Tuesday, February 26, 2013

പളുങ്കുപാത്രം

മരുഭൂമിയുടെ,

വരണ്ട നിശ്ശബ്ദതയില്‍,
നരകത്തിന്റെ പാറക്കെട്ടുകളില്‍,
വീണുടയുന്നു...പളുങ്കുപാത്രം!

ആകാശനീലിമ
ആദ്യമായ്കാണുന്ന കണ്ണുകളില്‍
വിരിഞ്ഞുതളിര്‍ത്ത കൌതുകം 
വര്‍ണസ്വപ്നങ്ങളുടെ
നറുനാമ്പുകളില്‍  
വീഴാനൊരുങ്ങിനിന്ന
ഒരു ഹിമബിന്ദു..
ചത്ത പകലിന്റെ
നിറം കെട്ട നെറ്റിയിലെ
മായാനൊരുങ്ങുന്ന
സിന്ദൂരരേഖകള്‍.....
എരിഞ്ഞുതീര്‍ന്ന കനലിന്റെ
കണ്ണിലെ മരണത്തിളക്കം..
മൃതിരാഗം  മൂളുന്ന തണുത്തകാറ്റിന്റെ
ആലിംഗനങ്ങളില്‍
ഞെരിഞ്ഞമര്‍ന്ന തീനാളങ്ങള്‍

വിടവാങ്ങുന്ന നിമിഷങ്ങളുടെ 
ഗദ്ഗതങ്ങളില്‍ ഉഴറി വീഴുന്ന
രാത്രിയുടെ മൌനരോദനം..
പ്രതീക്ഷകളുടെ  പ്രഭാതങ്ങളില്‍ 
പടം പൊഴിക്കുന്ന യൌവനം.
ഉണ്മയുടെ ഉയിരില്‍ 
നിറയുന്ന പാനപാത്രങ്ങളില്‍
നുരയുന്ന ജീവിതം...
ഒടുവില്‍ .......
നരകത്തിന്റെ കാവല്‍ക്കാര്‍
മയക്കം തുടങ്ങുമ്പോള്‍ 
വിസ്മൃതിയുടെ
അനന്ത തീരങ്ങളില്‍
എവിടെയോ വീണുടയുന്നു
ഒരു പളുങ്കുപാത്രം...!
തിരിനാളമണഞ്ഞുപോയ
ആ... പളുങ്കുപാത്രം !

           ******

Sunday, February 17, 2013

വിധുരന്‍


ചുടു നെടുവീര്‍പ്പുകള്‍ ഞെട്ടറ്റു വീഴുന്നു 
ചടുലമായ്‌ സജലമാം കണ്ണിമകളടയുന്നു 
ഉടയോന്റെ കോടതിപ്പടികള്‍ വിറക്കുന്നു 
ഉടവാളുമായെന്റെ മരണം രമിക്കുന്നു 

അരുതാത്തെന്തു ഞാന്‍ ചെയ്തുവെന്നറിയില്ല  
ഇരവിന്റെ കാവുകള്‍ ചിക്കിച്ചികഞ്ഞതോ..!
വയറിന്റെ വിളികേട്ടു മക്കളെപ്പോറ്റുവാന്‍
ഇരതേടിയാസ്ഥാനനഗരം വരിച്ചതോ..?

മധുരമെന്‍  ഗ്രാമത്തിനധരം മറന്നിട്ടു
നഗരം രുചിച്ചെന്‍റെ വിധിയെപ്പഴിച്ചു ഞാന്‍  
ഇരവും പകലുമെന്‍ കൊറ്റിനായ്‌പ്പുതുമണ്ണു
പരതിച്ചികഞ്ഞതോ വിധുരനായ്ത്തീര്‍ന്നതോ..?

ദുരമൂത്ത കശ്മലര്‍ കാവുകള്‍ തീണ്ടിയോര്‍ 
കടലില്‍ മഴക്കെവിടെ കാവെന്നു ചൊന്നവര്‍
ഇടതൂര്‍ന്ന നഗരത്തിനത്യുന്നതങ്ങളില്‍ 
സുഖിയരായ് അടിയാന്റെയുയിരൂറ്റിവാഴുന്നു  

എവിടെഞാനിരതേടുമിന്നെന്റെമക്കള്‍ക്കു
എവിടെഞാനഴലിന്നു നിഴല്‍തേടിയെത്തിടും?
ഉടലോടെ സ്വര്‍ഗ്ഗംവരിക്കുവാന്‍ കഴിയുമോ 
അടരാടി മൃത്യുവെപ്പുല്കിയാലെങ്കിലും..?
                     
                           *******

Thursday, February 14, 2013

അമ്മ നൊമ്പരം


നൊന്തുപെറ്റമ്മതന്‍ മാറിലുറങ്ങുന്ന
കുഞ്ഞിളം പൈതലെക്കട്ടെടുത്താല്‍ .
നൊമ്പരം കൊണ്ടവള്‍ തട്ടിത്തകര്‍ക്കു
മേതംബരം വാഴുന്ന രാജനേയും.

പൊണ്ണനുറുമ്പുതൊട്ടാനയുമീച്ചയും 
വണ്ണം പെരുത്തതിമിംഗലവും
പെണ്ണല്ല യുണ്ണിക്കു ജന്മംകൊടുക്കുകില്‍  
മണ്ണിലും വിണ്ണിലുമമ്മതന്നെ...

അമ്മതന്‍ സ്നേഹം നശിക്കില്ലോരിക്കലും  
യമ്മിഞ്ഞപ്പാലിന്‍ വിശുദ്ധി പോലെ..
അമ്മതന്‍ ശൌര്യം ശമിക്കില്ലൊരിക്കലും 
അമ്മധരിത്രിതന്നുണ്‍മ്മയോളം 

കണ്ണിണ കത്തിച്ചോരീറ്റപ്പുലിയായി
ഉണ്ണിയെത്തേടിയലയുമെന്നും 

അവള്‍  ഉള്ളിണതേടി.. അലയുമെന്നും..
                               ****

Saturday, February 2, 2013

അസ്ഥിച്ചിരി..


അസ്ഥി,...!
ഒരസ്ഥിമാത്രം മതി 
കാലം കുപ്പയിലേക്ക്
ചവച്ചു തുപ്പിയ 
വെന്ത മാംസത്തിന്റെ കഥകള്‍ 
നഗ്നലോകത്തോട്
വിളിച്ചു പറയാന്‍,
അതേറെ വൈകിയാണെങ്കിലും!

ഇരതേടി
അവര്‍ കൂട്ടമായല്ല
ഒറ്റതിരിഞ്ഞു വന്നപ്പോള്‍,
ഓടിയൊളിക്കുവാന്‍
പ്രാണഭയമല്ലാത്ത
മറ്റു മാളങ്ങളില്ലാതെ,
അലിവു തേടി,
ഓരോ വേട്ടാളന്‍റെയും 
കണ്ണുകളിലുറ്റു നോക്കി
യാചിച്ചപ്പോള്‍,
നിര്‍വികാരത 
നിസ്സഹായതയായ്‌  
കണ്ണിലെണ്ണയൊഴിച്ച്
ഇരയെ കാത്തു സൂക്ഷിച്ചപ്പോള്‍,
വെന്തു പാകമാവുന്ന
മാംസ ഗന്ധം,
പുറത്തു കാത്തു നിന്നവര്‍ 
നുണഞ്ഞിറക്കുകയായിരുന്നു..!

തിന്നു മടുത്തപ്പോള്‍ 
ബാക്കി വന്ന മാസം 
വേട്ടനായ്ക്കള്‍ക്ക് 
വലിച്ചെറിഞ്ഞു കൊടുത്തതും 
വേട്ടക്കാരുടെ പൊയ്മുഖങ്ങള്‍ 
അഴിയാതിരിക്കുവാനായിരുന്നു. 
കൊന്നാല്‍ പാപം തിന്നാല്‍ തീരും 
എന്നല്യോ പഴമൊഴി ..
എന്നാല്‍ 
കൊന്നില്ലെങ്കിലോ..?

വേട്ടനായ്ക്കള്‍  വലിച്ചെറിഞ്ഞ 
അസ്ഥിക്കഷ്ണങ്ങളില്‍ 
മണ്മറഞ്ഞു പോയ ഒന്ന്,  
ഓര്‍മ്മയുടെ ചാരം നീക്കി 
നമ്മെ നോക്കി ചിരിക്കുന്നു..
അസ്ഥിയുടെ പുഞ്ചിരി...!
ആരെയോ അസ്വസ്ഥമാക്കുന്ന
അസ്ഥിച്ചിരി...