Thursday, May 10, 2012

ഉറവ:

ചുണ്ടില്‍ തേനൂറുന്ന 
ഒരു കൊച്ചു ഉറവയയിരുന്നു ഞാന്‍ 
ഒഴുകാനറിയാത്ത
കിനിയുന്ന ഒരു കൊച്ചുറവ.

തുമ്പികളും ശലഭങ്ങളും
കൊച്ചു പറവകളും
എന്നെച്ചുംബിച്ചിരുന്നപ്പോള്‍
തെല്ലോരഹന്തയോടെ
ഞാന്‍ മാനം നോക്കി മുടി മിനുക്കി

മുത്തം കൊടുക്കാഞ്ഞിട്ടാവാം
വാനം എന്നോട് പിണങ്ങിയപ്പോള്‍
മുഖം കറപ്പിച്ചിരുന്നപ്പോള്‍...
പിണക്കം.സങ്കടമായലിഞ്ഞു
കണ്ണുനീര്‍ തുള്ളികളായി
എന്റെ മേല്‍ വീണപ്പോള്‍
ഞാന്‍ കോരിത്തരിച്ചു പോയി
അയലത്തെ കുട്ടികള്‍
കുശലം ചോദിച്ചു വന്നു
കലപില കൂട്ടി കളിച്ചപ്പോള്‍
കിക്കിളി കൂട്ടിയപ്പോള്‍
ഞാനെന്നെയറിയാതെ
അവരുടെ കൈകളില്‍ വിരല്‍ കോര്‍ത്ത്‌
ഒഴുകിത്തുടങ്ങി.........

എന്തോരുന്മാദമായിരുന്നു.......!
എനിക്ക് പുറത്തും ഒരു ലോകമുണ്ടെന്ന്
ഞാന്‍ അറിയുകയായിരുന്നു.
തുള്ളിച്ചാടി കൂട്ടുകാരോടോത്ത്
ഓടിയിറങ്ങിയപ്പോള്‍
വള്ളികളും മുള്ളുകളും
പിന്നെ കല്ലുകളും എന്നെ
പിടിച്ചു നിര്‍ത്താന്‍ നോക്കിയതും
കുതറി മാറി ഞാന്‍ കുപ്പിവളകള്‍
കിലുക്കി ഓടിയകന്നതും

എന്‍ നിതംബ ചലനതാളങ്ങളില്‍
മത്ത് പിടിച്ച തീരങ്ങളില്‍
വര്‍ണ്ണക്കുടകള്‍ ചൂടിയ തരുലതകളെ
തെല്ലൊരസൂയയോടെ ഞാന്‍
ഒളി കണ്ണെറിഞ്ഞതും
ഇന്ന് വിരിഞ്ഞ പൂവുകള്‍
നാളെക്കൊഴിയുമെന്ന സത്യം
ഒരുള്‍ക്കാളലോടെ ഞാനെന്‍
ഉള്ളിലറിഞ്ഞതും
കര്‍മ്മയോഗമാണെന്റെ
ധര്‍മ്മമെന്നു തിരിച്ചറിഞ്ഞതും
ഞാനെന്‍ സഖിയെ കണ്ടു മുട്ടിയതും
ഓര്‍മ്മകളുടെ മണല്‍ത്തടങ്ങളില്‍
എന്റെ അനുരാഗ രേണുക്കള്‍
ഒളിപ്പിച്ചു വെച്ചതും,

ഇരുവഴികള്‍ താണ്ടി വന്നതാകിലും
ഒരുമെയ്മനമായ്‌ ഞങ്ങളൊന്നു
ചേര്‍ന്നോഴുകിയതും
പുഴയായ്‌ കടവുകള്‍ താണ്ടി
വന്‍ നദിയോട് ചേര്‍ന്നതും
ചതിയന്‍ ചുഴികളില്‍ കിടന്നുഴറിയതും
എനിക്ക് ഞാന്‍ മതിയാവുമെന്ന
ബോധത്തിലടിയുറച്ചതും
ഈ പരന്നൊഴുക്കില്‍
ഞാന്‍ ഞാനായിക്കുവാന്‍
കഴിയില്ല എന്ന് തിരിച്ചറിഞ്ഞതും
ഇന്നലെയാണ്..!.അതെ ഇന്നലെയാണ്!

ഇന്നും... ഞാന്‍ ഞാനായി മാറുവാന്‍
എന്നിലെ എന്നെ, എന്റേതാക്കുവാന്‍
ഉഴറി... ഒഴുകുന്നു
നാളെ..എവിടെയോ ഒരു നിമിഷ ബിന്ദുവില്‍
മൃത്യു തന്‍ മഹാ സാഗര സന്ധിയില്‍
ഞാനെന്ന സത്യം
ലയിച്ചില്ലാതെയാവുമ്പോള്‍ ....

എന്നെ ഞാനായി അറിയുവാന്‍
ഒഴുകി ഒഴുകി... ക്കൊതിക്കുന്നു ഞാന്‍ .

No comments: