തലച്ചോറു പിളര്‍ക്കുന്ന
വെടിയുണ്ടകളെ
എന്റെ മക്കള്‍
കൂട്ടുകാരാക്കിയിരിക്കുന്നു
അവയുടെ ശബ്ദം
കേള്‍ക്കാതിരുന്നാല്‍
വികൃതികള്‍ കാണാതിരുന്നാല്‍
അവര്‍ അസ്വസ്ഥരാവുന്നതു
ഞാന്‍ കാണുന്നുണ്ട്
വീട്ടു മുറ്റത്ത് ചിതറിത്തെറിച്ച
മാസം വാരി ചോറ് വെച്ച്
തളം കെട്ടിയ രക്തം കൊണ്ട്
ഒരു പട്ടാള ഹെല്‍മറ്റിന്റെ
തൊണ്ടില്‍ കറിയുണ്ടാക്കി
കൂട്ടുകാര്‍ക്കു വിളമ്പി
അവര്‍ കളിക്കുമ്പോള്‍
ഞാനെന്റെ കുട്ടിക്കാലം
ഓര്‍ത്തു സങ്കടപ്പെടാറുണ്ട്
ഇന്നത്തെ കുട്ടികള്‍
എത്ര ഭാഗ്യവന്മ്മാര്‍ !
തലയ്ക്കു മീതെ ഇരമ്പിപ്പറക്കുന്ന
യുദ്ധവിമാനങ്ങളും;
നിലവറകളിലേക്കൂളിയിട്ടു
പടലകളായി പൊട്ടിത്തെറിക്കുന്ന
ഭീമന്‍ ഷെല്ലുകളും;
എവിടെനിന്നോ പറന്നു വന്നു
വീണു പൊട്ടി ചോരപ്പൂക്കള്‍
വിതറുന്ന മിസ്സൈലുകളും;
അലറി വിളിച്ചു വന്നു
മതിലുകള്‍ തകര്‍ക്കുന്ന
ടാങ്കുകളും കാണാന്‍
എന്റെ മക്കള്‍
ഇത്ര ചെറുപ്പത്തിലേ
ഭാഗ്യം ചെയ്തവരാണ്..!
വെടിമരുന്നു മണമുള്ള
ബാല്യം പിന്നിട്ടു പോന്ന
ഞാനും നിങ്ങളും
എത്ര ഭാഗ്യഹീനര്‍ !
*****
1 comment:
കൊള്ളാം നന്നായിട്ടുണ്ട്
ആശംസകള്
Post a Comment