Monday, September 9, 2013

അനുതാപം

ഇറവെള്ളമിറ്റുന്ന കോലായി വക്കിലായ്‌ 
ചിറി തുറന്നീച്ചകള്‍ മുരളുന്ന മൂക്കുമായ്‌
വിറപൂണ്ടു കുന്തിച്ചിരിക്കുന്നു, കൌതുകം
വിരിയുന്ന കണ്ണുകള്‍ പതിയെത്തുറന്നിവള്‍

അറിയില്ല ബാല്യത്തിലറിയേണ്ട വിദ്യകള്‍
 ഗുരുവില്ല കൂട്ടുകാരതുമില്ലതറിയുവാന്‍
ഇരവേത് പകലേതതറിയാതെ നാളുകള്‍
ഇരതേടിയണയുന്നു വിടപറഞ്ഞകലുന്നു.

അകലെയാവയലിന്റെ
യരികത്തു തുമ്പികള്‍
പുതുമോടിയണിയുന്ന 
വെയിലില്‍ക്കളിക്കവേ
കൊതിയുണ്ടിവള്‍ക്കെന്നു 
തിരിയുന്നു, 
ചുണ്ടിലെയുമിനീരു
തേനായിയൊഴുകുന്ന വേളയില്‍ ..

അറിയില്ലിവള്‍ക്കിന്നു 
ലോകമെന്തെന്നതും
അറിവുകള്‍ നുണയുന്ന 
വിദ്യാലയങ്ങളും
കനവുകള്‍ പൂക്കുന്ന ചങ്ങാതിവട്ടവും
നിനവുകള്‍ പുകയുന്ന ജീവിതച്ചന്തയും !

കരുണയെത്തിരയുന്ന 
നിറകണ്ണുമടയുന്നു
ഒരു കടല്‍ത്തിരപോല്‍ 
ചുടുനീരുചൊരിയുന്നു
ഒടുവിലായൊരുനാളു വരുമെന്നുകരുതുന്ന
അരവിരല്‍ത്തുമ്പിനായ്‌ പരതിത്തളരുന്നു..

കടലാസു വഞ്ചികള്‍ 
പോലെയീ ജീവിതം
കടവുകള്‍ താണ്ടുന്നലിഞ്ഞുലഞ്ഞഴിയുന്നു
അറിയുന്നുവോ നിങ്ങളിവിടെയീ ലോകത്തിലറിയാത്ത ജന്മങ്ങളൊരു പാടുപിടയുന്നു..!

അതിരുകളില്ലാത്ത കരുണക്കടലിന്റെ
അരികത്തു പൂകുവാന്‍ ദുരമൂത്തു മന്ദിരം
പണിതുയര്‍ത്തീടുന്ന പരിവാരസംഘമേ
അണയില്ല നിങ്ങളാ തീരത്തൊരിക്കലും .!

നടുവിരല്‍ നീട്ടിയീപ്പാതിബാല്യങ്ങളെ
അരുമകളായി വളര്‍ത്തുവാനായുസ്സു
മുഴുവനും നേദിച്ച മര്‍ത്യദൈവങ്ങള്‍ക്കു
തണലായി മാറട്ടെയോരുനേരമെന്കിലും
മഴപോയി വെയില്‍മഞ്ഞപ്പുടവയുടുത്തോരീ
മലര്‍വാടി മേയുന്ന നിറവര്‍ണ്ണ ശലഭമായ്‌
നറുകോടിയുടയാടയണിയുന്ന പിഞ്ചിളം
മനതാരിലുയരുന്നു മിഴിവാര്‍ന്ന കനവുകള്‍ !
പല നിറക്കൂട്ടുകള്‍ ചാലിച്ച നിനവുകള്‍ !

                          ******