Sunday, November 24, 2013

അസത്യം യാത്രയാവുമ്പോള്‍

അങ്ങനെ ഒരു നാള്‍
സത്യം ഒറ്റക്കായി!
കൊന്നും കലഹിച്ചും
കുലം മുടിച്ചു കളിച്ചു നടന്ന
അസത്യം എന്നെന്നേക്കുമായ്
പടിയിറങ്ങി !

കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആരായാലും ഇതല്ലേ ചെയ്യൂ..
നിരന്തരം രാപ്പകല്‍
വിളയാടിയിട്ടും
ഒരാളും പോലും
"മതി"...... , "നിര്‍ത്തൂ....."
എന്നൊന്നും പറയാതിരുന്നാല്‍
ആര്‍ക്കായാലും മടുപ്പ് വരില്ലേ ?!
ആത്മഹത്യ ഭീരുത്വമാണെങ്കിലും
ജീവിതം മടുത്താല്‍ ...?
അങ്ങനെ ....
ഒടുവില്‍.....
അസത്യം ആത്മാഹുതി ചെയ്തു !

അതുവരെ
മിണ്ടാതെ
അടങ്ങിയിരുന്ന്
എല്ലാം
കണ്ടുകൊണ്ടിരുന്ന
സത്യം
ഇപ്പോള്‍ തികച്ചും ഏകനായി!
ഇനിയും എല്ലാ ഭാരവും
തനിക്കാണല്ലോ എന്ന സത്യം
ഭീതിയോടെ തിരിച്ചറിഞ്ഞു !

ഹോ...എന്തൊരു നിശ്ശബ്ദത ..!
സത്യത്തില്‍ ഇത് അസഹനീയം തന്നെ..
എന്തെങ്കിലും ശബ്ദിക്കാതിരുന്നാല്‍ ?
മരിക്കാതെ കുഴിച്ചു മൂടപ്പെട്ട
എല്ലാ സത്യങ്ങളും
ഈ ശാന്തിയുടെ ഗഹനതയില്‍
ചുഴിഞ്ഞിറങ്ങി
തകര്‍ന്നുടഞ്ഞലിഞ്ഞു പോവും..!


ഒടുവില്‍
നിവൃത്തിയില്ലാതെ
നിര്‍വികാരതയോടെയാണെങ്കിലും
സത്യം വാ തുറന്നു..!

'ഒരു ചെറു ചൂളമടി'

അങ്ങനെയായിരുന്നു
തുടക്കം ....
ഒരലയായി ..അലയടിയായി
ഒട്ടും പ്രതീക്ഷിക്കാതെ
അതൊരു കാറ്റായി മാറി

കണ്ടില്ലെന്നു പറഞ്ഞവര്‍
കണ്ടു എന്ന് തിരുത്തി !
കേട്ടില്ല എന്ന് പറഞ്ഞവര്‍
കേട്ടു എന്നുമാത്രമല്ല
കേള്‍പ്പിച്ചതും കാണിച്ചതും
രേഖപ്പെടുത്തിയതും
എഴുതിയതും വരച്ചതും
ഒപ്പിട്ടു കൊടുത്തതും
വിളിച്ചതും പറഞ്ഞതും
പറയിപ്പിച്ചതും തിരുത്തിയതും
വാഗ്ദാനം ചെയ്തതും
മോഹിപ്പിച്ചതും
ഇടപാടുചെയ്തതും
ഇടങ്കോലിട്ടതും
സ്വാധീനിച്ചതും ഒളിപ്പിച്ചതും
ഭിഷണിപ്പെടുത്തിയതും
ക്വട്ടേഷന്‍ കൊടുത്തതും
കൊലപ്പെടുത്തിയതും
പണം കൊടുത്തതും
പിടിച്ചടക്കിയതും
പീഡിപ്പിച്ചതും
കിടപ്പറ പങ്കിട്ടതും
കൂട്ടിക്കൊടുത്തതും
കള്ള സാക്ഷ്യം ചൊന്നതും
കള്ളക്കേസുകള്‍ ചമയ്ച്ചതും
അങ്ങനെയങ്ങനെ
അവസാനിക്കാത്ത ഏറ്റുപറച്ചില്‍
തുടരവേ...

കാറ്റു ക്രമേണ ശക്തി നേടി
ഒരു കൊടുങ്കാറ്റായി
പിന്നെപ്പിന്നെ ചുഴലിയായി
മഹാ ശക്തിയായി
ആഞ്ഞു വീശാന്‍ തുടങ്ങിയപ്പോള്‍

അധികാരത്തിന്റെ
കോട്ടകൊത്തളങ്ങള്‍
ഇളകിയാടി
അസത്യം കൊണ്ടു
പണിതുയര്‍ത്തിയ
സിംഹാസനങ്ങള്‍
തകര്‍ന്നു വീണു..

എല്ലാം കണ്ടുകൊണ്ടു
കറുത്ത പോത്തിന്റെ
പുറത്തു കിടന്നാടിപ്പോകുമ്പോള്‍
അസത്യം
ഓരോ തകര്‍ച്ചകളും
ആസ്വദിക്കുകയായിരുന്നു..
പിന്നെ
നിശ്ശബ്ദമായി മൊഴിഞ്ഞു

"എന്റെ ജന്മം സഫലമായി"





Friday, November 8, 2013

ഞാനറിഞ്ഞില്ല...!

നിന്‍
നിശ്വാസത്തിനീണം  
എന്‍റെ  ജീവ താളത്തില്‍
ശ്രുതിചേര്‍ന്നുവെങ്കിലും 
സുഷുപ്തിയുടെ
ചുഴിയാഴങ്ങളില്‍  
സ്വപ്നങ്ങളുടെ
വര്‍ണ്ണനൂലുകളാല്‍ നീ 
മഞ്ഞിന്റെ നിറമുള്ള 
ഉടയാടനെയ്തുവെന്ന്
ഞാനറിഞ്ഞില്ല...!

ആലസ്യത്തിന്റെ
മുലക്കച്ചയണിഞ്ഞ
പുലരിയുടെ
വിളറിയ മാറില്‍ 
മനം മറന്നുറങ്ങാന്‍
നിന്നെപ്പോലെയെനിക്ക്
കഴിയുന്നില്ലല്ലോ ..!

ഇരുളിന്റെയറകളില്‍
കുന്നിമണിമൊട്ടുകള്‍     
എന്റെ ചുണ്ടുകളുടെ 
ഒടുങ്ങാത്ത ദാഹത്തിന്റെ 
വരണ്ട സമതലങ്ങളില്‍ 
ഉരുമ്മിത്തണുത്തതും,
ഞാനറിഞ്ഞില്ല..!

ഇരുണ്ട ഇടവഴികളില്‍
ഉയിരുള്ള നാഗമായ് 
പടമഴിച്ചിഴിഞ്ഞതും 
പുതുമണ്ണിന്റെ മണം
നിന്റെ സിരകളില്‍
പടര്‍ന്നുകയറിയതും
ഞാനറിഞ്ഞില്ല ..!


ഒടുവില്‍, 
നിന്റെ കിനാവിന്റെ
ഉടയാടയഴിഞ്ഞു വീണപ്പോള്‍ 
ചിതറിയ ചിത്രങ്ങളില്‍ 
കിതപ്പോടെ ഞാന്‍ 
എന്നെത്തിരയുകയാണ് ..
                 ****

Wednesday, November 6, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ തന്നെ 
എന്നും...

വരുമെന്ന് പറഞ്ഞതല്ലേ? 
കിഴക്ക് നിന്ന് വന്ന 
വിദ്വാന്മാര്‍ കണ്ട 
ദിവ്യനക്ഷത്രം
സാക്ഷ്യമായില്ലേ?
ഒരായുസ്സ് മുഴുവന്‍ 
ഞങ്ങള്‍ കാത്തു വെച്ചില്ലേ...?
വീണ്ടും വരാമെന്ന് പറഞ്ഞു 
പോയതല്ലേ..?
വേട്ടനായ്ക്കള്‍ കടിച്ചു പറിച്ച
കണങ്കാലില്‍,  കുടുങ്ങിയ 
ചങ്ങലക്കണ്ണികള്‍
മോചനം മോഹിച്ചു പോയത്  
നിന്റെ  വാഗ്ദാനം കൊണ്ടല്ലേ..?
അഴിയാത്ത ചങ്ങലകളില്‍ 
ഞങ്ങളുടെ സ്വപ്നങ്ങള്‍ ഇന്നും 
വിറങ്ങലിച്ചു കിടപ്പുണ്ടെന്ന്
നീയറിയുന്നില്ലേ...?
ഒന്നിച്ചു നിന്നാല്‍ 
പൊട്ടിയൊലിക്കുന്ന 
കരുത്തിന്റെ ലാവയില്‍ 
കുരുക്കുന്ന നാമ്പുകള്‍ 
കുളിര്‍ കാറ്റുകൊള്ളുമെന്നു
നീ കണ്ടെത്തിയപ്പോഴും 
ക്ഷമയോടെ ഞങ്ങള്‍ 
കാത്തു കാത്തു നിന്നില്ലേ..?!
പുകക്കുഴലുകള്‍ വിസര്‍ജ്ജിച്ച  
കറുത്ത പുകയില്‍
വേനല്‍ച്ചൂടിന്റെ മിഴിവില്‍  
ഇനിയുമെങ്ങനെ കറുക്കും ?!
ഒന്നിച്ചു നിന്നപ്പോള്‍ 
കണ്ട കിനാവുകള്‍ 
മരീചികകളായി
മറഞ്ഞു പോവുന്നുവോ ?
നമ്മള്‍ ഞാനായി 
പിന്നെ ഞങ്ങളായി 
നിയന്താക്കളായിട്ടും
അവര്‍ പറയുന്നു
കാത്തിരിക്കുക ..!
അതെ, ഞാനും നിങ്ങളും
ഇപ്പോഴും  എപ്പോഴും
കാത്തിരിക്കുകയാണ്...  
ആരെയോ
കാത്തിരിക്കുകയാണ്!

     *****