Monday, January 7, 2013

പീഡനത്തിന്റെ നാള്‍വഴി



ഇന്നലെകളുടെ
ഇടനാഴികളിലെങ്ങും 
പീഡനങ്ങള്‍ 
തുടര്‍ക്കഥയായിരുന്നു ..

പ്രാകൃതരില്‍
പൌരുഷമായിരുന്നു 
ഗോത്രങ്ങളില്‍ 
കുലമഹിമയായിരുന്നു 
അടിമത്വത്തില്‍ 
അധീശത്വമായിരുന്നു 

നാടുവാഴിത്വത്തില്‍ 
മൃഗയാവിനോദമായിരുന്നു 
യുദ്ധങ്ങളില്‍ 
പ്രതികാരമായിരുന്നു 
നാട്ടുരാജ്യങ്ങളില്‍ 
ദേവദാസ്യമായിരുന്നു
ചക്രവര്‍ത്തിമാര്‍ക്ക് 
ലീലാവിനോദമായിരുന്നു
പുരോഹിതര്‍ക്ക് 
പുണ്യകര്‍മ്മമായിരുന്നു
മതസംസ്ഥാപനത്തില്‍ 
പ്രതിരോധമായിരുന്നു 
അധിനിവേശത്തില്‍ 
അടവുകളായിരുന്നു 
മുതലാളിത്തത്തില്‍ 
കച്ചവടമായിരുന്നു 
ആഗോളവല്ക്കരണത്തില്‍ 
ലഹരിയുടെ 
ലോക ജാലകങ്ങള്‍
മലര്‍ക്കെ തുറന്നു 
വെയ്ക്കുമ്പോള്‍
സ്ഥിതിസമത്വം പുലരുന്നു. 
പെണ്ണിറച്ചിയുടെ സ്വാദ്‌ 
മാധ്യമങ്ങള്‍ 
ചൂടോടെ വിളമ്പുമ്പോള്‍ 
ആസ്വാദനം 
ജനകീയമാവുന്നു ..
പ്രതിഷേധവും 
ആസ്വാദ്യമാവുന്നു !

Sunday, January 6, 2013

9- മൂന്നാം ക്ലാസ്‌

"മൂന്നാം  ക്ലാസ്സില്‍ കോയസ്സന്‍മാഷാണ് ...

"വിരലുകള്‍ക്കിടയില്‍ ചെറിയ കല്ല്‌ ഒളിപ്പിച്ചുവെച്ചു തലയ്ക്കു കുത്തും" 

തടിച്ചു കറുത്ത നാലാം ക്ലാസ്സുകാരി കുറിഞ്ഞിയാണ് കുട്ടികളെ പറഞ്ഞു പേടിപ്പിക്കുന്നത് ..രണ്ടില്‍ നിന്നും മൂന്നിലേക്ക് ജയിക്കരുതേ എന്നായിരുന്നു ബാവുട്ടന്റെ അന്നത്തെ പ്രാര്‍ത്ഥന..!

സത്യമായിട്ടും ആ കിഴുക്കു കൊള്ളാത്തവര്‍ വിരളമായേ മൂന്നാം തരം കഴിഞ്ഞു കടന്നു പോയിട്ടുണ്ടാവൂ ..

പ്രാര്‍ത്ഥന ഫലിച്ചില്ല ...കൊല്ലപ്പരീക്ഷക്ക്  കേട്ടെഴുത്തിനു സ്ലേറ്റില്‍ പത്തില്‍ പത്തും വാങ്ങിത്തന്നെ ജയിച്ചു..
പത്തില്‍ ഏഴ്  കിട്ടിയ ഹെട്മാസ്റ്റ രുടെ മകന്‍ ഫിലിപ്പോസ് വാവിട്ടു കരഞ്ഞപ്പോള്‍ കണ്ണിചൂരലുമായി മുണ്ടിന്റെ ഒരറ്റം പൊക്കിപ്പിടിച്ച് വരാന്തയിലൂടെ നടക്കുകയായിരുന്ന ഹെഡ്‌മാഷ്‌ രണ്ടാം ക്ലാസ്സിലേക്ക് തലയിട്ടു നോക്കി ......
അത് കണ്ട ആലിക്കുട്ടി മാഷ്‌ അവന്റെ സ്ലേറ്റ് വാങ്ങി ഏഴിന്റെ തല മായിച്ചു അപ്പുറത്തൊരു പൂജ്യമിട്ടു പത്താക്കി കൊടുത്തു......!അവന്‍ കരച്ചില്‍ നിര്‍ത്തി..കുപ്പായത്തിന്റെ തലപ്പുകൊണ്ട് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചു മാറ്റി...

അവധിക്കാലം കഴിഞ്ഞു സ്കൂള്‍ തുറക്കാറായി.. ദിവസം കഴിയും തോറും ബാവുട്ടന് ആധി കൂടിക്കൂടി വന്നു ..

തലപ്പൊയിലില്‍ വൈകിട്ട് റബ്ബര്‍ പന്ത് കളിക്കാനെത്തുന്ന മുതിര്‍ന്ന കുട്ടികള്‍ കോയസ്സന്‍മാഷുടെയും വേലായുധന്‍ മാഷുടെയും ക്രൂരകൃത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നത് കേട്ട് ബാവുട്ടന്‍ ഒന്ന് കൂടി ഭയന്നു..
നാലാം ക്ലാസ്സിലെ കുട്ടികള്‍  വേലായുധന്‍മാഷിന്റെ  ചൂരല്‍ കഷായം കുടിച്ച് ഏങ്ങലടിച്ചു കരയുന്നത്  ബാവുട്ടന്‍ പലപ്പോഴും കണ്ടിട്ടുമുണ്ട് ...

സ്കൂളില്‍ പോകാതെ കഴിക്കുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നായി പിന്നെ ചിന്ത ...ഇനിയും രണ്ടു ദിവസം മാത്രം !
പുത്തന്‍ നിക്കറും കള്ളി ഷര്‍ട്ടും തേച്ചു മടക്കി വെച്ചിരിക്കുന്നു അലമാരിയില്‍ ...അലമാര തുറക്കുമ്പോള്‍ തന്നെ ഭയമാണ്.. ഉടുപ്പുകള്‍ കാണുന്നതും ..
ഒടുവില്‍ ആ ദിവസവും വന്നു.. 
നേരം പുലര്‍ന്നിട്ടും ഉറക്കമുണരാതെ കമിഴ്ന്നുകിടന്നു..
പലതവണ വിളിച്ചുണര്‍ത്തിയ ഉമ്മയോട് വയറുവേദനയാണെന്ന് പറഞ്ഞു വയറില്‍ കൈകളമര്‍ത്തിവീണ്ടും കമിഴ്ന്നു കിടന്നു ..

പ്രതീക്ഷിച്ചതു പോലെ അടുത്തത് ഉപ്പയുടെ ഊഴമായിരുന്നു ..

" ബാവുട്ടാ... ' 

ഒരൊറ്റ വിളിയെ ഉണ്ടായുള്ളു ...ഞെട്ടി യെഴുന്നേറ്റു കിണറ്റു കരയിലേക്ക് ഓടി ..ഇല്ലെങ്കില്‍ ഉറപ്പാണ് അടുത്തത് ചന്തി പൊള്ളുന്ന ഒരടിയായിരിക്കും ...

മുക്കിയും മുരണ്ടും ഉമ്മയുടെ ഉന്തും തള്ളും ഒക്കെയായി സ്ലേട്ടുമെടുത്തു ഇടവഴിയിലേക്കിറങ്ങി..പുറകെ കുടയുമെടുത്തു ഉമ്മയും ..

മൂന്നാം  ക്ലാസ്സിലേക്ക് ജയിക്കണ്ടായിരുന്നു ...
ഒരു നേരിയ പ്രതീക്ഷയുള്ളത് മൂന്നാം  ക്ലാസ്സ് രണ്ടെണ്ണം ഉണ്ടെന്നുള്ളതാണ്... മൂന്ന് എ യും മൂന്നു  ബീ യും ..ഇതില്‍ മൂന്ന്  ബിയില്‍ ആയിക്കിട്ടിയാല്‍ രക്ഷപ്പെട്ടു.. അവിടെ ദിനേശന്‍ മാഷാണ്..നന്നായി പാട്ട് പാടി കളിപ്പിച്ചു പഠിപ്പിക്കുന്ന നല്ല മാഷ്‌.......... ..... ...... കുട്ടികള്‍ക്കെല്ലാം ദിനേശന്‍ മാഷിനെ ഒരുപാട് ഇഷ്ടമാണ് ...

പുതുമഴ പെയ്തു വെള്ളം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു .."പടച്ചവനേ നീ എന്നെ മൂന്നു  ബി യിലാക്കണേ..."

സ്കൂളിന്റെ പടിവാതില്‍ കാണും വിധം ഉമ്മ ദൂരെ മാറി  റോഡരികില്‍ നിന്നു .. മറ്റുള്ള കുട്ടികള്‍ക്കൊപ്പം വിറക്കുന്ന കാലുകളുമായി മുന്നോട്ട് നടന്നു..

മൈതാനത്ത്ല  കലപില കൂട്ടി കുട്ടികള്‍ ഓടിക്കളിക്കുന്നു..  കെട്ടിക്കിടക്കുന്ന ചളിവെള്ളത്തില്‍ ചാടിക്കളിക്കുന്നു ...
ഇവര്‍ക്കിടയില്‍ നിന്ന് ഭൂതം പോലെ അതാ വരുന്നു അവള്‍ ........'കുറിഞ്ഞി " ..
മുലയും തലയും വലുതായ കറുത്ത് തടിച്ചി കുറിഞ്ഞി തന്റെ  അടുത്തേക്ക് തന്നെയാണ് വരുന്നത്...
 അത്ഭുതം തോന്നി ബാവുട്ടന്...ഇവളെങ്ങനെ താന്‍ വന്നു കയറിയത് ഇത്ര വേഗം കണ്ടു പിടിച്ചു ..!
അടുത്ത് വന്ന കുറിഞ്ഞി ബവുട്ടന്റെ മുന്നില്‍ കുത്തിയിരുന്നു ...ബാവുട്ടന് കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി...ബാവുട്ടന്റെ ഇരുചെവികളിലും ബലമായി പൊത്തിപ്പിടിച്ചു അവള്‍ നെറ്റിയില്‍ ഉമ്മ വെച്ചു... കണ്ടു നിന്ന കുട്ടികള്‍ ആര്‍ത്തട്ടഹസിച്ചു..
ബാവുട്ടന് ബോധം നശിക്കുന്നത് പോലെ തോന്നി....
പിന്നെ മുഖത്തേക്ക് തുറിച്ചു നോക്കി സ്നേഹപൂര്‍വ്വം അവള്‍ വിളിച്ചു .. "പാത്തുമ്മ" 

ബാവുട്ടന് ഒന്നും മനസ്സിലായില്ല .. വീരകൃത്യം കഴിഞ്ഞു കുറിഞ്ഞി കുട്ടികളോടൊപ്പം ഓടിയകന്നെന്കിലും മറ്റു കുട്ടികള്‍ ബാവുട്ടനെ പൊതിഞ്ഞു കൊണ്ട് നടന്നു.. 
രണ്ടാം ക്ലാസ്സിന്റെ പടിവാതില്‍ വരെ അവര്‍ അകമ്പടി സേവിച്ചു.. ബാവുട്ടന്‍ ക്ലാസ്സിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ പിറകില്‍ നിന്നും ആരോ വീണ്ടും വിളിച്ചു........... "പാത്തുമ്മ" 
കരഞ്ഞു പോയി.. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ഒലിക്കാന്‍ തുടങ്ങിയിരുന്നു.. കൈവണ്ണകല്‍ കൊണ്ട് തുടച്ചിട്ടും തുടച്ചിട്ടും തീരുന്നില്ല ...പൌഡറിട്ട് മിനുക്കിയിരുന്ന മുഖം കണ്ണീരുകൊണ്ട് വികൃതമായി..
പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത് ...!  
രണ്ടാംബെല്ലടിക്കാറായിരിക്കുന്നു..
പടച്ചവനേ.. മൂന്നു  ബീയില്‍ ആക്കണേ.. മനസ്സ് നൊന്തു വീടും പ്രാര്‍ത്ഥിച്ചു ..
ദാ ..കയറിവരുന്നു കോയസ്സന്‍ മാഷ്‌.. കയ്യില്‍ ഒരു രജിസ്ട്രുമായി...മുഖം നിറയെ വസൂരിക്കലകളുള്ള നെറ്റിയില്‍ മുഴയുള്ള നീണ്ടു വളഞ്ഞ കോയസ്സന്‍ മാഷ്‌ ..!
ബാവുട്ടന്റെ പകുതി ജീവന്‍ പോയി.. നെഞ്ചു പടപടാന്നടിച്ചു..
പുറകെ ദിനേശന്‍ മാഷും കയറി വന്നു.. ഒരല്പം ആശ്വാസമായി...നറുക്ക് വീണാലോ....!

ആദ്യം കോയസ്സന്‍ മാഷ്‌ ലിസ്റ്റ് വായിച്ചു തുടങ്ങി.. ബാവുട്ടനെപ്പോലെ മറ്റുള്ള കുട്ടികളും തങ്ങളുടെ വിധി കേള്‍ക്കാന്‍ ശ്വാസം അടക്കിപ്പിടിച് ഇരിപ്പായി.. പേര് വായിച്ചവര്‍ മൂന്നു എ യിലേക്ക് പോവാന്‍ അറവമാടുകളെപ്പോലെ വരിനിന്നു ...
അപ്പോഴാണ്‌ കോയസ്സന്‍മാഷ്‌ മുന്നിലെ ബഞ്ചില്‍ മുഖം താഴ്ത്തിയിരിക്കുന്ന ബാവുട്ടനെ കണ്ടത്..
" അടാ ജ്ജി നമ്മളെ അയമുട്ടിമാഷെ മോനല്ലേ..മാഷ് അടുത്തേക്ക് വന്നു.. പരുക്കന്‍ കൈകള്‍ തലയില്‍ ഉഴിഞ്ഞു..
 ഇപ്പൊ....പ്പോ ..പുറത്തു വരും ...........ആ കല്ല്‌.....  ....   ബാവുട്ടന്‍ ശ്വാസം അടക്കിപ്പിടിച്ചു നിന്നു..
കിടുകിടാ വിറക്കുന്ന കുട്ടിയെ കോയസ്സന്‍ മാഷ്‌ തുറിച്ചു നോക്കി... "തെന്തു പറ്റി ക്കുട്ടിക്ക് ..?" കോയസ്സന്‍ മാഷ് ദിനേശന്‍ മാഷെ നോക്കി ചോദിച്ചു.
ദിനേശന്‍ മാഷ്‌ അരികിലേക്ക് വന്നു.. .......ഒരു കുളിര്‍കാറ്റു വീശിയത് പോലെ............ വിയര്‍ക്കുന്ന മുഖത്ത് ഒരു തണുപ്പ് തോന്നി ബാവുട്ടന്...

കോയസ്സന്‍ മാഷ്‌ ലിസ്റ്റ് വായിച്ചു തീര്‍ന്നു ....തന്റെ പേരില്ല... ! ഹാവൂ..  രക്ഷപ്പെട്ടു..ഇനിയും സാമൂഹ്യപാഠം പിരിയഡ് മാത്രം പേടിച്ചാല്‍ മതിയല്ലോ..!
പിന്നെ മനസ്സിലായി താന്‍ മാത്രമല്ല ..ഹെട്മാസ്ടരുടെ മോനും രക്ഷപ്പെട്ടിട്ടുണ്ട്.. അവന്‍ ബാവുട്ടനെ നോക്കി കണ്ണിറുക്കി ...


വൈകിട്ട് കളിക്കാന്‍ വിട്ടപ്പോള്‍ ഫിലിപ്പോസ് ബാവുട്ടന്റെ  ചെവിയില്‍ അടക്കം പറഞ്ഞു.." ഞാന്‍ അച്ചാച്ചനോട് പറഞ്ഞതാ നമ്മളെ രണ്ടു പേരേം മൂന്ന് ബിയിലാക്കാന്‍ ..."
ആദ്യമായി ബാവുട്ടന് ഫിലിപ്പോസിനോട് അതിയായ സ്നേഹം തോന്നി. 


 ( അവസാനിക്കുന്നില്ല )