നിന്‍
നിശ്വാസത്തിനീണം
എന്‍റെ ജീവ താളത്തില്‍
ശ്രുതിചേര്‍ന്നുവെങ്കിലും
സുഷുപ്തിയുടെ
ചുഴിയാഴങ്ങളില്‍
സ്വപ്നങ്ങളുടെ
വര്‍ണ്ണനൂലുകളാല്‍ നീ
മഞ്ഞിന്റെ നിറമുള്ള
ഉടയാടനെയ്തുവെന്ന്
ഞാനറിഞ്ഞില്ല...!
ആലസ്യത്തിന്റെ
മുലക്കച്ചയണിഞ്ഞ
പുലരിയുടെ
വിളറിയ മാറില്‍
മനം മറന്നുറങ്ങാന്‍
നിന്നെപ്പോലെയെനിക്ക്
കഴിയുന്നില്ലല്ലോ ..!
ഇരുളിന്റെയറകളില്‍
കുന്നിമണിമൊട്ടുകള്‍
എന്റെ ചുണ്ടുകളുടെ
ഒടുങ്ങാത്ത ദാഹത്തിന്റെ
വരണ്ട സമതലങ്ങളില്‍
ഉരുമ്മിത്തണുത്തതും,
ഞാനറിഞ്ഞില്ല..!
ഇരുണ്ട ഇടവഴികളില്‍
ഉയിരുള്ള നാഗമായ്
പടമഴിച്ചിഴിഞ്ഞതും
പുതുമണ്ണിന്റെ മണം
നിന്റെ സിരകളില്‍
പടര്‍ന്നുകയറിയതും
ഞാനറിഞ്ഞില്ല ..!
ഒടുവില്‍,
നിന്റെ കിനാവിന്റെ
ഉടയാടയഴിഞ്ഞു വീണപ്പോള്‍
ചിതറിയ ചിത്രങ്ങളില്‍
കിതപ്പോടെ ഞാന്‍
എന്നെത്തിരയുകയാണ് ..
****
No comments:
Post a Comment