Saturday, February 22, 2014

ഗുരുത്വം

"ങ്ങളെങ്ങട്ടാ ഈ കാലിനു ബയ്യാതെ കുന്ന് കേറാം പോക്വാ ...?"

വളഞ്ഞ കാലുള്ള വയസ്സന്‍ കുടയും കുത്തിപ്പിടിച്ച്  "ശ്രീനാരായണ ഗുരുകുലം " നിലകൊള്ളുന്ന കുന്ന് കയറാന്‍ ഒരുങ്ങുന്ന എന്റെ കയ്യില്‍ അവള്‍,  എന്റെ ഭാര്യ പിടിച്ചു തൂങ്ങി ...

"എനിക്കിതിന്റെ മോളില്‍ പോയി ആശ്രമം കാണണം " 
 എന്റെ വാശി, കൂടെ നടന്നു വന്നിരുന്ന തൂപ്പുജോലിക്കാരിയായ തങ്കമ്മയുടെ വാക്കുകളില്‍ മങ്ങിപ്പോയി 

"ങ്ങളാരെക്കാണാനാ അങ്ങട്ട് പോണത് ? ..അവുടെ ഒരമ്പലാ.. ങ്ങള ജാതിക്കാരുക്ക് അങ്ങട്ട് കേറാമ്പറ്റൂല.."

അത്ഭുതം കൂറുന്ന കണ്ണുകളുമായി ഞാന്‍ അവരെ തുറിച്ചു നോക്കി..

എഴുപതുകളുടെ അവസാനം
അധ്യാപക പരിശീലനക്കളരിയില്‍ പഠിക്കുന്ന കാലം .. വീട്ടിലേക്കു എട്ടുകിലോമീറ്റര്‍ മാത്രമേ ഉള്ളൂവെങ്കിലും ഭാര്‍ഗ്ഗവീനിലയം പോലെ പൊളിഞ്ഞു വീഴാനൊരുങ്ങിനില്‍ക്കുന്ന മുക്കിലങ്ങാടിയിലെ ആ ഹോസ്റ്റല്‍ ഒരു മോഹവലയമായിരുന്നു..!
മുകളിലെനിലയില്‍ വരാന്തയുടെ പടിഞ്ഞാറേ കോണില്‍ കട്ടിലിട്ട് മുറിതിരിക്കുവാന്‍ ഒരു കര്‍ട്ടനും തൂക്കി ഏകാന്തനായി ഞാന്‍ മേല്‍പ്പുരയുടെ പൂപ്പല്‍ പിടിച്ച കഴുക്കോലുകളും നിറം മങ്ങിയ ഓടും കണ്ടുകൊണ്ട് ഭാവനയുടെ ലോകത്തു യൌവനക്കുതിപ്പുകളെ പിടിച്ചു കെട്ടുന്ന കാലം !

നേരെ താഴെ ഒന്നാം നിലയിലെ അത്യാവശ്യം വിസ്താരമുള്ള കിടപ്പുമുറി ഓര്‍ഫനെജ് ഹൈസ്കൂളിലെ അധ്യാപകരുടെതായിരുന്നു. കറുത്ത് തടിച്ച ഭീമാകരനായിരുന്നെങ്കിലും ഒരുണ്ണിക്കുട്ടന്റെ മനസ്സുണ്ടായിരുന്ന കണക്കുമാഷു രാജേന്ദ്രനും; പില്‍ക്കാലത്ത് നാട്ടിലെ പ്രശസ്ത ഹൈസ്കൂള്‍ പ്രധാനാധ്യാപകനായി തലമുറകള്‍ക്ക് നായകനായി വിരമിച്ച ഹൈദര്‍മാഷും ജന്മം കൊണ്ടു ക്രിസ്ത്യാനിആയിരുന്നെങ്കിലും മൈസൂരില്‍ അധ്യാപകപരിശീലനം നേടിയ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ ജീവിതം കൊണ്ട് പരമഹംസ ദര്‍ശനവും വിവേകാനന്ദസാഹിത്യവും പഠിച്ചു സനാതനധര്‍മ്മം ജീവിതശൈലിയാക്കി മാറ്റിയ ദാനിയേല്‍ മാഷും; പാരലല്‍കോളേജില്‍ പഠിപ്പിക്കുന്നവരായ,  പുലര്‍ച്ചെ കുളിച്ചൊരുങ്ങി ചുരുളന്‍ മുടിയില്‍ കുരുവിക്കൂടുകളൂമായി വന്നു പത്രപാരായണവും വൈജ്ഞാനികചര്‍ച്ചകളും നടത്തുന്ന വെളുത്തു നീണ്ട ചന്ദ്രന്‍മാഷും ; കോഴിക്കോട്ടു നിന്ന്  ആദ്യത്തെ ബസിനു പുറപ്പെട്ട് ഒമ്പത് മണിക്ക് വന്നു ചേരുന്ന കൃശഗാത്രനെങ്കിലും ചെറിയ തലയില്‍ വലിയ തലച്ചോറുള്ള ഇന്ഗ്ലീഷ് ലക്ചര്‍ ഹാഷിം സാറും......ഒമ്പത് മണിമുതല്‍ ഒഴുകിയെത്തുന്ന ബഹുവര്‍ണ്ണക്കിളികളുടെ കളകൂജനങ്ങളും സഹപാഠികളായിരുന്ന നാദാപുരം സൂപ്പിയുടെയും വടകരക്കാരന്‍ കൊച്ചു മുരളിയുടെയും കൊഴക്കോട്ടൂരുകാരന്‍  പപ്പന്റെയും വികൃതികളും ഒക്കെ ചേര്‍ന്നാല്‍ പിന്നെ നാടും വീടും മറന്നു പോകുന്നതില്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലായിരുന്നു!

വൈകിട്ട് ഷട്ടില്‍ ബാറ്റ്മിണ്ടന്‍ കളികഴിഞ്ഞ് വിയര്‍പ്പു വറ്റാന്‍ ഇരിക്കുമ്പോഴായിരുക്കും ദാനിയേലിന്റെ വേദാന്തപാഠങ്ങള്‍ തുടങ്ങുക .. ആദ്യമൊക്കെ വിരസത തോന്നിയിരുന്നെങ്കിലും മാര്‍ക്സിസം ലെനിനിസം തലക്കു കയറി, മാവോയിസം വരെ കാടുകയറി ഒരെത്തും പിടിയും കിട്ടാതെ സന്ത്രാസത്തില്‍ വിരാജിച്ചിരുന്ന അന്വേഷകന് , ഒടുവില്‍ ഗുരുസാഗരം ശാന്തിയായി മാറുന്നത് ക്രമേണ അനുഭവിച്ചറിയാന്‍ തുടങ്ങി..! ശരീര പുഷ്ട്ടിക്കായി തുടങ്ങിയ വ്യായാമമുറകള്‍ യോഗാസനങ്ങളിലേക്കും ഒടുവില്‍ പുഴക്കരയില്‍ കാടുപിടിച്ചുകിടന്നിരുന്ന ശ്രീകോവിലില്‍ പ്രഭാത-സന്ധ്യാദീപം കൊളുത്തുന്നതു മുതല്‍ ശബരിമല ദര്‍ശനത്തിനായി മാലയിട്ട ദാനിയേലിന്റെ കൂടെ തൃക്കുടമണ്ണയില്‍  ഭജനയ്ക്കുകൂടിയത് വരെ എത്തിനില്‍ക്കുന്ന ആത്മീയപര്‍വത്തില്‍ ഒരു ദിവസം ....ദാനിയേല്‍ ക്ഷണിച്ചു വയനാട്ടിലേക്ക് , മേപ്പാടിയിലെ സ്വന്തം വീട്ടിലേക്ക്‌ .....ഒരു വാരാന്ത്യം  ചെലവിടാന്‍..
എന്നാല്‍ പോകാന്‍ തയ്യാറായത്  ഞാനും ഹാഷിംസാറും മാത്രം..!

ഒരു ശനിയാഴ്ച പുലര്‍ച്ചെ ആദ്യബസ്സിന്  ചുരം കയറി .. മുമ്പ് രണ്ടു പ്രാവശ്യം ചുരം കയറി മൈസൂരിലേക്ക് പോയിരുന്നെങ്കിലും വയനാടിനെ നടന്ന് കാണുന്നത് ഇതാദ്യമായാണ് .. !
ലക്കിടിയില്‍ ബസ്സിറങ്ങി വീശിയടിക്കുന്ന കോടക്കാറ്റില്‍ ഊളിയിട്ട് വിറക്കുന്ന ചുണ്ടുകളോടെ കവലയിലെ തട്ടുകടയില്‍ നിന്ന് കിട്ടിയ ശുദ്ധമായ ചായയും കുടിച്ച് ദാനിയേല്‍ പറയുന്ന കാനനകഥകള്‍ക്ക് മൂളിക്കൊണ്ട് നടന്നു .. വയല്‍നാടിന്റെ മാനസസരോവരം കാണാന്‍ ..പൂക്കോട്ടുതടാകക്കരയിലേക്ക്.

സുഗന്ധഗിരി  ഏലം പ്ലാന്റെഷനുവേണ്ടി നിര്‍മ്മിച്ച കാനനപാതയുടെ ഇരുവശങ്ങളിലും ഇടതൂര്‍ന്ന്‍ തൂങ്ങി നില്‍ക്കുന്ന കാട്ടുവള്ളികളും പ്രഭാതത്തിന്റെ നൈര്‍മ്മല്യത്തില്‍ കൊറ്റിനിറങ്ങിയ കിളികളുടെ കൂജനങ്ങളും ഉദയസൂര്യന്റെ മഞ്ഞക്കതിരുകള്‍ മഞ്ഞിന്റെ മേലാപ്പു വകഞ്ഞു മാറ്റി അങ്ങിങ്ങായി വരയ്ക്കുന്ന നിഴല്‍ചിത്രങ്ങളുടെ സര്‍ഗ്ഗധനതയും ആസ്വദിച്ചു നടന്നു നടന്ന് ഞങ്ങള്‍ തടാകക്കരയില്‍ എത്തിയപ്പോള്‍ ...
സ്വര്‍ഗ്ഗതുല്യമായ ഒരനുഭൂതി , അന്നുവരെ വായനയിലൂടെ മാത്രം അനുഭവിച്ചറിഞ്ഞിരുന്ന, പ്രകൃതിയുടെ നിസ്തുല നൈര്‍മ്മല്യം!
ആവിപറക്കുന്ന തടാകത്തിനുചുറ്റും ഗാഡമായി നിശ്വസിച്ചുറങ്ങുന്ന കാടിന്റെ പ്രശാന്തമായ നിഗൂഡതകളില്‍  കാഴ്ചയുടെ സ്വര്‍ഗീയ ലഹരിയിലലിഞ്ഞു ഹാഷിംസാറും ഞാനും പരിസരം മറന്നു പോയപ്പോള്‍,  എവിടെനിന്നോ മുഴങ്ങിയ ദാനിയേല്‍ മാഷിന്റെ വിളി ഞങ്ങളെ വര്‍ത്തമാനസത്യത്തിലേക്ക് വലിച്ചിറക്കി ..!

"ഹാഷിംസാര്‍ നമുക്കിവിടെ ഒരു പ്രത്യേക കാഴ്ച കാണാനുണ്ട് ...." 

" ഇവിടെയോ ..? "എന്താണ് ഡാനി .. .? " ഹാഷിംസാറിന്‍റെ കൌതുകത്തില്‍ ഞാനും പങ്കുചേര്‍ന്നു.

"അതെ .. ശബ്ദമുണ്ടാക്കാതെ  എന്റെ കൂടെ വരൂ...."  

ദാനിയേലിന്റെ പുറകേ കുന്നു കയറി നടക്കുമ്പോള്‍ ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം മാത്രം..! 
കല്ലുകള്‍ പാകിയുണ്ടാക്കിയ വഴിയിലൂടെ കയറിക്കയറി ചെന്നെത്തിയത് കാട്ടിലകളും പുല്ലും മേഞ്ഞു നിലം പതിഞ്ഞു കിടക്കുന്ന ഒരു ആദിവാസിക്കുടിലിന്റെ മുറ്റത്തായിരുന്നു..!
എന്നാല്‍ അത്യത്ഭുതത്തോടെ ആദിവാസിക്കുടിലില്‍ പുഞ്ചിരി തൂകി ഞങ്ങളെ എതിരേറ്റത് കാവികൊണ്ടുള്ള ചേലചുറ്റിയ ഒരു മദാമ്മയായിരുന്നു..!

ഇതൊരു പര്‍ണ്ണശാലയണെന്നും നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച്  സ്വാമി ആശ്ചര്യചര്യ എന്ന പേര് സ്വീകരിച്ച ബല്‍ജിയംകാരനായ ' ജീന്‍ ലെഷേര്‍ട്ട്  '(Jean Letschert) എന്ന ചിത്രകാരനായ സന്യാസിയാണ് ഈ ആശ്രമത്തിന്റെ ഉടമെയെന്നും , ഞങ്ങളെ എതിരേറ്റത്, അദ്ദേഷത്തിന്റെ പത്നിയായിരുന്നെന്നും ഡാനി വിശദീകരിച്ചപ്പോഴാണ് ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഒരുക്കിയ സസ്പെന്സിന്റെ നടുക്കത്തില്‍ നിന്നും ഞങ്ങള്‍ മോചിതരായത്..!

കോഴിക്കോട്ടെത്തുന്ന വിദേശ ടൂറിസ്റ്റൂുകള്‍ക്ക് സഹായിയായി പലപ്പോഴും പ്രവര്‍ത്തിച്ചിരുന്ന ഹാഷിംസാറിന്റെ ശുദ്ധമായ ആംഗലേയം,  ഫ്രെഞ്ച് ഭാഷ മാത്രം അറിയാമായിരുന്ന മദാമ്മയെ തെല്ലും സഹായിച്ചില്ല.. !

അപ്പോഴതാ തോളില്‍ ഒരു കാവുണ്ടവും* തൂക്കി സായിപ്പ് കുന്നിറങ്ങി വരുന്നു.. പുല്‍നാമ്പുകളെ പോലും നോവിക്കാതെ വളരെ സൂക്ഷ്മതയോടെയാണ് വരുന്നത്.. കാവുണ്ടത്തിന്റെ രണ്ടറ്റത്തും തൂങ്ങുന്നത് വെള്ളംനിറക്കുന്ന പാത്രങ്ങള്‍...!

ഉപചാരവാക്കുകളോടെ കാവുണ്ടം തോളില്‍ നിന്നിറക്കി അതിഥികളെ സ്വീകരിക്കാന്‍ അദ്ദേഹം ആശ്രമമുറ്റത്തേക്ക് ഇറങ്ങിവന്നു. 
നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന അദ്ദേഹം ഞങ്ങളെ പരിചയപ്പെടാനായി കൈനീട്ടി .. നേരത്തെ പരിചയമുള്ള ദാനിയേല്‍ മാഷ്‌ ഹാഷിംസാറിനെയും എന്നെയും പരിചയപ്പെടുത്തി.. ശാന്തനാണെങ്കിലും സംസാരപ്രിയനാണ് ആള്‍ എന്ന് മനസ്സിലായി ..

കാവുണ്ടം ചൂണ്ടിക്കാട്ടി ഹാഷിംസാര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ശരിയായ മഹത്വം ഞങ്ങള്‍ മനസ്സിലാക്കുന്നത് : ആശ്രമം കുടികൊള്ളുന്ന കുന്നിന്‍ മുകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ച് അവ നനക്കുവാന്‍ താഴെ തടാകത്തില്‍ നിന്നും വെള്ളമെടുത്തു കാവുണ്ടത്തില്‍ കെട്ടി മുകളിലേക്ക് നടന്നു കയറുകയാണ് മുടങ്ങാതെ നിത്യവും ..!

വ്യായാമവും വിനോദവും പ്രകൃതിസംരക്ഷണവും ..! 

വേദാന്ത ചിന്തകളും ശങ്കരദര്‍ശനവും പ്രകൃതിനശീകരണവും ഭരണകൂടത്തിന്റെ തലതിരിഞ്ഞ ആദിവാസി വികസനവും ഒക്കെയായി ചര്‍ച്ചകള്‍ നീണ്ടു പോയി..

ഈ ആശ്രമവും അത് നിലനില്‍ക്കുന്ന 25ഏക്കര്‍ ഭൂമിയും തുടക്കത്തില്‍ ഗവണ്മെന്റില്‍ നിന്ന് പാട്ടത്തിനു വാങ്ങിയതായിരുന്നെന്നും എന്നാല്‍ ചില നിയമപരമായ പ്രശ്നങ്ങളാല്‍ ഇപ്പോള്‍ ഇത് ശ്രീ ശങ്കരാചാര്യ ട്രസ്റ്റിന്റെ വകയാണെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്നു കുന്നിന്‍ചെരിവില്‍ മറ്റൊരുഭാഗത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു....

അവിടെയാണ് ആശ്ചര്യചര്യ സ്വാമികള്‍ ഞങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തിയത് ! , ഈ കെട്ടിടം അദ്ദേഹം തന്റെ പെയിന്റിംഗ് ഗ്യാലറിയായാണ് ഉപയോഗിക്കുന്നത് ....വരച്ചു തീര്‍ന്നതും വരച്ചു കൊണ്ടിരിക്കുന്നതുമായ അനേകം ചിത്രങ്ങള്‍!  താന്ത്രിക് ,  എനിഗ്മാറ്റിക്ക്  സങ്കേതങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട വിലയേറിയ രചനകള്‍ ...പലതും ദുര്‍ഗ്രഹമായിതോന്നി .. ചിലതെല്ലാം സ്വാമിജി തന്നെ വിശദീകരിച്ചു തന്നു.. സത്യത്തില്‍ ഒരു പെയിന്റിംഗ് എങ്ങനെ വായിക്കണം എന്ന് ശരിയായി മനസ്സിലാക്കുന്നതും അപ്പോഴായിരുന്നു. പൊതുവില്‍ അദ്ദേഹത്തിന്റെ സൃഷ്ട്ടികള്‍ ആത്മാവിറെ മുമ്പില്‍ തുറന്നു വെച്ച കണ്ണാടികളായിരുന്നു.



അദ്ദേഹത്തോടൊപ്പം സംസാരിച്ചിരുന്ന്  മൂന്നു മൂന്നര മണിക്കൂര്‍ കഴിഞ്ഞതറിഞ്ഞില്ല..!

സുഖലോലുപതയുടെ പാരമ്യതകള്‍ അനുഭവിച്ചറിഞ്ഞു,  ജീവിതത്തില്‍ പരമമായ ശാന്തിയേകാന്‍ ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ക്കു കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് , വിഹ്വലമായ ആശയ ചക്രവാളത്തില്‍ വിരക്തമായ പാശ്ചാത്യജീവിതം, ഹിപ്പിസം മതിയാക്കി പൌരസ്ത്യസനാതന ചിന്തകളില്‍ ആകൃഷടരാകാന്‍ തുടങ്ങിയിരുന്ന കാലഘട്ടത്തില്‍ അവരുടെ ഒരു യഥാര്‍ത്ഥ പ്രതിനിധിയെ കണ്ടെത്തിയ സന്തോഷവുമായി കുന്നിറങ്ങി മേപ്പാടിയില്‍ ചെബ്രമലയുടെ ചുവട്ടിലെ ദാനിയേലിന്റെ വീട്ടിലെത്തിയപ്പോഴും സ്വാമിജിയുടെ സ്വാധീനവലയത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മോചനം നേടാനായിരുന്നില്ല.

********
ഒരുവര്‍ഷത്തിനു ശേഷം വീണ്ടുമൊരിക്കല്‍ ദാനിയേലോടോത്ത്  പൂക്കോട്ടു തടാകക്കരയില്‍ വന്നെത്തിയപ്പോള്‍ തടാകത്തിനു ചുറ്റും നടപ്പാത തയ്യാറായിക്കഴിഞ്ഞിരുന്നു .. ടൂറിസ്റ്റുകളുടെ വരവ് വര്‍ധിച്ചിരുന്നു.. ചിറയും സമീപസ്ഥമായ കാടുകളും മനുഷ്യസഹവാസത്താല്‍ മുഷിഞ്ഞു തുടങ്ങിയിരുന്നു.. കുന്നു കയറി സ്വാമിജിയുടെ ആശ്രമത്തില്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് മലയാളിയായ ഒരു പരികര്‍മ്മി ..! സ്വാമിജിയെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണെന്ന മറുപടി ! ...പത്നി അദ്ദേഹത്തെ ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയപ്പോള്‍ ശാരീരികമായി അവശതകള്‍ ഉള്ള സ്വാമിജിക്ക്       
 സഹായത്തിന് ശ്രീശങ്കരമഠം ഏര്‍പ്പടാക്കിയ ആളാണ്‌ എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി. 

കുന്നിന്‍ മുകളില്‍ അദ്ദേഹം നട്ടുനനച്ച മരങ്ങള്‍ കുറെയൊക്കെ കുടചൂടിയാടുന്നു.. അതിലും കൂടുതല്‍ ഉണങ്ങി കുറ്റിക്കോലുകളായി മാറിയിരിക്കുന്നു!

പെയിന്റിങ്ങുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പരികര്‍മ്മി മൌനം ..! സായിപ്പിന് ഇപ്പോള്‍ വരയ്ക്കാന്‍ താല്‍പ്പര്യം ഇല്ലത്രെ ....ഗ്യാലറി ഒന്ന് സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചു അതുവഴി നടന്നപ്പോള്‍ പരികര്‍മ്മി വിലക്കി .. ആ കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്..
ഇച്ചാഭംഗത്തോടെ കുന്നിറങ്ങി യാത്രപറയുമ്പോള്‍ വിനയാന്വിതനായി യാത്രയാക്കാന്‍ പരികര്‍മ്മി മാത്രം പുറകില്‍ !

************************************

വര്‍ഷങ്ങള്‍ കടന്നു പോയി.. പ്രവാസിയായി മരുക്കാടുകളില്‍ അധ്വാനിക്കുമ്പോഴും ഇടയ്ക്കിടെ പൂക്കോട്ടുചിറയും കാനനഭംഗിയും തടാകക്കരയിലെ പ്രഭാതത്തിന്റെ വിടര്‍ന്ന മുഖവും സ്വാമിജിയും പത്നിയും ആശ്രമപരിപാവനതയും കനത്ത മഞ്ഞു പുതച്ച മൌനവും എല്ലാം ഇടയ്ക്കിടെ മനോമുകുരത്തില്‍ തെളിയും ..ഒരിക്കല്‍ക്കൂടി അവിടെയെത്തണം എന്ന് തീരുമാനിക്കും ...

ഒടുവില്‍,  രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരിമുറിയാതെ കാലവര്‍ഷം പെയ്തിറങ്ങുന്ന ദിനങ്ങളില്‍ ആസ്സാമിലെ ചിറാപുഞ്ചി കഴിഞ്ഞാല്‍ ലോകത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ മഴകിട്ടിയിരുന്ന ലക്കിടിയെ ഇന്റെര്‍നെറ്റിലൂടെ പഠിച്ചപ്പോള്‍ കണ്ടെത്തിയ അനേകം റിസോര്‍ട്ടുകളില്‍ ഒന്നില്‍,  പേരുകൊണ്ട് എന്നെ ആകര്‍ഷിച്ച റെയിന്‍ കണ്ട്രീ റിസോര്‍ട്ടില്‍ ഒരാഴ്ച കുടുംബസമേതം ചെലവഴിച്ച് മഴയുടെ ലഹരിപിടിപ്പിക്കുന്ന നിറവില്‍ ഒരു ദിവസം പൂക്കോട്ടു ചിറയില്‍ വീണ്ടുമെത്തി. കുടചൂടി കാറില്‍ നിന്നിറങ്ങിയ എന്നെ വരവേറ്റത് ഒരു നഗരമായിരുന്നു .. ! ടൂറിസം കൊണ്ട് ജീവിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ ഒരു കൊച്ചു നഗരം..! തടാകത്തിന്റെ ചുറ്റും പണ്ട് നിര്‍മ്മിച്ച നടപ്പാത ഇപ്പോള്‍ ടാറിട്ട റോഡായി മാറിയിരിക്കുന്നു.. തലങ്ങും വിലങ്ങും തടാകത്തില്‍ ബോട്ടുകള്‍ തുഴഞ്ഞു നീങ്ങുന്ന പുരുഷാരം! ഇടതടവില്ലാതെ വന്നു ചേരുന്ന ടൂറിസ്റ്റു വാഹനങ്ങളില്‍ നിന്നും സ്വകാര്യ വാഹനങ്ങളില്‍ നിന്നും ഉയരുന്ന പുകയും പൊടിയും കൊണ്ടു മുഷിഞ്ഞു നാറിയ പ്രകൃതി! ടൂറിസം വകുപ്പ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളാല്‍ അലങ്കോലമായിക്കിടക്കുന്ന ബോട്ടുജെട്ടിയും പരിസരവും .. കട്ടിപിടിച്ച അഴുക്കു നിറം കെടുത്തിയ തടാകത്തിലെ വെള്ളം...! ആകെക്കൂടി മനം പുരട്ടുന്ന ഒരനുഭവം ..!
വാഹനം പാര്‍ക്ക് ചെയ്യാന്‍ ടിക്കറ്റ് , അകത്തു കയറാന്‍ ടിക്കറ്റ് ,..ബോട്ടുയാത്രക്ക് വേറെ ടിക്കറ്റ് .................!

മക്കളെ ബോട്ട് യാത്രക്ക് വിട്ട് കുട വടിയാക്കി കുത്തിപ്പിടിച്ചു ഞാനും ഭാര്യയും തടാകക്കരയിലൂടെ നടന്നുതുടങ്ങി ...മഴവെള്ളം കുന്നുകളില്‍ നിന്ന് കുത്തിയൊലിച്ചിറങ്ങി തടാകം നിരന്തരം മണ്ണു വീണു തൂര്‍ന്നു കൊണ്ടിരിക്കയാണെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ..
വഴിയില്‍ അടിച്ചുവാരുന്ന അയല്‍ക്കൂട്ടം വനിതകള്‍ ലോഗ്യം കൂടി ഞങ്ങളെ അനുഗമിച്ചു തുടങ്ങി..ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥതകള്‍ കണ്ടും കേട്ടും നടന്ന് ആശ്രമത്തിന്റെ ഭാഗത്ത്‌ വന്നുചെര്‍ന്നപ്പോള്‍ പണ്ട് കുന്നുകയറിയ വഴി തിരഞ്ഞു... കാണുന്നില്ല ..
എന്താണ് അന്വേഷിക്കുന്നതെന്ന് അയല്‍ക്കൂട്ടക്കാരികളില്‍  ഒരാള്‍ ...
സംഗതി ചുരുക്കിപ്പറഞ്ഞു...
"ഹും...."   ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ അവര്‍ പറഞ്ഞു : ..."അങ്ങനെ ഞങ്ങളും ഓരോര്ത്താര്‍  പറീണ കേട്ടിക്കുണ്..പണ്ടിവടെ ഒരു സായ്‌വ് സന്ന്യാസിണ്ടായ്നീന്നും മൂപ്പര് പിന്നെ, ഒക്കെ ട്ടെര്‍ഞ്ഞു പോയീന്നും .."

ങ്ഉം.. അതെന്താ ..അയാള്‍ ഒക്കെ ഉപേക്ഷിച്ചു പോയത് ?  ആകാംക്ഷ ഇരട്ടിയായി !

"അതു ഞങ്ങക്കറിയൂല" ....... "ഓരോരുത്തര് ഓരോന്നു പറീണു കേട്ടുക്കുണ് " "അയാളെ നോക്കാന്‍ ബന്ന ഒരു ചെര്‍ക്കന്‍ കൂടെ നടന്നു ഒക്കെ പഠിച്ച് ....ഒടൂല് അയാക്കെതിരെ കേസ്സ് കൊടുത്തൂന്നോ ..ഒക്കെ ... ഏതായാലും മൂപ്പര് ഒക്കെ മാണ്ടാന്നും ബച്ചി ബംഗ്ലൂര്‍ക്ക് ബണ്ടി കേറിപ്പോയത്രേ.."

വാണിജ്യവല്‍ക്കരിക്കപ്പെട്ട ഭക്തിവ്യവസായത്തിന്റെ രക്തസാക്ഷിയായി  ജീന്‍ ലെഷേര്‍ട്ട് എന്ന ആശ്ചര്യചര്യ എന്ന നടരാജ ശിഷ്യന്‍ പിന്നീട് ബാംഗളൂരില്‍ താമസിക്കവേ 1999 മെയ്‌ മാസത്തില്‍ മരണമടഞ്ഞുവെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്താനായി. 

                                               ***********

* ത്രാസ്സു പോലെ മുളവടിയുടെ രണ്ടറ്റങ്ങളിലും തൂക്കി തോളില്‍ ഭാരംവഹിച്ചു നടക്കുന്ന പഴയകാലത്തെ ഒരു ഉപകരണം   

No comments: