കാത്തിരിക്കു 
മൊരണ്ഡത്തെ പുല്‍കിയെങ്കിലും 
എന്‍ പൊന്‍ പൂവാലിനോട് ഞാന്‍ 
വിടപറയേണ്ടി വന്നു !

സിക്താണ്ഡമായൊരുണ്മയായ്‌
കണ്ണായി കരളായി ഹൃദയമായ്‌ 
അമ്മതന്‍ രുധിരത്തിലുതിരുന്ന 
ശ്വാസത്തിനൂര്‍ജ്ജത്തിലൂന്നി വളര്‍ന്നപ്പോള്‍ 
ആ ഗര്‍ഭഗേഹം വെടിയേണ്ടി വരുമെന്ന് 
നിനച്ചതേയില്ലയെന്റെയമ്മേ...!
നിന്‍ജീവരക്തമെന്നിലേക്കൊഴുകിയ  
പൊക്കിള്‍ കൊടിയോടുപോലും  
എനിക്ക് വിടപറയേണ്ടി വന്നു..!

തളിരിലച്ചുണ്ടിനാല്‍ നൊട്ടിനുണഞ്ഞതാം  
അമ്മതന്നനവദ്യ സ്നേഹം ചുരത്തുന്ന 
കലിക പോല്‍ മൃദുലമാമമ്മിഞ്ഞയോടും 
ആരോ പറിച്ചെറിഞ്ഞതു  പോലെ 
എനിക്ക് വിടചോല്ലേണ്ടി വന്നു..!

തിന്നതെന്തോ ദഹിച്ചില്ലയെന്നും
ഉവ്വ് നോവുമാ പെരുവയറെന്നും
ചൊല്ലിയെന്നെയമ്മതന്‍ മാറിടം
വിട്ടുമാറ്റിക്കിടത്തിയനാള്‍ മുതല്‍ 
സുഖമുള്ളയാചൂടുംചൂരുമിയലും
മടിത്തട്ടിനോടെന്നെന്നേക്കുമായ് 
എനിക്ക് വിട പറയേണ്ടി വന്നു ..!

ഓര്‍മ്മകളോളങ്ങളായ് തീര്‍ന്ന നാള്‍ മുതല്‍ 
കണ്ണിലെയുണ്ണിയായ്‌ കരളിലെയരുവിയായ്‌ 
കണ്ടു വളര്‍ന്നോരെന്‍ കളിക്കൂട്ടുകാരിയെ 
വയസ്സറിഞ്ഞെന്നു കേട്ടനാള്‍ മുതല്‍ 
എനിക്ക് പിരിയേണ്ടി വന്നു..!

കണ്ണടക്കാതെയും  കണ്ണുകാണാതെയും 
കണ്ണില്‍ കണ്ടതോരാഘോഷമാക്കിയും 
മെയ്യില്‍പ്പാതി മനസ്സില്‍പ്പാതിയായ് 
ഉണ്ടുറങ്ങിയോര്‍  നല്ല ചങ്ങാതിമാര്‍
മംഗളാശംസകള്‍ മംഗല്യരാത്രിയില്‍
ചൊല്ലിയെന്നേക്കുമായ്
എന്നെപ്പിരിഞ്ഞു പോയ്‌ ..!

എന്റെയൂഴം കഴിഞ്ഞു പോയ്‌ മക്കളേ ..
നിന്നില്‍ എന്റെതായതെല്ലാമേല്‍പ്പിക്കുന്നു
എന്നവസാനമായ്‌ ചൊല്ലിപ്പിരിഞ്ഞു പോയ്‌ 
എന്നെ ഞാനാക്കിയാളാക്കി മാറ്റിയെന്നച്ച്ചനും ..!

നന്മകള്‍ മാത്രം പുകഴ്ത്തിപ്പറഞ്ഞിട്ടു 
ആയുരാരോഗ്യസൌഖ്യവും  നേര്‍ന്നിട്ടു
ലാവണം നിര്‍ത്തിപ്പടികളിറങ്ങവേ 
ഒന്നിച്ചു നിന്നവര്‍ കണ്ണുനീര്‍ നേദിച്ചു 
വിട ചൊല്ലി പതിരില്ലാ ചിരി തൂകി
പാതിവഴിയില്‍ പതിയെപ്പിരിഞ്ഞുപോയ്‌ ..!

വേര്‍പാടിന്‍ വേദന  വേറിട്ടറിയുമ്പോള്‍  
പതിവായി ജീവനില്‍  കൊതിയൂറിയേറുന്നു 
പിരിയാത്ത അഴിയാത്തയിഴചേര്‍ത്തുമൃത്യുവെ
പ്പടിവാതില്‍ കേറ്റാതെ പുറമേയിരുത്തുവാന്‍ 
"കഴിയില്ലെനിക്ക്" എന്നു ചൊല്ലിപ്പിരിയുന്നു..