Sunday, June 3, 2012

ദുര


നുര വന്നു പതയുന്നു ചുണ്ടുകള്‍ മൂടുന്നു   
ഉയരുന്നു നഞ്ഞിന്‍ മരിക്കാത്ത  ഗന്ധവും..

അളിയുന്ന  കണ്ണുകള്‍ നക്കിത്തുടക്കുന്നു 
പുളിയനുറുമ്പുകള്‍ കൊതിതീരുവോളവും

കഴിയില്ല ....ദൈവമേ  കണ്ടുനില്‍ക്കാനിനി 
സ്മൃതിയില്‍ച്ചുഴിയായ്ക്കിനാവള്ളി ചുറ്റുന്നു  .

നിനവിറെ കായലില്‍ കുളിര്‍കാറ്റു  വീശവേ ..
അറിയുന്നു ഞാന്‍ നിന്റെ മൃതിപൂര്‍വ ചിന്തകള്‍   

ഒരുപാടു പേര്‍ കണ്ട കനവുകള്‍ ചാമ്പലായ്‌
അപരാധിയെന്നവര്‍ നിന്നെപ്പഴിക്കുന്നു..

"തറവാട് മുടിയുന്ന കടമാണെടുത്തത് ..
അതുപോലുമോര്‍ക്കാതെ ."എന്തിനീ പാതകം.."

ഒരുദിനം  ഡോക്ടറായ്പ്പടികേറി വരുമെന്ന്
ചിരകാലമായവര്‍  കണ്ട  കിനാവുകള്‍ 

അണുപോലുമോര്‍ക്കാതെയപമൃത്യു പൂകുവാന്‍
അരുതായ്മയാരിന്നു ചെയ്തു നിന്‍ പാതയില്‍ 

അകലെക്കടല്‍ താണ്ടിയറബിപ്പണം തേടി 
അവിരാമമണയാതെ പുകയുന്ന ദു:ഖമായ്‌

ഒരുപാടുരാവുകള്‍ പകലുകളാക്കി നിന്‍ 
പിതൃഭാരമൊക്കെയും പണമായി മാറ്റി ഞാന്‍ 

വിദുഷവിദ്യാലയ വാണിഭക്കാര്‍ക്കേകി
തലവരിയായിട്ടു നൂറു നൂറായിരം 

തലവരയെന്റേതു മാറ്റി വരയ്ക്കാന്‍ നീ 
കുഴലുമായെത്തുന്ന ദിനമെണ്ണി നോക്കി ഞാന്‍ 

അറിയുവാനായില്ല  മകനേയിതിത്രമേല്‍ 
പുകിലാര്‍ന്ന തൊഴിലായി മാറുമെന്നോര്‍ത്തില്ല..

അലതല്ലിയലറുന്ന കടലാണു ജീവിതം 
അലസമായ് തോന്നിയോ വിരസമായ്‌തീര്‍ന്നുവോ ?

ശരിയല്ല  നീയല്ല  ഞാനാണ്  പിഴയെന്നു 
പറയാതെ നീയെന്നെയടിയറവിലാക്കിയോ ?

കളിയല്ല മക്കള്‍ക്കു മുന്നേ നടക്കരുതു 
കളിയും ചിരിയുമായ് പുറകേ നടക്കുക  

ദുര മൂത്തു മക്കളെക്കുരുതി കൊടുത്തൊരാ 
കുരുടനായീടല്ലിക്കുരുക്ഷത്രഭൂമിയില്‍ !

                           *******
(പെരിന്തല്‍മണ്ണ MES മെഡിക്കല്‍ കോളേജില്‍പഠനഭാരം താങ്ങാനാവാതെ ആത്മാഹുതി ചെയ്ത വിദ്യാര്‍ഥിക്ക് സ്മരണാന്ജലി ..)



No comments: