Thursday, May 17, 2012

നീ പാടാത്തതെന്തേ..?



















പുലരിയോടോത്തിന്നും കാതോര്‍ത്തിരുന്നു ഞാന്‍
പരിതാപമിയലും നിന്‍  കളകൂജനം 

അറിയില്ലെനിക്കും ഈ പുലരിത്തുടിപ്പിനും 
ചെറുനീലക്കുയിലിന്നു പാടാത്തതെന്തേ..?

ഇണയെപ്പിരിഞ്ഞതിന്‍ വേദനയാലാവാം  
നീ പതിവായിപ്പാടിയതും  പൂങ്കുയിലേ..

അറിയാതെയുതിരുന്ന  കണ്ണുനീര്‍ത്തുള്ളികള്‍ 
നിന്‍ നിറമാര്‍ത്തടത്തില്‍ തടഞ്ഞു വെച്ചു..

ഒരു പാടു ജന്മത്തിന്‍ സഹനം നീയൊരുകൊച്ചു  
ഹൃദയത്തിന്നുള്‍ത്താളില്‍  ഒളിച്ചു വെച്ചൂ

മുറിവേറ്റ ഹൃദയത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
ഉറപൊട്ടിയൊഴുകി നിന്‍ സ്വരരാഗത്തില്‍

എവിടെ നിന്‍ കരുവാളിച്ചയലുന്ന കവിതകള്‍
എവിടെ നിന്‍ കരിമിഴിയിണപ്പൊയ്കകള്‍ ?

ഒരുവേള നിന്‍ ജീവസരണിയിലിണചേരാന്‍ 
ശ്രുതിതാള ലയമേളം വിരുന്നുവന്നോ..?

ഒരു മന്ദഹാസത്തിന്‍ മറവിലൊളിപ്പിച്ച
വ്യഥകളകറ്റുവാന്‍ നീ പഠിച്ചോ ..?

പതിയെയീ മൌനത്തിന്‍ ഇടവേളയിലറിയുന്നു 
നിന്‍ മൃദുശോകഗാനത്തിന്‍ പൊരുളെന്തെന്നും 

അണയുന്ന ദുഖത്തിന്‍ ചുടുചാരം മാറ്റി നീ 
മധുരമനോജ്ഞമായ്‌  പാടുകില്ലേ  

ഇണതേടും കുയിലേ നീ പാടുകില്ലേ ...?

No comments: