അസ്ഥി,...!
ഒരസ്ഥിമാത്രം മതി
കാലം കുപ്പയിലേക്ക്
ചവച്ചു തുപ്പിയ
വെന്ത മാംസത്തിന്റെ കഥകള്‍
നഗ്നലോകത്തോട്
വിളിച്ചു പറയാന്‍,
അതേറെ വൈകിയാണെങ്കിലും!
ഇരതേടി
അവര്‍ കൂട്ടമായല്ല
ഒറ്റതിരിഞ്ഞു വന്നപ്പോള്‍,
ഓടിയൊളിക്കുവാന്‍
പ്രാണഭയമല്ലാത്ത
മറ്റു മാളങ്ങളില്ലാതെ,
അലിവു തേടി,
ഓരോ വേട്ടാളന്‍റെയും
കണ്ണുകളിലുറ്റു നോക്കി
യാചിച്ചപ്പോള്‍,
നിര്‍വികാരത
നിസ്സഹായതയായ്
കണ്ണിലെണ്ണയൊഴിച്ച്
ഇരയെ കാത്തു സൂക്ഷിച്ചപ്പോള്‍,
വെന്തു പാകമാവുന്ന
മാംസ ഗന്ധം,
പുറത്തു കാത്തു നിന്നവര്‍
നുണഞ്ഞിറക്കുകയായിരുന്നു..!
തിന്നു മടുത്തപ്പോള്‍
ബാക്കി വന്ന മാസം
വേട്ടനായ്ക്കള്‍ക്ക്
വലിച്ചെറിഞ്ഞു കൊടുത്തതും
വേട്ടക്കാരുടെ പൊയ്മുഖങ്ങള്‍
അഴിയാതിരിക്കുവാനായിരുന്നു.
കൊന്നാല്‍ പാപം തിന്നാല്‍ തീരും
എന്നല്യോ പഴമൊഴി ..
എന്നാല്‍
കൊന്നില്ലെങ്കിലോ..?
വേട്ടനായ്ക്കള്‍ വലിച്ചെറിഞ്ഞ
അസ്ഥിക്കഷ്ണങ്ങളില്‍
മണ്മറഞ്ഞു പോയ ഒന്ന്,
ഓര്‍മ്മയുടെ ചാരം നീക്കി
നമ്മെ നോക്കി ചിരിക്കുന്നു..
അസ്ഥിയുടെ പുഞ്ചിരി...!
ആരെയോ അസ്വസ്ഥമാക്കുന്ന
അസ്ഥിച്ചിരി...
No comments:
Post a Comment