പ്രിയര്‍ തന് വിശേഷങ്ങള്‍,....
വിശ്വാസരഹിതരാല് ബന്ധിതരല്ലായ്കില്
എന്നോ നിന്നിലേക്കൂളിയിട്ടെത്തി ഞാന്‍
എന്നിഷ്ട തോഴരോടൊന്നിച്ചു ചേര്‍ന്നിട്ടു
നിന്റെ കരങ്ങളില്‍ എല്ലാമൊടുക്കുവേന്
ദുഖം വഴിയുന്ന നിന്റെ തീരങ്ങളോ
ബന്ധിതം ദുര്‍ന്നീതി വേദനാ പൂരിതം!
സഹനം തകര്‍ക്കുന്നു കയ്പ്പിന്റെ കാഠിന്യം
മൃതിപോലെ ശാന്തം, വിചിത്രം നിന്നലമാല!
ഉയരുന്ന തിരകള്‍ തന് ശാന്തമാം ഞൊറികളില്
ഒളിയമ്പുമായിട്ടു മരുവുന്നു നിശബ്ദം
അവിരാമ ശാന്തമായലയുന്ന തിരകളില്‍
അമരുന്നു നാവികന്, മറയുന്നു വഴികാട്ടി
സൌമ്യയായ് അലസയായ് മൂകയായ്
കോപിഷ്ടയായി നീ ശവമഞ്ചവാഹിയായ്
ഒരുവേള പവനനാല്‍ കുപിതയായ് ചപലയായ്
മറുവേളയവനൊന്നു പതിയെത്തലോടവേ
ചെറുകുഞ്ഞലകളും വേലിയേറ്റങ്ങളും
ഹേ.. മഹാവാരിധീ...
തടയുന്നുവോ നിന്നെ ചങ്ങലക്കണ്ണികള്‍?
തടയുന്നുവോ നിന്നെ ചങ്ങലക്കണ്ണികള്‍?
ഇതുഞങ്ങളറിയാതെപേറുന്ന യാത്രകള്‍ !
അറിയുമോ ഞങ്ങള്‍ തന് പാപങ്ങളെന്തെന്ന് ?
എറിയുന്നു ഞങ്ങളെ വിഷാദത്തിലെന്നുമറിയുന്നുവോ?
ഹേ.. മഹാവാരിധീ, പരിഹസിക്കുന്നുവോ
ഭീകരം ഞങ്ങള്‍ തന് ബന്ധനം കാണ്‍കെ നീ ?
ഞങ്ങളറിയാതെ ശത്രുവെ ബാന്ധവം ചെയ്തു നീ
ക്രൂരയായ് പാറാവുകാരിയായ് മേവി നീ
പാറകള്‍ സാക്ഷികള്‍ ചൊല്ലിയോ നിന്നോട് ?
പാതകം ഞങ്ങളോടെന്തോക്കെ ചെയ്തിവര്‍ !
പാടെത്തകര്ന്നോരീ ക്യൂബയും ചൊല്ലിയോ
പാടിത്തളര്ന്നതാം സങ്കടം സന്തതം ?
കൂടെപ്പൊറുത്തു നീ നീണ്ടമൂന്നാണ്ടുകള്
നേടിയെതെന്തു നീയിക്കാലമത്രയും ?
വാരിധി ഹൃദയത്തില്‍ കവിത തന് യാനങ്ങള്‍
വേവുന്ന ഹൃദയത്തില്‍ ചാവും കരിന്തിരി !
കവിമൊഴികള്‍, ഞങ്ങള്‍തന്‍ ശക്തിതന്നക്ഷരം
കവിമൊഴിയാട്ടങ്ങള് തപഹൃദയദാസരും..
*******
(ഇബ്രാഹീം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ‘ഓഡ് ടു ദ സീ’ - ഒരു മൊഴിമാറ്റപരിശ്രമം)