ഉടുമുണ്ടിന്റെ മുന്‍ഭാഗം മുഴുവന്‍ വൃത്തികേടായി..! വയറിളകിയത്പോലെ..!
കണ്ടു നിന്നവര്‍ ആര്‍ത്തുചിരിച്ചു......കുട്ടികളടക്കം..!
" തെന്തയ്തു കുഞ്ഞയമ്മത്ക്ക ങ്ങള് സുന്നാമക്കി കുടിച്ചീനോ ?
ചിരിച്ചു കൊണ്ട് ഒസ്സാന്‍ കുട്ടിഹസ്സനാക്ക ബാര്‍ബര്‍ഷാപ്പില്‍നിന്നു പുറത്തേക്കിറങ്ങി ചോദിച്ചു
ആള്‍ക്കാര്‍ വട്ടമിട്ടു കൂടുന്നത് കണ്ടപ്പോള്‍ കൊച്ചിളി കുഞ്ഞയമ്മതാക്ക പതുക്കെ മക്കാനിയുടെ ചായ്പ്പിലേക്ക് ഉള്‍വലിഞ്ഞു..
ആയ്ച്ചുമ്മക്ക് പിതൃസ്വത്തായി കിട്ടിയ കമ്പളക്കാട്ടു പറമ്പിലെ പുഴമ്പാലിയില്‍ കായ്ച്ചു നിന്നിരുന്ന ഈന്തിന്‍ കായ്കള്‍ ഒടിച്ചു കുരുവെടുത്തു ഉണക്കിപ്പൊടിച്ച് പത്തിരിയും ഈന്തുപിടിയും തിന്നാന്‍ തുടങ്ങിയിട്ട് മൂന്നുനാല് ദിവസമായിരുന്നു..
അതങ്ങനെയാണ്, എന്തെങ്കിലും ഒന്ന് കിട്ടിയാല്‍ പിന്നെ, ആയ്ച്ചമ്മക്ക് അതുതന്നെ എല്ലാ നേരവും ..!
"മോരും ചക്കകൊണ്ടായ്ക്കൂടായിരുന്നോ...? എന്ന് പണ്ട് ഭക്ഷണത്തിന് വന്ന മോയില്യാരു ചോദിച്ചതും ഇത്കൊണ്ടായിരിക്കും !
* ഈന്തുപൊടിയുടെ പത്തിരി ഇഷ്ടമില്ലെന്കിലും വാട്ടിക്കുഴച്ചു പിടിയാക്കി പോത്തിറച്ചിയും കൂട്ടി കറിവെച്ചാല്‍ കുഞ്ഞയമ്മതാക്കക്ക് അത് ജീവനാണ് !
അന്ന് വെള്ളിയഴ്ച്ച്യായതിനാല്‍ നല്ല കുട്ടന്‍ പോത്തിറച്ചി കിട്ടി ..ഉച്ചഭക്ഷണം കുശാലായി... തിന്നു കഴിഞ്ഞു പാത്രത്തില്‍ അല്പം ബാക്കിയുള്ളതു ആയ്ച്ചമ്മ കാണാതെ വാഴയില വാട്ടി പൊതിഞ്ഞു കെട്ടി ഭദ്രമായി മടിയില്‍ വെച്ചതായിരുന്നു ..ഇഷപ്പെട്ട ഒരാള്‍ക്ക് കൊടുക്കാന്‍ ..
അതാണിപ്പോ ഇത്തരത്തില്‍ നാണക്കേടിലാക്കിയത് ...!
കുന്നുമ്മലങ്ങാടിയിലെ മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും അറിയാം ഈ സമ്മാനം ആര്‍ക്കു വേണ്ടി കരുതി വെച്ചതായിരുന്നു എന്ന്..
അവരത് ഉറക്കെപ്പറയാന്‍ ധൈര്യംകാണിചില്ലെന്കിലും ചൊങ്കനായ മൊയ്തീന്‍കുട്ടിയുടെ കാതില്‍ തരം കിട്ടുമ്പോള്‍ അവര്‍ അടക്കം പറഞ്ഞു പരിഹസിച്ചു
" ബലാലെ.. അനക്ക് ആ ഈന്തുപിടി തിന്നാനുള്ള യോഗം ഉണ്ടായിലല്ലോ ന്റെ കുട്ട്യേ .."
ഗജപോക്കിരിയാനെന്കിലും ഉള്ളില്‍ ചില മൃദുലവികാരങ്ങളുടെ അടിമയായിരുന്നു കൊച്ചിളി കുഞ്ഞയമ്മതാക്ക ... കുന്നമ്മലങ്ങാടിയില്‍ ഇതും 'രഹസ്യമായ ഒരു പരസ്യ'മായിരുന്നു !
ഇടതുകാലിനു ചെറുപ്പത്തില്‍ പോളിയോ ബാധിച്ചതിനാലാണെന്നു തോന്നുന്നു, സ്വാധീനം ഇല്ലാത്തതിനാല്‍ നടത്തം നൊണ്ടിക്കൊണ്ടിയായിരുന്നു..എങ്കിലും ആ ബുദ്ധിയില്‍ ഉദിക്കാത്ത കുരുട്ടുസാമര്‍ഥ്യങ്ങള്‍ വിരളമായിരുന്നു
അതുപോലെത്തന്നെ പോരടിക്കാനുള്ള ശൌര്യവും അനിതരസാധാരണമായിരുന്നു..!
ആയ്ച്ചുമ്മത്താത്തക്ക് അത് രണ്ടാം കെട്ടായിരുന്നു. ആദ്യഭര്‍ത്താവ് മരിച്ചതില്‍പ്പിന്നെ നടന്ന പുനര്‍വിവാഹം ,
തറവാട്ടുവകയില്‍ ആവശ്യത്തിലധികം സ്വത്തുണ്ടായിരുന്ന ആയ്ച്ചുമ്മത്താത്തയുമായുള്ള വിവാഹം കൊണ്ട്, ജോലി ചെയ്തില്ലെങ്കിലും അന്നം മുട്ടിപ്പോവില്ലെന്നു മനസ്സിലാക്കിത്തന്നെയാണ് തന്നെക്കാള്‍ അല്പം പ്രായം കൂടുതലുള്ള ആയ്ച്ചുമ്മയെ കൊച്ചിളി കുഞ്ഞയമ്മത്ക്ക വിവാഹം ചെയ്തത്.. ആദ്യ വിവാഹത്തില്‍ ഉണ്ടായിരുന്ന മക്കളില്‍ ഒരാളൊഴികെ മറ്റെല്ലാവരും മുതിര്‍ന്നവരും തന്‍കാര്യം നോക്കാന്‍ പ്രാപ്തരും ആയിരുന്നു...അവരില്‍ മൂത്തയാള്‍ ബീഡികമ്പനി നടത്തി ഇടത്തരം പണക്കാരനും സാമൂഹ്യപ്രവത്തകനുമായ പീ ടീ കാക്കയും.
ആയ്ച്ചുമ്മത്താത്തക്ക് പിതൃസ്വത്തായി ഭാഗം വെച്ചു കിട്ടിയ ഭൂസ്വത്തുക്കളില്‍ കൊള്ളിക്കാടനുമായി പണ്ടേക്ക് പണ്ടേ തര്‍ക്കം നിലനിന്നിരുന്ന ചെറുകരയിലെ തറവാടുങ്കല്‍ പറമ്പും പെട്ടിരുന്നു..
കുന്നിന്മുകളിലാനെങ്കിലും ഏതു വേനല്‍ക്കാലത്തും വറ്റാത്ത കിണറുള്ള ഫലപുഷ്ട്ടമായ മണ്ണ് ..കഷകന്റെ സ്വപ്നമായ പൊന്നു വിളയുന്ന രണ്ടേക്കര്‍ മണ്ണ് ..!
കൊള്ളിക്കാടന് തറവാടുങ്കല്‍ പറമ്പില്‍ എങ്ങനെ അവകാശം കൈവന്നു എന്നല്ലേ ..?
കേട്ടറിവു വെച്ച് പറഞ്ഞാല്‍ പണ്ട് നമ്പൂതിരിമാരില്‍ നിന്ന് പണയമായി കടം കൊണ്ട ഭൂമിയായിരുന്നത്രേ..! ഒഴിമുറി വാങ്ങാത്തതിനാല്‍ കേസ്സുനടത്തിയാല്‍ ആ ഭൂമി സ്വന്തമാക്കം എന്ന്‍ വക്കീലായ അയാള്‍ക്ക് നന്നായി അറിയാമായിരുന്നു ..
കടവത്തിയൂര്‍ ഗ്രാമം എന്തെങ്കിലും മറക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് ഇന്നും ഓര്‍മ്മകളിലൂടെ ജീവിക്കുന്ന കൊള്ളിക്കാടന്റെ ക്രൂരതകളായിരുന്നു !
മലബാര്‍ കലാപത്തിന് ശേഷം ജന്മ്മികുടിയാന്‍ ബന്ധങ്ങളില്‍ ഉണ്ടായ പ്രകടമായ മാറ്റം, അന്ന് വരെ മലബാറില്‍ ഭൂമിയുടെ അധിപരായിരുന്ന ക്ഷത്രിയ ബ്രാഹ്മണത്തറവാടുകളില്‍ നിന്നും ഈഴവ- മാപ്പിള പ്രഭുക്കന്മാര്‍ കച്ചവടതന്ത്രങ്ങളിലൂടെയും കൊള്ളപ്പലിശയിടപാടുകളിലൂടെയും വ്യവഹാരങ്ങളിലൂടെയും കൃഷിയോഗ്യമായതും അല്ലാത്തതുമായ ഭൂമിയുടെ അവകാശം സ്വന്തമാക്കാന്‍ തുടങ്ങിയതാണ് ..!
അങ്ങനെ അഭിനവ ജന്മിമാര്‍ ഉടലെടുത്തു..
അവര്‍ ശക്തരായിരുന്നു..
അറിവിന്റെ ശക്തി കൂടി സമ്പത്തായി ഉള്ളവര്‍, അതൊന്നുമില്ലാത്തവനെ പച്ചയായി ചൂഷണം ചെയ്തു.. ക്ഷാമം അവര്‍ക്ക് നല്‍കിയത് ക്ഷേമമായിരുന്നു .. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും മുഖേന അവരുടെ നിലവറകള്‍ നിറഞ്ഞു കവിഞ്ഞു.... സമ്പാദ്യങ്ങള്‍ കൂടിക്കൂടി വന്നു.
ഭൂസ്വത്തുക്കള്‍ മാത്രം കൈമുതലായുള്ള ബ്രാഹ്മണസമൂഹവും അവരുടെ ആശ്രിതരും ഭൂമി വിറ്റും പണയപ്പെടുത്തിയും ഉണ്ണാന്‍ തുടങ്ങി.. ! അവര്‍ക്ക് വിയര്‍പ്പൊഴുക്കാതെ കിട്ടിയ ഭൂമി, കിട്ടിയ വിലക്ക് വില്‍ക്കാന്‍ അവര്‍ക്ക് ഒട്ടും മനസ്സാക്ഷിക്കുത്ത് ഇല്ലായിരുന്നു ! മറ്റു വരുമാനങ്ങള്‍ നിലച്ചതും പട്ടക്കുടിയാന്‍മാര്‍ പാട്ടം കൊടുക്കാന്‍ വിസമ്മതിക്കുന്നതും അവരെ ഈ ഒരു പതനത്തിലേക്ക് കൂടെക്കൂടെ നയിച്ചു!
പണയം വാങ്ങിയ ഭൂസ്വത്തുക്കള്‍ വ്യവഹാരത്തിലൂടെ സ്വന്തമാക്കാന്‍ വക്കീലായിരുന്ന കൊള്ളിക്കാടന് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല .കാര്‍ഷികവൃത്തിയിലൂടെ സമ്പാദിച്ച പണം കൊടുത്തു, പണയപ്പെടുത്തിയ ഭൂമിയാണെന്നറിയാതെ വിലക്കുവാങ്ങി പെട്ടുപോയവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു ! പാവങ്ങള്‍ !.
വിട്ടുകൊടുക്കാത്ത ഭൂമി ഗുണ്ടായിസത്തിലൂടെ അയാള്‍ തട്ടിപ്പറിച്ചു..! അതിനായി സ്വന്തക്കാരും സില്‍ബന്ധികളുമടങ്ങിയ ഒരു സംഘത്തെ അദ്ദേഹം പാലും തേനും കൊടുത്തു പോറ്റിവളര്‍ത്തി .
ആയ്ച്ചുമ്മത്താത്ത രണ്ടു വാല്യക്കരെയുംകൊണ്ട് തറവാടുങ്കല്‍ പറമ്പില്‍ കുരുമുളക് പറപ്പിക്കാന്‍ പോയതായിരുന്നു ...പറമ്പില്‍കേറി മുളംകുറ്റിചാരിയ വാല്യക്കാര്‍ ഓടി തിരിയെ വന്നു ..
"ന്തെയ്ണ്ടാ...?"
"ചാച്യെ...മൊളകില്ല. ഒരോറ്റ കുറ്റീമലും...ഒക്കെ പര്‍ച്യോയീണ് "
ഹെന്ത് ...?!
ആയ്ച്ചുമ്മത്താത്ത പറമ്പില്‍ കേറി നാലുപാടും നോക്കി ..
ശരിയാണ് ... ഒരൊറ്റ മരത്തിലും ഒരു തിരി പോലും കാണാനില്ല !
ന്റെ ബദ് രീങ്ങളേ ....
കണ്ണില്‍ ഇരുട്ട് കേറുന്നത് പോലെ തോണി ആയ്ച്ചുമ്മാത്തക്ക്..!
മേലാകെ വിറയല്‍ കൊണ്ട് അവര്‍ തളര്‍ന്നു...വീഴുമെന്നായപ്പോള്‍ വാല്യക്കാരന്‍ അയമുട്ടി അവരെ താങ്ങി പുല്ലില്‍ കിടത്തി.
"വേലായ്ധാ..ജ്ജി ബക്കം ത്തിരി വെള്ളം കൊണ്ടോര്ഡാ ..."
വേലായുധന്‍ വെള്ളത്തിനായി ഓടി ...പുല്ലുമൂടിക്കിടക്കുന്ന കിണറില്‍ പാളത്തൊട്ടിയിറക്കി വെള്ളം കോരി ..ചോര്‍ന്നൊലിക്കുന്ന പാളയുമായി കിതച്ചുകൊണ്ട് വേലായുധന്‍ വന്നു ..
തണുത്ത വെള്ളം മുഖത്ത് വീണപ്പോള്‍ ആയ്ച്ചുമ്മാത്ത പതുക്കെ കണ്ണ് തുറന്നു .. ആകാശം അപ്പോഴും ആടിക്കളിക്കുന്നു.. വീശിയടിച്ച തണുത്ത കാറ്റ് അവരുടെ മനസ്സിലെ ചൂടിനെ ഒട്ടും കെടുത്തിയില്ല .. അത് ആളിക്കത്തിക്കൊണ്ടിരുന്നു ..
വര്‍ഷത്തില്‍ കാര്യമായി പ്രതീക്ഷിച്ചിരുന്ന വരുമാനമാണ് നഷ്ടപ്പെട്ടത് ..! ..വീട്ടിലെ ചിലവുകള്‍ക്ക് ഇനി എന്ത് ചെയ്യും ..! കൊല്ലം മുറി കൂട്ടാന്‍ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല ..! വടക്കന്‍ പാടത്തെ നെല്ലും അതിന്റെ പുല്ലും അതുകഴിഞ്ഞാല്‍ ഈ കുരുമുളകും ആയിരുന്നു കുടുംബചെലവിനുള്ള വരുമാനമാര്‍ഗ്ഗം
നേരം വെളുത്താല്‍ അങ്ങാടിയില്‍ ഇറങ്ങി മുപ്പിരികൂട്ടിയിരുന്നു ബഡായി പറഞ്ഞു രസിച്ചു ഉച്ചയാവുമ്പോള്‍ കയ്യും കഴുകി വന്നു വയര് നിറയെ തിന്നാനും കൂര്‍ക്കം വലിച്ചു കിടന്നുറങ്ങാനുമല്ലാതെ കുഞ്ഞയമ്മതാക്കയെ ഒരു വകക്കു കൊള്ളില്ല ..!
"ന്നാലും ന്റെ ചാച്ച്യെ....ആരാ ഈ കടുംകൈ ചെയ്തത് ..?
അയമുട്ടിയുടെ വാക്കുകള്‍ ആയ്ച്ചുമ്മാത്തയെ ചിന്തകളുടെ ചുഴലിയില്‍ നിന്ന് കര കയറ്റി.
"ഓന്റെ ആള്‍ക്കാരാവും ......ആ കൊള്ളിക്കാടന്‍റെ...." ബാക്കി ഒരു മൌനത്തിലലിഞ്ഞു.. അര്‍ത്ഥഗര്‍ഭമായ മൌനം..!
അയമുട്ടിയുടെ കൈസഹായത്താല്‍ എണീറ്റ് ആയ്ച്ചുമ്മാത്ത വേച്ചു വേച്ചു നടന്നു . ... കാലിച്ചാക്കുകളും മുളയേണികളുമായി അയമുട്ടിയും വേലായുധനും പുറകെ നടന്നു..
ചെറുകര അങ്ങാടി ഒരു കയറ്റമാണ് .. ഏറ്റവും മുകളില്‍ ചാത്തുട്ടിയുടെ മക്കാനി ..ചാത്തുട്ടിയും ഭാര്യ അമ്മിണിയും മോള്‍ ജാനകിയും നടത്തുന്ന കുടുംബ മക്കാനി . അവരുടെ താമസം മക്കാനിക്ക് പുറകു വശത്തും.
ചാത്തുട്ടി ചെറുകരയിലെ ഒരു സര്‍വ്വവിജ്ഞാനകോശം ആയിരുന്നു. കാരണം ചെറുകരയിലെ എല്ലാ പകല്‍മാന്യന്മാരുടെയും ഏഷണിക്കാരുടെയും താവളം അവിടെയായിരുന്നു..
കുരുമുളക് പറിക്കാന്‍ വാല്യക്കാരുമായി പോയ ആയ്ച്ചുമ്മാത്ത കാലിച്ചാക്കുകളുമായി ഉടനെ മടങ്ങി വരുന്നത് കണ്ടു ചാത്തുട്ടിയുടെ മക്കാനിയില്‍ വെടി പറഞ്ഞിരുന്നവര്‍ മുറുമുറുത്തു..
" ഹും.....കുരുമുളക് പറിക്കാന്‍ പോയോരു ബെറുംകയ്യോടെ മടങ്ങുന്നു ..അപ്പൊ അബടെ ന്തോ പന്തികെടുണ്ടല്ലോ .."
ചാത്തുട്ടി പുറത്തെക്കിറങ്ങി നോക്കി .. ശരിയാണ് മുന്നില്‍ ആയ്ച്ചുമ്മാത്ത കലികയറിയ മുഖവുമായാണ് നടക്കുന്നത്.
കൊള്ളിക്കടന്റെ പ്രധാന കാര്യസ്തന്മാര്‍ സ്ഥിരമായി ഇരുന്നു കത്തിയടിക്കാറുള്ളതിനാല്‍ കാര്യങ്ങളുടെ കിടപ്പ് ചാത്തുട്ടിക്ക് പിടി കിട്ടി ..
" ഞ്ഞി ന്തൊക്കെ കുലുമാലാണ് ണ്ടാവാന്‍ പോണത്,........ ന്റെ ദൈവങ്ങളേ.....ങ്ങള് കാത്തോളി"
ആയ്ച്ചുമ്മാത്തയുടെയും കുടുംബത്തിന്റെയും അതിലുപരി കുഞ്ഞയമ്മത്ക്കയുടെയും ശൌര്യം ശരിക്കും അറിയാമായിരുന്ന ചാത്തുട്ടി ആത്മഗതം ചെയ്തു.
മക്കാനിയുടെ അതിരിലുള്ള ഇടവഴിയിലേക്കു തിരിയുമ്പോള്‍ ആയ്ച്ചുമ്മാത്ത മക്കാനിയിലേക്ക് നോക്കി വിളിച്ചുപറഞ്ഞു:
" ചാത്തുട്ട്യെ.. അന്റെ തമ്ബ്രാക്കമ്മാരോട് പറഞ്ഞെക്ക് ദ്ദിലും നല്ലത്...പന്ന്യേളപ്പോലെ ------- തിന്ന്വാനെന്നു ....."
"ആരാന്റെ മൊതല് പിടിച്ചു പറിച്ചണ ഓന്റെ പൂതി ആയ്ച്ചുമ്മ മാറ്റാന്‍ പോവാണ് ....ഓനോട് ഒരുങ്ങിക്കോളാന്‍ പറഞ്ഞോ "
അതൊരു വെല്ലുവിളി തന്നെ ആയിരുന്നു !
ആ വെല്ലുവിളി വൈകിട്ട് പുഴകടന്ന് വീട്ടിലെത്തിയ കൊള്ളിക്കാടനെ അറിയിക്കാന്‍ കാര്യസ്തന്മാര്‍ മത്സരിച്ചു ..
എല്ലാം കേട്ട് കൊള്ളിക്കാടന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി ..
കത്തിച്ചു കൂട്ടിയ കാര്യസ്ഥന്മാര്‍ക്ക് നിരാശ ..!
"മൂപ്പര് എന്തെകിലും ഒന്ന് കണ്ടു കാണും" ഒടുവില്‍ അവര്‍ സമാധാനിച്ചു.
കൊള്ളിക്കാടന്റെ സില്‍ബന്ധികളില്‍ മുഖ്യന്‍ സ്വന്തം കൂടപ്പിറപ്പുകളില്‍ മൂന്നാമനായ ഇസഹാക്ക് ആയിരുന്നു.. അല്പസ്വല്‍പ്പം ചീത്തയാകാന്‍ ഒട്ടും മടിയില്ലത്തവന്‍ ...അതിനൊത്ത ഉരുക്ക് പോലത്തെ തടിയും തൂക്കവും ...! അതിലുപരി കളരിയഭ്യാസിയും !യുവത്വത്തിന്റെ തുടിപ്പും സമ്പത്തിന്റെ അഹങ്കാരവും അയാളെയും കൂട്ടാളികളെയും തികച്ചും അന്ധരാക്കിയിരുന്നു ...
ഇവരുടെ കാപലികത്വം മൂലം ഒരുപാട് പേരുടെ വിലാപങ്ങള്‍ ചെരുകരയിലും പന്നിക്കോട്ടൂരും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.. തിരുവായ്ക്ക് എതിര്‍വായില്ലല്ലോ...പണവും അധികാരവും ജന്മിമാര്‍ക്കല്ലേ... എത്ര തലമുറകള്‍ ഇങ്ങനെ സഹനത്തിന്റെ പാതയിലൂടെ കടന്നു പോയിക്കാണും ..!
കൊലക്കത്തി എപ്പോഴും കയ്യിലുള്ള ആ മാടമ്പിമാരുടെ ദുര മൂത്ത ആക്രമണങ്ങളില്‍ അകാലചരമമടഞ്ഞവര്‍ വിരലില്‍ എണ്ണാവുന്നതില്‍ കൂടുതലായിരുന്നു ...കേസ്സ് നടത്താനോ കോടതിയില്‍ പോയി വാദിക്കണോ അവരുടെ ബന്ധുക്കള്‍ അശക്തരായിരുന്നു ..കാരണം മറുവശത്തുള്ളത് എണ്ണം പറഞ്ഞ വക്കീല്‍ മാത്രമല്ല ..കോടതിയും ..അധികാരവും സ്വന്തം ഇച്ഛക്കനുസരിച്ച് വിധി നടപ്പാക്കുന്ന അഹങ്കാരവും ..എല്ലാമായിരുന്നു ..!
രാജനീതിയുടെ താവഴികളില്‍ ചോദ്യങ്ങള്‍ അപ്രസക്തമായ കാലം ....എന്റെ നാട്ടുകാര്‍ എന്തെല്ലാം സഹിച്ചിരിക്കാം ..!
ബാവുട്ടന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഓര്‍ത്തു..
കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയോടെ ചെറുകരയും ഈങ്ങല്ലീരിയും അന്ന് രാത്രി കിടന്നുറങ്ങി ..ഉറങ്ങാതെ തമ്മില്‍ തമ്മില്‍ കുറ്റം പറഞ്ഞു കൊണ്ട്, ആയ്ച്ചുമ്മാത്തയും കുഞ്ഞയമ്മതാക്കയും !
നേരം വെളുത്തു ... പതിവ് ചായക്കായി കുഞ്ഞയമ്മതാക്ക മക്കാനിയിലേക്ക് നടന്നു ... ജന്മനാ വികലമായ ഇടതുകാല്‍ ചന്തിക്കടിയില്‍ തിരുകി വലതുകാല്‍ ആട്ടിക്കൊണ്ട് ബെഞ്ചില്‍ ഇരുന്നു ..
പത്രം വന്നിട്ടില്ല ..സൈക്കിളില്‍ മണാശ്ശേരി നിന്ന് ചവിട്ടിച്ചവിട്ടി ഈങ്ങല്ലേരിയില്‍ എത്തുമ്പോള്‍ പത്തുമണിയെന്കിലും ആവും ..
പത്രക്കാരന്‍ ഭാസ്കരന്‍ ..
ചായയുമായി അടുത്തേക്ക് വന്ന കുഞ്ഞാലിക്ക അദ്ഭുതംകൂറി
" ഊം .. ന്തെയ്ന്നു ആയിച്ചുമ്മ കാര്ര്യായ്‌റ്റ് ന്തോം തന്നുക്കുണല്ലോ....വെയിലുദിച്ചാ ചെലക്കാന്‍ തൊടങ്ങണ ങ്ങക്കെന്താ മുണ്ടാട്ടം മുട്ടിക്കുണ് ?
കുഞ്ഞയമ്മതാക്ക ഒന്നും ഉരിയാടിയില്ല .. ചായ വാങ്ങി കുടിച്ചു . ഒരു പാസിംഗ്ഷോ കത്തിച്ച് ശൂന്യതയിലേക്ക് നോക്കി ഇരിപ്പായി.
സ്ഥിരമായി ബഹളം കൂട്ടി സംസാരിക്കുന്ന കുഞ്ഞയമ്മതാക്കയുടെ മൌനം മക്കാനിയില്‍ ഇരിക്കുന്നവരെയൊക്കെ അത്ഭുതപ്പെടുത്തി.
ബീഡിത്തോഴിലാളികള്‍ അടക്കം പറഞ്ഞു:
" നയിച്ചിണ്ടാക്യ മൊതല് മുയ്മനും ആരോ കയ്യേറി കട്ടുണ്ടോയത്രേ ..കൊള്ളിക്കാടന്റെ ആള്‍ക്കാരാണെന്ന് പറഞ്ഞ് കേള്ക്കുണ്"
ഇന്നലെ തറവാടുങ്കല്‍ പറമ്പില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ അയമുട്ടിയിലൂടെയോ വേലായുധനിലൂടെയോ ചോര്‍ന്നിരിക്കുന്നു ..
എങ്കിലും കുഞ്ഞയമ്മദാക്കയുടെ സ്വഭാവം അറിയുന്നതിനാല്‍ ആരും ഉറക്കെ ഒന്നും മിണ്ടിയില്ല..
നേരം പത്തുമണിയോടടുത്തു .. ആളുകള്‍ ദൈനം ദിന ജോലികളില്‍ മുഴുകി... ഈങ്ങല്ലീരിയുടെ ജൈവതതാളം ശ്രുതിചെര്‍ന്നോഴുകി...
ഇതിലിടക്ക് കുഞ്ഞയമ്മദാക്ക മക്കാനിയില്‍ നിന്നിറങ്ങി..... വലിഞ്ഞു നടന്നു ..ചെറുകരയിലേക്ക് ..
ബീഡിതെറുപ്പുകാരോട് തലേന്നത്തെ സംഭവം സ്വകാര്യമായി വിവരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന അയമുട്ടി ആ പോക്ക് കണ്ടപ്പോള്‍ ഇറങ്ങി ഓടി ആയ്ച്ചുമ്മാത്തയെ വിവരം ധരിപ്പിച്ചു ..
ആയ്ച്ചുമ്മാത്ത ചായിപ്പിലേക്കിറങ്ങി, തലേന്ന് ചുട്ടു രാകിച്ചു കൊണ്ടുവന്ന അരിവാക്കത്തിയെടുത്തു ..ഉടുമുണ്ടിന്റെ കോന്തലകള്‍ വലിച്ചു മുറുക്കി, വാതിലുകള്‍ കൊട്ടിയടച്ചു ..കുഞ്ഞയമ്മദാക്കയുടെ കൂടെ എത്താനായി ഓടി .
അട്ടതെരുവില്‍ നിന്ന് വയല്‍ വരമ്പത്തുകൂടി കുഞ്ഞയമ്മദാക്ക നൊണ്ടി വലിഞ്ഞു നടന്നു. പാടവരമ്പത്തെ ഞണ്ടുകള്‍ ഇരട്ടി ശക്തിയുള്ള ആ വലതുകാലിന്റെ ഇരമ്പം കേട്ട് ഓടി മടകളില്‍ പുക്കി ..പുറകെ രൌദ്രഭാവത്തോടെ കയ്യില്‍ അരിവാളുമായി ആയ്ച്ചുമ്മാത്തയും..!
പുഞ്ചപ്പാടത്തു വരമ്പ് കിളച്ചുകൊണ്ടിരുന്ന വേലായുധന് ഇവരുടെ ആ പോക്ക് കണ്ടപ്പോള്‍ അത്ര പന്തി തോന്നിയില്ല ..
............കുഞ്ഞയമ്മദാപ്ല ഈ വഴിക്ക് അങ്ങനെ വരാറില്ല ..ത്പ്പം മുന്നില്‍ മൂപ്പരും പുറകെ ആയ്ച്ചുമ്മാത്തയും..... കയ്യില്‍ അരിവാളും ......
ഇന്നലത്തെ സംഭവത്തിന്റെ ബാക്കി തന്നെ .. അധികം നിന്നില്ല വേലായുധന്‍..
കൈക്കോട്ടില്‍ പറ്റിയ ചളി അരിവാക്കത്തികൊണ്ട് വടിച്ചെടുത്തു കൈത്തോട്ടിലിറങ്ങി കയ്യും കാലും എളുപ്പത്തില്‍ കഴുകി കൈക്കോട്ടു കൈതക്കാട്ടില്‍ ഒളിപ്പിച്ചു .. പിന്നെ ഓടി..
ആ ഓട്ടം നിലച്ചത് പീ ടീ കാക്കയുടെ മുറ്റത്തായിരുന്നു ..
"പീട്ട്യാപ്ലെ............പീ....ട്ട്യാപ്ലെ....
ങ്ങളെ മ്മീം എളാപ്പിം കൂടി ദാ കൊള്ളിക്കാടമ്മാരോട് പടവെട്ടാന്‍ പോയീക്കുണു.."
വേലായുധന്‍ വിളിച്ചു കൂവി ..
എന്നാല്‍ അത് കേള്‍ക്കാന്‍ നിര്‍ഭാഗ്യവശാല്‍ പീ ടീ കാക്ക വീട്ടില്‍ ഇല്ലായിരുന്നു ...ബീഡിക്കമ്പനിക്ക് ഇലയും പുകലയും വാങ്ങിക്കാന്‍ തലേന്ന് കുന്നമംഗലത്തെക്ക് പോയതാണ്.... തിരിച്ചെത്തിയിട്ടില്ല .
കുറുക്കു വഴിക്ക് ചെറുകര തോട് കടന്നു നടന്നു കുഞ്ഞയമ്മദാക്ക കപ്പിലംകുന്നു കയറി കുശവക്കോളനിക്ക് അതിരിട്ടുനില്‍ക്കുന്ന ഇടവഴിയിലൂടെ നൊണ്ടിവലിഞ്ഞു നടന്നു.. ചുട്ടു രാകിയ അരിവാക്കത്തി തലയിലെ തട്ടം കൊണ്ട് ചുറ്റിക്കെട്ടി തൊട്ടുപുറകില്‍ ആയ്ച്ചുമ്മാത്തയും..
ഇടവഴി അവസാനിക്കുന്നിടത്ത് ചാത്തുട്ടിയുടെ മക്കാനിയില്‍ പരദൂഷണം പറഞ്ഞു കൊണ്ടിരുന്ന കൊള്ളിക്കാടന്റെ കാര്യസ്ഥന്‍ കണ്ണിലത്തൊടിക്കാരന്‍ ഈ കാഴ്ച കണ്ടു.. അയാള്‍ പതുക്കെ ഊര്‍ന്നിറങ്ങി ഓടി ..കുറുക്കു വഴിക്ക് കോയില്‍ പറമ്പത്തേക്ക് ..
വിവരം കിട്ടേണ്ട താമസം ഇസഹാക്കും സില്‍ബന്ധികളും വച്ച് പിടിച്ചു ..അവര്‍ എല്ലാ ഒരുക്കങ്ങളോടും കൂടി കാത്തിരിക്കുകയായിരുന്നു...
ഇതിലിടക്ക് അയ്മുട്ടിയും വേലായുധനും ബീഡിക്കമ്പനി തൊഴിലാളികളും ചെറുകരയിലേക്ക് ഓട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു ... പക്ഷെ അവര്‍ തറവാടുങ്കല്‍ പറമ്പില്‍ എത്തിയപ്പോഴേക്കും കുഞ്ഞയമ്മദാക്കയും ആയ്ച്ചുമ്മാത്തയും കൊള്ളിക്കടന്റെ ഗുണ്ടകളുമായി വഴക്ക തുടങ്ങിക്കഴിഞ്ഞിരുന്നു..
ആയ്ച്ചുമ്മാത്തയുടെ ചെറിയ മകന്‍ അസയിന്‍കുട്ടി എവിടെനിന്നോ വിവരം അറിഞ്ഞു ഓടിയെത്തിയപ്പോള്‍ കണ്ടതു ആയ്ച്ചുമ്മാത്ത അരിവാക്കത്തികൊണ്ട് ആഞ്ഞു വീശി ചെറുത്തുനില്ക്കുന്നതാണ് ..! ഉമ്മയുടെ കൈത്തണ്ടയില്‍ തൂങ്ങി അവന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു നോക്കി.. ആയ്ച്ചുമ്മാത്ത അവനെ കുടഞ്ഞെറിഞ്ഞു..
കൊള്ളിക്കാടന്മ്മാര്‍ അംഗബലത്തില്‍ കൂടുതലാണെന്നതും അവര്‍ അഭ്യാസികളും കരുത്തുള്ളവരുമാണെന്നതും വിസ്മരിച്ചു കുഞ്ഞയമ്മതാക്ക അപ്പോഴേക്കും അടി തുടങ്ങിയിരുന്നു ... തലങ്ങും വിലങ്ങും ..അടിയും ഉന്തും തള്ളും.. നിലത്തുവീണുപോയ വേലായുധനെ ആരോ ചവിട്ടി .. അവന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി.. നിലവിളിയും ബഹളവും കേട്ട് അങ്ങാടിയില്‍ നിന്ന് ആളുകള്‍ ഓടിയെത്തി.. പക്ഷെ .. ആര്‍ക്കും മുന്നോട്ട് വന്നു പോരടിക്കുന്നവരെ പിടിച്ചു മാറ്റാന്‍ ധൈര്യം ഉണ്ടായില്ല ..!
ഒന്നരക്കാലനാണെങ്കിലും കുഞ്ഞയമ്മതാക്കയുടെ പോരാട്ട വീര്യം കൂടെയുള്ളവരുടെ ശൌര്യം കൂട്ടി..... മണ്ണിനു വേണ്ടിയുള്ള പോരാട്ടം... മണ്ണില്‍ അധ്വാനിക്കുന്നവനും അല്ലാത്തവനും തമ്മിലുള്ള പോരാട്ടം ...രണ്ടു ഭാഗത്തും പലര്‍ക്കും അടി കിട്ടി ...ചില്ലറ പരിക്കുകളും !
ആയ്ച്ചുമ്മാത്ത എന്ന പെണ്ണിനോട് ഏറ്റുമുട്ടാന്‍ മടിച്ചിട്ടാണോ എന്തോ. അല്പം കഴിഞ്ഞപ്പോള്‍ കൊള്ളിക്കാടന്മ്മാര്‍ പിന്തിരിഞ്ഞു...അവര്‍ ഇസഹാക്കിന്റെ പിന്നില്‍ പതുക്കെ അവിടം വിട്ടു..
"ഈ മണ്ണില്‍ ഞ്ഞി കാല് കുത്തിയാല്‍ ആരായാലും കുഞ്ഞയമ്മതു ഓന്റെ കാലു വെട്ടും .." മുഴങ്ങുന്ന അട്ടഹസത്തോടെ കുഞ്ഞയമ്മതാക്ക വിജയഭേരിമുഴക്കി.
ഉച്ചതിരിയുന്നത് വരെ തറവാടുങ്കല്‍ പറമ്പില്‍ ആളുകള്‍ കൂട്ടം കൂടി നിന്നു.. പിന്നെ പതുക്കെ പിരിഞ്ഞു തുടങ്ങി..
താഴെമുറി പള്ളിയില്‍ അസര്‍ ബാങ്ക് മുഴങ്ങുമ്പോള്‍ പറമ്പില്‍ ആയ്ച്ചുമ്മാത്തയും അസയിന്‍കുട്ടിയും കുഞ്ഞയമ്മതാക്കയും മാത്രം.
തലേന്ന് കുന്നമംഗലത്ത് പോയ പീ ടീ കാക്ക മടക്കയാത്രയില്‍ പുഴക്കക്കരെ നിന്ന് തന്നെ വിവരം അറിഞ്ഞു..' കൊള്ളിക്കാടന്മാര്‍ തറവാടുങ്കല്‍ പറമ്പ് കയ്യേറാന്‍ വന്നു .. ഉമ്മയും ഏളാപ്പയും അവരുമായി ഏറ്റുമുട്ടി.. ഇസഹാക്കിനെയും കൂട്ടരെയും തുരത്തിയിരിക്കുന്നു .........'
മനസ്സില്‍ തെല്ലൊരു സന്തോഷത്തോടെയും ചെറിയൊരു അഹങ്കാരത്തോടെയും ഈങ്ങല്ലിരിക്കു പോവാതെ അദ്ദേഹം ചെറുകരക്ക് നടന്നു..
തറവാടുങ്കല്‍ പറമ്പിന്റെ കയ്യാലപ്പടി കടന്നു ഉമ്മയോടും എളാപ്പയോടും നടന്ന സംഭവങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അദ്ദേഹം ...
പെട്ടന്നാണ് ......ആരും പ്രതീക്ഷിക്കാത്ത വിധം ഇസഹാക്കും കൂട്ടരും ഓടിയണഞ്ഞു ... തമ്മില്‍ ഉന്തും തള്ളുമായി .. കുഞ്ഞയമ്മദാക്ക അടികൊണ്ടു വീണു ... ആയ്ച്ചുമ്മാത്ത അരിവാക്കത്തി വീശി ആരെയൊക്കെയോ മുറിവേല്‍പ്പിച്ചു .......ഇതിലിടെ ആരോ പുറകില്‍ നിന്ന് പീ ടീ കാക്കയെ കുത്തി ...!
കത്തി അടിവയറു തുളഞ്ഞു കയറി .. പീ ടീ മറിഞ്ഞു വീണു..
ആയ്ച്ചുമ്മാത്തയില്‍ നിന്ന് ഒരു ആര്‍ത്തനാദം ഉയര്‍ന്നു .. അതൊരു അലമുറയായി ചെരുകരയില്‍ അലയടിച്ചു..!
കത്തി വലിച്ചൂരി ഇസഹാക് വിരല് കൊണ്ട് വായ്ത്തലയിലെ ചോര വടിച്ചു ..കൂടെയുള്ളവര്‍ തിരിഞ്ഞോടി ...പുറകെ ഇസഹാകും ..
ഇത് കണ്ടു കൊണ്ടാണ് അയമുട്ടിമാഷ് അവിടേക്ക് ഓടിവരുന്നത്..
മുറിവില്‍ കൈയമര്‍ത്തിപ്പിടിച്ചു വീണിടത്ത് നിന്ന് ചോര വാര്‍ന്നു ഞരങ്ങുന്ന പീ ടീ യെ അയമുട്ടിമാഷ് താങ്ങി മടിയില്‍ കിടത്തി ..നിലത്ത് വീണുകിടന്നിരുന്ന വെളുത്ത ഷാള്‍ കീറി മുറിവില്‍ വരിഞ്ഞു കെട്ടി...
ഓടിക്കൂടിയവര്‍ ആരൊക്കെയോ അടുത്ത വീട്ടില്‍ നിന്ന് ചാരുകസേര കൊണ്ടു വന്നു .. കസേരയില്‍ പതുക്കെ താങ്ങിഇരുത്തി നാല് പേര്‍ ചേര്‍ന്ന് പൊക്കിയെടുത്തു നട തുടങ്ങി ചെറുകരകടവിലേക്ക് .. പുറകില്‍ അയമുട്ടി മാഷും വെലൂട്ടിയും പുരുഷാരവും ..
ചെറുവണ്ണൂരില്‍ എത്തിക്കണം...അതും തോണിയില്‍ ..അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല ...മുറിവില്‍ നിന്ന് രക്തം വാര്‍ന്നു കൊണ്ടേയിരിക്കുന്നു ..സാവധാനം അദ്ദേഹം അബോധാവസ്ഥയിലായി ...
മണന്തല കടവ് കഴിഞ്ഞപ്പോഴേക്കും പീ ടീ യുടെ അവസാനശ്വാസവും നിലച്ചു കഴിഞ്ഞിരുന്നു ...
സന്ധ്യയുടെ അരുണിമയോടൊപ്പം പീ ടീ യുടെ മുറിവില്‍ വരിഞ്ഞു കെട്ടിയ വെളുത്ത ഷാളിലെ രക്തശോഭ അലിഞ്ഞു ചേര്‍ന്നു ..
കടവത്തിയൂരിലെ ആദ്യത്തെ രക്തസാക്ഷി പിറന്നു ...
{1. *cycas revoluta}