കടവത്തിയൂരിലും ഋതുക്കള്‍ മാറിമറിഞ്ഞു കൊണ്ടേയിരുന്നു ..
വേനല്‍ പോയി ഇടവപ്പാതി വന്നു ..
തിരിമുറിയാതെ മഴപെയ്തു...കിഴക്കന്‍ മലകളില്‍ ഉരുള്‍ പൊട്ടി..
മലയിടിഞ്ഞിറങ്ങി കരുവഞ്ഞിപ്പുഴയെ കലക്കിമറിച്ചു..നുരയും പതയുമായി മണ്ണ് കലങ്ങിയ വെള്ളം അതിശക്തമായി ഒഴുകിയെത്തി..പുഴയില്‍ മലരുകളും ചുഴികള്മുണ്ടാക്കി... വയലുകളും പറമ്പുകളും കിണറുകളും തോടുകളും നിറഞ്ഞൊഴുകി..
ബാവുട്ടന്റെ പറമ്പിലും ഉറവ പൊട്ടി.. ഉറവജലത്തില്‍ കളിക്കുന്ന ബാവുട്ടനെ ഉമ്മ വഴക്ക് പറഞ്ഞു
"മഴ കൊള്ളല്ലെന്റെ മാനെ ..... ഒറുവെള്ളതില്‍ കളിച്ചു കളിച്ചു അന്റെ കാല്ന്റെ വെരലിന്റെ എട ചീയും "
ആ താക്കീത് കണക്കിലെടുക്കാതെ ബാവുട്ടന്‍ കളി തുടര്‍ന്നു..ചരല്‍മണ്ണു കാലുകൊണ്ട് വടിച്ചു കൂട്ടി അണ കെട്ടുകയാണ്..കൂട്ടിനു പെങ്ങളും ഉണ്ട്..ഉപ്പയുടെ പുന്നാരക്കുട്ടി .."ഉമ്മുട്ടി എന്ന ഉമ്മുകുല്‍സു "
തന്റേടിയും വാശിക്കാരിയും ...!
കാലുകൊണ്ട് ചരല് നീക്കുന്നതിനിടയ്ല്‍ അവളുടെ കാലിനു ഒരു കുപ്പിക്കഷണം കൊണ്ട് കോറി ..
ചോര ഉറവവെള്ളത്തിന്റെ നിറം മാറ്റി.. ഉമ്മുട്ടിയുടെ കരച്ചില്‍ മഴയുടെ ഇരമ്പലിനേക്കാള്‍ ഉച്ചസ്ഥായിയില്‍ ആയി.. രണ്ടു കൈകൊണ്ടും കണംകാലില്‍ മുറുകെപ്പിടിച്ച് കൊക്കിച്ചാടി അവള്‍ കരയുകയാണ്..
ബാവുട്ടന്‍ അവളുടെ കാലില്‍ തറച്ച കുപ്പിക്കഷണം നഖം കൊണ്ട് നുള്ളിയെടുത്ത് കളയാന്‍ ഒരു ശ്രമം നടത്തി .. അവള്‍ അനങ്ങാതെ നിന്ന് തരണ്ടേ...!കരച്ചില്‍ കൂടിയപ്പോള്‍ ബാവുട്ടന്റെ ഉമ്മയും വീട്ടില്‍ സഹായത്തിനു വരുന്ന വെള്ളരിക്കണ്ടി ആയിശുവും തൊപ്പിക്കുടകള്‍ ചൂടി ഓടി വന്നു..
ഉമ്മുട്ടിയെ എല്ലാവരും കൂടി എടുത്തു വീട്ടിലെ അടുക്കളയില്‍ ഒറ്റ്ബെഞ്ചില്‍ കിടത്തി ..
ആയിശു ഉമ്മുട്ടിയുടെ കൈകളും ഇടതുകാലും ബലമായി പിടിച്ച്ടക്കി ..ഉമ്മ ചെമ്പിലെ വെള്ളം കൊണ്ട് മുറിവ് കഴുകി ചോര കളഞ്ഞു ..
ബാക്കി ഭാഗം ചെയ്യാന്‍ ഉമ്മാക്കും കഴിയില്ലെന്നു ബാവുട്ടനറിയാം..
കൈ കഴുകി തോര്‍മുത്തുണ്ടില്‍ തുടച്ചു ഒരു ഡോക്ടറുടെ ഗമയോടെ ബാവുട്ടന്‍ മുറിവില്‍ നിന്ന് തിളങ്ങുന്ന ഗ്ലാസ് കഷണം നഖം കൊണ്ട് പിടിച്ചു വലിച്ചു പറിച്ചെടുത്തു.. ഉമ്മയും ആയിസുവും കണ്ണുകള്‍ മുറുക്കി അടച്ചിരുന്നു..
ഉമ്മുട്ടി വാവിട്ടു കരച്ചിലും..
മുറിവില്‍ നിന്നും പറിച്ചെടുത്ത ഗ്ലാസ്സ് കഷണം എല്ലാവരെയും കാണിച്ചു കൊണ്ട് ബാവുട്ടന്‍ ഒരു വീര വേഷം ധരിച്ചു..
" ഇക്കുട്ടി ബെലുംതാവുംബം ഒരു ലാക്കിട്ടരാവും ട്ടോ .."
വലിയ പല്ലുകള്‍ പുറത്തു കാട്ടി ചിരിച്ചു കൊണ്ട് ആയിസു കൂട്ടിച്ചേര്‍ത്തു ..
മഴയുടെ ശക്തി ഒന്ന് കുറഞ്ഞിരിക്കുന്നു..
ഉമ്മ ഉമ്മുട്ടിയുടെ മുറിവ് ഉപ്പുവെള്ളം കൊണ്ട് വീണ്ടു കഴുകി .. ആയിസു വീടിന്റെ ഉത്തരത്തില്‍ നിന്ന് മാന്തിഎടുത്ത വെളുത്ത മാറാമ്പില മുറിവില്‍ വെച്ച് പഴയ മല്ലിന്റെ തുണി നീളത്തില്‍ ചീന്തി വരിഞ്ഞു കെട്ടി.
ബാവുട്ടന്‍ വീണ്ടും താഴെ കണ്ടത്തിലെ അണക്കെട്ടിലേക്ക് നടന്നു..
മഴ കനത്താല്‍ ഇതുപോലെ മിക്കവാറും പറമ്പുകളില്‍ ഉറവയെടുക്കും ഉറവജലം പറമ്പില്‍ നിറഞ്ഞു കവിഞ്ഞൊഴുകും ..ഇടവഴികള്‍ ചെറുതോടുകളാവും ..തോടുകള്‍ ഇടവഴികളെ ചെറു പുഴകളും ആക്കും.
വയലുകളില്‍ പുഴവെള്ളം കേറി വന്‍ തടാകങ്ങളാവും, വെള്ളം മൂടുന്നതിനു മുന്‍പുള്ള വിളവെടുപ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ എല്ലാ വര്‍ഷവും ഒരു ഉല്സവം തന്നെയായിരുന്നു..
തണ്ടും തടിയുമുള്ള ചെറുപ്പക്കാര്‍ കഞ്ഞിപ്രാക്കിനു മേല്‍ തോര്‍ത്തുമുണ്ട് മാത്രം ചുറ്റി, ശരിക്കും കിഴങ്ങു മൂക്കാത്ത കപ്പയും ചേമ്പും മധുരക്കിഴങ്ങുമെല്ലാം പറിച്ചെടുക്കും. പെണ്ണുങ്ങളും അവര്‍ക്കൊപ്പം സഹായത്തിനുണ്ടാവും . കൃഷി ചെയ്തവന്റെ അവകാശം ഇതോടെ കാര്‍ഷിക വിഭവങ്ങള്‍ക്ക് മേല്‍ ഇല്ലാതാവുന്നു. അത് ഗ്രാമത്തിന്റെ പൊതു സ്വത്തായി മാറുന്നു..!. .ആണുങ്ങളുടെ സരസമായ നാടന്‍ തമാശകളും പൊടിപ്പുകൂട്ടിയ കഥകളും കേട്ട് മധുരപ്പതിനേഴുകാരികള്‍ മനസ്സ് നിറഞ്ഞു കുലുങ്ങിച്ചിരിക്കും ...വീട്ടില്‍നിന്നിറങ്ങി സ്വതന്ത്രമായി പുരുഷന്മാരുമായി സംസാരിക്കാന്‍ കല്ങ്ങോട്ടു കാവിലെ തിറ കഴിഞ്ഞാല്‍ ഈ യുവതികള്‍ക്ക് കിട്ടുന്ന ഏക അവസരം..!
പറിച്ചെടുക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ തലച്ചുമടായി കുന്നുമ്മലങ്ങാടിയിലും പള്ളിയാളിയിലും എത്തിച്ചു വില്‍ക്കാന്‍ പിശുക്കന്മാരായ ചില ഉടമകള്‍ ഒരു ശ്രമം നടത്തും ..കുറെയൊക്കെ വിറ്റുപോകും ..ബാക്കി വരുന്നത് സൌജന്യമായി വയലില്‍വെച്ച് തന്നെവിതരണം ചെയ്യും, .. ഈ വിളവെടുപ്പിനു ഇത്രയും ജനപങ്കാളിത്തം ലഭിക്കാനുള്ള മറ്റൊരു കാരണം അതാണെന്ന് ബാവുട്ടന്‍ തിരിച്ചറിഞ്ഞു..
"മോനെ ബാവുട്ടാ ജ്ജി കൊളക്കരത്തോട്ടില്‍ പോര്ണോ?
ഉമ്മാന്റെ ചോദ്യം ബാവുട്ടനെചിന്തകളില്‍ നിന്ന് ഉണര്‍ത്തി ...
കൊളക്കരത്തോട്ടില്‍ ഇപ്പോള്‍ കിണറുകള്‍ നിറഞ്ഞ് ഒലിച്ചുവരുന്ന ഉറവ വെള്ളം ഉണ്ടാവും...ബാവുട്ടന് ആവേശമായി.. സ്വന്തമായി അവിടെ പോവാന്‍ കഴിയാഞ്ഞിട്ടല്ല , ഉപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയുടെ ചൂടോര്‍ത്തിട്ടു വേണ്ടെന്നു വെക്കാറാണ് !.
ഇതിപ്പോ ഉമ്മയുടെ കൂടെ....... ബാവുട്ടന്‍ ഉത്സാഹം കൊണ്ട് തുള്ളിച്ചാടി..
"ദാ ഞാന്‍ റെഡി "...
ചുരു ട്ടിപ്പിടിച്ച ഇടതുവലതു കൈ മുഷ്ടികള്‍ പരസ്പരം ഭ്രമണം ചെയ്തു ചുണ്ടുകൊണ്ട് ലോറിയുടെ ശബ്ദം ഉണ്ടാക്കി ബാവുട്ടന്‍ ഓടി ഉമ്മയുടെ അടുത്തെത്തി....
ഓടുമ്പോഴൊക്കെ മനസ്സില്‍ ബാവുട്ടന്‍ ഡ്രൈവര്‍ കെ.പീ ആയി മാറും.. ഭാവനയുടെ വിശാലമായ മേച്ചില്‍പുറങ്ങളില്‍ ഈ ലോറിയുമായി എവിടെയെല്ലാം സഞ്ചരിച്ചിരിക്കുന്നു..!
പറിച്ചെടുത്ത ഒരു കെട്ട് കറുകപ്പുല്ലും തലയിലേറ്റി ഉമ്മ മുന്നിലും ഒരു ഭാണ്ഡം നിറയെ അലക്കുവാനുള്ള വസ്ത്രങ്ങളുമായി വെള്ളരിക്കണ്ടി ആയിശുപുറകിലും .. ഭാഗ്യം ..ഉമ്മുട്ടി കാലിനു പറ്റിയ മുറിവുമായി ക്ഷീണിച്ചു ഉറങ്ങുകയാണ്.. ഇല്ലെങ്കില്‍ അവളെ മേയ്ച്ചു നടക്കലാവും തനിക്ക് ജോലി.. ബാവുട്ടന്‍ ഓര്‍ത്തു..
പറിച്ചെടുത്ത കറുകപ്പുല്ല് ഇടവഴിയിലൂടെ ഒഴുകിവരുന്ന ഉറവ വെള്ളത്തില്‍ കഴുകി മണ്ണ് കളയണം എങ്കിലേ പശു തിന്നുകയുള്ളൂ .പശുവിനും കൂടി പ്രമാണിത്തരം.! വിശക്കാഞ്ഞിട്ടാ ..വിശക്കുമ്പം മണ്ണടക്കം തിന്നും ..ഏതായാലും വെറുതെയല്ല ഉമ്മ ബാവുട്ടനെ വിളിച്ചത്.. പുല്ലുകഴുകുന്ന ജോലി ഏല്‍പ്പിക്ക്നായിരുന്നു....!
കഴുകിയ പുല്ലു ഒഴുക്കില്‍ ഒലിച്ചുപോവാതെ പിടിച്ചു കരക്ക് കേറ്റി വെക്കുക. അതായിരുന്നു തന്റെ ജോലി.. വെള്ളത്തിലായിരുന്നതിനാലും മഴ തോരാതെ പെയ്യുന്നതിനാലും ബാവുട്ടന്‍ ഈ ജോലി ശരിക്കും ആസ്വദിച്ചു..
പുല്ലു കഴുകിക്കഴിഞ്ഞു ..ആയിശുവിന്റെയും ഉമ്മയുടെയും അലക്ക് ജോലി കഴിഞ്ഞിട്ടില്ല ..
ഇടവഴിതോടിന്റെ ഇറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന കയ്യോന്നിച്ചെടിയുടെ കൊമ്പില്‍ പിടിച്ചു ഒഴുക്കിനൊത്ത് മലര്‍ന്നു കിടന്നു നിശ്ചലനായി ഒഴുകി .. ബാവുട്ടന്‍..
എന്നും സ്കൂളിലേക്ക് പോവുന്നത് ഈ വഴിയാണ്. വര്‍ഷകാലമായാല്‍ പിന്നെ ഉറവ വെള്ളതിലൂടെ ആണ് കൂടുതലും യാത്ര..എഴുത്തച്ചന്‍മാര്‍ വെള്ളത്തില്‍ ചിത്രം വരക്കുന്നത് നോക്കിനിന്നു സ്കൂളിലെത്താന്‍ നേരം പോയതോര്‍ത്തു ബാവുട്ടന്‍.......സ്കൂള്‍ വിട്ടു മടങ്ങി വരുമ്പോള്‍ കണ്ണന്‍ചൂട്ടി മീനുകളെ കാലുകൊണ്ട് വെള്ളം തേവി കരക്ക് കയറ്റി വെള്ളിലക്കുമ്പിളില്‍ വീട്ടിലേക്കു കൊണ്ടുപോവാറുണ്ടായിരുന്നു.. കിണറ്റിലെ തൊട്ടിയില്‍ വെള്ളം കോരി മീന്‍ കുഞ്ഞുങ്ങളെ അതിലിട്ടു കിണറ്റിലേക്കിറക്കും .. വളരട്ടെ... വലുതാവുമ്പോള്‍ പിടിച്ചു തിന്നാം.. !
വെള്ളപ്പൊക്കം വന്നാല്‍ പിന്നെ മൂന്നു നാല് ദിവസം സ്കൂളിന് അവധിയായിരിക്കും ..വര്‍ഷത്തില്‍ ഏറ്റവും ആസ്വദിക്കുന്ന ദിനങ്ങള്‍ !
പിന്നെയും ജീവിതം ഇഴഞ്ഞു നീങ്ങി ..വെള്ളമിറങ്ങി.. ഇടിയും മിന്നലുമായി തുലാവര്‍ഷം വന്നു ..പിറകെ കോട മൂടിയ പ്രഭാതങ്ങളില്‍ , മാളങ്ങളില്‍ തുഷാരബിന്ദുക്കളണിഞ്ഞ ചിലന്തി വലകള്മായി ഹേമന്തകാലവും......
കുല്‍ക്കുഴ്ഞ്ഞി മമ്മദ് സൈനബയുമൊത്തുള്ള വൈവാഹിക ജീവിതം സ്വപനം കണ്ടുകൊണ്ട് ചുമട് കെട്ടി... വിറകു കീറി.... കമ്മദു കാക്കായുടെ മക്കാനിയിലേക്കു വെള്ളം കോരി....,ഉമ്മറത്തിണ്ണയില്‍ എന്നും കാവല്‍ കിടന്നു..വയസ്സാ യിത്തുടങ്ങിയ ഉമ്മയെപ്പോലും, തിരിഞ്ഞു നോക്കാതെയായി ....അവന്റെ ജീവിതം സൈനബക്കു വേണ്ടി മാത്രമായിരുന്നു ..!
മലബാറില്‍ ഗവ്ന്മേന്റ്റ് പല വികസന പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലം ..കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനും ഫണ്ടുകളും വായ്പകളും അനുവദിച്ചു കൊണ്ടേയിരുന്നു,..പത്രം വായിക്കുന്ന ശീലമുള്ള വലിയ കൊയിസ്സന്‍ ഹാജിക്കും പോസ്റ്റ് മാസ്റ്റര്‍ മമ്മുക്കക്കും വാര്‍ത്തകള്‍ കിട്ടുന്നുണ്ടായിരുന്നെന്കിലും അത് പൊതുജനങ്ങളിലെത്തിക്കാന്‍ അവര്‍ ഒരുക്കമില്ലായിരുന്നു. അലെങ്കില്‍ അവര്‍ ഇരിക്കുന്ന സ്ഥാന മഹിമ കാരണം അവര്‍ക്കതിന് കഴിയില്ലായിരുന്നു ...അഞ്ചലോട്ടക്കാരന്‍ കുഞ്ഞാമു കാക്കക്ക് സമയത്തിന്റെ പരിമിതികളുണ്ടായിരുന്നു..മമ്മുക്കയുടെ സഹായി കുഞ്ഞിപ്പോക്കു അവിടെയും ഇവിടയും തൊടാതെ ചില വിവരങ്ങള്‍ കുന്നുമ്മല്‍ അങ്ങാടിയിലേക്ക് കൈമാറി.. കമ്മദു കാക്കയുടെ മക്കാനിയില്‍ രാവിലെ ചായക്കെത്തുന്നവര്‍ കിട്ടിയ വിവരങ്ങള്‍ പരസ്പരം കൈമാറി..
ബ്ലോകിന്റെ നിയന്ത്രണലായിരുന്നു അന്ന് ഗ്രാമ ഭരണം ..കടവത്തിയൂര്‍ ഗ്രാമത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് കോലോത്ത്‌കണ്ടി മോയിനാജിയായിരുന്നു .. നേരം വെളുത്താല്‍ വീട്ടില്‍ നിന്നിറങ്ങി സ്വന്തം കടവത്ത് നിന്ന് തോണിയില്‍ കയറി അക്കരെ കടക്കുന്ന ഹാജിയാരെ കുന്ന്മ്മല്‍ അങ്ങാടിയിലോ പള്ളിയാളിയിലോ കാണാന്‍ കിട്ടുക വളരെ അപൂര്‍വ്വമായിരുന്നു.. ! എന്നാല്‍ കുന്ദമങ്ങലത്തും കോഴിക്കോട്ടും പോയാല്‍ ഹാജിയാരെ കാണാന്‍ എളുപ്പമാണ് താനും..! ഗ്രാമത്തിന്റെ വികസനത്തിന് ഹാജിയാര്‍ ഇക്കണക്കിനു ഓടി നടന്നു ഒരു പാട് പ്രവര്‍ത്തിച്ചിട്ടുണ്ടത്രേ..!
പള്ളിയാളിയില്‍ സ്ഥിതി അല്പം വ്യത്യസ്തമായിരുന്നു ...യുവാക്കളുടെ ഇടയില്‍ പത്രം വായിക്കാനറിയുന്നവര്‍ ചിലരുണ്ടായിരുന്നു..ബാവുട്ടന്റെ ഉപ്പയും പീ ടീ കാക്കയും കെ കെ അലവികാക്കയും ഒക്കെ അടങ്ങുന്ന ഒരു യുവജന സംഘം ...!
പില്‍ക്കാലത്ത് വേലായുധന്‍ മാഷ് താമസമാക്കിയ സ്നേഹിതന്‍ ലോഡ്ജിന്റെ അവകാശികള്‍ ഒരുകാലത്ത് ഈ യുവജന സംഘം ആയിരുന്നു..
വിവിധങ്ങളായ കാരണങ്ങളാല്‍ വീട്ടിലേക്കു ചെന്ന് കേറാന്‍ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു ഇവരില്‍ പലരും..!
" കാഫ്രീറ്റിങ്ങളെ കൂടല്ലേ പൊറുപ്പ്.... ജ്ജ് ഞ്ഞി ബടെ കെടന്നാ മതി "
കിടക്കുന്ന പായ പറമ്പിലെ അറബിക്കാപ്പിമരത്തിന്റെ കൊമ്പില്‍ കെട്ടിത്തൂക്കി വെച്ചിട്ട് വല്ലിപ്പ പറഞ്ഞത്രേ..
അമുസ്ലിമിന്റെ കൂടെ വിദ്യാഭ്യാസം ചെയ്ത കുറ്റത്തിനായിരുന്നു അയമുട്ടി മാഷിനെ അതായത് ബാവുട്ടന്റെ ഉപ്പയെ വല്ലിപ്പ വീട്ടില്‍ കേറാന്‍ സമ്മതിക്കാഞ്ഞത് !
പാവം.....കഷ്ടപപ്പെട്ടാണ് പഠിച്ചത് .വാഴക്കാട്ടു മാത്രമേ അന്ന് സ്കൂള്‍ ഉണ്ടായിന്നുള്ളു ... തറവാട്ടില്‍ നിന്ന് കറന്നെടുത്ത പാല്‍ രാവിലെ കിലോമീറ്ററുകള്‍ നടന്നും കടവുകള്‍ കടന്നും വാഴക്കാട്ടങ്ങാടിയില്‍ എത്തിച്ചാല്‍ കിട്ടുന്ന ഒരുറുപ്പികയില്‍ നിന്നും അഞ്ചു പൈസ കിട്ടും കമ്മീഷന്‍ ..അത് കൊണ്ട് ഉച്ചഭക്ഷണം കഷ്ടിചു കഴിഞ്ഞു കിട്ടും ..ഒരു കുപ്പായം കൊണ്ട് ഒരു കൊല്ലം! ഒരിക്കല്‍ .അത് കീറിയപ്പോള്‍ മറ്റൊന്ന് ഇല്ലാതെ വന്നപ്പോള്‍ അലവികാക്കയുടെ കുപ്പാ യങ്ങളിലൊന്നു വായ്പ വാങ്ങിയാണത്രേ സ്കൂളില്‍ പോയത്..!
വെള്ളിയാഴ്ച ഒഴിവുദിവസങ്ങളില്‍ വയ്ക്കോല്‍ കടത്താന്‍ പോയിട്ടാണ് പിന്നെ ഒരു കുപ്പായം വാങ്ങാന്‍ പൈസ സ്വരൂപിച്ചതത്രേ...!
മലബാറില്‍ ഒളിഞ്ഞും തെളിഞ്ഞും ശക്തിപ്പെട്ടു വന്നിരുന്ന കമ്മ്യുനിസ്റ്റു പ്രസ്ഥാനവുമായി ബന്ധമുള്ളതിനാല്‍ നാട്ടിലെ പേരുകേട്ട ജന്മി തറവാട്ടില്‍ ജനിച്ച കെ കെ അലവികാക്കക്ക് സ്വന്തം ബാപ്പയായിരുന്നു ഒന്നാമത്തെ ശത്രു ..!
കൂട്ടത്തില്‍ പീ ടീ കാക്ക മാത്രമായിരുന്നു സ്വന്തമായി ഒരു വീടുണ്ടാക്കി താമസമാക്കിയതും ജീവിതം കെട്ടിപ്പൊക്കിക്കിയതും, ബീഡിക്കമ്പനി നടത്തിയതും, പ്രാസ്ഥാനികമായി മുന്നില്‍ നടന്നിരുന്നതും അദ്ദേഹം തന്നെയായിരുന്നു.. അതിനാല്‍ സ്വന്തം വീടിനേക്കാള്‍ അവര്‍ക്കെല്ലാം പള്ളിയാളിയിലെ 'സ്നേഹിതന്‍ ലോഡ്ജ്' ആയിരുന്നു അഭയസ്ഥാനം !
രാവിലെ കുഞ്ഞാലിക്കയുടെ മക്കാനിയില്‍ നിന്ന് കാലിച്ചായ . ലോഡജിലിരുന്നു ഇരുപത്തെട്ടു കളി ..ഉച്ചതിരിയുമ്പോള്‍ അലവിക്കയുടെ തറവാട്ടു വക ഏതെന്കിലും ഒരു പിലാവില്‍ കയറി പറിച്ചെടുക്കുന്ന പഴംചക്ക കൊണ്ട് വയറു നിറയ്ക്കും ..!
അലവി കാക്ക പത്രം സ്ഥിരമായി വരുത്തും .. കെ എസ ബീഡി തെരുക്കുന്ന തൊഴിലാളികളില്‍ ഒരാള്‍ പത്രം ഉറക്കെ വായിക്കും മറ്റുള്ളവര്‍ അത് കേട്ട് കൊണ്ട് ജോലിയില്‍ മുഴുകും..
ബ്ലോക്കിന്റെ പദ്ധതിയില്‍ പെടുത്തി റോഡു വികസനം വരുന്നു എന്ന് പത്രം വഴി കടവത്തിയൂരില്‍ ആദ്യം അറിഞ്ഞത് ഈ വായനയില്‍ ആണ്.. അപ്പോഴേക്കും റോഡു പണിക്കായുള്ള കരാര് വരെ കുന്ദമങ്ങലത്ത് തയ്യാറായിപ്പോയിരുന്നത്രേ ..!
"കടവഴിക്കടവ് ഇലഞ്ഞിക്കാട് റോഡിന്റെ വീതികൂട്ടുന്നു... ""കലുങ്കുകള്‍ പുതുക്കിപ്പണിയുന്നു.!"
മരാമത്ത് പണിയുടെ മുന്നോടിയായി റോഡിന്റെ ഇരുവശങ്ങളിലും കുട വിരിച്ചു നിന്നിരുന്ന മരങ്ങള്‍ മുറിക്കണമത്രേ....!
ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തി കൊടികുത്തിയ നാട്ടില്‍ , വലിയ പുഴ കടക്കാനാവാതെ ചിറകു വാടിയ നാട്ടില്‍ അവര്‍ വെച്ച് പിടിപ്പിച്ച വഴിയോര വൃക്ഷങ്ങള്‍ ..!
ദശകങ്ങളായി വഴിനടക്കാര്‍ക്ക് തണലേകി ചിറകു വിരിച്ചു നിന്ന ആ വന്മരങ്ങള്‍ ..!
മുറിച്ചു മാറ്റി ലേലം ചെയ്തെടുത്തു.. ആരും അറിഞ്ഞില്ല..! അല്ലെങ്കിലും അന്നൊക്കെ അങ്ങനെയാണ്..അതൊക്കെ അറിയേണ്ടവരേ അറിയാറുള്ളൂ ..!
പക്ഷെ പള്ളിയാളിയിലെ യുവജന സംഘം മണത്തറിഞ്ഞു ..വലിയ കൊയിസ്സന്‍ ഹാജിയാണ് അവര്‍ക്ക് വിവരം നല്‍കിയത് എന്ന് പറഞ്ഞു കേള്‍ക്കുന്നു ..ശരിയാണോ എന്നറിയില്ല .പണക്കാരനാണെന്കിലും ഉള്ളില്‍ ഒരു വിപ്ലവകാരിയെ അദ്ദേഹം പോറ്റിയിരുന്നത്രേ ..! ഏതായാലും പരാതി തയ്യാറാക്കാന്‍ വൈകിയില്ല ...!
നാട് വിറപ്പിച്ച ജന്മിയായ കൊള്ളിക്കാട്ടു പോക്കരെന്ന മാനേജരുടെ ചൂഷണം അവസാനിപ്പിക്കാന്‍ അന്നത്തെ 'ന്യൂസൌത്ത് സ്കൂള്‍' വടം കെട്ടി വലിച്ചു തള്ളിയിട്ടു തകര്‍ക്കാന്‍ ത്രാണി കാണിച്ച പള്ളിയാളിയിലെ യുവത്വത്തിന് അടങ്ങാത്ത ആവേശമായിരുന്നു സാമൂഹ്യമായ അനീതികള്‍ക്കെതിരില്‍ പോരാടാന്‍ കിട്ടിയ ഈ അവസരം.!
അയമുട്ടിമാഷ് പെറ്റിഷനന്‍ എഴുതിയുണ്ടാക്കി അഡ്രസ് എഴുതി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് തപാലില്‍ അയച്ചു..
അതിലിടക്കാണ് റോഡു പണിയുടെ മുന്നോടിയായി കലുങ്കുകള്‍ പുതുക്കിപ്പണിയുന്ന കരാര് ജോലി തുടങ്ങുന്നത്.. അതും യഥാര്‍ത്ഥ കരാറുകാര്‍ ആരാണെന്ന് പൊതുജനത്തിനു അറിയില്ലായിരുന്നു . ആറുപിലാക്കല്‍ അങ്ങാടി നിരങ്ങി നീങ്ങി മുക്കിലങ്ങാടിയില്‍ എത്തിയ കാലം..മരക്കച്ചവടത്തിലൂടെ സമ്പന്നരായയവര്‍ താമസമാക്കിയതോടെ മുക്കിലങ്ങാടിയില്‍ അന്ന് നഗരവല്കരണം തുടങ്ങിക്കഴിഞ്ഞിരുന്നു ..അഗസ്ത്യമുക്കില്‍ നിന്നും തോടുകടന്നു മോട്ടോര്‍ വാഹനങ്ങള്‍ വന്നും പോയും കൊണ്ടിരുന്നു...മുക്കിലങ്ങാടിയിലെ കത്താലി ഹാജിയാണ് ബ്ലോക്കിലെ കരാറുകള്‍ മുക്കാലും അടിച്ചെടുക്കാറ് എന്ന് അഞ്ചലോട്ടക്കാരന്‍ കുഞ്ഞാമുകാക്ക പറഞ്ഞറിവ് .
കൊട്ടുകല്ലുങ്ങലെ വേലുക്കുട്ടി പടവ് പണിയുടെ ഒരു ഉസ്താദായിരുന്നത്രേ.. ..വേലുക്കുട്ടിയും അയാളുടെ തടിമിടുക്കുള്ള തൊഴിലാളികളും കൂടെ സുന്ദരികളായ കുറെ കയ്യാളുകളും .. !
ഒരു ദിവസം കമ്മദു കാക്കയുടെ മക്കാനിയില്‍ നിന്ന് കട്ടിപ്പത്തിരിയും മീന്‍ കറിയും കഴിച്ചു കൈ കഴുകുകയായിരുന്നു വേലുക്കുട്ടി ..അപ്പോഴാണ് സൈനബ നെയ്യപ്പത്തിന്റെ മാവുമായി അന്നനടയുമായി മക്കാനിയുടെ ചായിപ്പിലേക്ക് കേറി വന്നത്..വേലുക്കുട്ടി പെണ്ണുങ്ങളോട് പ്രത്യേക മമത കാണിക്കുന്നവനാണ് .. ദുഷ്ടലാക്കോടെയന്നു ഒരിക്കലും പറയാന്‍ വയ്യ.. വേലുക്കുട്ടി പെണ്ണുങ്ങള്‍ക്ക് എന്തെങ്കിലും ഒക്കെ സഹായം ചെയ്യുമെന്നല്ലാതെ ഒരിക്കലും അവരെ ചീത്ത മനസ്സോടെ നോക്കിയിട്ട് പോലുമുണ്ടാവില്ല..അത്രയ്ക്ക് ശുദ്ധ മന്സ്കനായിരുന്നു അദ്ദേഹം....! പെണ്ണുങ്ങളുടെ സാമീപ്യം വലിയ ഇഷ്ട്ടമായിരുന്നത്രേ..!
ഉപ്പയും ..നായാട്ടിനു പോകാന്‍ വീട്ടില്‍ ഒന്നിച്ചു കൂടുന്ന കൂട്ടുകാരും ഇക്കാര്യം പലപ്പോഴും പറയുന്നത് ബാവുട്ടന്‍ കേട്ടിട്ടുണ്ട്..
വേലുക്കുട്ടി സൈനബയെ ഒന്ന് നോക്കി ..എന്നിട്ട് കമ്മദു കാക്കയോടായി പറഞ്ഞു.
" കമ്മദാപ്ലേ. പെണ്ണിനെ എന്റെ കൂടെ പണിക്ക് അയച്ചോളൂ ..എന്നും വൈന്നെരാവ്‌മ്പം ഒരുര്‍പ്പ്യ ഞാന്‍ കയ്യിക്കൊടുക്കും "
കമ്മദു കാക്കയുടെ കണ്ണ് തള്ളിപ്പോയി.. രാവിലെ പുലര്‍ച്ച തൊട്ടു രാത്രി വൈകുവോളം ഈ മക്കാ നിയില്‍ നാല് പേര് അധ്വാനിച്ചാല്‍ തന്നെ കിട്ടുന്നത് ഏറിയാല്‍ രണ്ട് രണ്ടര ഉറുപ്പികയാണ് ഇതിപ്പം.... സൈനബ ഒറ്റയ്ക്ക് ഒരുര്‍പ്പ്യ ..കൊള്ളാലോ ..!
കമ്മദു കാക്കക്ക് സമ്മതമായിരുന്നു .. സൈനബക്കും ..
സൈനബ വേലുക്കുട്ടിയുടെ കൂടെ പണിക്ക് പോയി തുടങ്ങി ..
വേലുക്കുട്ടിയുടെ കൂടെ പണിക്ക് പോവാന്‍ ചെറുപ്പക്കാരുടെ ഇടയില്‍ മത്സരമായി ...! താമസിയാതെ കുല്ക്കുഴ്ഞ്ഞിയും ആ സംഘത്തില്‍ അംഗമായി ..!
ആയിടക്കാണത്രേ ഈ കലുങ്ക് പണിയുടെ കരാറുമായി ചെറുകരയിലെ മാളിയെക്കാരന്‍ വേലുക്കുട്ടിയെ സമീപിക്കുന്നത്.. കരാറൊറപ്പിച്ചു...... പണികള്‍ തുടങ്ങി.. നിര്‍മ്മാണ സാമഗ്രികള്‍ മാളിയക്കാരന്‍ എത്തിച്ചു കൊണ്ടിരുന്നു..
അയമുട്ടി മാഷ് സ്കൂള്‍ ആവശ്യത്തിനു കുന്ദമംഗലത്തു പോയപ്പോള്‍ ബ്ലോക്ക് ഓഫീസില്‍ ഒന്ന് കയറി.. സുഹ്രത്തായ ക്ലാര്‍ക്കില്‍ നിന്നും അറിഞ്ഞു ഒരു പുതിയ വിവരം...
" കടവഴിക്കടവ് ഇലഞ്ഞിക്കാട് റോഡിലെ കലുങ്കു നിര്‍മ്മാണത്തിന് കരിങ്കല്ലും ഇരുമ്പ് കമ്പിയും ഉപയോഗിക്കണം എന്ന്പ്ലാനില്‍ ഉണ്ടെന്നു.. !
അക്കാലത്തു ഇരുമ്പും കരിങ്കല്ല് വാര്‍പ്പ് വിദ്യയും നഗരങ്ങളില്‍ മാത്രം നടക്കുന്നതായെ അറിഞ്ഞിട്ടുള്ളൂ ..കാരണം സിമന്റിന്റെ വില, അതിന്റെ ദൌര്‍ലഭ്യം .! .പന്നെ 'ഇരുമ്പു കമ്പി' എന്ന് ഗ്രാമീണര്‍ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ..ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച നിര്‍മ്മാണ രീതികള്‍ അനുകരിക്കാന്‍ പോലും വളരെ വൈകി പഠിച്ച നമ്മുടെ സിവില്‍ സമൂഹം ഇത് അറിയാതെ പോയതില്‍ അത്ഭുതം ഇല്ലെന്ന് ബാവുട്ടന്‍ പിന്നീട് സ്വന്തം ഗ്രാമത്തെ ന്യായീകരിച്ചിട്ടുണ്ട് ..
പിറ്റേന്ന് വൈകിട്ട് ഇക്കാര്യം സ്നേഹിതന്‍ ലോഡ്ജില്‍ ചര്‍ച്ചക്കിട്ടു.. വേലുക്കുട്ടി സാക്ഷിയായി സത്യം ചെയ്തു.. "ഞാനല്ലേ ആ പണി എടുത്തത് ..കമ്പി പോയിട്ട് ഇരുമ്പിന്റെ പൊടിപോലും അതില്‍ ഇട്ടിട്ടില്ല...!""കരിങ്കല്ലിനു പകരം നീളത്തില്‍ മുറിച്ചെടുത്ത ചെങ്കല്ലും ..!"
വാര്‍ത്ത ..പതുക്കെ പടര്‍ന്നു പിടിച്ചു....... കടവത്തിയൂരില്‍ ചീവീടുകള്‍ പോലും ഈ വാര്‍ത്ത ഏറ്റുപിടിച്ചു ! ...കടവഴിക്കടവ് റോഡില്‍ രണ്ടാമത്തെ അഴിമതി..!
ഇരുമ്പിടേണ്ട പാലത്തില്‍ ഇരുമ്പിട്ടിട്ടില്ല ....! കരിങ്കല്ലിനു പകരം ചെങ്കല്‍ ..!
പരാതി തയ്യാറാക്കി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് കയ്യാലെ തന്നെ കൊടുത്തു രശീത് വാങ്ങി പീ ടീ കാക്ക യും അലവികാക്കയും ..ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ നിവൃത്തിയില്ലാതെ ഉദ്യോഗസ്ഥ തല അന്വേഷണം പ്രഖ്യാപിച്ചു ..!
ഗ്രാമം ചൂട് പിടിച്ചു.. കടവത്തിയൂരിലും പള്ളിയാളിയിലും ചെറുകരയിലും പന്നിക്കൊട്ടൂരും ഒക്കെ ഇത് തന്നെ ചര്‍ച്ച.. കമ്മദു കാക്കയുടെയും കുഞ്ഞാലിക്കയുടെയും മക്കാനിയില്‍ ചായക്കച്ചവടം പൊടിപൊടിച്ചു.. കെട്ടിത്തൂക്കിയ സ്ലേറ്റില്‍ പേരെഴുതാന്‍ സ്ഥലം പോരാതെ അവര്‍ ചുമരില്‍ കരിക്കട്ടകൊണ്ട് പറ്റെഴുതാന്‍ തുടങ്ങി..!
ഈ സ്ലേറ്റിനും ഒരു കഥ പറയാനുണ്ട് :
ഒരു ദിവസം കുഞ്ഞാലിക്ക മകന്‍ ഹൈദറുവിനെ മക്കാനിയിലെ ഉത്തരവാദിത്വം ഏല്‍പ്പിച്ച് ഒരു കല്യാണ നിശ്ചയത്തിനു പോയി..മടങ്ങിയെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു..കോളറില്‍ തൂങ്ങിക്കിടക്കുന്ന കുടയെടുത്തു കഴുക്കോല്‍ വളയില്‍ തൂക്കി, വെള്ളമല്ലിന്റെ കുപ്പായം തലവഴി ഊരിയെടുത്തു..ചുമരിലും തൂക്കി.
"മാനേ ഹൈദരുട്ട്യെ....ങ്ങുണ്ടാ ചൂടള്ള ഒരു കട്ടന്‍ചായ "
ഹൈദര് നിന്ന് പരുങ്ങി..
"ന്തേയ് ട കുട്ടീ അനക്ക് ഒരു എടങ്ങേറ് "
"ബാപ്പാ ചായ്പൊടി തീര്‍ന്നു.."
"ന്നെട്ടെന്തട കുട്ട്യേ..ജ്ജി മാങ്ങിലെ..?
കുഞ്ഞാലിക്ക മേശവലിപ്പ് തുറന്നു...കണ്ണട വെക്കാത്തതിനാല്‍ കയ്യിട്ടു പരതി ...ഒന്നും തടയാത്തതിനാല്‍ എണീറ്റ് കുപ്പായക്കീശയില്‍ നിന്നും കണ്ണട എടുത്ത് വെച്ച് മേശ വലിപ്പില്‍ പിന്നെയും നോക്കി.. ശൂന്യം ..!
"മാനേ..ഹൈദ്രോസേ ..."
വിളിക്ക് കട്ടി കൂടിയിരുന്നു..
" ജ്ജി ബടെ ബാ .."
ഹൈദര്‍ അടുത്ത് വന്നു..പേടിയോടെ..
"എവടട കുട്ടീ ന്നത്തെ കച്ചോടപ്പൈസ..?
ഹൈദര്‍ ചുവരില്‍ തൂങ്ങിക്കിടക്കുന്ന വലിയ ചട്ടയില്ലാത്ത സ്ലേറ്റ് ചൂണ്ടിക്കാട്ടി..
ഒരു ദീര്‍ഘ നിശ്വാസത്തോടെ കുഞ്ഞാലിക്ക അരയിലെ പച്ച ബെല്‍റ്റിന്റെ ഉറയില്‍ നിന്ന് കത്തി എടുത്തു....
കെട്ടിത്തൂക്കിയ സ്ലേറ്റ് മുറിച്ചെടുത്തു ..
"ന്നാ ഹൈദരൂസേ...ജ്ജീ സിലേറ്റു കൊണ്ടോയി അയമാദാജിന്റെ പീട്യെന്നു ചായ്പൊടീം പഞ്ചാരീം മാങ്ങി ബാ.." " കുടീക്കുള്ള അയിരീം ചില്വാനും ഒക്കതും മാങ്ങിക്കോ... "
മക്കാനിയില്‍ ഇരുന്നവരും കെ.എസ ബീഡി തെരുപ്പുകാരും ഉള്ളറിഞ്ഞ് ചിരിച്ചു.. കൂടെ കുഞ്ഞാലിക്കയും പുറമേ ചിരിച്ചു.. ഹൈദരു മാത്രം കരഞ്ഞു ..!
പാലത്തിനു ഇരുമ്പിടാത്തതില്‍ ഉദ്യോഗസ്ഥതല അന്വേഷണം വരുന്നു എന്ന വാര്‍ത്ത മുക്കിലങ്ങാടിയിലും ചര്‍ച്ചയായി.. മുതലാളിമാര്‍ക്കും ചൂടുപിടിച്ചു..!
അവരുടെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു.. ഈ ആരോപണം തെറ്റാണെന്ന് അവര്‍ കൊട്ടി ഘോഷിചു.. അന്വേഷണം നടക്കട്ടെ..എന്നിട്ട് വേണം പരാതി കൊടുത്തവരെ കൈയാമം വെച്ച് കടവത്തിയൂര്‍ അങ്ങാടിയിലൂടെ നടത്തിച്ചു കൊണ്ടുപോവാന്‍ എന്ന് അവര്‍ പ്രഖ്യാപിച്ചു..
പീ ടീ കാക്ക യും കെ കെ അലവികാക്കയും സ്കൂളിലെ പ്യൂണ്‍ മമ്മദുകാക്കയും വേലുക്കുട്ടിയും ഉണ്ന്യേയിന്‍ കുട്ടിയും ഉറക്കമിളച്ചു.. രഹസ്യ യോഗങ്ങള്‍ വീടിന്റെ കോലായില്‍ പതിവായതിനാല്‍ ബാവുട്ടനും ഉറക്കമിളച്ചു..! കാപ്പിയുണ്ടാക്കി ഉമ്മയുടെ കയ്യ് കുഴഞ്ഞു..!
പിന്നെ പൊതുയോഗങ്ങളായി.. ചാത്തുണ്ണി മാസ്റ്റര്‍ ,കേളുഏട്ടന്‍ ഇവരൊക്കെ കരുവഞ്ഞിപ്പുഴ താണ്ടി വന്നു ..
ഒടുവില്‍ ആ ദിവസവും വന്നു.. ബ്ലോക്കില്‍ നിന്നും ഉദ്യോഗസ്ഥന്മാര്‍ എത്തി..കെട്ടിയ പാലം പൊളിച്ചു പരിശോധിക്കാന്‍ ..
പീ ടീ കാക്ക യും അലവികാക്കയും ഒളിവില്‍ പോയി.. ഇനി അഥവാ വേലുക്കുട്ടി പറഞ്ഞത് ശരിയല്ലെന്കിലോ..!!. അറസ്റ്റുണ്ടാവും ...!
വേലുക്കുട്ടിയും തൊഴിലാലികളും തയ്യാറായിരുന്നു.. കലുങ്ക് പൊളിക്കാന്‍ ..ഉത്തരവായി.. പൊളിച്ചു തുടങ്ങി..വാര്‍ത്തകള്‍ അപ്പപ്പോള്‍ കാര്യസ്ഥന്മാരിലൂടെ വാല്യക്കാരിലൂടെ മുക്കിലങ്ങാടിയിലേക്കു എത്തികൊണ്ടിരുന്നു...
പാലത്തിന്റെ ഒരു ഭാഗം മുഴുവന്‍ പൊളിച്ചു..ഇരുമ്പിന്റെ ഒരംശവും കണ്ടില്ല ..
കണ്ടത് ഇല്ലിക്കമ്പുകള്‍ മാത്രമായിരുന്നു..! ചെങ്കല്ലും !
പുരുഷാരം കണ്ടു നിന്നു ..
കണ്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിതയ്യാറാക്കി ..സാക്ഷികളായി വലിയ കൊയിസ്സനാജിയെക്കൊണ്ടും മോയിനാജിയെക്കൊണ്ടും ഒപ്പുകള്‍ ഇടുവിച്ചു ..അവര്‍ പോയി..
പിന്നീടാണ് ഞങ്ങളുടെ ഗ്രാമം ശരിക്കും വികസനം എന്താണെന്നു കണ്ടത്..!
പോയോത്തും കടവില്‍ വെള്ളം കുറവായിരുന്നു.. ലോറിയുടെ ഇരമ്പല്‍ കേട്ടു ഇഷാ നമസ്കാരം കഴിഞ്ഞു കഞ്ഞി കുടിക്കാന്‍ ഇരിക്കവേ കടവത്തെ മൊല്ലാക്ക പുറത്തിറങ്ങി നോക്കി..
ചുവന്ന കണ്ണുകള്മായി ഒരു ജീഎംസി ലോറി..പുഴവെള്ളം വകഞ്ഞു മാറ്റി ചീറി വരുന്നു..ഒച്ചയും ബഹളവുമായി കുറെയേറെ വാല്യക്കാരും പുറകിലുണ്ട്..!
ലോറി ഇക്കരെയെത്തി..നനഞ്ഞു കുതിര്‍ന്ന ടയറുകള്‍ മണലില്‍ കിടന്നു തിരിഞ്ഞു..വാല്യക്കാര്‍ കല്ലും കട്ടയും ചരല്‍മണ്ണും ലോറിയില്‍ കരുതിയിരുന്നു.അവയിട്ടു മണലൊതുക്കി .ഉന്തിത്തള്ളി അവര്‍ ലോറിയെ കയറ്റം കയറ്റി..
"ഇത്പ്പെന്താ ഈ പാതിരനേരം ഒരു ലോറിം കൊറേ ആളും.." കടവത്തെ മൊല്ലാക്ക അന്തം വിട്ടു..ഒന്നും മനസ്സിലായില്ല..
ലോറി മുരണ്ടു നീങ്ങി ..തൊഴിലാളികള്‍ അതില്‍ പിടിച്ചു തൂങ്ങിക്കയറി..
ഉറക്കത്തിനു വട്ടം കൂട്ടുകയായിരുന്ന കടവത്തിയൂര്‍ക്കാര്‍ അന്ന് ഉറങ്ങാന്‍ വൈകി.. ആര്‍ക്കും ഒന്നും മനസ്സിലായില്ല ..എല്ലാവരും ആത്മഗതം ചെയ്തു..
" തെന്താ പ്പോ നട്ടപ്പാതിരയ്ക്ക് ലോറിയും കൊറേ പണിക്കാരും...
ലോറി കൊക്കി മുരണ്ട് കുന്നുമ്മലങ്ങാടിയും പള്ളിയാളിയും കടന്നു വള്ളിക്കാപറമ്പിലെത്തി.. രാത്രിക്ക് രാത്രി .. കലുങ്ക് പൊളിച്ചു... റെയിലിന്റെ മുറിച്ചെടുത്ത കഷണങ്ങള്‍ വെച്ച് കരിങ്കല്ലും സിമന്റും ഉപയോഗിച്ച് വാര്‍ത്തു.. പട്ടാളക്കാരെ തോല്‍പ്പിക്കുന്ന നിര്‍മ്മാണ വേഗത..! ...വൈദഗ്ധ്യം..!
അങ്ങനെ ഇരുമ്പിടാത്ത ഞങ്ങളുടെ കുണ്ടുങ്ങല്‍ പാലം ഇരുമ്പിട്ട പാലമായി...!
ആ കരാറുകാര്‍ പ്രസ്തുത റോഡിലെ ഏതാണ്ട് ആറോളം കലുങ്കുകള്‍ പണിതിരുന്നു.. മറ്റുള്ളവയെല്ലാം രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തകര്‍ന്നുവെന്നും കരാറുകാര്‍ക്ക് പലതവണ ബില്ലുമാറാന്‍ അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തിരുന്നെന്നും ചരിത്രം ..!
എന്നാല്‍ ഇരുമ്പിട്ടപാലം മാത്രം കാലത്തെ അതിജീവിച്ചു കൊണ്ട് തലമുറകള്‍ക്ക് ചരിത്രത്തിന്റെ സാക്ഷ്യം നല്കിക്കൊണ്ടു നിന്നിരുന്നു..
ഈയടുത്ത കാലത്ത് ആ പാലവും പുതുക്കിപ്പണിയപ്പെട്ടെന്നു അകലെ മറുനാട്ടിലിരുന്നു വാര്‍ത്തകളില്‍ക്കൂടി ബാവുട്ടന്‍ അറിഞ്ഞു....
No comments:
Post a Comment