മറയുന്നു നീ നിന്റെ സ്വപ്നങ്ങളോടോത്തു
മറയില്ല നീ തന്ന മൃദുലമാം സ്മരണകള്‍
നിനവിന്റെയാകാശ വീഥിയില്‍ പാറി നീ
കനിവിന്റെ കരിനീലമേഘം ചമ്യ്ക്കവേ
മഴനീരു പോലെ നീ ചൊരിയുന്ന നന്മകള്‍
മധുരമായ് പുഞ്ചിരിച്ചുരയുന്ന വാക്കുകള്‍
അഴലിന്റെ നിറതാപ തീരത്തിലുറയുന്ന
മിഴിനീരിന്‍ സ്വേദമെന്നറിയുവാനായില്ല!
ഒരുപാടു കദനങ്ങള്‍ ഉള്ളിലൊതുക്കി നീ
വെറുതേചിരിച്ചു മയക്കി നിന്‍ സഹജരെ
ഒരുവാക്കു പറയുവാന്‍ ഹൃദയം തുറക്കുവാന്‍
ഒരു നല്ല സൌഹൃദം നേടാതെ പോയതോ..?
പുറമേ ചിരിച്ചു നിന്‍ തരളമാം മനസിന്റെ
അറകളില്‍ മധുരമായ് നുള്ളി നോവിച്ചതോ..?
മധുരമായ് മൂകമായ് അനുരാഗവീണയില്‍
ഉതിരുന്ന ഗീതകം അറിയാതെ പോയതോ?
നിറയൌവനത്തിന്റെ ചടുലമാം തന്ത്രികള്‍
മുറുകുന്ന വേളയില്‍ ചിതറിത്തകര്‍ന്നുവോ ?
അറിയില്ലയാര്‍ക്കും നിന്നകതാരിലെരിവുള്ള
മരണമാം സ്വാന്ത്വനം മുങ്ങിക്കിടന്നതും !
വിടരുന്ന മലര്‍പോലെയൂറിച്ചിരിക്കുന്ന
വടിവാര്‍ന്ന മുഖപടം പതിവായി വെച്ചു നീ
മകനേ, നിനക്കായി മാത്രമായ് കരയുവാന്‍
അറിയുന്നോരമ്മയെപ്പോലും മറന്നുവോ ?
അറിയില്ലയൊന്നുമീ മുഖപുസ്തകത്തില്‍ നീ
വിടവാങ്ങി ജീവിതം വെടിയുന്ന വേളയില്‍
അവസാന വാക്കുകള്‍ എഴുതി നിന്‍ മുഖപടം
ഒരു മുഴം കയറിന്റെ തുമ്പില്‍ കുരുക്കിയോ ?
1 comment:
നന്നായിട്ടുണ്ട്.
വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ
Post a Comment