Saturday, October 13, 2018

നുറുങ്ങു നൊമ്പരങ്ങള്‍

25-05-13
ഈ പെരും കൊള്ളക്കാരുടെ നാട്ടില്‍ 
ഒരു കൊച്ചു കള്ളനെങ്കിലുമായില്ലല്ലോ 
എന്നതാണിന്നെന്റെ ദു:ഖം !

മലയാളം ശ്രേഷ്ഠമാകുവാന്‍ 
മലയാളി ശ്രേഷ്ഠനാകുവാന്‍
മലയാളം വായിച്ചറിയണം!


24-06-13
വഴികള്‍ നിയമത്തിന്‍ വഴിക്കെന്നതൊരുകൂട്ടം!
വഴികള്‍ നിയമത്തെ വാഴിക്കാനെന്നൊരുകൂട്ടം!
വഴിയറിയാതലയുന്നു വിശക്കുന്ന ജനക്കൂട്ടം

01-07-13
കര്‍മ്മം അധര്‍മ്മത്തെ 
വളര്‍ത്തുമ്പോള്‍ ധര്‍മ്മം 
സകര്‍മ്മകമായിടും !

22-08-13
കണ്ണാടി വിഗ്രഹം 
തൊഴുകെന്നു ചൊന്ന ഗുരുവോ 
കണ്ണാടിക്കൂട്ടിലായി

08-09-13
അഴിമതികള്‍ക്ക് 
'അഴി'യില്ലാതെയാവുമ്പോള്‍
'മതി'യായിപ്പോവുന്നു !

16-09-13
ഇന്നലെകളോ ഇന്നോ 
അതോ നാളെയോ 
എന്നെ ആരാണ് തടവിലാക്കിയത് ?

17-09-13
ഞാനില്ലയെങ്കില്‍ നമ്മളുണ്ടാവില്ല !
ഞാന്‍ ഞാനാവണമെങ്കില്‍ 
നിങ്ങളും അവരും വേണമെന്നോ ?

19-09-13
കണ്ണടച്ചുപിടിക്കുന്നു 
മുഖക്കണ്ണാടി 
വൈകൃതം മറയ്ക്കുവാന്‍

20-09-13
Everybody says no.. never..! 
Somebody should come 
For yes.. forever...

24-09-13
നാവു നീട്ടി ചിറി തുടക്കുന്നു 
ഇളനീര്‍ക്കുലകളെ നോക്കി 
കുറേ വാക്കത്തികള്‍ !

24-09-13
ഉയരത്തിലുത്തരത്തില്‍ 
കഥയറിയാതെ ആടുന്നു 
ഒരു മലപ്പുറം കത്തി !

25-09-13
ചെകുത്താനും കടലിനും 
നടുക്കൊരു തുരുത്തുതേടി 
നീന്തിനീന്തിത്തളരുന്നു കഴുത !

26-09-13
പറഞ്ഞു പുകഴ്ത്തി 
ഞാനൊരു മഹാസംഭവമാണെന്ന് 
ഞെളിയുന്നു നീര്‍ക്കോലി !

മൊഴിമാറ്റങ്ങളും 'കിഴി'യാട്ടങ്ങളും
അരങ്ങുനിറഞ്ഞു വാഴുമ്പോള്‍ 
വിദൂഷകന്‍ വിഷണ്ണനാവുന്നു !

27-09-13
ഒടുവിലീവാരിധി നടുവില്‍ 
തുരുത്തൊന്നിലണയുന്നു ഗർദഭം..
അതു "സമ്മതിനിരാസ"മെന്നാകിലും..!
28-09-13
മാ നിഷാദാ...
നിഷേധികളാല്‍ നിഷ്ഫലമാക്കാതെയീ   
മഹാജനാധിപത്യം !

ഹൃദയം പകുത്തു നീ 
നേടിയ സൌഹൃദം
വഴിയിലെക്കുഴികളില്‍ 
വീണുടഞ്ഞോ ?

01-10-13
ഇരട്ടത്താഴിട്ടു പൂട്ടി
കോലോത്തെ ഭണ്ടാരപ്പെട്ടി 
തട്ടിന്‍പുറത്തെ എലികള്‍ !

അമ്പത്തൊന്നെന്നക്ഷരങ്ങളാല്‍
എണ്ണിയുറഞ്ഞാടിയവര്‍
ഏമ്പക്കവും വിട്ടുറക്കത്തിലാണല്ലേ...! 

02-10-13
നാഥുറാം കരയുന്നു 
ഗാന്ധി ജനിച്ചില്ലായിരുന്നെങ്കില്‍
എന്നോര്‍ത്തപ്പോള്‍

07-10-13
ഞാനും ഒരു മരത്തലയന്‍ 
ആയതിനാല്‍ നീയും 
ഒരു നേതാവായി !

08-10-13
തലക്കനം കൊണ്ട്
കണ്ണ് തുറക്കാനാവാതെ 
തറവാട്ടു കാരണവന്മാര്‍ !

18-10-13
ഉടുമുണ്ടഴിഞ്ഞു വീഴില്ലഹോ..!
അധികാരം കൊണ്ടരഞ്ഞാണം
തിരുമനസ്സിന് ..!

19-10-13

ഇരതേടിയലയുന്നു മാതൃകം 

മഞ്ഞിന്റെയുടയാട

മാറുന്നയിടവേളയില്‍




എരിയുന്ന ഹൃദയത്തില്‍ 

ഉയരും ജ്വരാഗ്നിയാല്‍ നെടുനീളെ


യോടുന്നു ജീവിതപ്പാതയില്‍ !



20-10-13

മൂപ്പെത്തിയാല്‍ മൂപ്പനാകും 
മുഴുപ്പെത്തിയാല്‍ മുഴുവനാവും 
മിഴി പൊത്തിയാല്‍ കുരുടനാവില്ല !


23-10-13

കടുപ്പമേറുന്നു നിരന്തരം 
കടും കാപ്പിക്കും ലഹരിക്കും 
പിന്നെ വെറുപ്പിനും


27-10-13
തല്ലു കൊള്ളുവാനേറെയിഷ്ടമോ..? 
അമ്മനാക്കിന്നു കൊമ്പു കോര്‍ക്കുവാന്‍ 
വീണ്ടുമമ്മൂമ്മ വന്നതെന്തിനാം !

Wednesday, July 26, 2017

നമോവാകം

നഷ്ടവസന്തം വീണ്ടും
പൂക്കളാൽ പുഞ്ചിരിക്കുന്നു..!
വിളിക്കാതെ വന്നുകയറിയ
ഇഷ്ടസൌഹൃദങ്ങളുടെ
ആകസ്മികതയിൽ,
എന്നോ മണ്ണടിഞ്ഞ
ഓർമ്മകളുടെ
വരണ്ടുണങ്ങിയ
വിത്തുകൾ
ഉണർന്നുയിരെടുത്തു
ദലമുകുളിതയാവുന്നു..!
ആരുടെ മാന്ത്രിക വിരലുകളാണ്
ഈ മുറിഞ്ഞുപോയ തന്തികളെ
മാസ്മരികവശ്യതയോടെ
വീണ്ടും മീട്ടിയത്..?
നരച്ചുമരിച്ച സൂര്യനും
വിളറിവിറയ്ക്കുന്നൊരമ്പിളിയും
വഴിയറിയാതെ കറങ്ങുന്ന
മൂവന്തിമുക്കിലൊരുജ്ജ്വല
നവതാരകം..!
കിഴക്കുനിന്നെത്തിയ
സിദ്ധരെപ്പോലെ
വീണ്ടുമൊരു പ്രതീക്ഷയുടെ
യൌവനം സ്വപ്നം കാണാൻ
അറിയാതെയെന്കിലും
അവസരം തന്നവനു നന്ദി..
സ്നേഹം മാത്രമാണ്
സ്വർഗ്ഗമെന്നറിയിച്ച
സതീർത്ഥ്യരേ
നമോവാകം.

Sunday, March 5, 2017

വന്ധ്യമേഘങ്ങൾ

വന്ധ്യമേഘങ്ങളേ നിങ്ങളീ ഭൂമിയിൽ
സാന്ദ്രസംഗീതം പൊഴിക്കുന്നതെന്നിനി..?

എണ്ണയിൽമുങ്ങിയീ ആതപക്കിണ്ണത്തിൽ
തന്നുടൽ വേവുന്നു നന്മയും മക്കളും
ഉള്ളകം കത്തുന്ന കാറ്റിന്റെ മർമ്മരം
വെണ്ണിലാപ്പൊയ്കതൻ ദണ്ണമായ് മാറിയോ..?

വന്ധ്യമേഘങ്ങളേ നിങ്ങളീ ഭൂമിയിൽ
സാന്ദ്രസംഗീതം പൊഴിക്കുന്നതെന്നിനി..?

കുഞ്ഞിളം മാങ്ങയും കണ്ണിലൊഴുക്കിയും
പുല്ലുമേയുന്നൊരാ കന്നുകിടാക്കളും
ഇന്നുവെളുപ്പിനു കണ്ട കിനാവിലെ
കണ്ണാരം പൊത്തിക്കളിക്കുന്ന തോഴിയും

അമ്മതൻ മാറിലെയമ്മിഞ്ഞച്ചേലുള്ള
കുന്നിന്നകക്കാമ്പു മണ്ണു കവർന്നിട്ടു
കണ്ണുകാണാതെയിരമ്പിപ്പറക്കുന്ന
വണ്ടിയിടിച്ചിട്ടു പാടേയുടഞ്ഞുപോയ്!

വന്ധ്യമേഘങ്ങളേ നിങ്ങളീ ഭൂമിയിൽ
സാന്ദ്രസംഗീതം പൊഴിക്കുന്നതെന്നിനി..?

Monday, August 1, 2016

ഞാന്‍ ദൈവം.

ഞാന്‍ ദൈവം.

എന്റെ കൈകളില്‍
വിശുദ്ധിയുടെ പൂക്കളുണ്ടായിരുന്നു
നിങ്ങളവ പറിച്ചെടുത്ത്
കല്ലുകളില്‍ ചാര്‍ത്തി
എന്നെ പരിഹസിക്കുകയായിരുന്നു!
എന്റെ കൈകളില്‍
സ്നേഹത്തിന്റെ മന്ത്രങ്ങളുണ്ടായിരുന്നു
നിങ്ങളവ കവര്‍ന്നെടുത്ത്
മായംചേര്‍ത്ത അനുഷ്ഠാനങ്ങളാക്കി!
എന്റെ വാക്കുകളില്‍
മര്‍ദ്ദിതന്റെ മോചനശാസ്ത്രമുണ്ടായിരുന്നു
നിങ്ങളവയെ
ആദേശിച്ചല്‍ഭുതങ്ങളാക്കി
ഒടുവിലെന്നെ
ചെങ്കോലേന്തിയ ഒരുരാജാവാക്കി !
എന്റെ താക്കീതുകളില്‍
മര്‍ദ്ദകര്‍ക്ക് സര്‍വനാശവും
ചൂഷകര്‍ക്ക് കൊടുംശിക്ഷകളും
സമ്പന്നനു ക്ലേശജീവിതവും
അഹങ്കാരികള്‍ക്ക് മരണവും
അലംഭാവികള്‍ക്ക് പരാജയവും
ഉണ്ടായിരുന്നത്,
നേര്‍ച്ചകളാലും വഴിപാടുകളാലും
പൂജകളാലും മന്ത്രങ്ങളാലും
തമസ്കരിക്കപ്പെടുന്ന ദോഷങ്ങളാക്കി!
എന്റെ വാക്കുകളില്‍, വരികളില്‍
ഒളിഞ്ഞ സത്യങ്ങള്‍ ചികഞ്ഞെടുക്കാതെ
ഒഴിഞ്ഞപാത്രമായ്, അഴിഞ്ഞസത്വമായ്
വഴിപിഴച്ചലഞ്ഞലിഞ്ഞു തീരുവാവാന്‍
വഴിയൊരുക്കി നിങ്ങള്‍ !!
സമസ്തലോകവും സമഷ്ടിജാലവും
സമന്വയിച്ചതില്‍ സഹര്‍ഷമേകുവാന്‍
നിനച്ചവാക്കുകള്‍ മുറിച്ചെടുത്തു നീ
നനച്ചുനാമ്പുകള്‍പടര്‍ത്തി വൈരവും
കഴുത്തറുക്കുവാന്‍ ചക്രവ്യൂഹവും !!
........
മനുഷ്യവര്‍ഗമേ,
മധുസ്മിതംതൂകിയ സകല വേദങ്ങളും
മധുരോദാരമായ് പാടിയ
സ്നേഹമന്ത്രങ്ങള്‍
കുശാഗ്രബുദ്ധിയാല്‍ മുറിച്ചു മാറ്റിനീ
കുടിലനീതികളുടെ കടുത്തകൈകളാല്‍
അറുത്തുമാറ്റിയ കബന്ധങ്ങല്‍ക്കുമേല്‍
ചുടലച്ചാരം കൊണ്ട് മൃത്യുപൂജ ചെയ്തില്ലേ..?
.........
രണഭൂമിയില്‍ സ്തബ്ധനായി
പുതച്ചുമൂടിയിരിക്കുന്നു
ഞാന്‍....ദൈവം..!
നിരാശനാണ് ഞാന്‍
തിരിച്ചുകിട്ടുമോയെന്നെറിയില്ല
എനിക്കു നഷ്ടമായ ഭൂമിയും
നിതാന്തസുന്ദരമായിരുന്ന
സ്വര്‍ഗ്ഗ സങ്കല്‍പ്പങ്ങളും!
******

Friday, July 1, 2016

ദാരാടാ..അബടെ

ദാരാടാ..അബടെ .....?
മൂടല്‍മഞ്ഞു പുതഞ്ഞ വയല്‍ വരമ്പിലേക്ക്‌ ടോര്‍ച്ചു ലൈറ്റ് മിന്നിച്ച് ചേക്കുഹാജി ചോദിച്ചു
“ ആരാന്നാ ചോയിച്ചത് ........ന്താടോ മുണ്ടാത്തത് ..?
തറവാട്ട്‌ വീട്ടിലെ രാത്രി സന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഹാജി , നീണ്ടു കിടക്കുന്ന പുഞ്ചപ്പാടം മുറിച്ചു കടന്നാണ് ഹാജിയാര്‍ക്ക് സ്വന്തം വീട്ടിലേക്കു പോകേണ്ടത്. രാത്രി വൈകിയിട്ടില്ല ...ഒമ്പത് മണിയോടടുത്തായിക്കാണും. നിലാവില്ലാത്തതിനാലും മഞ്ഞുമൂടിയതിനാലും പ്രായാധിക്യം കാരണം കാഴ്ച മങ്ങിയിരിക്കുന്നതിനാലും ചേക്കുഹാജി ഒന്ന് കൂടെ ഉച്ചത്തിലാക്കി ചോദ്യം ....
“ എന്താടോ മുണ്ടാണ്ടിരിക്ക്ണ്....ആരാന്നാ ചോയിച്ചത് ?
പച്ചപിടിച്ച നെല്ലിനുള്ളിലേക്ക് ഊര്‍ന്നുമുങ്ങി മറഞ്ഞിരിക്കുന്ന രണ്ടു പേരും പിടിക്കപ്പെട്ടു കഴിഞ്ഞു. മറുപടി പറഞ്ഞെ ഒക്കൂ..
ദ്....ഞങ്ങളാ..... പതിഞ്ഞ ശബ്ദത്തില്‍ മറുപടി
ഞങ്ങളോ ..? ...ഈ “ഞങ്ങള്” എന്തെടുക്ക്വാടോ അവടെ ?
“ ഞങ്ങള് നെല്ലിലെ കള പറിക്ക്യാ.....”
ഹാജി ഒന്ന് ഞെട്ടി ......! നെല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന ചെറുപ്പക്കാരുടെ മറുപടി കേട്ട്.
നട്ടപ്പാതിരക്കാണോടാ കള പറിക്കണത്‌ ..? സരസത കൈവിടാതെ ഹാജി.
“ഹാജിയാരെ..ഇത് ഞങ്ങള് കരാരെടുത്തതാ..തീര്‍ക്കാന്‍ വേണ്ടി രാത്രിയും പണിയാ..”
സ്വതേ ഗൌരവക്കാരനായ ഹാജിയാര്‍ കിലുങ്ങിചിരിച്ചു പോയി.. പിന്നൊന്നും പറഞ്ഞില്ല .. ഒന്നമര്‍ത്തിമൂളി മുണ്ടും കടിച്ചുപിടിച്ചു ടോര്‍ച്ചുമുന്നോട്ടു തെളിച്ചു ഹാജി നടന്നകന്നു.
വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഹാജിയാര്‍ ബീടരോട് മൊഴിഞ്ഞു....... “ ന്നത്തെ ചെറുപ്പക്കാരുടെ തോന്നിയവാസം ....ഓല് നട്ടപ്പാതിരാക്ക്‌ നെല്ലിലെ കള പറിച്യാണോലോ....! ഹറാം പറന്ന മക്കള് ...ഹും ...എന്തിനാ കുട്ട്യോളെ പറയണ് .....ഓളെയാണ് നാട്ട്ന്ന് പായിക്കണ്ടത്..... ആ ഒരുമ്പെട്ട പൊലിയാടിച്ചിനെ..” ചെറുപ്പക്കാരെ ബെടക്കാക്കുണ ഇബ്‍ലീസ്..
പുഞ്ചപ്പാടത്തിനു നടുക്കുള്ള തുരുത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഗ്രാമത്തിലെ ആസ്ഥാന ഗണിക കൊരോത്തി സുബൈദയോടാണ് ഹാജിയാരുടെ ആത്മരോഷം.
പഴയ കാലത്തിന്റെ ഒരു ചിത്രം വരയ്ക്കാനാണ് ഇത്രയും നാടകീയമായി അവതരിപ്പിച്ചത് . വിഷയം ആനുകാലികമണെങ്കിലും ചരിത്രത്തിന്റെ കണ്ണാടിയിലൂടെ വിശകലനം ചെയ്യുമ്പോഴേ “സദാചാരപോലീസിംഗ് “ പോലെയുള്ള ഇന്നത്തെ ചെറുപ്പക്കാരുടെ പല സാമൂഹ്യ സമസ്യകളും നിര്‍ദ്ദാരണം ചെയ്യാനാവൂ .
 
പ്രദിപാദ്യയായ കൊരോത്തി സുബൈദ ഒരു പ്രതീകം മാത്രമാവുന്നു. പണ്ടൊക്കെ ഓരോ ഗ്രാമത്തിലും രണ്ടോ മൂന്നോ ആസ്ഥാന ഗണികമാര്‍ സാദാ സേവനസന്നദ്ധരായി ജീവിച്ചിരുന്നു. യുവാക്കളുടെ കൌതുകസാക്ഷാത്കാരം ഇവരുടെ ധര്‍മ്മമായി അവര്‍ കണക്കാക്കിയിരുന്നു. ചരിത്രത്തില്‍ സമൂഹത്തിന്റെ അംഗീകാരത്തോടെ നടപ്പിലുണ്ടായിരുന്ന വെപ്പാട്ടി സമ്പ്രദായവും ദേവദാസി സമ്പ്രദായവും ഉദാഹരണങ്ങളാണ് . ജീവിതസാഹചര്യങ്ങളുടെ സമര്‍ദ്ദത്താലോ മാതാപിതാക്കളുടെ ചാപല്യത്താലോ ഗണികാവൃത്തി തൊഴിലായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി മാറിയ ഇത്തരം കൊരോത്തിമാര്‍ വാസ്തവത്തില്‍ ഒരവശ്യഘടകം തന്നെയായിരുന്നോ എന്ന് ചിന്തിച്ചു പോവുന്നത് ഇന്നിന്റെ പൌരബോധത്തിലെ അസഹനീയമായ ചില സങ്കീര്‍ണതകളാലാണ് ! മതപരമായ കാഴ്ചപ്പാടില്‍ അധാര്‍മികതയും അസാന്മാര്‍ഗികതയും ആയിരുന്നെങ്കിലും അതിലുപരി, അടിച്ചമര്‍ത്തപ്പെടുന്ന വികാരങ്ങള്‍ രാഷ്ട്രീയമായാലും ലൈംഗികതയായാലും അരാജകത്വവും അക്രമവാസനയും വളര്‍ത്തുന്നുവെന്ന ഫ്രോയിഡിയന്‍ മന:ശാസ്ത്രപര്യപ്രേക്ഷത്തില്‍ ഇവരുടെ സേവനം സാമൂഹ്യസുരക്ഷയ്ക്ക് അനിവാര്യതയായിരുന്നുവെന്നു നാം തിരിച്ചറിയുന്നുവോ ..?
പ്രവാസപര്‍വത്തിന്റെ ഉദയവും സാമ്പത്തിക സഹചര്യങ്ങളില്‍ ഉണ്ടായ ഉല്‍കര്‍ഷവും സമൂഹ്യബന്ധങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും കേരളീയരുടെ ജീവിതത്തെ തികച്ചും യാന്ത്രികമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ന്യുക്ളിയസ് കുടുംബങ്ങളും കുടുംബനാഥനില്ലാതെ വളരുന്ന കുട്ടികളും ലോഭജീവിതത്തിനു പ്രേരിപ്പിക്കുന്ന സാമ്പത്തികസൌകര്യങ്ങളും നിയമത്തെയെന്നല്ലആരെയും പേടിക്കാത്ത ഒരു തലമുറയെ സൃഷ്ട്ടിച്ചിരിക്കുന്നു! സാമൂഹ്യ ജീവിതത്തിലെ കാല്‍പനികഭാവവും സൌകുമാര്യവും ചോര്‍ന്നുപോയിരിക്കുന്നു.
പുതിയ കാലത്തിന്റെ സാങ്കേതികമാസ്മരികതയില്‍ സിനിമയും ടെലിവിഷനും സൈബര്‍ലോകവും മാനസിക ശാരീരിക മണ്ഡലങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും, മദ്യവും മയക്കുമരുന്നും അതില്‍ പകരുന്ന അഗ്നിയും, പാശ്ചാത്യ-പൌരസ്ത്യ സംസ്കൃതികളുടെ ആദേശവിനാഴികയില്‍ ആശങ്കാകലുഷിതമാവുന്ന യുവാക്കളുടെ ചിന്താമണ്ഡലത്തില്‍ ‍ ലൈംഗികദാഹം അക്രമാസക്തിയായി മാറുന്നുവെങ്കില്‍ കുറ്റം പറയേണ്ടത് സമൂഹത്തിന്റെ ഹിപ്പോക്രാറ്റിക്ക് ജഡതയെത്തന്നെയാകുന്നു.
സമ്പത്തിന്റെ മടിത്തട്ടില്‍ വളരുന്ന വരേണ്യവര്‍ഗ്ഗത്തിനും സാമ്പത്തികസുരക്ഷിത്വത്തിന്റെ ശീതളിമയില്‍ വളരുന്ന ഇടത്തരക്കാരനും ക്ഷിപ്രസാധ്യമായ ഭൌതികസൌകര്യങ്ങള്‍, സ്വപ്നം കണ്ടു ജീവിക്കുന്ന അടിസ്ഥാനവര്‍ഗ്ഗ യുവതക്ക് അപ്രതീക്ഷിതമായി വീണുകിട്ടുന്ന ഈസിമണിയുടെ പളപളപ്പില്‍ സുഖഭോഗങ്ങള്‍ അനുഭവിക്കാനുള്ള ആക്രാന്തത്തിലാണ് അനഭിലഷണീയമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് വിരുന്നൂട്ടുന്നത്. പലപ്പോഴും ഉപരിവര്‍ഗ്ഗരതിയും അരാജകത്വങ്ങളും വാര്‍ത്തയാവുന്നില്ല എന്നതും വാസ്തവമാണ്.
വന്‍ നഗരങ്ങളില്‍ ഭരണകൂടത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഗണികാലയങ്ങള്‍ ഒരു പരിധിവരെ സാമാന്യ സമൂഹത്തിലെ ലൈംഗികപീഠനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരമായിത്തീരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്. നമ്മുടെ ഗ്രാമങ്ങള്‍ സാംസ്കാരികമായി “ ഇല്ലത്ത് നിന്നിറങ്ങി, അമ്മാത്തൊട്ടെത്തിയുമില്ല “ എന്ന അവസ്ഥയിലാണിപ്പോള്‍!
ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ ലൈംഗികതയും മനുഷ്യന്റെ മൌലികമായ ആവശ്യങ്ങളായി അംഗീകരിക്കാനും അവ ലഭിക്കാത്ത പൌരന് അത് ലഭ്യമാക്കാനും ഒരു ജനാധിപത്യസമൂഹത്തിനു ബാധ്യതയുണ്ടായിരിക്കണം. വര്‍ഗ്ഗപരമായ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഇത്തരം ന്യൂനതകളും മുഴച്ചു നില്‍ക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്.
കണ്ണടച്ചാല്‍ ഇരുട്ടാവില്ല! സമൂഹത്തിലെ കളകള്‍പറിക്കാന്‍ കരാരെടുത്തു രാവും പകലും ഉറക്കമിളച്ചു സദാചാരകൊലകളില്‍ ന്യായീകരണം കാണുന്ന പകല്‍മാന്യന്മാര്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ കാണാഞ്ഞിട്ടല്ല.
കാണേണ്ടാത്തത് കണ്ടിട്ടും കാണാത്തമട്ടില്‍ നടന്നുപോയ സ്വാത്വികരായ ചേക്കുഹാജിമാരുടെ സഹിഷ്ണുത കൈമോശം വന്ന പുതിയ തലമുറ, വരികള്‍ക്കിടയിലൂടെ വായിക്കാതിരുന്നാല്‍ നമ്മുടെ ചെറുപ്പക്കാര്‍ ഇനിയുമിനിയും അനാവശ്യപ്രബുദ്ധതയുടെ ഇരകളായി ജയിലഴികള്‍ എണ്ണിയെണ്ണിക്കഴിയും.
                                                          ****************

Sunday, May 22, 2016

മരണമേ...

മരണമേ..
നീയെന്നെക്കാത്തു
നിൽക്കുന്നുവോ
വഴിവക്കിലെവിടെയോ
വഴികാട്ടിയാകുവാൻ.?

മതിയായതില്ലിനിയു
മൊരുപാടുകാതങ്ങള-
കലങ്ങളയനങ്ങൾ
നിയതികൾ താണ്ടുവാൻ

കൊതിയേറിടുന്നതിനു
കഴിയുമാറാവുമോ.?
മിഴിവുള്ള ചിത്രങ്ങ-
ളെഴുതുവാനാവുമോ.?

അഭിരാമമവനിയിൽ
മലരായി വിരിയുവാൻ
ഇണചേർന്ന പകലിന്റെ
യുയിരായിനിറയുവാൻ

അരികെഞാൻവന്നതേ
യറിയാതെയൊരുവേള
വഴിമാറിയകലുമോ
വരദാനമേകുമോ.?

മരണമേ..യവസാന
വരദാനമേകുമോ. ?

Sunday, February 28, 2016

നിസ്വൻ

നിമിഷാർദ്ധവേളയിൽ
ധരണിതൻ കാതിൽ
മുഴങ്ങും വെടിയൊച്ചയെത്ര
യെന്നെണ്ണുവാനാവുമോ.?
ചിതറിത്തെറിക്കുന്നു
രുധിരവുംമാംസവും
നറുകൗതുകത്തോപ്പി-
ലലയുന്ന മിഴികളും..!
ഇഹജന്മസാഫല്യ
മിയലുവാനറിയുവാൻ
കഠിനമായർപ്പിച്ച
സഹനവും സുകൃതവും..
ഒരുസുപ്രഭാതത്തി
ലറിയുന്നു.. വ്യർത്ഥമായ്
സകലവും നിഷ്പ്രഭം
അതിജീവനം കൃതം..!
അലയുന്നു നിസ്വനായ്
അകലെയാവില്ല...യാ
വാഗ്ദത്തഭൂമിയും
പരലോകസൗഖ്യവും.
ദുരമൂത്ത പൈത്യം
നിനക്കിന്നുമെന്നും.
മത-ജാതിവർഗീയ
വംശീയ വൈരമേ..
കഴുകനായുണ്ടുനീ-
യെൻറെയാകാശത്തിലും
ഇരയായഞാനിന്ന-
തറിയാൻ തുടങ്ങുന്നു.
ഇരയായഞാനിന്ന-
തറിയാൻ തുടങ്ങുന്നു.
              *******

Saturday, February 22, 2014

ഗുരുത്വം

"ങ്ങളെങ്ങട്ടാ ഈ കാലിനു ബയ്യാതെ കുന്ന് കേറാം പോക്വാ ...?"

വളഞ്ഞ കാലുള്ള വയസ്സന്‍ കുടയും കുത്തിപ്പിടിച്ച്  "ശ്രീനാരായണ ഗുരുകുലം " നിലകൊള്ളുന്ന കുന്ന് കയറാന്‍ ഒരുങ്ങുന്ന എന്റെ കയ്യില്‍ അവള്‍,  എന്റെ ഭാര്യ പിടിച്ചു തൂങ്ങി ...

"എനിക്കിതിന്റെ മോളില്‍ പോയി ആശ്രമം കാണണം " 
 എന്റെ വാശി, കൂടെ നടന്നു വന്നിരുന്ന തൂപ്പുജോലിക്കാരിയായ തങ്കമ്മയുടെ വാക്കുകളില്‍ മങ്ങിപ്പോയി 

"ങ്ങളാരെക്കാണാനാ അങ്ങട്ട് പോണത് ? ..അവുടെ ഒരമ്പലാ.. ങ്ങള ജാതിക്കാരുക്ക് അങ്ങട്ട് കേറാമ്പറ്റൂല.."

അത്ഭുതം കൂറുന്ന കണ്ണുകളുമായി ഞാന്‍ അവരെ തുറിച്ചു നോക്കി..

എഴുപതുകളുടെ അവസാനം
അധ്യാപക പരിശീലനക്കളരിയില്‍ പഠിക്കുന്ന കാലം .. വീട്ടിലേക്കു എട്ടുകിലോമീറ്റര്‍ മാത്രമേ ഉള്ളൂവെങ്കിലും ഭാര്‍ഗ്ഗവീനിലയം പോലെ പൊളിഞ്ഞു വീഴാനൊരുങ്ങിനില്‍ക്കുന്ന മുക്കിലങ്ങാടിയിലെ ആ ഹോസ്റ്റല്‍ ഒരു മോഹവലയമായിരുന്നു..!
മുകളിലെനിലയില്‍ വരാന്തയുടെ പടിഞ്ഞാറേ കോണില്‍ കട്ടിലിട്ട് മുറിതിരിക്കുവാന്‍ ഒരു കര്‍ട്ടനും തൂക്കി ഏകാന്തനായി ഞാന്‍ മേല്‍പ്പുരയുടെ പൂപ്പല്‍ പിടിച്ച കഴുക്കോലുകളും നിറം മങ്ങിയ ഓടും കണ്ടുകൊണ്ട് ഭാവനയുടെ ലോകത്തു യൌവനക്കുതിപ്പുകളെ പിടിച്ചു കെട്ടുന്ന കാലം !

നേരെ താഴെ ഒന്നാം നിലയിലെ അത്യാവശ്യം വിസ്താരമുള്ള കിടപ്പുമുറി ഓര്‍ഫനെജ് ഹൈസ്കൂളിലെ അധ്യാപകരുടെതായിരുന്നു. കറുത്ത് തടിച്ച ഭീമാകരനായിരുന്നെങ്കിലും ഒരുണ്ണിക്കുട്ടന്റെ മനസ്സുണ്ടായിരുന്ന കണക്കുമാഷു രാജേന്ദ്രനും; പില്‍ക്കാലത്ത് നാട്ടിലെ പ്രശസ്ത ഹൈസ്കൂള്‍ പ്രധാനാധ്യാപകനായി തലമുറകള്‍ക്ക് നായകനായി വിരമിച്ച ഹൈദര്‍മാഷും ജന്മം കൊണ്ടു ക്രിസ്ത്യാനിആയിരുന്നെങ്കിലും മൈസൂരില്‍ അധ്യാപകപരിശീലനം നേടിയ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ ജീവിതം കൊണ്ട് പരമഹംസ ദര്‍ശനവും വിവേകാനന്ദസാഹിത്യവും പഠിച്ചു സനാതനധര്‍മ്മം ജീവിതശൈലിയാക്കി മാറ്റിയ ദാനിയേല്‍ മാഷും; പാരലല്‍കോളേജില്‍ പഠിപ്പിക്കുന്നവരായ,  പുലര്‍ച്ചെ കുളിച്ചൊരുങ്ങി ചുരുളന്‍ മുടിയില്‍ കുരുവിക്കൂടുകളൂമായി വന്നു പത്രപാരായണവും വൈജ്ഞാനികചര്‍ച്ചകളും നടത്തുന്ന വെളുത്തു നീണ്ട ചന്ദ്രന്‍മാഷും ; കോഴിക്കോട്ടു നിന്ന്  ആദ്യത്തെ ബസിനു പുറപ്പെട്ട് ഒമ്പത് മണിക്ക് വന്നു ചേരുന്ന കൃശഗാത്രനെങ്കിലും ചെറിയ തലയില്‍ വലിയ തലച്ചോറുള്ള ഇന്ഗ്ലീഷ് ലക്ചര്‍ ഹാഷിം സാറും......ഒമ്പത് മണിമുതല്‍ ഒഴുകിയെത്തുന്ന ബഹുവര്‍ണ്ണക്കിളികളുടെ കളകൂജനങ്ങളും സഹപാഠികളായിരുന്ന നാദാപുരം സൂപ്പിയുടെയും വടകരക്കാരന്‍ കൊച്ചു മുരളിയുടെയും കൊഴക്കോട്ടൂരുകാരന്‍  പപ്പന്റെയും വികൃതികളും ഒക്കെ ചേര്‍ന്നാല്‍ പിന്നെ നാടും വീടും മറന്നു പോകുന്നതില്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലായിരുന്നു!

വൈകിട്ട് ഷട്ടില്‍ ബാറ്റ്മിണ്ടന്‍ കളികഴിഞ്ഞ് വിയര്‍പ്പു വറ്റാന്‍ ഇരിക്കുമ്പോഴായിരുക്കും ദാനിയേലിന്റെ വേദാന്തപാഠങ്ങള്‍ തുടങ്ങുക .. ആദ്യമൊക്കെ വിരസത തോന്നിയിരുന്നെങ്കിലും മാര്‍ക്സിസം ലെനിനിസം തലക്കു കയറി, മാവോയിസം വരെ കാടുകയറി ഒരെത്തും പിടിയും കിട്ടാതെ സന്ത്രാസത്തില്‍ വിരാജിച്ചിരുന്ന അന്വേഷകന് , ഒടുവില്‍ ഗുരുസാഗരം ശാന്തിയായി മാറുന്നത് ക്രമേണ അനുഭവിച്ചറിയാന്‍ തുടങ്ങി..! ശരീര പുഷ്ട്ടിക്കായി തുടങ്ങിയ വ്യായാമമുറകള്‍ യോഗാസനങ്ങളിലേക്കും ഒടുവില്‍ പുഴക്കരയില്‍ കാടുപിടിച്ചുകിടന്നിരുന്ന ശ്രീകോവിലില്‍ പ്രഭാത-സന്ധ്യാദീപം കൊളുത്തുന്നതു മുതല്‍ ശബരിമല ദര്‍ശനത്തിനായി മാലയിട്ട ദാനിയേലിന്റെ കൂടെ തൃക്കുടമണ്ണയില്‍  ഭജനയ്ക്കുകൂടിയത് വരെ എത്തിനില്‍ക്കുന്ന ആത്മീയപര്‍വത്തില്‍ ഒരു ദിവസം ....ദാനിയേല്‍ ക്ഷണിച്ചു വയനാട്ടിലേക്ക് , മേപ്പാടിയിലെ സ്വന്തം വീട്ടിലേക്ക്‌ .....ഒരു വാരാന്ത്യം  ചെലവിടാന്‍..
എന്നാല്‍ പോകാന്‍ തയ്യാറായത്  ഞാനും ഹാഷിംസാറും മാത്രം..!

ഒരു ശനിയാഴ്ച പുലര്‍ച്ചെ ആദ്യബസ്സിന്  ചുരം കയറി .. മുമ്പ് രണ്ടു പ്രാവശ്യം ചുരം കയറി മൈസൂരിലേക്ക് പോയിരുന്നെങ്കിലും വയനാടിനെ നടന്ന് കാണുന്നത് ഇതാദ്യമായാണ് .. !
ലക്കിടിയില്‍ ബസ്സിറങ്ങി വീശിയടിക്കുന്ന കോടക്കാറ്റില്‍ ഊളിയിട്ട് വിറക്കുന്ന ചുണ്ടുകളോടെ കവലയിലെ തട്ടുകടയില്‍ നിന്ന് കിട്ടിയ ശുദ്ധമായ ചായയും കുടിച്ച് ദാനിയേല്‍ പറയുന്ന കാനനകഥകള്‍ക്ക് മൂളിക്കൊണ്ട് നടന്നു .. വയല്‍നാടിന്റെ മാനസസരോവരം കാണാന്‍ ..പൂക്കോട്ടുതടാകക്കരയിലേക്ക്.

സുഗന്ധഗിരി  ഏലം പ്ലാന്റെഷനുവേണ്ടി നിര്‍മ്മിച്ച കാനനപാതയുടെ ഇരുവശങ്ങളിലും ഇടതൂര്‍ന്ന്‍ തൂങ്ങി നില്‍ക്കുന്ന കാട്ടുവള്ളികളും പ്രഭാതത്തിന്റെ നൈര്‍മ്മല്യത്തില്‍ കൊറ്റിനിറങ്ങിയ കിളികളുടെ കൂജനങ്ങളും ഉദയസൂര്യന്റെ മഞ്ഞക്കതിരുകള്‍ മഞ്ഞിന്റെ മേലാപ്പു വകഞ്ഞു മാറ്റി അങ്ങിങ്ങായി വരയ്ക്കുന്ന നിഴല്‍ചിത്രങ്ങളുടെ സര്‍ഗ്ഗധനതയും ആസ്വദിച്ചു നടന്നു നടന്ന് ഞങ്ങള്‍ തടാകക്കരയില്‍ എത്തിയപ്പോള്‍ ...
സ്വര്‍ഗ്ഗതുല്യമായ ഒരനുഭൂതി , അന്നുവരെ വായനയിലൂടെ മാത്രം അനുഭവിച്ചറിഞ്ഞിരുന്ന, പ്രകൃതിയുടെ നിസ്തുല നൈര്‍മ്മല്യം!
ആവിപറക്കുന്ന തടാകത്തിനുചുറ്റും ഗാഡമായി നിശ്വസിച്ചുറങ്ങുന്ന കാടിന്റെ പ്രശാന്തമായ നിഗൂഡതകളില്‍  കാഴ്ചയുടെ സ്വര്‍ഗീയ ലഹരിയിലലിഞ്ഞു ഹാഷിംസാറും ഞാനും പരിസരം മറന്നു പോയപ്പോള്‍,  എവിടെനിന്നോ മുഴങ്ങിയ ദാനിയേല്‍ മാഷിന്റെ വിളി ഞങ്ങളെ വര്‍ത്തമാനസത്യത്തിലേക്ക് വലിച്ചിറക്കി ..!

"ഹാഷിംസാര്‍ നമുക്കിവിടെ ഒരു പ്രത്യേക കാഴ്ച കാണാനുണ്ട് ...." 

" ഇവിടെയോ ..? "എന്താണ് ഡാനി .. .? " ഹാഷിംസാറിന്‍റെ കൌതുകത്തില്‍ ഞാനും പങ്കുചേര്‍ന്നു.

"അതെ .. ശബ്ദമുണ്ടാക്കാതെ  എന്റെ കൂടെ വരൂ...."  

ദാനിയേലിന്റെ പുറകേ കുന്നു കയറി നടക്കുമ്പോള്‍ ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം മാത്രം..! 
കല്ലുകള്‍ പാകിയുണ്ടാക്കിയ വഴിയിലൂടെ കയറിക്കയറി ചെന്നെത്തിയത് കാട്ടിലകളും പുല്ലും മേഞ്ഞു നിലം പതിഞ്ഞു കിടക്കുന്ന ഒരു ആദിവാസിക്കുടിലിന്റെ മുറ്റത്തായിരുന്നു..!
എന്നാല്‍ അത്യത്ഭുതത്തോടെ ആദിവാസിക്കുടിലില്‍ പുഞ്ചിരി തൂകി ഞങ്ങളെ എതിരേറ്റത് കാവികൊണ്ടുള്ള ചേലചുറ്റിയ ഒരു മദാമ്മയായിരുന്നു..!

ഇതൊരു പര്‍ണ്ണശാലയണെന്നും നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച്  സ്വാമി ആശ്ചര്യചര്യ എന്ന പേര് സ്വീകരിച്ച ബല്‍ജിയംകാരനായ ' ജീന്‍ ലെഷേര്‍ട്ട്  '(Jean Letschert) എന്ന ചിത്രകാരനായ സന്യാസിയാണ് ഈ ആശ്രമത്തിന്റെ ഉടമെയെന്നും , ഞങ്ങളെ എതിരേറ്റത്, അദ്ദേഷത്തിന്റെ പത്നിയായിരുന്നെന്നും ഡാനി വിശദീകരിച്ചപ്പോഴാണ് ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഒരുക്കിയ സസ്പെന്സിന്റെ നടുക്കത്തില്‍ നിന്നും ഞങ്ങള്‍ മോചിതരായത്..!

കോഴിക്കോട്ടെത്തുന്ന വിദേശ ടൂറിസ്റ്റൂുകള്‍ക്ക് സഹായിയായി പലപ്പോഴും പ്രവര്‍ത്തിച്ചിരുന്ന ഹാഷിംസാറിന്റെ ശുദ്ധമായ ആംഗലേയം,  ഫ്രെഞ്ച് ഭാഷ മാത്രം അറിയാമായിരുന്ന മദാമ്മയെ തെല്ലും സഹായിച്ചില്ല.. !

അപ്പോഴതാ തോളില്‍ ഒരു കാവുണ്ടവും* തൂക്കി സായിപ്പ് കുന്നിറങ്ങി വരുന്നു.. പുല്‍നാമ്പുകളെ പോലും നോവിക്കാതെ വളരെ സൂക്ഷ്മതയോടെയാണ് വരുന്നത്.. കാവുണ്ടത്തിന്റെ രണ്ടറ്റത്തും തൂങ്ങുന്നത് വെള്ളംനിറക്കുന്ന പാത്രങ്ങള്‍...!

ഉപചാരവാക്കുകളോടെ കാവുണ്ടം തോളില്‍ നിന്നിറക്കി അതിഥികളെ സ്വീകരിക്കാന്‍ അദ്ദേഹം ആശ്രമമുറ്റത്തേക്ക് ഇറങ്ങിവന്നു. 
നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന അദ്ദേഹം ഞങ്ങളെ പരിചയപ്പെടാനായി കൈനീട്ടി .. നേരത്തെ പരിചയമുള്ള ദാനിയേല്‍ മാഷ്‌ ഹാഷിംസാറിനെയും എന്നെയും പരിചയപ്പെടുത്തി.. ശാന്തനാണെങ്കിലും സംസാരപ്രിയനാണ് ആള്‍ എന്ന് മനസ്സിലായി ..

കാവുണ്ടം ചൂണ്ടിക്കാട്ടി ഹാഷിംസാര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ശരിയായ മഹത്വം ഞങ്ങള്‍ മനസ്സിലാക്കുന്നത് : ആശ്രമം കുടികൊള്ളുന്ന കുന്നിന്‍ മുകളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ച് അവ നനക്കുവാന്‍ താഴെ തടാകത്തില്‍ നിന്നും വെള്ളമെടുത്തു കാവുണ്ടത്തില്‍ കെട്ടി മുകളിലേക്ക് നടന്നു കയറുകയാണ് മുടങ്ങാതെ നിത്യവും ..!

വ്യായാമവും വിനോദവും പ്രകൃതിസംരക്ഷണവും ..! 

വേദാന്ത ചിന്തകളും ശങ്കരദര്‍ശനവും പ്രകൃതിനശീകരണവും ഭരണകൂടത്തിന്റെ തലതിരിഞ്ഞ ആദിവാസി വികസനവും ഒക്കെയായി ചര്‍ച്ചകള്‍ നീണ്ടു പോയി..

ഈ ആശ്രമവും അത് നിലനില്‍ക്കുന്ന 25ഏക്കര്‍ ഭൂമിയും തുടക്കത്തില്‍ ഗവണ്മെന്റില്‍ നിന്ന് പാട്ടത്തിനു വാങ്ങിയതായിരുന്നെന്നും എന്നാല്‍ ചില നിയമപരമായ പ്രശ്നങ്ങളാല്‍ ഇപ്പോള്‍ ഇത് ശ്രീ ശങ്കരാചാര്യ ട്രസ്റ്റിന്റെ വകയാണെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്നു കുന്നിന്‍ചെരിവില്‍ മറ്റൊരുഭാഗത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു....

അവിടെയാണ് ആശ്ചര്യചര്യ സ്വാമികള്‍ ഞങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തിയത് ! , ഈ കെട്ടിടം അദ്ദേഹം തന്റെ പെയിന്റിംഗ് ഗ്യാലറിയായാണ് ഉപയോഗിക്കുന്നത് ....വരച്ചു തീര്‍ന്നതും വരച്ചു കൊണ്ടിരിക്കുന്നതുമായ അനേകം ചിത്രങ്ങള്‍!  താന്ത്രിക് ,  എനിഗ്മാറ്റിക്ക്  സങ്കേതങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട വിലയേറിയ രചനകള്‍ ...പലതും ദുര്‍ഗ്രഹമായിതോന്നി .. ചിലതെല്ലാം സ്വാമിജി തന്നെ വിശദീകരിച്ചു തന്നു.. സത്യത്തില്‍ ഒരു പെയിന്റിംഗ് എങ്ങനെ വായിക്കണം എന്ന് ശരിയായി മനസ്സിലാക്കുന്നതും അപ്പോഴായിരുന്നു. പൊതുവില്‍ അദ്ദേഹത്തിന്റെ സൃഷ്ട്ടികള്‍ ആത്മാവിറെ മുമ്പില്‍ തുറന്നു വെച്ച കണ്ണാടികളായിരുന്നു.



അദ്ദേഹത്തോടൊപ്പം സംസാരിച്ചിരുന്ന്  മൂന്നു മൂന്നര മണിക്കൂര്‍ കഴിഞ്ഞതറിഞ്ഞില്ല..!

സുഖലോലുപതയുടെ പാരമ്യതകള്‍ അനുഭവിച്ചറിഞ്ഞു,  ജീവിതത്തില്‍ പരമമായ ശാന്തിയേകാന്‍ ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ക്കു കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് , വിഹ്വലമായ ആശയ ചക്രവാളത്തില്‍ വിരക്തമായ പാശ്ചാത്യജീവിതം, ഹിപ്പിസം മതിയാക്കി പൌരസ്ത്യസനാതന ചിന്തകളില്‍ ആകൃഷടരാകാന്‍ തുടങ്ങിയിരുന്ന കാലഘട്ടത്തില്‍ അവരുടെ ഒരു യഥാര്‍ത്ഥ പ്രതിനിധിയെ കണ്ടെത്തിയ സന്തോഷവുമായി കുന്നിറങ്ങി മേപ്പാടിയില്‍ ചെബ്രമലയുടെ ചുവട്ടിലെ ദാനിയേലിന്റെ വീട്ടിലെത്തിയപ്പോഴും സ്വാമിജിയുടെ സ്വാധീനവലയത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മോചനം നേടാനായിരുന്നില്ല.

********
ഒരുവര്‍ഷത്തിനു ശേഷം വീണ്ടുമൊരിക്കല്‍ ദാനിയേലോടോത്ത്  പൂക്കോട്ടു തടാകക്കരയില്‍ വന്നെത്തിയപ്പോള്‍ തടാകത്തിനു ചുറ്റും നടപ്പാത തയ്യാറായിക്കഴിഞ്ഞിരുന്നു .. ടൂറിസ്റ്റുകളുടെ വരവ് വര്‍ധിച്ചിരുന്നു.. ചിറയും സമീപസ്ഥമായ കാടുകളും മനുഷ്യസഹവാസത്താല്‍ മുഷിഞ്ഞു തുടങ്ങിയിരുന്നു.. കുന്നു കയറി സ്വാമിജിയുടെ ആശ്രമത്തില്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് മലയാളിയായ ഒരു പരികര്‍മ്മി ..! സ്വാമിജിയെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണെന്ന മറുപടി ! ...പത്നി അദ്ദേഹത്തെ ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയപ്പോള്‍ ശാരീരികമായി അവശതകള്‍ ഉള്ള സ്വാമിജിക്ക്       
 സഹായത്തിന് ശ്രീശങ്കരമഠം ഏര്‍പ്പടാക്കിയ ആളാണ്‌ എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി. 

കുന്നിന്‍ മുകളില്‍ അദ്ദേഹം നട്ടുനനച്ച മരങ്ങള്‍ കുറെയൊക്കെ കുടചൂടിയാടുന്നു.. അതിലും കൂടുതല്‍ ഉണങ്ങി കുറ്റിക്കോലുകളായി മാറിയിരിക്കുന്നു!

പെയിന്റിങ്ങുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പരികര്‍മ്മി മൌനം ..! സായിപ്പിന് ഇപ്പോള്‍ വരയ്ക്കാന്‍ താല്‍പ്പര്യം ഇല്ലത്രെ ....ഗ്യാലറി ഒന്ന് സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചു അതുവഴി നടന്നപ്പോള്‍ പരികര്‍മ്മി വിലക്കി .. ആ കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്..
ഇച്ചാഭംഗത്തോടെ കുന്നിറങ്ങി യാത്രപറയുമ്പോള്‍ വിനയാന്വിതനായി യാത്രയാക്കാന്‍ പരികര്‍മ്മി മാത്രം പുറകില്‍ !

************************************

വര്‍ഷങ്ങള്‍ കടന്നു പോയി.. പ്രവാസിയായി മരുക്കാടുകളില്‍ അധ്വാനിക്കുമ്പോഴും ഇടയ്ക്കിടെ പൂക്കോട്ടുചിറയും കാനനഭംഗിയും തടാകക്കരയിലെ പ്രഭാതത്തിന്റെ വിടര്‍ന്ന മുഖവും സ്വാമിജിയും പത്നിയും ആശ്രമപരിപാവനതയും കനത്ത മഞ്ഞു പുതച്ച മൌനവും എല്ലാം ഇടയ്ക്കിടെ മനോമുകുരത്തില്‍ തെളിയും ..ഒരിക്കല്‍ക്കൂടി അവിടെയെത്തണം എന്ന് തീരുമാനിക്കും ...

ഒടുവില്‍,  രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരിമുറിയാതെ കാലവര്‍ഷം പെയ്തിറങ്ങുന്ന ദിനങ്ങളില്‍ ആസ്സാമിലെ ചിറാപുഞ്ചി കഴിഞ്ഞാല്‍ ലോകത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ മഴകിട്ടിയിരുന്ന ലക്കിടിയെ ഇന്റെര്‍നെറ്റിലൂടെ പഠിച്ചപ്പോള്‍ കണ്ടെത്തിയ അനേകം റിസോര്‍ട്ടുകളില്‍ ഒന്നില്‍,  പേരുകൊണ്ട് എന്നെ ആകര്‍ഷിച്ച റെയിന്‍ കണ്ട്രീ റിസോര്‍ട്ടില്‍ ഒരാഴ്ച കുടുംബസമേതം ചെലവഴിച്ച് മഴയുടെ ലഹരിപിടിപ്പിക്കുന്ന നിറവില്‍ ഒരു ദിവസം പൂക്കോട്ടു ചിറയില്‍ വീണ്ടുമെത്തി. കുടചൂടി കാറില്‍ നിന്നിറങ്ങിയ എന്നെ വരവേറ്റത് ഒരു നഗരമായിരുന്നു .. ! ടൂറിസം കൊണ്ട് ജീവിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ ഒരു കൊച്ചു നഗരം..! തടാകത്തിന്റെ ചുറ്റും പണ്ട് നിര്‍മ്മിച്ച നടപ്പാത ഇപ്പോള്‍ ടാറിട്ട റോഡായി മാറിയിരിക്കുന്നു.. തലങ്ങും വിലങ്ങും തടാകത്തില്‍ ബോട്ടുകള്‍ തുഴഞ്ഞു നീങ്ങുന്ന പുരുഷാരം! ഇടതടവില്ലാതെ വന്നു ചേരുന്ന ടൂറിസ്റ്റു വാഹനങ്ങളില്‍ നിന്നും സ്വകാര്യ വാഹനങ്ങളില്‍ നിന്നും ഉയരുന്ന പുകയും പൊടിയും കൊണ്ടു മുഷിഞ്ഞു നാറിയ പ്രകൃതി! ടൂറിസം വകുപ്പ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളാല്‍ അലങ്കോലമായിക്കിടക്കുന്ന ബോട്ടുജെട്ടിയും പരിസരവും .. കട്ടിപിടിച്ച അഴുക്കു നിറം കെടുത്തിയ തടാകത്തിലെ വെള്ളം...! ആകെക്കൂടി മനം പുരട്ടുന്ന ഒരനുഭവം ..!
വാഹനം പാര്‍ക്ക് ചെയ്യാന്‍ ടിക്കറ്റ് , അകത്തു കയറാന്‍ ടിക്കറ്റ് ,..ബോട്ടുയാത്രക്ക് വേറെ ടിക്കറ്റ് .................!

മക്കളെ ബോട്ട് യാത്രക്ക് വിട്ട് കുട വടിയാക്കി കുത്തിപ്പിടിച്ചു ഞാനും ഭാര്യയും തടാകക്കരയിലൂടെ നടന്നുതുടങ്ങി ...മഴവെള്ളം കുന്നുകളില്‍ നിന്ന് കുത്തിയൊലിച്ചിറങ്ങി തടാകം നിരന്തരം മണ്ണു വീണു തൂര്‍ന്നു കൊണ്ടിരിക്കയാണെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ..
വഴിയില്‍ അടിച്ചുവാരുന്ന അയല്‍ക്കൂട്ടം വനിതകള്‍ ലോഗ്യം കൂടി ഞങ്ങളെ അനുഗമിച്ചു തുടങ്ങി..ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥതകള്‍ കണ്ടും കേട്ടും നടന്ന് ആശ്രമത്തിന്റെ ഭാഗത്ത്‌ വന്നുചെര്‍ന്നപ്പോള്‍ പണ്ട് കുന്നുകയറിയ വഴി തിരഞ്ഞു... കാണുന്നില്ല ..
എന്താണ് അന്വേഷിക്കുന്നതെന്ന് അയല്‍ക്കൂട്ടക്കാരികളില്‍  ഒരാള്‍ ...
സംഗതി ചുരുക്കിപ്പറഞ്ഞു...
"ഹും...."   ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ അവര്‍ പറഞ്ഞു : ..."അങ്ങനെ ഞങ്ങളും ഓരോര്ത്താര്‍  പറീണ കേട്ടിക്കുണ്..പണ്ടിവടെ ഒരു സായ്‌വ് സന്ന്യാസിണ്ടായ്നീന്നും മൂപ്പര് പിന്നെ, ഒക്കെ ട്ടെര്‍ഞ്ഞു പോയീന്നും .."

ങ്ഉം.. അതെന്താ ..അയാള്‍ ഒക്കെ ഉപേക്ഷിച്ചു പോയത് ?  ആകാംക്ഷ ഇരട്ടിയായി !

"അതു ഞങ്ങക്കറിയൂല" ....... "ഓരോരുത്തര് ഓരോന്നു പറീണു കേട്ടുക്കുണ് " "അയാളെ നോക്കാന്‍ ബന്ന ഒരു ചെര്‍ക്കന്‍ കൂടെ നടന്നു ഒക്കെ പഠിച്ച് ....ഒടൂല് അയാക്കെതിരെ കേസ്സ് കൊടുത്തൂന്നോ ..ഒക്കെ ... ഏതായാലും മൂപ്പര് ഒക്കെ മാണ്ടാന്നും ബച്ചി ബംഗ്ലൂര്‍ക്ക് ബണ്ടി കേറിപ്പോയത്രേ.."

വാണിജ്യവല്‍ക്കരിക്കപ്പെട്ട ഭക്തിവ്യവസായത്തിന്റെ രക്തസാക്ഷിയായി  ജീന്‍ ലെഷേര്‍ട്ട് എന്ന ആശ്ചര്യചര്യ എന്ന നടരാജ ശിഷ്യന്‍ പിന്നീട് ബാംഗളൂരില്‍ താമസിക്കവേ 1999 മെയ്‌ മാസത്തില്‍ മരണമടഞ്ഞുവെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്താനായി. 

                                               ***********

* ത്രാസ്സു പോലെ മുളവടിയുടെ രണ്ടറ്റങ്ങളിലും തൂക്കി തോളില്‍ ഭാരംവഹിച്ചു നടക്കുന്ന പഴയകാലത്തെ ഒരു ഉപകരണം   

Tuesday, February 18, 2014

അതിഥി

ആകസ്മികമായി ഒരു സന്ദര്‍ശകന്‍ ഇന്നലെ എന്റെ ആപ്പീസിലെത്തി..!

അയാളെ മുമ്പൊരിക്കല്‍ എവിടെയോ കണ്ടിട്ടുണ്ട് , ചിലപ്പോള്‍ ഒന്നിലധികം പ്രാവശ്യം ..
എങ്കിലും പരിചിതമായ നിരവധി മുഖങ്ങള്‍ക്കു നടുവില്‍ ഈ മുഖം ഒരല്‍പ്പം അപരിചിതമായിത്തന്നെ തോന്നി..
എന്തായിരിക്കും സന്ദര്‍ശനോദ്ദേശ്യം ? ..

ചോദിക്കുവാന്‍ തോന്നിയെങ്കിലും... ഉപചാരങ്ങള്‍ ആകാംക്ഷക്ക് വഴി മാറി..

എന്താണ് കുടിക്കുവാന്‍ ..? ചൂടുള്ളതോ...കാപ്പി, ചായ ..കാപ്പുചിനോ ..?

"ഹേയ് ..ഒന്നും വേണ്ട ...തണുപ്പിക്കാത്ത വെള്ളം മാത്രം.."

ഓര്‍ഡര്‍  ചെയ്തു....

അതിഥി വിഷയത്തിലേക്ക് കടക്കുവാന്‍ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.

ഒന്നു മുരടനക്കി അയാള്‍ തന്നെ തുടങ്ങി :
"സുഹൃത്തേ .. എന്നെ നിങ്ങള്‍ക്ക് അറിയാം .. ഒരു പക്ഷെ മറ്റാരെക്കാളും..."

"എന്നാല്‍ നിങ്ങളുടെ മുഖഭാവത്തില്‍ നിന്നും നിങ്ങള്‍ എന്നെ മറന്നു എന്ന് തോന്നിപ്പോവുന്നു .."
"കാലം നിങ്ങള്‍ക്ക് നല്‍കിയ ജീവിതസൌഖ്യങ്ങള്‍ മറവിയുടെ മാറാലകളാല്‍ നിങ്ങളെത്തന്നെ മൂടുന്നു..."

ഓര്‍ത്തു നോക്കി.. ഒന്നും പിടികിട്ടുന്നില്ല..!

"എങ്കിലും  നിങ്ങള്‍ എന്നെ മറക്കാന്‍ പാടില്ലായിരുന്നു .. " 

ക്ഷമിക്കൂ സുഹൃത്തേ...പ്രായം കൂടിവരുന്നു.. ഓര്‍മ്മകള്‍ മങ്ങുന്നു..ദയവായി നിങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തൂ....

"നമ്മള്‍ അവസാനമായി കണ്ടത് ജിദ്ദയില്‍ വെച്ചാണ് ..." ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ....."

ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി .. നേരിയ ഓര്‍മ്മ പോലും കിട്ടുന്നില്ല .. ഈ മുഖം എനിക്കു പരിചിതമാണ് താനും ....!

എവിടെവെച്ചായിരുന്നു എന്നൊ..ന്ന് ....പറയുമോ..?

മുന്നിലെത്തിയ വെള്ളക്കുപ്പി പൊട്ടിച്ചു ഒരൊറ്റ വലിക്കു മുഴുവനായി കുടിച്ചു തീര്‍ത്ത് അയാള്‍ കസേരയില്‍ ഒന്നുകൂടി ഒതുങ്ങി ഇരുന്നു..

"ആദ്യമായി നമ്മള്‍ കണ്ടത് നാട്ടില്‍ വെച്ചായിരുന്നു.."  അയാള്‍ പറഞ്ഞു തുടങ്ങി..

ആകാംക്ഷ വിരിയുന്ന കണ്ണുകളുമായി ഞാന്‍ സാകൂതം അയാളുടെ കണ്ണുകളില്‍ തന്നെ നോക്കിക്കൊണ്ടിരുന്നു.. 

" അന്ന് നിങ്ങള്‍ക്ക് ഇത്രയ്ക്കു തടിയില്ലായിരുന്നു.. മുടി അല്പം നീട്ടിവളര്‍ത്തി , മൊത്തത്തില്‍ നിങ്ങളെ, പെണ്ണുങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുമായിരുന്നു.."

"സ്കൂളിലെ ജോലി കഴിഞ്ഞു മുക്കിലങ്ങാടിയില്‍ അടുത്തിടെയാരംഭിച്ച കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ധ്രതി പിടിച്ചു പായുമ്പോള്‍ ഞാന്‍ നിങ്ങളെ നോക്കി പലപ്പോഴും ചിരിച്ചു പോയിട്ടുണ്ട്.." 
" കമ്പ്യൂടര്‍മാഷ്‌ "..."തരികിടമാഷ്‌" എന്നൊക്കെ കൂട്ടുകാര്‍ നിങ്ങളെ കളിയാക്കിച്ചിരിക്കുമ്പോള്‍ സത്യത്തില്‍ അവരോടെനിക്ക് ഒരല്‍പ്പം ഈര്‍ഷ്യ തോന്നിയിരുന്നു.
."ഒരു ജോലിയും ചെയ്യാതെ, അഥവാ എന്തെങ്കിലും ചെയ്യാനൊരുങ്ങുന്നവനെ പരിഹാസം കൊണ്ട്  വെട്ടിനുറുക്കി,  ഇറച്ചി പച്ചക്കു തിന്നു സുഖിക്കുന്ന ഒരു വര്‍ഗ്ഗം " എന്ന് ആത്മഗതം ചെയ്തിരുന്നു ഞാന്‍ !

" എന്നാല്‍ അതൊന്നും വക വെക്കാതെ കിട്ടിയ വാഹനത്തില്‍ മുക്കിലങ്ങാടിയിലേക്ക്  വച്ച് പിടിക്കുന്നത്‌ കാണുമ്പോള്‍ നിങ്ങളോട് അറിയാതെ ഒരു ബഹുമാനവും തോന്നിപ്പോയിരുന്നു.. "

അത്ഭുതത്തോടെ ഞാന്‍ ആഗതനെ തുറിച്ചു നോക്കി.. ! എന്നെപ്പറ്റി,  എന്റെ ഗതകാലസ്മരണകള്‍ എന്നില്‍ നിന്ന് തന്നെ വിസ്മ്രിതമായിക്കൊണ്ടിരിക്കുമ്പോള്‍ ..എന്നേക്കാള്‍ ,   എന്നെ മറന്നുപോവാതെ ,  ഇതാ ഒരാള്‍ .... അതും എനിക്കത്രതന്നെ പരിചിതനല്ലാത്ത ഒരാള്‍ ....!!

ഒരു ദീര്‍ഘനിശ്വാസതിന് ശേഷം അയാള്‍ തുടര്‍ന്നു.. 
" അന്ന്, നിങ്ങളനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ ആരും അറിയുന്നില്ലായിരുന്നെങ്കിലും എനിക്കെല്ലാം മനസ്സിലായിരുന്നു.. "

ദൈവമേ..ഇന്ന് വരെ...എന്റെ ഭാര്യയ്ക്കു വരെ അറിയാത്ത രഹസ്യങ്ങള്‍ ഇയാള്‍ അറിഞ്ഞിരിക്കുന്നുവെന്നോ.. ?!   ഇതെങ്ങനെ ...?

"എങ്കിലും നിങ്ങളുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്‍പില്‍ ഞാന്‍ തലകുനിച്ചു പോകുമായിരുന്നു.... ഒരു ദിവസം കമ്പ്യൂട്ടര്‍ ക്ലാസ്സിന്റെ ഇടവേളയില്‍ മുക്കിലങ്ങാടിയിലെ സ്രാമ്പിപ്പള്ളിയില്‍ നിങ്ങള്‍ മഗ്രിബു നമസ്കരിച്ചു ഒടുങ്ങാത്ത ദീര്‍ഘനിശ്വാസങ്ങളോടെ ഇരിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക്  മുമ്പിലുണ്ടായിരുന്നു.. നിങ്ങള്‍ എന്നെ ശ്രദ്ധിച്ചില്ല എന്ന് മാത്രം...!"

ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി .. സ്ഥിരമായി ആ പള്ളിയില്‍ വെച്ച് കാണാറുണ്ടായിരുന്നവരെ... തബുലീഗുകാരന്‍ ഒരു ഹാജിയാരെ മാത്രം ഓര്‍മ്മ വന്നു .. നൊ...അയാള്‍ ഉയരം കൂടിയ ആളല്ലേ..പിന്നെ...അധികം ഉയരമില്ലാത്ത ഇദ്ദേഹം....?!

"അന്നൊരിക്കല്‍ നിങ്ങള്‍ ബോംബെക്ക് വണ്ടി കയറുകയാണെന്ന്  നിങ്ങളുടെ ഗുരുനാഥനായിരുന്ന എന്‍ജിനീയര്‍ മുസ്തഫയോട് പറഞ്ഞതും ഞാന്‍ കേട്ടതാണ്.."

" പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്ന് ഞാന്‍ പറയണ്ടല്ലോ.. എനിക്കെല്ലമറിയാം.....നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുകയാവും  അല്ലെ..?"

ആരോടും പറയാതെ ...ഒരു ഒളിച്ചോട്ടം...!

ഒക്ടോബറിലെ തുലാവര്‍ഷമഴയത്ത് നനഞ്ഞൊട്ടിയ ഷര്‍ട്ടും പാന്റുമായി തോളിലൊരു ബാഗും തൂക്കി വീട്ടുകാരോട് പോലും ബോംബെക്കെന്നു കളവുപറഞ്ഞ് കട്ടക്കിലേക്കുള്ള വണ്ടിയില്‍ ഉറക്കം കിട്ടാതെ മൂന്നു നാളുകള്‍ ..!. പിന്നെ പാരദീപ്.....നിരന്തരം ചുണ്ടിലിരുന്നു ദഹിക്കുന്ന ചാര്‍മിനാര്‍ സിഗരറ്റുകള്‍ക്ക് പകരം ചുരുട്ടി വലിക്കാവുന്ന കടലാസും പുകയിലയും .....! ഒടുവില്‍,  ബോബെയിലെ കഫെപരേടിലെ അഭയാര്‍ഥി ക്യാമ്പിലെ ഒറ്റ മുറിയില്‍ അട്ടിയിട്ട ശരീരങ്ങള്‍ക്കിടയില്‍ വേണ്ടത്ര ശ്വാസവായു  കിട്ടാതെ നേരം പുലരുമ്പോള്‍ പാവ്റൊട്ടിയും കട്ടന്‍ചായയും ...! പാത്രം കഴുകുന്ന കൊട്ടത്തളത്തില്‍ നിറഞ്ഞു പൊങ്ങുന്ന ഗട്ടര്‍ വെള്ളവും തീട്ടത്തിന്റെ കട്ടകളും ..! '' കൊളാബയിലെ ടൈപ്പ്രയ്ട്ടര്‍ സെന്ററിലെ തുരുമ്പുപിടിച്ച കോണിപ്പടി ...!  മുന്നിലിരുന്നു വേഗത പരിശീലിക്കുന്ന ഭംഗിയുള്ള മുടിയഴിച്ചിട്ട പെണ്‍കുട്ടിയുടെ ഒളിഞ്ഞു നോക്കുന്ന കടക്കണ്ണുകള്‍ ..!  ................................. ഗിയറുകളുടെ  പിരിയയഞ്ഞ അഹമ്മ്ദു സേട്ടിന്റെ മാരുതികാറിലെ  ഡ്രൈവിംഗ് പഠനം ...! ശാസിക്കുമ്പോള്‍ കാല്‍വണ്ണയില്‍ ആഞ്ഞു പതിച്ച് അള്ളിപ്പിടിക്കുന്ന സേട്ടിന്‍റെ സ്വവര്‍ഗ്ഗകാമിയായ വിരലുകള്‍.......! 

ശരിയാണ് .. മറവിരോഗം എന്നെ ബാധിച്ചിരിക്കുന്നു.. ഒരിക്കലും മറക്കാനാവാത്തതെന്നു അന്ന് ഞാന്‍ വിധിച്ചിരുന്ന സംഭവങ്ങള്‍ പോലും ഞാന്‍ ഇപ്പോഴാണ് വീണ്ടും ഓര്‍ക്കുന്നത്..!

"ഞാന്‍ ചുരുക്കിപ്പറയാം...."

ആഗതന്റെ ശബ്ദം എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ...

"....അവസാനമായി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫെബ്രുവരിയില്‍ , നിങ്ങള്‍ ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ജന്മദിനം കടന്നുപോയ ആ ശനിയാഴ്ച ..ഞാന്‍ നിങ്ങളെ വീണ്ടും കണ്ടു " 

അയാള്‍ അത് പറഞ്ഞപ്പോഴാണ് ഞാന്‍ ആലോചിച്ചത് ..ഇന്ന് ഫെബ്രുവരി പത്ത് ..ആറ് ദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ എനിക്ക് ഒരു വയസ്സ് കൂടി കൂടും.. ! 

" അന്ന് ആ ദിവസം നിങ്ങള്‍ കൊട്ടാരസദൃശ്യമായ നിങ്ങളുടെ വാടക ഫ്ലാറ്റില്‍ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു ഒരു തിരിച്ചുപോക്കിന് തയ്യാറെടുക്കുകയായിരുന്നു.."
"പതിനാറ് കൊല്ലം ജോലി ചെയ്ത സ്ഥാപനം മാന്യമായി നിങ്ങളെ യാത്രയാക്കിയെങ്കിലും നിങ്ങളുടെ പാളിച്ചകള്‍ , ..അല്ലെങ്കില്‍ ,  വേണ്ടത്ര സൂക്ഷ്മതയില്ലാത്ത ജീവിതം നിങ്ങളെ വല്ലാതെ നിരാശനാക്കിക്കളഞ്ഞിരുന്നു.."

ശരിയാണ് ...ഞാനെല്ലാം മറന്നുപോയിരിക്കുന്നു.. ഇതെല്ലം ഇയാള്‍ എന്നെ ഓര്‍മ്മപെടുത്താന്‍ ഇന്നിവിടെ എത്തിയില്ലായിരുന്നെങ്കില്‍ , ഒരിക്കലും എന്റെ ആത്മധൈര്യത്തോട്,  എന്റെ ദൈവത്തോട് ഞാന്‍ നീതിമാനായിരിക്കില്ലായിരുന്നു...!

ബഹുമാനത്തോടെ ആഗതന്റെ കണ്ണ്കളിലേക്ക് ഞാന്‍ വീണ്ടും നോക്കി .

അയാള്‍ തുടര്‍ന്നു..

"അതിനുശേഷം ..അതെ,...അതില്‍പിന്നെ നിങ്ങള്‍ ഒരു യാത്രയിലായിരുന്നു.. നിങ്ങളെപ്പോലെ ഒരു സ്കൂള്‍ വാധ്യാര്‍ക്ക് എത്തിപ്പിടിക്കാന്‍ ഒരിക്കലും കഴിയാത്ത അത്ര ഉയരങ്ങളിലേക്ക് വളരെ എളുപ്പം പറന്നു കയറി .." " നിങ്ങളോടുള്ള എന്റെ ബഹുമാനം വീണ്ടു കൂടി.." 
ശരിയാണ്.... ഹൊ.. എന്തെല്ലാം മാറ്റങ്ങളാണ് ലോകത്തിനും സംഭവിച്ചത്.. ഈ വലിയ ഭൂമിയുടെ ഒരു ഓണംകേറാ മൂലയിലാണെങ്കിലും ഇന്ന് ലോകം മുഴുവന്‍ നമ്മുടെ കൈവെള്ളയില്‍ ത്രസിക്കുന്നു..!

ഇടയ്ക്കു കയറി ഞാന്‍ ചോദിയ്ക്കാന്‍ തുടങ്ങിയതാണ്‌...

"നിങ്ങള്‍ക്കെങ്ങനെ ....."

പക്ഷെ അയാള്‍ സമ്മതിച്ചില്ല .. നരച്ചു തുടങ്ങിയ രോമനിബിഡമായ കണംകയ്യുയ‍‌ര്‍ത്തി അയാള്‍ തുടര്‍ന്നു..

"ഇന്നിപ്പോള്‍ ഞാനിവിടെ വന്നത് കൊണ്ട് മാത്രം..... നിങ്ങള്‍ ,  പിന്നിട്ട വഴികളിലൂടെ ഒന്നോടിത്തിരഞ്ഞു മടങ്ങിയെത്തി.." 

ശരിയാണ് .. ഇയാള്‍ പറഞ്ഞതത്രയും!

അപ്പോഴേക്കും പുറത്തു വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു..... ഓഫീസ്ബോയ്‌ ഫിലിപ്പന്‍സുകാരന്‍ ഓടിപ്പോയി വാതില്‍ തുറന്നു .. 

ബോസിന്റെ വരവാണ് ..

സന്ദര്‍ശകനെ അവഗണിച്ചു ഞാന്‍ കര്‍മ്മനിരതനായി ... 

നടന്നു വരുമ്പോള്‍ ബോസ്സ് അയാളെ ശ്രദ്ധിച്ചോ എന്നറിയില്ല.. ഏതായാലും കയ്യിലുള്ള കടലാസുകള്‍ വെച്ച് നീട്ടിക്കൊണ്ടു  പറഞ്ഞു..  മാഷ്‌ ...എനിക്ക് നിന്നോട് സ്വകാര്യമായി അല്പം സംസാരിക്കാനുണ്ട്.
ഒന്ന് നടുങ്ങി .....!
ഇത് പതിവില്ലാത്തതാണ് .. എന്തെല്കിലും പ്രശ്നം ..? അതല്ലെങ്കില്‍ അവധിക്ക് പോയ സമയത്ത് ആരെങ്കിലും  വച്ച പാര...? 
ബാത്ത്റൂമില്‍ നിന്ന് ഫ്രെഷായി അദ്ദേഹം ഇറങ്ങി വരുവോളം അവിടെത്തന്നെ നിന്നു ... മുഖം തുടച്ചു കസേരയില്‍ ഇരുന്നശേഷം ആംഗ്യം കാണിച്ചു.. എന്നോട്, മുന്നിലുള്ള കസേരയില്‍ ഇരിക്കാനായി ...! 
ഇതും ആദ്യത്തെ അനുഭവം .. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ആദ്യമായി..!!

"മാഷ്‌......
പറയുമ്പോള്‍ ഒന്നും തോന്നരുത്.. നിന്നെക്കുറിച്ച് എനിക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമേ തോന്നിയിട്ടുള്ളൂ ..ഇന്നുവരെ.. നിന്റെ ജോലിയില്‍ നീ അജയ്യനുമാണ്.. എങ്കിലും ..."

"ഇത് ഞങ്ങളുടെ രാജ്യമാണ് ..ഇവിടെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലി ഞങ്ങള്‍ക്ക് തന്നെ വേണം .... ആയതിനാല്‍ ...." 

.....................................................

മനസ്സിലായി സാര്‍ ..

മരണം പോലെ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആ കല്പന കിട്ടിക്കഴിഞ്ഞു ..
ഇരുപത്തിരണ്ടു വര്‍ഷത്തെ എന്റെ പ്രവാസജീവിതം ഇവിടെ  അവസാനിക്കുന്നു....!

കാലുകളില്‍ നിന്ന് മുകളിലേക്ക് ഒരു തണുപ്പ് .. ഒരു തരിപ്പ് പോലെ അരിച്ചു കയറ്റാന്‍ തുടങ്ങി.. 
മരണം .. ഇത്ര വേഗത്തിലോ...വിശ്വസിക്കാനവാതെ ഞാന്‍ കാലുകള്‍ പതുക്കെ വിരലുകള്‍ കൊണ്ടു തൊട്ടു നോക്കി.. 

ഒരു രണ്ടു വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ .. എല്ലാം വിചാരിച്ചപോലെ ആവുമായിരുന്നു.. !  അല്ലെങ്കില്‍ ആവുമായിരുന്നിരിക്കാം...?


"പക്ഷെ .. .......

ബോസ്സ് തുടര്‍ന്നു  

" നിന്നെ ഞങ്ങള്‍ ഉപേക്ഷിക്കുന്നില്ല .... തല്‍ക്കാലം പുതുതായി തുടങ്ങുന്ന പ്രോജെക്ടിലേക്ക് നിനക്ക് മാറേണ്ടി വരും ..."

അപ്പോള്‍ മുഖത്തേക്ക് പതുക്കെ വീശിയത് സെന്‍ട്രല്‍ എ സീ യുടെ തണുത്ത കാറ്റല്ലായിരുന്നു ...!

പ്രജ്ഞയുടെ പ്രകാശകിരണങ്ങള്‍ തലച്ചോറില്‍ നിലാവ് പോലെ ഒളിചിന്നിയപ്പോള്‍ പറഞ്ഞു : 

നന്ദി സാര്‍ .. ഒരുപാട് നന്ദി.. ജീവിതത്തില്‍ ഞാന്‍ പലതും പ്ലാന്‍ ചെയ്തിരുന്നു.....നന്ദി ...

ബോസ്സിനോട് സലാം പറഞ്ഞു  തിരിച്ചു ആപ്പീസിലെത്തി കസേരയില്‍ മലര്‍ന്നു കിടന്നു ടിഷ്യുപേപ്പര്‍ എടുത്തു മൂക്കിന്മേല്‍ പൊടിഞ്ഞ വിയര്‍പ്പു തുടച്ചു കളഞ്ഞ്  ദീര്‍ഘമായി ഒന്നു നിശ്വസിച്ചപ്പോഴാണ്  ഞാനോര്‍ത്തത്....

എവിടെ എന്റെ വിരുന്നുകാരന്‍ ..... ?

അയാള്‍ അപ്രത്യക്ഷനായിരുന്നു ....!

                                  ********