Tuesday, January 28, 2014

പ്രതീക്ഷ


കാത്തിരിപ്പിന്റെ
വിരസമായ കടവുകളില്‍ 
പ്രതീക്ഷകളുടെ വലനെയ്യുമ്പോള്‍
നിര്‍വൃതിയുടെ നനുത്ത,
തിളങ്ങുന്ന നൂലുകള്‍ കൊണ്ട്
ലംബകങ്ങള്‍ തീര്‍ക്കുന്ന
നെയ്ത്തുകാരന്
വിളിക്കാതെ വന്ന വിരുന്നുകാരനാവുന്നു 
മുള്ളിലുടക്കിയ ചിറകുകളുമായി
വേദനയുടെ ശലഭ സൌന്ദര്യം. 

വിശപ്പിന്റെ ചൂളച്ചൂടില്‍ 
പുകപിടിച്ച മുഖവുമായി 
നീരുവന്ന കാലുകളാല്‍
പാതിവഴി താണ്ടിയെത്തിയ 
കിതയ്ക്കുന്ന യൌവനത്തെ
ഇടംകണ്ണിട്ടു തുറിച്ചുനോക്കുന്നു
ജരാനരകളുടെ വാര്‍ധക്യം !



ഉണര്‍ന്നുയര്‍ന്ന ആവേശം
ആഹ്ലാദത്തിന്റെ മേഘച്ചിറകില്‍
ഉയര്‍ന്നുപറന്നു പോയപ്പോള്‍
എട്ടു ദിക്കുകള്‍ പൊത്തിപ്പിടിച്ചു 
ദിഗ്വിജയം കൊണ്ടാടിയപ്പോള്‍ 
വരാനിരിക്കുന്ന മഴമേഘങ്ങളെ,  
ഒന്നോര്‍ത്തതുപോലുമില്ലത്രേ... !

നിയതിയൊരിടിമിന്നലായി,
പെരുംകൊടുങ്കാറ്റായി
കോരിച്ചൊരിഞ്ഞു വന്നപ്പോള്‍ 
ഉരുളായി,  പെരുംപ്രവാഹമായി
കുത്തിപ്പുഴക്കിയുറഞ്ഞതുള്ളിയ
കടലോളങ്ങളായി,
അഴിഞ്ഞാടിയപ്പോള്‍
അതിലോലമായി നെയ്ത 
തിളങ്ങുന്ന നൂലുകളുടെ സ്വപ്‌നം 
മുറിഞ്ഞുപറിഞ്ഞുപോയതും
നിരാശയുടെ ചതുപ്പില്‍
പുതഞ്ഞുപോയതും.......

ഈ ചതുപ്പിന്‍റെയന്ധകാരത്തില്‍ 
പുതിയ പ്രതീക്ഷകള്‍ 
മുളപൊട്ടിവിരിയുമെന്ന 
പ്രതീക്ഷയുമായി
ഒരു ശിശിരനിദ്രയിലാണെന്നതും
ഒരു പ്രതീക്ഷയാണ്....!

      **********