ആകസ്മികമായി ഒരു സന്ദര്‍ശകന്‍ ഇന്നലെ എന്റെ ആപ്പീസിലെത്തി..!
അയാളെ മുമ്പൊരിക്കല്‍ എവിടെയോ കണ്ടിട്ടുണ്ട് , ചിലപ്പോള്‍ ഒന്നിലധികം പ്രാവശ്യം ..
എങ്കിലും പരിചിതമായ നിരവധി മുഖങ്ങള്‍ക്കു നടുവില്‍ ഈ മുഖം ഒരല്‍പ്പം അപരിചിതമായിത്തന്നെ തോന്നി..
എന്തായിരിക്കും സന്ദര്‍ശനോദ്ദേശ്യം ? ..
ചോദിക്കുവാന്‍ തോന്നിയെങ്കിലും... ഉപചാരങ്ങള്‍ ആകാംക്ഷക്ക് വഴി മാറി..
എന്താണ് കുടിക്കുവാന്‍ ..? ചൂടുള്ളതോ...കാപ്പി, ചായ ..കാപ്പുചിനോ ..?
"ഹേയ് ..ഒന്നും വേണ്ട ...തണുപ്പിക്കാത്ത വെള്ളം മാത്രം.."
ഓര്‍ഡര്‍ ചെയ്തു....
അതിഥി വിഷയത്തിലേക്ക് കടക്കുവാന്‍ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.
ഒന്നു മുരടനക്കി അയാള്‍ തന്നെ തുടങ്ങി :
"സുഹൃത്തേ .. എന്നെ നിങ്ങള്‍ക്ക് അറിയാം .. ഒരു പക്ഷെ മറ്റാരെക്കാളും..."
"എന്നാല്‍ നിങ്ങളുടെ മുഖഭാവത്തില്‍ നിന്നും നിങ്ങള്‍ എന്നെ മറന്നു എന്ന് തോന്നിപ്പോവുന്നു .."
"കാലം നിങ്ങള്‍ക്ക് നല്‍കിയ ജീവിതസൌഖ്യങ്ങള്‍ മറവിയുടെ മാറാലകളാല്‍ നിങ്ങളെത്തന്നെ മൂടുന്നു..."
ഓര്‍ത്തു നോക്കി.. ഒന്നും പിടികിട്ടുന്നില്ല..!
"എങ്കിലും നിങ്ങള്‍ എന്നെ മറക്കാന്‍ പാടില്ലായിരുന്നു .. "
ക്ഷമിക്കൂ സുഹൃത്തേ...പ്രായം കൂടിവരുന്നു.. ഓര്‍മ്മകള്‍ മങ്ങുന്നു..ദയവായി നിങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തൂ....
"നമ്മള്‍ അവസാനമായി കണ്ടത് ജിദ്ദയില്‍ വെച്ചാണ് ..." ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ....."
ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി .. നേരിയ ഓര്‍മ്മ പോലും കിട്ടുന്നില്ല .. ഈ മുഖം എനിക്കു പരിചിതമാണ് താനും ....!
എവിടെവെച്ചായിരുന്നു എന്നൊ..ന്ന് ....പറയുമോ..?
മുന്നിലെത്തിയ വെള്ളക്കുപ്പി പൊട്ടിച്ചു ഒരൊറ്റ വലിക്കു മുഴുവനായി കുടിച്ചു തീര്‍ത്ത് അയാള്‍ കസേരയില്‍ ഒന്നുകൂടി ഒതുങ്ങി ഇരുന്നു..
"ആദ്യമായി നമ്മള്‍ കണ്ടത് നാട്ടില്‍ വെച്ചായിരുന്നു.." അയാള്‍ പറഞ്ഞു തുടങ്ങി..
ആകാംക്ഷ വിരിയുന്ന കണ്ണുകളുമായി ഞാന്‍ സാകൂതം അയാളുടെ കണ്ണുകളില്‍ തന്നെ നോക്കിക്കൊണ്ടിരുന്നു..
" അന്ന് നിങ്ങള്‍ക്ക് ഇത്രയ്ക്കു തടിയില്ലായിരുന്നു.. മുടി അല്പം നീട്ടിവളര്‍ത്തി , മൊത്തത്തില്‍ നിങ്ങളെ, പെണ്ണുങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുമായിരുന്നു.."
"സ്കൂളിലെ ജോലി കഴിഞ്ഞു മുക്കിലങ്ങാടിയില്‍ അടുത്തിടെയാരംഭിച്ച കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ധ്രതി പിടിച്ചു പായുമ്പോള്‍ ഞാന്‍ നിങ്ങളെ നോക്കി പലപ്പോഴും ചിരിച്ചു പോയിട്ടുണ്ട്.."
" കമ്പ്യൂടര്‍മാഷ് "..."തരികിടമാഷ്" എന്നൊക്കെ കൂട്ടുകാര്‍ നിങ്ങളെ കളിയാക്കിച്ചിരിക്കുമ്പോള്‍ സത്യത്തില്‍ അവരോടെനിക്ക് ഒരല്‍പ്പം ഈര്‍ഷ്യ തോന്നിയിരുന്നു.
."ഒരു ജോലിയും ചെയ്യാതെ, അഥവാ എന്തെങ്കിലും ചെയ്യാനൊരുങ്ങുന്നവനെ പരിഹാസം കൊണ്ട് വെട്ടിനുറുക്കി, ഇറച്ചി പച്ചക്കു തിന്നു സുഖിക്കുന്ന ഒരു വര്‍ഗ്ഗം " എന്ന് ആത്മഗതം ചെയ്തിരുന്നു ഞാന്‍ !
" എന്നാല്‍ അതൊന്നും വക വെക്കാതെ കിട്ടിയ വാഹനത്തില്‍ മുക്കിലങ്ങാടിയിലേക്ക് വച്ച് പിടിക്കുന്നത് കാണുമ്പോള്‍ നിങ്ങളോട് അറിയാതെ ഒരു ബഹുമാനവും തോന്നിപ്പോയിരുന്നു.. "
അത്ഭുതത്തോടെ ഞാന്‍ ആഗതനെ തുറിച്ചു നോക്കി.. ! എന്നെപ്പറ്റി, എന്റെ ഗതകാലസ്മരണകള്‍ എന്നില്‍ നിന്ന് തന്നെ വിസ്മ്രിതമായിക്കൊണ്ടിരിക്കുമ്പോള്‍ ..എന്നേക്കാള്‍ , എന്നെ മറന്നുപോവാതെ , ഇതാ ഒരാള്‍ .... അതും എനിക്കത്രതന്നെ പരിചിതനല്ലാത്ത ഒരാള്‍ ....!!
ഒരു ദീര്‍ഘനിശ്വാസതിന് ശേഷം അയാള്‍ തുടര്‍ന്നു..
" അന്ന്, നിങ്ങളനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ ആരും അറിയുന്നില്ലായിരുന്നെങ്കിലും എനിക്കെല്ലാം മനസ്സിലായിരുന്നു.. "
ദൈവമേ..ഇന്ന് വരെ...എന്റെ ഭാര്യയ്ക്കു വരെ അറിയാത്ത രഹസ്യങ്ങള്‍ ഇയാള്‍ അറിഞ്ഞിരിക്കുന്നുവെന്നോ.. ?! ഇതെങ്ങനെ ...?
"എങ്കിലും നിങ്ങളുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്‍പില്‍ ഞാന്‍ തലകുനിച്ചു പോകുമായിരുന്നു.... ഒരു ദിവസം കമ്പ്യൂട്ടര്‍ ക്ലാസ്സിന്റെ ഇടവേളയില്‍ മുക്കിലങ്ങാടിയിലെ സ്രാമ്പിപ്പള്ളിയില്‍ നിങ്ങള്‍ മഗ്രിബു നമസ്കരിച്ചു ഒടുങ്ങാത്ത ദീര്‍ഘനിശ്വാസങ്ങളോടെ ഇരിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നു.. നിങ്ങള്‍ എന്നെ ശ്രദ്ധിച്ചില്ല എന്ന് മാത്രം...!"
ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി .. സ്ഥിരമായി ആ പള്ളിയില്‍ വെച്ച് കാണാറുണ്ടായിരുന്നവരെ... തബുലീഗുകാരന്‍ ഒരു ഹാജിയാരെ മാത്രം ഓര്‍മ്മ വന്നു .. നൊ...അയാള്‍ ഉയരം കൂടിയ ആളല്ലേ..പിന്നെ...അധികം ഉയരമില്ലാത്ത ഇദ്ദേഹം....?!
"അന്നൊരിക്കല്‍ നിങ്ങള്‍ ബോംബെക്ക് വണ്ടി കയറുകയാണെന്ന് നിങ്ങളുടെ ഗുരുനാഥനായിരുന്ന എന്‍ജിനീയര്‍ മുസ്തഫയോട് പറഞ്ഞതും ഞാന്‍ കേട്ടതാണ്.."
" പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് ഞാന്‍ പറയണ്ടല്ലോ.. എനിക്കെല്ലമറിയാം.....നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുകയാവും അല്ലെ..?"
ആരോടും പറയാതെ ...ഒരു ഒളിച്ചോട്ടം...!
ഒക്ടോബറിലെ തുലാവര്‍ഷമഴയത്ത് നനഞ്ഞൊട്ടിയ ഷര്‍ട്ടും പാന്റുമായി തോളിലൊരു ബാഗും തൂക്കി വീട്ടുകാരോട് പോലും ബോംബെക്കെന്നു കളവുപറഞ്ഞ് കട്ടക്കിലേക്കുള്ള വണ്ടിയില്‍ ഉറക്കം കിട്ടാതെ മൂന്നു നാളുകള്‍ ..!. പിന്നെ പാരദീപ്.....നിരന്തരം ചുണ്ടിലിരുന്നു ദഹിക്കുന്ന ചാര്‍മിനാര്‍ സിഗരറ്റുകള്‍ക്ക് പകരം ചുരുട്ടി വലിക്കാവുന്ന കടലാസും പുകയിലയും .....! ഒടുവില്‍, ബോബെയിലെ കഫെപരേടിലെ അഭയാര്‍ഥി ക്യാമ്പിലെ ഒറ്റ മുറിയില്‍ അട്ടിയിട്ട ശരീരങ്ങള്‍ക്കിടയില്‍ വേണ്ടത്ര ശ്വാസവായു കിട്ടാതെ നേരം പുലരുമ്പോള്‍ പാവ്റൊട്ടിയും കട്ടന്‍ചായയും ...! പാത്രം കഴുകുന്ന കൊട്ടത്തളത്തില്‍ നിറഞ്ഞു പൊങ്ങുന്ന ഗട്ടര്‍ വെള്ളവും തീട്ടത്തിന്റെ കട്ടകളും ..! '' കൊളാബയിലെ ടൈപ്പ്രയ്ട്ടര്‍ സെന്ററിലെ തുരുമ്പുപിടിച്ച കോണിപ്പടി ...! മുന്നിലിരുന്നു വേഗത പരിശീലിക്കുന്ന ഭംഗിയുള്ള മുടിയഴിച്ചിട്ട പെണ്‍കുട്ടിയുടെ ഒളിഞ്ഞു നോക്കുന്ന കടക്കണ്ണുകള്‍ ..! ................................. ഗിയറുകളുടെ പിരിയയഞ്ഞ അഹമ്മ്ദു സേട്ടിന്റെ മാരുതികാറിലെ ഡ്രൈവിംഗ് പഠനം ...! ശാസിക്കുമ്പോള്‍ കാല്‍വണ്ണയില്‍ ആഞ്ഞു പതിച്ച് അള്ളിപ്പിടിക്കുന്ന സേട്ടിന്‍റെ സ്വവര്‍ഗ്ഗകാമിയായ വിരലുകള്‍.......!
ശരിയാണ് .. മറവിരോഗം എന്നെ ബാധിച്ചിരിക്കുന്നു.. ഒരിക്കലും മറക്കാനാവാത്തതെന്നു അന്ന് ഞാന്‍ വിധിച്ചിരുന്ന സംഭവങ്ങള്‍ പോലും ഞാന്‍ ഇപ്പോഴാണ് വീണ്ടും ഓര്‍ക്കുന്നത്..!
"ഞാന്‍ ചുരുക്കിപ്പറയാം...."
ആഗതന്റെ ശബ്ദം എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ...
"....അവസാനമായി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫെബ്രുവരിയില്‍ , നിങ്ങള്‍ ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ജന്മദിനം കടന്നുപോയ ആ ശനിയാഴ്ച ..ഞാന്‍ നിങ്ങളെ വീണ്ടും കണ്ടു "
അയാള്‍ അത് പറഞ്ഞപ്പോഴാണ് ഞാന്‍ ആലോചിച്ചത് ..ഇന്ന് ഫെബ്രുവരി പത്ത് ..ആറ് ദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ എനിക്ക് ഒരു വയസ്സ് കൂടി കൂടും.. !
" അന്ന് ആ ദിവസം നിങ്ങള്‍ കൊട്ടാരസദൃശ്യമായ നിങ്ങളുടെ വാടക ഫ്ലാറ്റില്‍ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു ഒരു തിരിച്ചുപോക്കിന് തയ്യാറെടുക്കുകയായിരുന്നു.."
"പതിനാറ് കൊല്ലം ജോലി ചെയ്ത സ്ഥാപനം മാന്യമായി നിങ്ങളെ യാത്രയാക്കിയെങ്കിലും നിങ്ങളുടെ പാളിച്ചകള്‍ , ..അല്ലെങ്കില്‍ , വേണ്ടത്ര സൂക്ഷ്മതയില്ലാത്ത ജീവിതം നിങ്ങളെ വല്ലാതെ നിരാശനാക്കിക്കളഞ്ഞിരുന്നു.."
ശരിയാണ് ...ഞാനെല്ലാം മറന്നുപോയിരിക്കുന്നു.. ഇതെല്ലം ഇയാള്‍ എന്നെ ഓര്‍മ്മപെടുത്താന്‍ ഇന്നിവിടെ എത്തിയില്ലായിരുന്നെങ്കില്‍ , ഒരിക്കലും എന്റെ ആത്മധൈര്യത്തോട്, എന്റെ ദൈവത്തോട് ഞാന്‍ നീതിമാനായിരിക്കില്ലായിരുന്നു...!
ബഹുമാനത്തോടെ ആഗതന്റെ കണ്ണ്കളിലേക്ക് ഞാന്‍ വീണ്ടും നോക്കി .
അയാള്‍ തുടര്‍ന്നു..
"അതിനുശേഷം ..അതെ,...അതില്‍പിന്നെ നിങ്ങള്‍ ഒരു യാത്രയിലായിരുന്നു.. നിങ്ങളെപ്പോലെ ഒരു സ്കൂള്‍ വാധ്യാര്‍ക്ക് എത്തിപ്പിടിക്കാന്‍ ഒരിക്കലും കഴിയാത്ത അത്ര ഉയരങ്ങളിലേക്ക് വളരെ എളുപ്പം പറന്നു കയറി .." " നിങ്ങളോടുള്ള എന്റെ ബഹുമാനം വീണ്ടു കൂടി.."
ശരിയാണ്.... ഹൊ.. എന്തെല്ലാം മാറ്റങ്ങളാണ് ലോകത്തിനും സംഭവിച്ചത്.. ഈ വലിയ ഭൂമിയുടെ ഒരു ഓണംകേറാ മൂലയിലാണെങ്കിലും ഇന്ന് ലോകം മുഴുവന്‍ നമ്മുടെ കൈവെള്ളയില്‍ ത്രസിക്കുന്നു..!
ഇടയ്ക്കു കയറി ഞാന്‍ ചോദിയ്ക്കാന്‍ തുടങ്ങിയതാണ്...
"നിങ്ങള്‍ക്കെങ്ങനെ ....."
പക്ഷെ അയാള്‍ സമ്മതിച്ചില്ല .. നരച്ചു തുടങ്ങിയ രോമനിബിഡമായ കണംകയ്യുയര്‍ത്തി അയാള്‍ തുടര്‍ന്നു..
"ഇന്നിപ്പോള്‍ ഞാനിവിടെ വന്നത് കൊണ്ട് മാത്രം..... നിങ്ങള്‍ , പിന്നിട്ട വഴികളിലൂടെ ഒന്നോടിത്തിരഞ്ഞു മടങ്ങിയെത്തി.."
ശരിയാണ് .. ഇയാള്‍ പറഞ്ഞതത്രയും!
അപ്പോഴേക്കും പുറത്തു വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു..... ഓഫീസ്ബോയ് ഫിലിപ്പന്‍സുകാരന്‍ ഓടിപ്പോയി വാതില്‍ തുറന്നു ..
ബോസിന്റെ വരവാണ് ..
സന്ദര്‍ശകനെ അവഗണിച്ചു ഞാന്‍ കര്‍മ്മനിരതനായി ...
നടന്നു വരുമ്പോള്‍ ബോസ്സ് അയാളെ ശ്രദ്ധിച്ചോ എന്നറിയില്ല.. ഏതായാലും കയ്യിലുള്ള കടലാസുകള്‍ വെച്ച് നീട്ടിക്കൊണ്ടു പറഞ്ഞു.. മാഷ് ...എനിക്ക് നിന്നോട് സ്വകാര്യമായി അല്പം സംസാരിക്കാനുണ്ട്.
ഒന്ന് നടുങ്ങി .....!
ഇത് പതിവില്ലാത്തതാണ് .. എന്തെല്കിലും പ്രശ്നം ..? അതല്ലെങ്കില്‍ അവധിക്ക് പോയ സമയത്ത് ആരെങ്കിലും വച്ച പാര...?
ബാത്ത്റൂമില്‍ നിന്ന് ഫ്രെഷായി അദ്ദേഹം ഇറങ്ങി വരുവോളം അവിടെത്തന്നെ നിന്നു ... മുഖം തുടച്ചു കസേരയില്‍ ഇരുന്നശേഷം ആംഗ്യം കാണിച്ചു.. എന്നോട്, മുന്നിലുള്ള കസേരയില്‍ ഇരിക്കാനായി ...!
ഇതും ആദ്യത്തെ അനുഭവം .. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ആദ്യമായി..!!
"മാഷ്......
പറയുമ്പോള്‍ ഒന്നും തോന്നരുത്.. നിന്നെക്കുറിച്ച് എനിക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമേ തോന്നിയിട്ടുള്ളൂ ..ഇന്നുവരെ.. നിന്റെ ജോലിയില്‍ നീ അജയ്യനുമാണ്.. എങ്കിലും ..."
"ഇത് ഞങ്ങളുടെ രാജ്യമാണ് ..ഇവിടെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലി ഞങ്ങള്‍ക്ക് തന്നെ വേണം .... ആയതിനാല്‍ ...."
.....................................................
മനസ്സിലായി സാര്‍ ..
മരണം പോലെ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആ കല്പന കിട്ടിക്കഴിഞ്ഞു ..
ഇരുപത്തിരണ്ടു വര്‍ഷത്തെ എന്റെ പ്രവാസജീവിതം ഇവിടെ അവസാനിക്കുന്നു....!
കാലുകളില്‍ നിന്ന് മുകളിലേക്ക് ഒരു തണുപ്പ് .. ഒരു തരിപ്പ് പോലെ അരിച്ചു കയറ്റാന്‍ തുടങ്ങി..
മരണം .. ഇത്ര വേഗത്തിലോ...വിശ്വസിക്കാനവാതെ ഞാന്‍ കാലുകള്‍ പതുക്കെ വിരലുകള്‍ കൊണ്ടു തൊട്ടു നോക്കി..
ഒരു രണ്ടു വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ .. എല്ലാം വിചാരിച്ചപോലെ ആവുമായിരുന്നു.. ! അല്ലെങ്കില്‍ ആവുമായിരുന്നിരിക്കാം...?
"പക്ഷെ .. .......
ബോസ്സ് തുടര്‍ന്നു
" നിന്നെ ഞങ്ങള്‍ ഉപേക്ഷിക്കുന്നില്ല .... തല്‍ക്കാലം പുതുതായി തുടങ്ങുന്ന പ്രോജെക്ടിലേക്ക് നിനക്ക് മാറേണ്ടി വരും ..."
അപ്പോള്‍ മുഖത്തേക്ക് പതുക്കെ വീശിയത് സെന്‍ട്രല്‍ എ സീ യുടെ തണുത്ത കാറ്റല്ലായിരുന്നു ...!
പ്രജ്ഞയുടെ പ്രകാശകിരണങ്ങള്‍ തലച്ചോറില്‍ നിലാവ് പോലെ ഒളിചിന്നിയപ്പോള്‍ പറഞ്ഞു :
നന്ദി സാര്‍ .. ഒരുപാട് നന്ദി.. ജീവിതത്തില്‍ ഞാന്‍ പലതും പ്ലാന്‍ ചെയ്തിരുന്നു.....നന്ദി ...
ബോസ്സിനോട് സലാം പറഞ്ഞു തിരിച്ചു ആപ്പീസിലെത്തി കസേരയില്‍ മലര്‍ന്നു കിടന്നു ടിഷ്യുപേപ്പര്‍ എടുത്തു മൂക്കിന്മേല്‍ പൊടിഞ്ഞ വിയര്‍പ്പു തുടച്ചു കളഞ്ഞ് ദീര്‍ഘമായി ഒന്നു നിശ്വസിച്ചപ്പോഴാണ് ഞാനോര്‍ത്തത്....
എവിടെ എന്റെ വിരുന്നുകാരന്‍ ..... ?
അയാള്‍ അപ്രത്യക്ഷനായിരുന്നു ....!
********
No comments:
Post a Comment