Friday, May 25, 2012

അക്കരപ്പച്ച


അക്കരെക്കാണുന്ന  മരതകപ്പച്ചയില്‍ 
ഇക്കരെയെന്മനം തളിര്‍ത്തിരുന്നൂ   

ഇക്കരെയീമണല്‍ ക്കാട്ടില്‍നിന്നെന്നും ഞാന്‍ 
അക്കരെയെത്താന്‍ കൊതിച്ചിരുന്നു...

ഉരുകുന്ന ചൂടിനാല്‍  തകരുമെന്‍ ജീവിതം 
ഒരു പാട് മധുരം കൊതിച്ചിരുന്നു

ഇക്കരെപ്പൂവുകള്‍ വിരിയാതെ കൊഴിയുമ്പോള്‍  
അക്കരെ കാവുകള്‍ പൂത്തുലഞ്ഞു

സജലമാമരുവിതന്‍  കളകളശ്രുതിനാദം 
കിളികൂജനങ്ങളില്‍ രമിച്ചിരുന്നു ..

ഇവിടെന്റെ കുടിലിലടുപ്പത്തു കരിയുന്നു  
തുടലിട്ടു പൂട്ടിയെന്‍ കവി ഹൃദയം 

തരളമാം തന്ത്രികള്‍ മീട്ടിയ മണിവീണ 
പ്രണയമാംഗല്യം കൊതിച്ചിരുന്നു 

തളരാതെയുഴലാതെ മറുകര പൂകുവാന്‍ 
അനുഭൂതി തേടാന്‍  കൊതിച്ചിരുന്നു 

ഒരുദിനമഴലിന്റെ പെരുമണല്ക്കാടുകള്‍ 
പതിയെപ്പതിയെ  നടന്നുകേറി ..

തലതല്ലിയാര്‍ക്കുമാ കടലിന്റെയക്കരെ
കനലായി മാറുവാനൂഴമായി ...

ഒരുവേള എന്നോ ഞാന്‍ കാണാന്‍ തുടങ്ങിയ  
മൃദുലമാം കനവുകള്‍ കരഗതമായ്‌..

പുടവയഴിച്ചു ഞാന്‍ ഉള്‍മേനി കണ്ടപ്പോള്‍ ...
അറിയാതെ പൊട്ടിക്കരഞ്ഞു പോയി..!

അക്കരെ നിന്നു ഞാന്‍ കണ്ട കിനാവുകള്‍ 
അക്കരപ്പച്ചകളായിരുന്നു ..! ..

എല്ലാം അക്കരപ്പച്ചകളായിരുന്നു ..!

വിറയാര്‍ന്ന ചങ്കിലെ മുറിവേറ്റ ഭാവന
വെറിയോടെ കാണും യുവ നവയുഗമേ 

അറിയാമെനിക്കിന്നതറിയാതെ യൊരുപാടു
അരുതായ്മകള്‍ ഞാന്‍ നിനച്ചു പോയി ..

അരുതായ്മകള്‍ ഞാന്‍ നിനച്ചു പോയി ..!


No comments: