Wednesday, April 17, 2013

വഴി പിഴച്ച വരികള്‍










അരങ്ങിന്‍ തിരശ്ശീലയുയരുന്നു, മൌനത്തി -
നടിവേരു മുറിയുന്നു, അലറുന്നു കരയുന്നു
വെറുതേ ചിരിക്കുന്നു, പാഴ്വാക്കുമൊഴിയുന്നു
പഴിചാരിയന്യോന്യമൊളിയമ്പുമെയ്യുന്നു!
വിധുരനായ്‌, വ്രണിതനായ്‌, കുപിതനായ്‌,
മധുരമായ്‌ പണ്ടുനീ പാടിയ പാട്ടുകള്‍
ലഹരിതന്നഴിമുഖത്തലമാല നെയ്തിവര്‍
വികൃതമായ് അനുകരിച്ചവതാളമാക്കുന്നു !

കവിതയുടെ മൃദുലോല നാഭിച്ചുഴിയിലി-
ന്നെരിയുന്ന തീക്കുറ്റി കുത്തി നോവിക്കുന്നു !
പറയുന്നതൊക്കെയും കവിതയാമെങ്കിലേ-
തുന്മാദചിത്തരും കവികളാമല്ലയോ ?

വിരിയുന്ന പോളയില്‍ മധുരം കുറുക്കിയ
കുലവാഴപ്പൂവുകള്‍ തിരയുന്ന വണ്ടുകള്‍
മുരളുന്നു, മധുപാന മൊഴിവാക്കിയകലുന്നു
കശപ്പുള്ള നഞ്ഞിന്‍ രസച്ചാറുമോന്തുന്നു

എവിടെന്റെ സൌന്ദര്യധാമമെന്നകതാപ -
മലിവാല്‍ക്കെടുത്തുന്ന ഹിമബിന്ദുസ്പര്‍ശനം?
എവിടെയാ ശില്‍പ്പങ്ങള്‍?, അടിമക്കളങ്ങളില്‍
കുടിനീരുപകരുന്ന പാനപാത്രങ്ങളും ?

അവസാന വിശ്രമം തേടിയലഞ്ഞിട്ടു
ഗുരുസാഗരത്തിന്റെയഴിമുഖത്തെത്തിയോര്‍
പരമാണുപരിണാമഗമനം ഗ്രഹിച്ചവര്‍
പലഭാവതാളത്തിലര്‍പ്പിച്ച ഗീതകം ?

ചടുലതാളങ്ങളും ചുടല നാട്യങ്ങളും
സഹനരോഷത്തിന്റെ വനരോദനങ്ങളും...
നവയുഗപ്പിറവിതന്‍ സങ്കല്പ്പനങ്ങളും
സമരവീര്യത്തിന്റെ ചുടുചോറുചികയലും ?

ഇവിടിന്നു മരണം നടന്ന വീടിന്‍തിണ്ണ നിറയുന്നു
വരികളും വഴികളും ജലരേഖയാവുന്നു....
ഒടുവിലരങ്ങത്തുയവനിക മാറിയാല്‍ കവിതയും,
വഴിപിഴച്ചലയുന്ന വരികളായ്‌ത്തീരുന്നു ..!
                               
                                 ****
2Like ·  · Unfollow Post · Promote · 

No comments: